അമേരിക്കയില്‍ നിന്നു വന്ന ഒരു സതീര്‍ത്ഥ്യ അവിടെ ദോശയും ഇഡ്ഡലിയും അടക്കം എല്ലാ പാരമ്പര്യ വിഭവങ്ങളും ഉണ്ടാക്കുമെന്ന് പറഞ്ഞു; പക്ഷെ കൂട്ടത്തില്‍ അമേരിക്കയില്‍ ഇതൊക്കെ ഉണ്ടാക്കുന്നത് ഇന്ത്യയേക്കാള്‍ വളരെ എളുപ്പമാണെന്ന് കൂടി പറഞ്ഞു. അമേരിക്കയില്‍ പാചകം എളുപ്പമാകാന്‍ എന്താണ് കാരണം? പച്ചക്കറികള്‍ എല്ലാം അരിഞ്ഞു ഡിപ്പാര്ട്ട്മെന്റ്റ് സ്റ്റോറുകളില്‍ കിട്ടും; മീനും ഇറച്ചിയും ഒക്കെ അതുപോലെ തന്നെ മുറിച്ചു നല്ല പായ്ക്കറ്റുകളില്‍ കിട്ടും. ഇഞ്ചി പേസ്റ്റും, വെളുത്തുള്ളി പേസ്റ്റും ഒക്കെ അവിടെ കിട്ടും. പാക്കിങ്ങിന്റെ ഗുണനിലവാരം ഭരണകൂടം ഉറപ്പാക്കുന്നു. ഇനി അടുക്കളയിലേക്ക് വന്നാലോ, 'ഇന്‍ബില്‍റ്റ് ഓവനും', ഇന്‍ബില്‍റ്റ് ഡിഷ് വാഷറും ഒക്കെ ഉള്ള 'മോഡുലര്‍ കിച്ചണ്‍' ആണ് അവിടെയൊക്കെ ഉള്ളത്. പുക അടുക്കളയില്‍ തങ്ങി നില്ക്കാതിരിക്കാന് 'ഇലക്രോണിക്ക് ചിമ്മിനി' മിക്ക വീടുകളിലും ഉണ്ട്. കറിക്ക് അരിയാന്‍ നല്ല സ്റ്റെയിന്‍ലെസ് സ്റ്റീല്‍ കത്തികളുണ്ട്. പിന്നെ പാചകം എളുപ്പമാകാതിരിക്കുമോ?
കേരളത്തില്‍1980-കളില്‍ തന്നെ അരകല്ലും, ആട്ടുകല്ലും ഒക്കെ പല കുടുംബങ്ങളും മാറ്റിവെച്ചതാണ്. ഇതെഴുതുന്ന ആള്‍ക്കറിയാവുന്ന മധ്യവര്‍ഗത്തിലും, അപ്പര്‍ മിഡില്‍ ക്ലാസിലും ഉള്ള പല കുടുംബങ്ങളിലും 1980-കളില്‍ തന്നെ ഫ്രിഡ്ജും, മിക്സിയും, പ്രഷര്‍ കുക്കറും, ഗ്യാസ് അടുപ്പും ഒക്കെ ഉണ്ടായിരുന്നു. 1990-കള്‍ ആയപ്പോള്‍ വാഷിംഗ് മെഷീനും വന്നു. ഇന്നിപ്പോള്‍ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ മിക്കവര്‍ക്കും ഓട്ടോമാറ്റിക് വാഷിംഗ് മെഷീനും, 'ഫ്രോസ്റ്റ് ഫ്രീ റെഫ്രിജെറേറ്ററും', മൈക്രോവേവ് ഓവനും ഒക്കെ ഉണ്ട്. ഡിഷ് വാഷറും, 'വെജിറ്റബിള്‍ ചോപ്പറും', ഇലക്ട്രോണിക്ക് ചിമ്മിനിയും, റോബോട്ടിക്ക് ക്ളീനറും ആണ് ഇന്ത്യയില്‍ ഇന്നിപ്പോള്‍ മധ്യ വര്‍ഗത്തിലും, അപ്പര്‍ മിഡില്‍ ക്ലാസിലും പോപ്പുലര്‍ ആകാത്തത്. ചിലര്‍ക്കൊക്കെ ഇന്ന് കേക്ക് ഉണ്ടാക്കാന്‍ ഇലക്രോണിക്ക് 'ബ്ലെന്‍ഡര്‍' ഒക്കെ ഉണ്ട്. ഇന്ത്യയില്‍ ഇപ്പോള്‍ വരേണ്യ വര്‍ഗം 'മോഡുലര്‍ കിച്ചണ്‍' യുഗത്തിലേക്ക് കടക്കുകയാണ്. ഡല്‍ഹിയില്‍ ഡല്‍ഹി ഡവലപ്മെന്റ്റ് അതോറിറ്റി'(ഡിഡിഎ)യുടെ ഫ്ളാറ്റില്‍ 'ഇന്‍ബില്‍റ്റ്' സംവിധാനങ്ങള്‍ ഇല്ല. പക്ഷെ ഡിഡിഎ ഫ്ളാറ്റ് പൊളിച്ചു പുതുക്കി പണിതു ചിമ്മിനിയും, 'ഇന്‍ബില്‍റ്റ്' സംവിധാനങ്ങളോട് കൂടി മോഡുലാര്‍ കിച്ചണ്‍ പരുവത്തില്‍ ആക്കുന്നവരെ അറിയാം.
ഡിഷ് വാഷറും, റോബോട്ടിക്ക് ക്ളീനറും ഇന്ത്യയില്‍ പോപ്പുലര്‍ ആകാത്തതിന് എന്താണ് കാരണം? കേരളം ഒഴിച്ച് മറ്റ് സംസ്ഥാനങ്ങളില്‍ വീട് വൃത്തിയാക്കാനും, പാത്രം കഴുകാനും ജോലിക്കാരെ മധ്യ വര്‍ഗത്തിന് കിട്ടും എന്നത് തന്നെ കാരണം. നമ്മുടെ ഫെമിനിസ്റ്റുകള്‍ ഇത് അംഗീകരിക്കില്ല. സ്ത്രീ സ്വാതന്ത്ര്യത്തെ കുറിച്ച് പറയുമ്പോള്‍ 'ലിബറേഷന്‍ ഓഫ് ദി പ്രിവിലേജ്ഡ്'; 'ലിബറേഷന്‍ ഓഫ് ദി അണ്ടര്‍ പ്രിവിലേജ്ഡ്' - എന്നീ രണ്ടു തരം സ്ത്രീ സ്വാതന്ത്ര്യമുണ്ടെന്ന് പ്രശസ്ത രാഷ്ട്ര മീമാംസകനായ രജനി കോഠാരി ഓര്‍മപ്പെടുത്തുന്നത് ചുമ്മാതല്ല. പാത്രം കഴുകുന്ന ജോലിക്ക് ആളെ കിട്ടുമ്പോള്‍ ഡിഷ് വാഷറിന് 25,000-30,000 രൂപ മുടക്കാന്‍ പലരും മടിക്കും. വീട് വൃത്തിയാക്കാന്‍ ആളെ കിട്ടുമ്പോള്‍ റോബോട്ടിക്ക് ക്ളീനറിന് 10,000-15,000 രൂപ മുടക്കാനും ആളുകള്‍ മടിക്കും. കേരളത്തിലെ വീടുകളിലെ വളരെ ബുദ്ധിമുട്ട് പിടിച്ച പണിയായ മുറ്റമടിക്കലിന് ഇന്ന് 'ബ്ലോവര്‍' ഉണ്ട്. ബ്ലോവര്‍ കൊണ്ട് മിനിറ്റുകള്‍ക്കുള്ളില്‍ മുറ്റത്തെ ഇലയും കമ്പുമൊക്കെ നീക്കാന്‍ സാധിക്കും. പക്ഷെ ബ്ലോവറും, ഡിഷ് വാഷറും, റോബോട്ടിക്ക് ക്ളീനറും കേരളത്തിലെ മിക്ക വീടുകളിലും ഇല്ല. കാശില്ലാഞ്ഞിട്ടല്ല ഇതൊന്നും വാങ്ങിക്കാത്തത്. ആധുനികതയെ ഉള്‍ക്കൊള്ളാന്‍ പലരും തയാറല്ലാത്തത് തന്നെ കാരണം.
