TopTop

മുസ്ലിം യൂത്ത് ലീഗിലെത്തുമ്പോൾ 'ഷഹീൻ ബാഗ് എന്ന പെൺപോരാട്ടം' ആണുങ്ങളുടെ കലാമേള ആവുന്നത് എന്തുകൊണ്ടാണ്?

മുസ്ലിം യൂത്ത് ലീഗിലെത്തുമ്പോൾ

"ഇത് കണ്ടാൽ നിങ്ങൾ ഷഹീൻബാഗിൽ എത്തും...ഉറപ്പ്!."

കോഴിക്കോട് ബീച്ചിൽ ഫെബ്രുവരി ഒന്ന് മുതൽ മുസ്ലിം യൂത്ത് ലീഗ് ആരംഭിച്ച, 'ഷഹീൻ ബാഗ് സ്ക്വയർ' എന്ന അനിശ്ചിതകാല പ്രതിഷേധ പരിപാടിയുടെ, സിനിമാ ട്രെയിലറുകളെ ഓർമ്മിപ്പിക്കുന്ന, വീഡിയോ പ്രൊമോയ്ക്കൊപ്പം വാട്ട്സപ്പിൽ തേടിയെത്തിയ വാചകമാണ് മുകളിൽ എഴുതിയത്. ഈ സിനിമ കണ്ടില്ലെങ്കിൽ ഈ വർഷം ഇറങ്ങിയ ഏറ്റവും നല്ല സിനിമ നിങ്ങൾ കണ്ടിട്ടില്ല എന്നത് പോലൊരു പരസ്യ വാചകം.

പരസ്യവാചകവും വീഡിയോ ട്രെയിലറുമെല്ലാം വിപണിയുടെ സമവാക്യങ്ങളാണ്. മറ്റ് ഉൽപ്പന്നങ്ങളിൽ നിന്ന് സ്വന്തം ഉൽപ്പന്നത്തെ ഏതുവിധം ഉയർത്തിക്കാട്ടാമെന്ന ബ്രാന്റിംഗ് യുക്തിയാണ് അതിന്റെ നട്ടെല്ല്. ഇവന്റ് മാനേജ്മെന്റ് കമ്പനികളെ ഉപയോഗിച്ച് സംഘടിപ്പിക്കുന്ന വമ്പൻ പരിപാടികൾക്ക് നാമിതെല്ലാം കാണാറുണ്ട്. ലാഭം ആണ് അത്തരം പരിപാടികളെ വിഭവസമൃദ്ധമാക്കാറുള്ളത്. കാശെറിഞ്ഞ് കാശു വാരുക എന്ന കച്ചവട യുക്തിക്ക് പറ്റുന്ന ജനപ്രിയമായ ഉള്ളടക്കമായിരിക്കും അതിനെപ്പോഴും.

എന്നാൽ, ഇവിടെ കഥ വേറെയാണ്. ഇതൊരു പ്രതിഷേധ പരിപാടി. ആ വീഡിയോയിലൊരിടത്ത് മുനവറലി ശിഹാബ് തങ്ങൾ പറയുന്നത് പോലെ, ' ഈ മണ്ണിൽ നിന്ന് ഇല്ലാതായിപ്പോവുന്ന സാഹചര്യം.' സമരം ചെയ്ത് മുഷിയാനോ മടുക്കാനോ നേരമില്ലാത്ത വിധം അപകടകരമായൊരു മുനമ്പ്. പിന്നെന്തിനാണ് അതിനു ജനപ്രിയ ഇവന്റുകളുടെ അതേ കച്ചവട കൂട്ടുകൾ? രോഷവും പ്രതിഷേധവുമൊക്കെ ഇത്ര ചാരുതയോടെ ആളുകളെ ക്ഷണിക്കുന്നത് ഏത് സാഹചര്യത്തിലാണ്?

ഓരോ ദിവസവും പ്രതിഷേധ പരിപാടിക്കെത്തുന്നത് ഓരോ ജില്ലകളിൽ നിന്നുള്ള യൂത്ത് ലീഗ് അണികളാണ്. അവർ നടത്തുന്ന പരിപാടികളെല്ലാം തൊട്ടുപിന്നാലെ, കമനീയമായ എഡിറ്റിംഗോടെ വീഡിയോ പ്രൊമോ ആയിറങ്ങുന്നുണ്ട്.‌ അത് കാണുമ്പോഴെല്ലാം തോന്നുന്നത് മുകളിൽ പറഞ്ഞ അതേ ചോദ്യങ്ങളാണ്.‌

ഷഹീൻ ബാഗ് എന്നാൽ...

