TopTop

ജയ് ജവാൻ, ജയ് റേഡിയോ-ഒരു ലോക റേഡിയോ ദിന കുറിപ്പ്

ജയ് ജവാൻ, ജയ് റേഡിയോ-ഒരു ലോക റേഡിയോ ദിന  കുറിപ്പ്

ഇന്ന് ലോക റേഡിയോ ദിനം.

റേഡിയോയെന്ന പേര് കേൾക്കുമ്പോൾ തന്നെ ഓർമ്മയിൽ വരുന്ന പേരാണ് വിമുക്തഭടനായ കയ്യൂർ വേങ്ങയിൽ കണ്ണൻ നായരുടേത്! നന്നേ ചെറുപ്പത്തിൽ പാട്ടിനോടുള്ള സ്നേഹം മൂലം ആദ്യമായി ഗ്രാമഫോൺ (പെട്ടി പാട്ട് ) സ്വന്തമായി വാങ്ങുകയും പിന്നീട് റേഡിയോകൾ തരാതരം പോലെ വാങ്ങി ഉപയോഗിക്കുകയും ചെയ്ത ജവാൻ. റേഡിയോ പുതിയതായി ഇറങ്ങുമ്പോൾ അത് സ്വന്തമാക്കണമെന്ന അതിയായ ആഗ്രഹം മൂലം പല കമ്പിനി റേഡിയോകളും മാറി മാറി വാങ്ങിക്കൂട്ടിയതിന് എണ്ണം തിട്ടപ്പെടുത്താൻ കഴിയില്ല! റേഡിയോ, വാച്ച്, ഘടികാരം തുടങ്ങിയ ഇലക്ക്ട്രോണിക് ഉപകരണങ്ങളോട് ഈ ജവാന് അതിയായ ആഗ്രഹമായിരുന്നു

മാത്രമല്ല പത്രങ്ങളിൽ വരുന്ന കൗതുകവാർത്തകളും ശ്രദ്ധേയമായവയും ചേർത്ത് ആൽബങ്ങൾ തീർക്കാനും ഈ മനുഷ്യൻ സമയം കണ്ടെത്താറുണ്ട്!

ലോകറേഡിയോ ദിനത്തെക്കുറിച്ച് അഭിപ്രായവും ആദഭരവും അർപ്പിക്കാൻ ഞാൻ ഇന്ന് രാവിലെ വീട്ടിൽ ചെന്നപ്പോൾ മാതൃഭൂമി പത്രത്തിന്റെ മുൻ പേജിൽ ലോകറേഡിയോ ദിനത്തിന്റെ ഭാഗമായി ആദ്യ കാല റേഡിയോ കളിൽ ഒന്നായ വാൽവ് റേഡിയോവിന്റെ ചിത്രം നോക്കിയും, മേശമേൽ ഇരിക്കുന്ന 7 വർഷത്തിലേറെ പഴക്കമുള്ള ഫിലിപ്സ് ചാമ്പ്യൻ റേഡിയോവിൽ കൂടിയുള്ള ഗാനം കേട്ടാസ്വദിക്കുകയുമായിരുന്നു.

മിലിട്ടറിയിൽ ചേർന്ന ശേഷം ആദ്യം കിട്ടിയ ശമ്പളത്തിൽ നിന്നും ഒന്നാമതായി വാങ്ങിയ ബജ്പ എന്ന ലോക്കൽ റേഡിയോ തുടങ്ങി എണ്ണമറ്റ റേഡിയോകളുടെ പേര് പറയാൻ ആരംഭിച്ചപ്പോൾ നിലവിലുള്ള റേഡിയോയെ കുറിച്ചുള്ള വിവരണങ്ങളിലേക്ക് ഞാൻ ശ്രദ്ധിച്ചു. അപ്പോഴേക്കും ആൽബങ്ങളുമായി കണ്ണേട്ടൻ വന്നു. വളരെ പഴക്കം ചെന്ന ആൽബങ്ങൾ നഷ്ടപ്പെട്ടതിന്റെ ദു:ഖവും ഇദ്ദേഹം പങ്കുവച്ചു. ഹിന്ദി ഭാഷയുമായി ഏറെ ബന്ധപ്പെട്ടതുകൊണ്ടാണെന്നറിയില്ല ഹിന്ദി ചലച്ചിത്ര ഗാനങ്ങളോടും പഴയ ഹിന്ദി പാട്ടുകാരോടുമാണ് കണ്ണേട്ടന് ഏറെ ഇഷ്ടം! മലയാളം, തമിഴ്, കന്നട, തെലുങ്ക് തുടങ്ങിയ ഗാനങ്ങളിലും ഈ ശ്രോതാവിന് ഇഷ്ടം തന്നെ.