നമ്മുടെ ഭരണകൂടങ്ങള്‍ പാക്കിങ്ങിന്റെ ഗുണ നിലവാരം ഉറപ്പാക്കാത്തതും ആധുനികതയെ ഉള്‍ക്കൊള്ളാതിരിക്കാന്‍ ഒരു കാരണമാകുന്നുണ്ട്. മുളകും മല്ലിയും ഒക്കെ വാങ്ങിച്ചു കഴുകി ഉണക്കി മില്ലില്‍ കൊണ്ടുപോയി പൊടിപ്പിക്കുന്ന ധാരാളം വീട്ടമ്മമാര്‍ ഈ രാജ്യത്തുണ്ട്. അരിയും ഗോതമ്പും ഒക്കെ തന്നെത്താന്‍ കഴുകി ഉണക്കി പൊടിപ്പിക്കുന്ന വീട്ടുകാര്‍ ഇഷ്ടം പോലെ ഇന്ത്യാ മഹാരാജ്യത്തുണ്ട്. ഡല്‍ഹിയിലെ ഭക്ഷ്യ മാര്‍ക്കറ്റ് ആയ ഐഎന്‍എ മാര്‍ക്കറ്റില്‍ ചെന്നാല്‍ നമ്മുടെ മുമ്പില്‍ വെച്ചുതന്നെ കടക്കാര് മുളകും മല്ലിയും കുരുമുളകും ഒക്കെ പൊടിച്ചു തരും. പക്ഷെ അതൊന്നും ചിലര്‍ക്ക് പോര. ഡല്‍ഹിയില്‍ കുറച്ചുനാള്‍ മുമ്പ് ഒരു ഫ്ളാറ്റില്‍ ചെന്നപ്പോള്‍ അവിടെ പൊടിക്കാനുള്ള 'ഹൈ പവര്‍ മോട്ടോര്‍' ഉള്ള യന്ത്രം ഇരിക്കുന്നു. വൈദ്യുതി ബില്‍ കണ്ടമാനം കൂടുന്നൂ എന്നവര്‍ പറഞ്ഞു. പക്ഷെ എന്തുചെയ്യാം, അവര്‍ക്ക് മില്ലിനെ പോലും വിശ്വസിക്കാന്‍ വയ്യ!
നെസ്ലെ, മാഗി, കാഡ്ബറി, ബ്രിട്ടാനിയ, ഹാര്‍വെസ്റ്റ് ഗോള്‍ഡ്, അമുല്‍ - മുതലായ കമ്പനികളുടെ ഭക്ഷ്യ ഉത്പന്നങ്ങള്‍ ഇന്ത്യയില്‍ ലക്ഷകണക്കിന് ആളുകള്‍ ഉപയോഗിക്കുന്നതാണ്. എംഡിഎച്ചിന്റെ മസാല പൗഡറുകളും ജനലക്ഷങ്ങള്‍ ഇന്ത്യയില്‍ നിത്യേനെ ഉപയോഗിക്കുന്നുണ്ട്. കേരളത്തില്‍ ആണെങ്കില്‍ ഡബിള്‍ ഹോഴ്സ്, ഈസ്റ്റേണ്‍, മേളം, മില്‍മ - തുടങ്ങിയ അനേകം ഭക്ഷ്യ ബ്രാന്‍ഡുകള്‍ ഉണ്ട്. ഇവയുടെ ഒക്കെ ഉത്പന്നങ്ങള്‍ ദിവസവും ആയിരക്കണക്കിന് ആളുകള്‍ ഉപയോഗിക്കുന്നുമുണ്ട്. പക്ഷെ ഒരു നിറപറക്ക് നോട്ടീസ് പോകുമ്പോള്‍ മാധ്യമങ്ങള്‍ അത് ആഘോഷിക്കുന്നു; അതല്ലെങ്കില്‍ ഒരു ഭക്ഷ്യ ദുരന്തം ഉണ്ടാകുമ്പോള്‍ മാധ്യമങ്ങള്‍ പൊടിപ്പും തൊങ്ങലും വെച്ചെഴുതുന്നു. ഭക്ഷ്യ ഉത്പന്നങ്ങളില്‍ ജനങ്ങളുടെ വിശ്വാസം പോകാന്‍ മറ്റെന്തെങ്കിലും വേണോ?