നമുക്കാ പരിപാടിയിലേക്ക് വരാം.‌ അതിന്റെ പേര് ഷഹീൻ ബാഗ് സ്ക്വയർ. ഷഹീൻ ബാഗ് എന്ന പേര് നമ്മെ ദൽഹിയിലെ ഷഹീൻ ബാഗിൽ എത്തിക്കുന്നു. ആധുനിക ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും കരുത്തുറ്റ സ്ത്രീ പ്രതിഷേധങ്ങളിലൊന്ന്. ഒരു മാസത്തിലേറെയായി ആ ചത്വരത്തിൽ, തിരക്കുള്ള പാത ഉപരോധിച്ചു കൊണ്ട്, ഇന്ത്യ കണ്ട ഏറ്റവും മാരകമായ ജനാധിപത്യവിരുദ്ധ നിയമത്തിനെതിരായി സ്ത്രീകളും കുട്ടികളും നടത്തുന്ന ഉജ്ജ്വലമായ സമരമാണത്. ജാമിഅ മില്ലിയ സർവകലാശാലയിലെ പൊലീസ് നരനായാട്ടിനു പിന്നാലെ പത്തു പതിനാറു സ്ത്രീകൾ ആരംഭിച്ച കുത്തിയിരിപ്പ് സമരം ഞായറാഴ്ചകളിൽ ലക്ഷത്തിലേറെ പേർ പങ്കെടുക്കുന്ന സമരമായി കത്തിപ്പടർന്നത് ഒരു മാർക്കറ്റിംഗ് ഗിമ്മിക്കും കൊണ്ടല്ല. ജീവിതത്തിലൊരിക്കലും ഒരു പൊതുഇടത്തിൽ, പൊതു പ്രതിഷേധത്തിൽ പങ്കാളിയാവാൻ അവസരം ലഭിക്കാത്ത വീട്ടമ്മമാരും വൃദ്ധരും കുട്ടികളുമടങ്ങുന്ന ആ പ്രതിഷേധ പരിപാടി വെല്ലുവിളിക്കുന്നത് കേന്ദ്രഭരണകൂടത്തെ തന്നെയാണ്. ആരുടെയെങ്കിലും അനുവാദം വാങ്ങിയോ ആരെങ്കിലും പറയുന്ന നിയമങ്ങൾ അനുസരിച്ചോ ആരെങ്കിലും എഴുതിക്കൊടുക്കുന്ന തിരക്കഥയുടെ ഭാഗമായോ അല്ല അത് ഇന്ത്യൻ ഭരണഘടനയ്ക്കും മതേതരത്വത്തിനും ജനാധിപത്യത്തിനു കാവലാളായി തല ഉയർന്ന്‌ നിൽക്കുന്നത്.‌ പാട്രിയാർക്കിയെയും പൗരോഹിത്യത്തെയും ആൺകോയ്മയിലധിഷ്ഠിതമായ സാമുദായിക ക്രമത്തെയും കൂടി വെല്ലുവിളിച്ചാണ് ജോലി ഉള്ളവർ അതുപേക്ഷിച്ചും ഇല്ലാത്തവർ അടുക്കളപ്പണി നിർത്തിയും തെരുവിൽ ഇറങ്ങിയത്. സർക്കാറിനെ എതിർക്കുന്നതോ സർക്കാർ മുന്നോട്ടു വെക്കുന്ന പ്രത്യയശാസ്ത്രത്തെ എതിർക്കുന്നതോ ആയ എന്തിനെയും ശത്രുതയോടെ കാണാൻ പ്രോഗ്രാം ചെയ്തു വെച്ച സവിശേഷ മനോനിലയുള്ള ദൽഹി പൊലീസിനെയും വെടിയുണ്ടകൾ കൊണ്ട് 'ശത്രു'ക്കൾക്ക് മറുപടി നൽകാൻ ഇറങ്ങിത്തിരിച്ച ഹിന്ദുത്വ ക്രിമിനലുകളെയും അധികാരത്തിന്റെ ലഹരിയിൽ സർവ്വതും തച്ചുതകർക്കാൻ ഇറങ്ങിപ്പുറപ്പെട്ട കേന്ദ്ര ഭരണകൂടത്തിന്റെയും ഭീഷണികളെയും ഗൂഢ തന്ത്രങ്ങളെയും ഗീബൽസിയൻ നുണപ്രചാരണങ്ങളെയും നേർക്കുനേർ നേരിട്ടുകൊണ്ടാണ് രാപ്പകൽ ആ സ്ത്രീകൾ ഷഹീൻ ബാഗിൽ സമരമിരിക്കുന്നത്. എന്തും സംഭവിക്കാവുന്ന നില ആണതെന്ന് അവർക്ക് വ്യക്തമായറിയാം. ഏത് നിമിഷവും‌പൊലീസ് നടപടി ഉണ്ടാകാം.‌ അറസ്റ്റുകളോ ക്രൂരമർദ്ദനമോ വെടിവെപ്പുകളോ കാരാഗൃഹവാസമോ ഉണ്ടാവാം. അല്ലെങ്കിൽ എതിരായൊരു കോടതി വിധി. വാഹനഗതാഗതം തടസ്സപ്പെടുത്തി, നഗര ജീവിതത്തിൽ അലോസരമുണ്ടാക്കുന്നു, കുട്ടികളെ തെരുവിലിറക്കി എന്നതടക്കമുള്ള ആരോപണങ്ങളുമായി നിലവിൽ കോടതികൾക്ക് മുന്നിലുള്ള എണ്ണമറ്റ പരാതികളിൻ മേൽ 'നീതിയുടെ കണ്ണുകെട്ടിയ ദേവത' ഏത് നേരവും കണ്ണു തുറന്നേക്കാം. ആയുധങ്ങളുമായി ഏത് നിമിഷവും ആക്രമി സംഘങ്ങൾ അവർക്ക് നേരെയെത്താം.