വടവന്തൂർ കയ്യൂർ വേങ്ങയിൽ പാട്ടിയമ്മ-നാരായണൻ നമ്പ്യാർ ദമ്പതികളുടെ പുത്രനായി 4. 5. 1937 ലാണ് കണ്ണൻ നായർ ജനിച്ചത്. സ്വന്തമായി ഒരു സർക്കാർ ജോലി വേണമെന്ന ചിന്തയിലൂടെയാണ് മിലിട്ടറിയിൽ ചേർന്നത്. 20 വർഷത്തെ സേവനത്തിന് ശേഷം വിരമിച്ചു. ഭാര്യ കെ.പി കല്യാണിക്കുട്ടി 7.2. 2018നു നിര്യാതയായി. മകൻ മുരളി പ്രദീപ് നമ്പ്യാർ കെ .പി (പി. കെ.പി.നമ്പ്യാർ ) മിലിട്ടറി ഉദ്യോഗസ്ഥനാണ്. മകൾ കെ.പി.സുധ മകളുടെ ഭർത്താവ് സി.സി.പവിത്രൻ' മക്കളായ വിപിൻ ദാസ് കെ.പി., അശ്വതി കെ.പി. എന്നിവരുടെ കൂടെ കുടുംബ ജീവിതം നയിക്കുന്നു.

83 വയസ്സു തികയാൻ മാസങ്ങൾ കാത്തു നിൽക്കെ ആശംസകളും ലോകറേഡിയോ ദിനത്തിന്റെ ബഹുമാന ആദരങ്ങളും നേർന്ന് ഞാൻ പിരിയുമ്പോൾ റേഡിയോവിലെ സുന്ദരമായ ഒരു ഗാനം ഞങ്ങളുടെ മനസ്സിനെ തഴുകിയെത്തി!!

ഈ ലോകറേഡിയോ ദിനത്തിൽ മുഖ്യ ശ്രോതാവ് എന്ന നിലയിലും, റേഡിയോ ഉപഭോക്താവ് എന്ന നിലയിലും എന്തെങ്കിലും പറയാനുണ്ടോ എന്ന് ചോദിച്ചപ്പോൾ റേഡിയോ ദിനാഘോഷങ്ങൾ സർക്കാർ തലത്തിൽ സംഘടിപ്പിക്കുകയും റേഡിയോ ഉപഭോക്താക്കൾക്കും ശ്രോതാക്കൾക്കും മാനദണ്ഡങ്ങൾ നിശ്ചയിച്ച് ഉപഹാരങ്ങളും ആദരങ്ങളും നൽകണമെന്ന് ഈ റേഡിയോ സ്നേഹി ആവശ്യപ്പെട്ടു!

ഞാൻ ഇറങ്ങാൻ നേരത്ത് വീട്ടിന്റെ പൂമുഖ ചേലിൽ ഇരുന്ന് റേഡിയോ ആസ്വദിക്കുന്ന കണ്ണേട്ടനേയും സന്തത സഹചാരിയായ റേഡിയോയേയും എന്റെ മൊബൈലിൽ പകർത്തി കാണാമെന്ന വാക്കോടെ ഞാൻ നടന്നു.

*ഫേസ്ബുക്ക് പോസ്റ്റ്
വേലിക്കകത്ത് കുഞ്ഞിരാമന്‍

വേലിക്കകത്ത് കുഞ്ഞിരാമന്‍

സാമൂഹ്യ പ്രവര്‍ത്തകന്‍, മുന്‍ പയ്യന്നൂര്‍ നഗരസഭ കൌണ്‍സിലര്‍

Next Story

Related Stories