സാധാരണക്കാരില്‍ സാധാരണക്കാരായ സ്ത്രീകളെ ഉള്‍ക്കൊള്ളിച്ചു കൊണ്ട് മഹാരാഷ്ട്രയില്‍ തുടങ്ങിയ പ്രസ്ഥാനമാണ് 'ലിജ്ജത് പപ്പട്' എന്നറിയപ്പെടുന്ന 'ശ്രി മഹിളാ ഗൃഹ ഉദ്യോഗ് ലിജ്ജത് പപ്പട്'. പപ്പടം നിര്‍മാണത്തില്‍ നിന്ന് തുടങ്ങി ഇന്ന് 40000 സ്ത്രീകള്‍ക്ക് തൊഴില്‍ നല്കുന്നു. ഇപ്പോള്‍ പപ്പടം മാത്രമല്ല; വിവിധയിനം കറി പൗഡറുകളും അടുക്കളയ്ക്കാവശ്യമുള്ള മറ്റു സാധനങ്ങളും നിര്‍മിക്കുന്നു. വിദേശ രാജ്യങ്ങളിലേക്ക് വരെ ഉല്പന്നങ്ങള് കയറ്റുമതി ചെയ്യുന്നു. ഫാക്റ്ററിയില്‍ ജോലി ചെയ്യുന്ന അനേകായിരം സ്ത്രീകളുടെ കുട്ടികള്‍ക്ക് ഉന്നത പഠനത്തിന് സ്കോളര്‍ഷിപ്പും ആ സ്ഥാപനം നല്കുന്നു. നാഷണല്‍ ജ്യോഗ്രഫിക് ലിജ്ജത് പപ്പടിനെ കുറിച്ച് ഡോക്യുമെന്റ്ററി നിര്‍മ്മിച്ച് ആ സ്ത്രീകളെ ആദരിച്ചു.
ലിജ്ജത് പപ്പടിനെ പോലെ തന്നെ കേരളത്തില്‍ 'കുടുംബശ്രീ' നമ്മുടെ കണ്മുന്നില് തന്നെ ഉണ്ട്. പ്രാദേശികമായുള്ള ഇത്തരം സംരംഭങ്ങളെ നല്ല പാക്കിങ്ങിലൂടെയും ബ്രാന്‍ഡിങ്ങിലൂടെയും ലോക നിലവാരത്തിലേക്ക് ശ്രമിച്ചാല്‍ എത്തിക്കാവുന്നതേ ഉള്ളൂ. ഇന്ത്യയിലെ പോലെ ഭക്ഷണ വൈവിദ്ധ്യം ലോകത്തൊരിടത്തും തന്നെ കാണുകയില്ല. ആര്യ ഭവനും, ശരവണ ഭവനും, ഉഡുപ്പി റെസ്റ്റോറന്റ്റും ഒക്കെ ആ ദക്ഷിണേന്ത്യന്‍ ഭക്ഷണ വൈവിദ്ധ്യം മാര്‍ക്കറ്റ് ചെയ്യുന്നതില്‍ വിജയിച്ചവരാണ്. ഉത്തരേന്ത്യയില്‍ അഗര്‍വാള്‍ സ്വീറ്റ്സും, ഹല്‍ദിറാമും എണ്ണിയാലൊടുങ്ങാത്ത മിഠായി കടകളും ഉണ്ട്. ഇന്ത്യയിലെ ഈ ഭക്ഷണ വൈവിദ്ധ്യം തന്നെയാണ് മക്ഡോനാള്‍ഡിനേയും കെന്റ്റകി ഫ്രെഡ് ചിക്കണിനേയും ഇന്ത്യയില്‍ നിന്ന് കെട്ട് കെട്ടിച്ചത്. ഗുണ നിലവാരം ഉറപ്പു വരുത്തുന്നതില്‍ അത്യാധുനിക മാര്‍ഗങ്ങള്‍ ഉപയോഗിച്ചിരുന്നുവെങ്കില് ഇന്ത്യയുടെ ഭക്ഷണ വൈവിദ്ധ്യം ഇറ്റാലിയന്‍ പിസ പോലെ തന്നെ പണ്ടേ ലോക ശ്രദ്ധ ആകര്‍ഷിച്ചേനേ. നമ്മുടെ ഹോട്ടലുകളും, റെസ്റ്റോറന്റ്റുകളും, മിഠായി കടകളുമെല്ലാം അത്യാധുനിക സംവിധാനങ്ങളിലൂടെ അവരുടെ അടുക്കളകളുടെ ശുചിത്വവും കാര്യക്ഷമതയും ഉറപ്പു വരുത്താനായിരുന്നു യത്നിക്കേണ്ടിയിരുന്നത്.