സാധ്യതകളുടെ, അരക്ഷിതാവസ്ഥയുടെ ആ മുനമ്പിൽ നിന്നു കൊണ്ടാണ് പല പ്രായങ്ങളിലും വർഗപരമായ തട്ടുകളിലും കഴിയുന്നവർ ഒന്നിനോടും കണ്ണടയ്ക്കാതെ രാഷ്ട്രീയം പറയുന്നത്. ആ രാഷ്ട്രീയത്തിന്റെ വിശാലത കാരണമാണ് അവിടെ കശ്മീരി പണ്ഡിറ്റുകൾക്ക് ഇടമുണ്ടാവുന്നത്. ഭരണഘടന അഭ്യസിപ്പിക്കാനുള്ള ശ്രമങ്ങൾ ഉണ്ടാവുന്നത്. എല്ലാവർക്കുമായി താൽക്കാലിക ലൈബ്രറികളുണ്ടാവുന്നത്. കലാസൃഷ്ടികൾ ഉണ്ടാവുന്നത്.എങ്കിലും അക്ഷരാർത്ഥത്തിൽ അതൊരു ജീവൻ മരണ പോരാട്ടം തന്നെയാണ്.

എന്തിനും ഏതിനും ഫത്വ പുറപ്പെടുവിക്കുന്ന ഇമാമുമാരുള്ള സ്ഥലമാണത്. സ്ത്രീകളെ വീടകങ്ങളിൽ തളച്ചിടുന്ന കാര്യത്തിൽ ഏകാഭിപ്രായമുള്ള പുരോഹിതവർഗം കാലങ്ങളായി കാര്യങ്ങൾ തീരുമാനിക്കുന്ന ഇടം. വാട്ട്സപ്പിൽ തലാഖ് ചൊല്ലപ്പെട്ട് വീട്ടിലിരിക്കേണ്ടി വന്ന സ്ത്രീകളുടെ ഇടം. അവിടെയാണ്, ഇത്ര കാലം രക്ഷാകർതൃത്വം ചമഞ്ഞ് മുന്നിൽനിന്ന ആണധികാരികളെ ഒട്ടും ഗൗനിക്കാതെ അവർ തെരുവിലേക്ക് അനിശ്ചിതകാലത്തേക്ക് ഇറങ്ങിയത്. ഇന്ത്യയിലെ മുസ്ലിം സ്ത്രീകളുടെ ചരിത്രത്തിൽ ഇത്തരമൊരേട് ചൂണ്ടിക്കാട്ടാനേ കഴിയില്ല. മുസ്ലിം സ്ത്രീകളുടെ കർതൃത്വവുമായി ബന്ധപ്പെട്ട് ഷഹീൻ ബാഗ് സമരം എങ്ങനെയാണ് ഐതിഹാസികം ആവുന്നതെന്ന് വിദേശമാധ്യമങ്ങളടക്കം അന്തം വിടുന്നത് ഇത്തരം അനേകം കാരണങ്ങളാലാണ്.

പെണ്ണുങ്ങളില്ലാത്ത 'ഷഹീൻ ബാഗ്'

ആ ഷഹീൻ ബാഗിന്റെ പേരിട്ടാണ് കോഴിക്കോട്ടെ പരിപാടി. അതിന്റെ വീഡിയോകൾ നമുക്ക് കാണിച്ചു തരുന്നത് പ്രകാരം, അതൊരു ആൺ പ്രതിഷേധ ഇരുത്തമാണ്. കുറ്റം പറയരുതല്ലോ. ഒരു സ്ത്രീ ഉണ്ട്. ഡോളൻ സാമന്ത. ജെ എൻ യു സമരനായിക എന്ന നിലയിൽ അവർ വേദിയിലിരുന്ന് നടത്തുന്ന പ്രസംഗം വീഡിയോയിൽ കാണാം. (എന്തുകൊണ്ടാവും മലയാളികളായ മുസ്ലിം പെൺകുട്ടികൾ ദേശവ്യാപക സമരത്തിന്റെ ഐക്കണുകൾ ആയൊരു കാലത്ത് ഒരു ജെ എൻ യു സമരനായികയെ യൂത്ത് ലീഗിന് ഇറക്കുമതി ചെയ്ത് ആശ്രയിക്കേണ്ടി വന്നു എന്നത് രസകരമായ ചോദ്യവുമാണ്). എന്തായാലും ആ സ്ത്രീ കഴിഞ്ഞാൽ പിന്നെ വീഡിയോകളിലെല്ലാം തുളുമ്പുന്ന ആൺ രോഷപ്രകടനങ്ങളേ ഉള്ളൂ. സദസ്സിലോ വേദിയിലോ ഒരൊറ്റ പെണ്ണുങ്ങളെയും കാണാനില്ല.കാലാകാലങ്ങളായി നാട്ടിലെ മുസ്ലിം സാമുദായിക സംഘടനകൾ നടത്തുന്ന, ആണുങ്ങൾ മാത്രം നെഞ്ചും വിരിച്ചു നിൽക്കുന്ന പരിപാടികളുടെ അതേ മട്ടും മാതിരിയും. ആസാദി മുദ്രാവാക്യവും പൗരത്വ സമരത്തിന്റെ പശ്ചാത്തലവുമല്ലാതെ ഒരു ചെറിയ മാറ്റം പോലുമില്ലാത്ത ടിപ്പിക്കൽ യൂത്ത് ലീഗ് ഫോർമുല. മഷിയിട്ടു നോക്കിയാലും പെണ്ണുങ്ങളെ കാണാത്ത, അവർക്ക് ഇടമില്ലാത്ത, പ്രാതിനിധ്യമില്ലാത്ത ആ പരിപാടിക്ക് എന്നിട്ടുമാരാണ് ഷഹീൻ ബാഗെന്ന പെൺ പോരാട്ടത്തിന്റെ പേരിട്ടത്? എന്തിനായിരിക്കും അത്?

ഉറപ്പാണ്, പെണ്ണുങ്ങളില്ലാത്ത സ്ഥലമല്ല കോഴിക്കോടും പരിസരങ്ങളും. മുസ്ലിം ലീഗിനു വോട്ടുകുത്താറുള്ള പതിനായിരക്കണക്കിനു പെണ്ണുങ്ങൾ ഉള്ള മേഖല. എന്നിട്ടും അവരൊക്കെ എവിടെ പോയി? ആരാണ് അവർക്കു മുന്നിൽ വാതിൽ പൂട്ടിയടച്ചത്? എന്താണ് അവരെ അതിനു പ്രേരിപ്പിക്കുന്നത്?