ഇപ്പോഴും ടെക്നോളജിയെ കേരളമോ ഇന്ത്യയോ അടുക്കള കാര്യങ്ങളിലും, വീട്ടു കാര്യങ്ങളിലും പൂര്‍ണമായും സ്വീകരിച്ചിട്ടില്ല. ഇതാണ് ഇന്ത്യയില്‍ വീട്ടു ജോലികളും, ഹോട്ടല്‍ ജോലികളും ഇത്ര ദുരിതം പിടിച്ചതാകാന്‍ പ്രധാന കാരണം. ആധുനികത എന്ന പ്രതിഭാസത്തിന്റെ ഏറ്റവും പ്രധാന സവിശേഷത 'സയന്‍സ് ഇന്‍ ദ ഫോം ഓഫ് ടെക്നോളജി' ആണ്. ലോകം ഡിജിറ്റല്‍ ടെക്നോളജിയും ആര്‍ട്ടിഫിഷ്യല്‍ ഇന്റ്റെലിജന്സും അടുക്കള കാര്യങ്ങളിലും, വീട്ടു കാര്യങ്ങളിലും കൊണ്ടുവരികയാണിപ്പോള്‍. 'ടൈമര്‍' ഉള്ള മിക്സര്‍ ഗ്രൈന്‍ഡറും, 'സ്ലോ കുക്കറും' ഒക്കെ ആ അത്യാധുനികതയുടെ ഭാഗമായി വികസിത രാജ്യങ്ങളിലെ അടുക്കളകളില്‍ സ്ഥാനം പിടിച്ചു കഴിഞ്ഞു. ലോകം ഇത്തരം വമ്പന്‍ മുന്നേറ്റങ്ങളിലൂടെ കുതിക്കുമ്പോള്‍, ഇന്ന്ത്യക്കാര് ഇനിയും വീട്ടുജോലിയുടെ കാര്യത്തില്‍ അത്യാധുനികതയുടെ പാഠങ്ങള്‍ ഉള്‍ക്കൊണ്ടിട്ടില്ല എന്നു തന്നെ പറയണം. നഗരങ്ങളില്‍ വസിക്കുന്ന വളരെ ചുരുക്കം പേരേ അത്യാധുനിക സമൂഹം വളരുന്ന പാഠങ്ങള്‍ ഇന്ത്യയില്‍ ഉള്‍ക്കൊണ്ടിട്ടുള്ളൂ. പലര്‍ക്കും ഇതു പറഞ്ഞാല്‍ ഇഷ്ടപ്പെടുകയും ഇല്ല.
(ലേഖകന്റെ ഈ അഭിപ്രായങ്ങള്‍ തീര്‍ത്തും വ്യക്തിപരമാണ്. അതിന് ലേഖകന്റെ ജോലിയുമായി ഒരു ബന്ധവുമില്ല.)
(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions.)