കാരണങ്ങൾ പലതാണ്. മുസ്ലിം സംഘടനാ നേതൃത്വങ്ങളിലെ പൗരോഹിത്യ വിഭാഗം പെണ്ണുങ്ങൾ സമരത്തിനിറങ്ങുന്നതിനെതിരെ ഒളിഞ്ഞും തെളിഞ്ഞും ആവർത്തിക്കുന്ന കാർക്കശ്യങ്ങൾ. മുഷ്ടി ചുരുട്ടി കൈകൾ ആകാശത്തേക്ക് പറത്തി മുദ്രാവാക്യം വിളിക്കുമ്പോൾ പെണ്ണുങ്ങളുടെ അവയവങ്ങളെങ്ങാൻ പുറത്തുകാണുമോ എന്നാലോചിച്ച് ഉറക്കം ഇല്ലാതായൊരു സമുദായ സംഘടനാ നേതാവ് അത് പച്ചയ്ക്ക് പറഞ്ഞത് ഈയടുത്താണ്. ചെറിയ അഭിപ്രായ വ്യത്യാസങ്ങളെ ഊതിപ്പെരുപ്പിച്ച് ഉണ്ടാക്കിയ വിഭാഗീയതയാൽ ഇക്കാലമത്രയും ജീവിച്ചു പോന്ന സമുദായ സംഘടനാ നേതാക്കന്മാർ ആദ്യമായി ഒന്നിച്ചിരുന്ന് പ്രക്ഷോഭത്തിനിറങ്ങി ആഴ്ചകൾക്ക് ശേഷം, അന്ന് വേദിയിൽ ഉണ്ടായിരുന്ന കാന്തപുരം എ പി അബൂബക്കർ മുസല്യാർ പെണ്ണുങ്ങൾ പ്രതിഷേധത്തിനിറങ്ങുന്നതിനെതിരെ കണ്ണുരുട്ടിയതും ഈയടുത്ത് തന്നെ. നവസലഫികളും പഴയ സലഫികളും പല പേരുള്ള മറ്റ് സംഘടനകളുമെല്ലാം ഇക്കാര്യത്തിൽ ഒരേ അഭിപ്രായമാണ്. സ്ത്രീകൾക്ക് അൽപ്പം സ്വാതന്ത്ര്യമൊക്കെ കൊടുക്കുന്ന പുരോഗമന വിഭാഗമാണ് എന്ന് ആരും ട്രോളിപ്പോവുന്ന വിധം പറയുന്നവരും സ്വന്തം കാര്യം വരുമ്പോൾ കണക്കാണ്. എസ് ഡി പി ഐ തിരുവനന്തപുരത്ത് നടത്തിയ രാജ്ഭവൻ മാർച്ചിൽ ആണുങ്ങളെയും പെണ്ണുങ്ങളെയും വടം കെട്ടി മാറ്റി നിർത്തിയതും പെൺ ജേണലിസ്റ്റുകളോട് ആണുങ്ങളുടെ ഭാഗത്തു നിന്നും മാറാൻ ആക്രോശിച്ചതും അഴിമുഖത്തിലെ ഒരു മാധ്യമ പ്രവർത്തക വിശദമായി എഴുതിയത് കഴിഞ്ഞ ദിവസമാണ്.‌

പ്രക്ഷോഭം എന്ന അനുഷ്ഠാനം

പറഞ്ഞുവന്നത് ഇതാണ്. സി എ എ വിരുദ്ധ പ്രതിഷേധം ഇപ്പോൾ നമ്മുടെ നാട്ടിലെങ്കിലും അനുഷ്ഠാന തലത്തിലേക്ക് മാറിയിരിക്കുന്നു. സാമുദായിക സംഘടനകളും രാഷ്ട്രീയ പാർട്ടികളുമൊക്കെ ഇപ്പോൾ അണികളെയും പൗരോഹിത്യത്തെയുമൊക്കെ തൃപ്തിപ്പെടുത്തേണ്ട പതിവ് മാനസികാവസ്ഥയിലാണ്. മറ്റുള്ളവരെ കാണിക്കാനുള്ള തരം 'പ്രതിഷേധ മൽസരങ്ങൾ'ക്ക് ഒരുങ്ങുമ്പോൾ രോഷമല്ല പലതരം കണക്കു കൂട്ടലുകളും ഭാവിയിലെ ലാഭ ചിന്തകളും കോമ്പ്രമൈസുകളും ഒക്കെ തന്നെയാവും പ്രധാനം.

പൗരത്വപ്രതിഷേധത്തിന്റെ തീജ്വാല പടർന്ന കഴിഞ്ഞ മാസത്തെ ആദ്യനാളുകളിൽ ആരെയും കൂസാതെ തെരുവിൽ ഇറങ്ങിയ മുസ്ലിം സ്ത്രീകൾ കേരളത്തിൽ ഏറെയായിരുന്നു.‌ ജീവിതത്തിലൊരിക്കലും‌ മുദ്രാവാക്യം വിളിക്കുകയോ തെരുവിലിറങ്ങുകയോ ചെയ്യാത്ത നിരവധി സ്ത്രീകളാണ് അടങ്ങാത്ത ആധിയോടെ റോഡുകളിൽ ഇറങ്ങി നടന്നത്. ആ സ്ത്രീകളെയൊക്കെ ആണ് ഇപ്പോൾ അരങ്ങത്തു നിന്ന് അടുക്കളകളിലേക്ക് തിരിച്ചയക്കുന്നത്. ശരീരാവയവങ്ങളൊന്നും പുറത്ത് കാണിക്കാതെ വീട്ടിൽ ഇരുന്നോളാൻ കൽപ്പിക്കുന്ന പാട്രിയാർക്കൽ തന്തമാർക്ക് വിധേയരായി ആ സ്ത്രീകളെയാണ് മുദ്രാവാക്യങ്ങളിൽ നിന്ന് പുറത്ത്‌നിർത്തുന്നത്.

നസിറുദ്ദീൻ ചേന്ദമംഗല്ലൂർ നിരീക്ഷിക്കുന്നത് പോലെ, പൗരത്വ നിയമ വിരുദ്ധ പ്രതിഷേധ ഇടങ്ങളിൽ ഏറ്റവും വലിയ എക്സ്ക്ലൂഷൻ നടത്തുന്നത് മറ്റ് രാഷ്ട്രീയ പാർട്ടികളല്ല, അത് മുസ്ലിം സംഘടനകൾ ആണ്. അവർ പ്രക്ഷോഭത്തിന്റെ ഈ ഘട്ടത്തിൽ പുറത്താക്കുന്നത് മുസ്ലിം സ്ത്രീകളെയും.‌

ഷാഹീൻബാഗ് സമര വീര്യമുൾക്കൊണ്ട് രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന സമാനമായ പ്രക്ഷോഭങ്ങളെ ഓർത്താൽ ഇക്കാര്യം കൂടുതൽ വ്യക്തമാവും.‌ കൊൽക്കത്തയിലെ പാർക്ക് സർക്കസിൽ സമരം തുടങ്ങിയതും നടത്തുന്നതും സ്ത്രീകൾ. ആ സമരത്തിന് തടസ്സങ്ങൾ നേരിടാതിരിക്കാൻ ടെന്റുകളും ബയോ ടോയ്ലറ്റുകളും വെള്ളവും വെളിച്ചവും എല്ലാം നൽകുന്നത് മമത മുഖ്യമന്ത്രി ആയ പശ്ചിമ ബംഗാൾ ഗവൺമെന്റാണ്. ഇതുപോലെ പ്രയാഗ്‌രാജിൽ, ഗയയിൽ, മുംബൈയിൽ, പട്നയിൽ, ലക്‌നോവിൽ എല്ലാം നടക്കുന്നുണ്ട് ഷഹീൻ ബാഗ് സമരങ്ങൾ.എല്ലാം തുടങ്ങിയതും മുന്നോട്ട് പോവുന്നതും സ്ത്രീകളുടെ മുൻ കൈയിൽ.

എന്നാൽ, ഇതേ സമര മാതൃക കേരളത്തിൽ എത്തുമ്പോൾ മാത്രം കളി മാറുകയാണ്.‌ എല്ലാം മാറ്റിവെച്ച്, സ്ത്രീകളുടെ മുൻ കയ്യിൽ മറ്റെല്ലാ ഇടങ്ങളിലും നടക്കുന്ന സമരം ഇവിടെ എത്തുമ്പോൾ ആണുങ്ങളുടെ സമരാനുഷ്ഠാനമായി മാറുന്നു. പെണ്ണുങ്ങൾ പുറത്താവുന്നു. ഓരോ ജില്ലാ കമ്മിറ്റികളുടെ കീഴിലുള്ള ആൺ പോരാളികൾ സൗകര്യപ്രദമായ ദിവസങ്ങളിൽ വാഹനങ്ങളിലെത്തി കംഫർട്ടബിൾ ആയി നടത്തുന്ന സമരമാവുന്നു. ഷാഹീൻബാഗിന്റെ പേര് കടമെടുത്തുകൊണ്ട് അതിന്റെ പോരാളികളെ അവഹേളിക്കുന്ന രീതിയിൽ എല്ലാ പണികളും കഴിഞ്ഞു സൗകര്യപ്രദമായ ഒരു സമയത്ത് നടത്തുന്ന 'പെണ്ണുങ്ങളില്ലാ ഷാഹീൻബാഗ്' സമരം!

ആണുങ്ങൾക്ക് വേണ്ടി ആണുങ്ങളാൽ നടത്തപ്പെടുന്ന സമര അനുഷ്ഠാനങ്ങൾക്ക് ഷഹീൻ ബാഗ് എന്ന പേരു ചാർത്തപ്പെടുമ്പോൾ സംഭവിക്കുന്നത് എന്താണ്? സത്യത്തിൽ അത് ദൽഹിയിലെ തെരുവിൽ കൊടും തണുപ്പിലും ചോരാത്ത സമരവീര്യവുമായി കത്തിജ്വലിക്കുന്ന ഷഹീൻ ബാഗിലെ പെൺപോരാളികളോടുള്ള അവഹേളനമാണ്. അത് കേരളത്തിലെമ്പാടും തെരുവിലിറങ്ങിയ മുസ്ലിം സ്ത്രീകളോടുള്ള പരിഹാസമാണ്. ഇത് പോലൊരു കാലത്ത് പോലും, സമുദായം ചെന്നെത്തി നിൽക്കുന്ന അപകടാവസ്ഥയുടെ ആഴം മനസ്സിലാക്കുന്നില്ല എന്നതിന്റെ അപഹാസ്യമായ സ്വയംവെളിപ്പെടലാണ്.

മനസ്സിലിരിപ്പുകൾ ലളിതമാണ്...

അടുത്ത തെരഞ്ഞെടുപ്പിൽ, എങ്ങനെയൊക്കെ ബാധിക്കും എന്നാലോചിച്ചാണ് നിയോഫാഷിസത്തിന്റെ ഇന്ത്യൻ രൂപക്കൂടുകൾക്ക് എതിരെ ഒന്നിച്ചണിനിരക്കാൻ നമ്മുടെ രാഷ്ട്രീയ പാർട്ടികൾ ഭയക്കുന്നത്. രാഷ്ട്രവും ഒരു ജനതയും നിലനിന്നുപോരുന്ന മൂല്യങ്ങളെയാകെ തച്ചുതകർക്കുന്ന വിധം നിയോ ഫാഷിസം സമഗ്രാധികാരങ്ങളും പിടിച്ചടക്കാൻ നാവു നീട്ടുന്ന നേരത്താണ്, ഒന്നിച്ചു പോരാടാതെ ഈ പാർട്ടികൾ ഭിന്നിച്ചുനിന്ന് സ്വയം മസിലു പെരുപ്പിച്ച് കാണിക്കുന്നത്. വരാനുള്ള തെരഞ്ഞെടുപ്പ് മാത്രമാണ്, കിട്ടാനുള്ള അധികാരങ്ങൾ മാത്രമാണ്, തൊട്ടു മുന്നിലെത്തിനിൽക്കുന്ന ഭീകരതക്കെതിരെ ഒന്നിക്കാൻ അവർക്ക് തടസ്സമാവുന്നത്. എന്നാൽ, അവരീ കാത്തിരിക്കുന്ന തെരഞ്ഞെടുപ്പുകളുടെ ഭാവി എന്തായിരിക്കും? നമ്മുടെ തെരഞ്ഞെടുപ്പു സുതാര്യതയുടെ ഭാവി എന്തായിരിക്കും?

ഇത് വായിക്കുന്ന ആർക്കെങ്കിലും അതിനെക്കുറിച്ച് എന്തെങ്കിലും പ്രവചിക്കാൻ പറ്റുന്നുണ്ടോ? സാധ്യതയില്ല. അത് നാമെത്തി നിൽക്കുന്ന അവസ്ഥകൾ സൃഷ്ടിക്കുന്ന അവ്യക്തതയാണ്. അത് കാരണമുള്ള അരക്ഷിതാവസ്ഥ ആണ്. എന്നിട്ടാണ് ഈ രാഷ്ട്രീയ കക്ഷികൾ ഇന്നേരവും ആരെയൊക്കെ കൂടെ കൂട്ടാം ആരെയൊക്കെ പുറത്ത് നിർത്താം എന്നാലോചിക്കുന്നത്. ആരെ കൂടെ കൂട്ടിയാൽ നാളെ ഗുണം കിട്ടും, ആരെ കൂട്ടിയാൽ പണി കിട്ടും എന്ന് കണക്കു കൂട്ടുന്നത്. അതിന്റെ പേരിൽ ഭിന്നിക്കുന്നത്. നിയോ ഫാഷിസത്തിന് വഴി എളുപ്പമാക്കുന്നത്.

ഇത് തന്നെയാണ് സാമുദായിക സംഘടനകളുടെയും സാമുദായികതയിൽ വേരുപിടിച്ച രാഷ്ട്രീയ കക്ഷികളുടെയും അവസ്ഥയും. അവർ അവരുടെ ലാഭകരമായ ഭാവി മാത്രമേ കണക്കു കൂട്ടുന്നുള്ളൂ.‌ തെരഞ്ഞെടുപ്പുകൾക്ക് കിട്ടേണ്ട പൗരോഹിത്യ പിന്തുണയോ ആണധികാര ക്രമം സ്വാംശീകരിച്ച അണികളുടെ കൈയടിയോ മാത്രമേ അവരുടെ സ്ട്രാറ്റജികളിൽ വരുന്നുള്ളൂ.

അത് കൊണ്ടാണ് നമ്മുടെ ഷഹീൻ ബാഗുകളിൽനിന്ന് സ്ത്രീകൾ പുറത്താവുന്നത്. ആണുങ്ങൾ അർമാദിക്കുന്ന പതിവു കലാപരിപാടികളിൽ ഒന്നായി ഇവിടെയെത്തുമ്പോൾ ഷഹീൻ ബാഗ് പ്രക്ഷോഭങ്ങൾ മാറുന്നത്.‌ ഷഹീൻ ബാഗ് എന്നത് ഏറെ ശ്രദ്ധിക്കപ്പെടുന്ന ഒരു പേരായി മാത്രം അവരൊക്കെ കണ്ടു പോരുന്നത്. അതിലെ പെൺപക്ഷ രാഷ്ട്രീയത്തെ കണ്ടില്ലെന്ന് നടിച്ച് നെഞ്ചു വിരിക്കുന്ന വീഡിയോ പ്രൊമോകൾ സംഭവിക്കുന്നത്.‌

ഏറ്റവും സുരക്ഷിതമായ ഇടങ്ങളിൽ, ഏറ്റവും സൗകര്യപ്രദമായി നടത്തുന്ന അനുഷ്ഠാന നാടകങ്ങൾക്ക് പ്രതിഷേധത്തിന്റെ തീ കടയാനാവില്ല. അവയെപ്പോഴും ആത്മാവില്ലാത്ത തൊണ്ടപൊട്ടലുകൾ ആയി മാറും. അല്ലാതെ ഉണ്ടാവുന്നവയാവട്ടെ വെറും മിമിക്രി മാത്രമായിരിക്കും. നമ്മളെത്തിയ പൊള്ളുന്ന അവസ്ഥയെ ഒരിക്കലെങ്കിലും തിരിച്ചറിയാൻ കഴിഞ്ഞാൽ മാത്രമേ ഷഹീൻ ബാഗ് എന്ന പെൺ പോരാട്ടത്തെ, ആണുങ്ങൾ ഭരിക്കുന്ന കേരളത്തിലെ മുസ്ലിം സാമുദായിക സംഘടനകൾക്കും മനസ്സിലായെന്ന് വരും. അത് വരെ അവർ ഈ കഴുതകളി തുടരുക തന്നെ ചെയ്യും. ഒരു ഷഹീൻ ബാഗും സാദ്ധ്യമല്ലാത്ത അവസ്ഥയിലെത്തിയ ശേഷം ഈ തിരിച്ചറിവുകൾ ഉണ്ടായിട്ട് ഒരു കാര്യവും ഉണ്ടാവില്ലെന്ന് മാത്രം.

*ഫേസ്ബുക്ക് പോസ്റ്റ്കെ പി റഷീദ്

കെ പി റഷീദ്

മാധ്യമ പ്രവര്‍ത്തകന്‍

Next Story

Related Stories