സംവത്സരങ്ങളുടെ കഥാകാരന്: എസ് ഇ ജെയിംസ്
പ്രിയ ജെയിംസ്, നീ എത്ര വേഗമാണ് അപ്രത്യക്ഷനായത്! അവസാനം ഞാന്‍ വിളിക്കുമ്ബോള്‍ നീ തമാശരൂപത്തില്‍ പറഞ്ഞു: "എന്റെ ഓര്‍മയുടെ നെല്ലിപ്പലക തകരുകയാണ്. താമസിയാതെ ഞാന്‍ മറവിയുടെ അഗാധ ഗര്‍ത്തങ്ങളില്‍ അസ്തമിക്കും. നിനക്ക് കാണാനാവാത്ത ഒരു ലോകത്തില്‍ ഞാനെത്തും."അതെ, നീ അസ്തമിച്ചു. കോഴിക്കോട് മേരിക്കുന്നിലെ അമ്മു എന്ന വീട്ടില്‍ ഇന്ന് രാവിലെ ആരോരുമറിയാതെ നീ മരിച്ചു കിടന്നു. ചരിത്രവും മിത്തും ഇഴചേത്തു കൊണ്ട് വെങ്ങാന്നൂര്‍ എന്ന ഗ്രാമത്തിന്റെ കഥ നീ സംവത്സരങ്ങളില്‍ പറഞ്ഞു. അതിന് ആദ്യത്തെ മാമ്മന്‍ മാപ്പിള നോവല്‍ അവാര്‍ഡും ലഭിച്ചു. നിന്റെ സ്വന്തം ഗ്രാമത്തിലെ അടിച്ചമര്‍ത്തപ്പെട്ടവരുടെ വേദനകളും നിസ്സഹായതയും സ്വപ്നങ്ങളും ആയിരുന്നു നീ ആവിഷ്കരിച്ചത്. മനോരമ വാരാന്ത്യത്തില്‍ ആ നോവല്‍ അടിച്ചു വന്നപ്പോള്‍ നിന്നില്‍ ഒളിഞ്ഞിരുന്ന ഒരു എഴുത്തുകാരനെ ഞങ്ങള്‍, സുഹൃത്തുക്കള്‍, വായനക്കാര്‍ കണ്ടു. മൂവന്തിപ്പൂക്കള്‍ എന്ന മറ്റൊരു നോവലും വൈദ്യന്‍കുന്നു എന്നൊരു കഥാസമാഹാരവും നിന്റെ ക്രെഡിറ്റില്‍ വന്നു. എന്നാല്‍ അധ്യാപക ജീവിതം ആരംഭിച്ചപ്പോള്‍ എഴുത്തിന്റെ വ്യാപ്തി കുറഞ്ഞു. അതേപ്പറ്റി നിന്നോട് ചോദിച്ചാല്‍ ഒരു ചിരി മാത്രമായിരിക്കും അതിനുത്തരം. നിന്നെ അറിയാവുന്നവര്‍ക്കെല്ലാം ആ ചിരിയുടെ അര്‍ഥം മനസ്സിലാകും. "ഓ എഴുതിയിട്ട് ഇപ്പോള്‍ എന്നാ ചെയ്യാനാ?" ആദ്യം spcs പ്രസിദ്ധീകരിച്ച സംവത്സരങ്ങള്‍ അടുത്തിടെ ചിന്ത വീണ്ടും പ്രകാശിപ്പിച്ചതുതന്നെ സുഹൃത്തുക്കളുടെ നിര്‍ബന്ധം കലശലായപ്പോഴാണ്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ 1978 - 79 കാലത്തു പഠിക്കുമ്ബോള്‍ നീ യൂണിയന് ചെയര്‍മാനായിരുന്നു. എസ് എഫ് ഐ നിന്റെ ബലഹീനത ആയിരുന്നു. 1980 മുതല്‍ 2002 വരെ കോഴിക്കോട് ക്രിസ്ത്യന്‍ കോളേജില്‍ പഠിപ്പിച്ചു. അതിനിടയില്‍ തിരുവനന്തപുരത്തെ ചങ്ങാതിമാരുമായി ചേര്‍ന്ന് പത്രപ്രവര്‍ത്തനം മുതല്‍ കൊതുകിനെ കൊല്ലാനുള്ള സസ്യ മരുന്ന് വരെ നീ പരീക്ഷിച്ചു. (അവസാനം കോഴിക്കോട്ടു അമ്മുവില്‍ കോഴി വളര്‍ത്തല്‍ വരെ നീ പരീക്ഷിച്ചു എന്നത് സത്യമല്ലേ?) ഇടയ്ക്കു മദ്രാസ്സില്‍ വന്നു സിനിമയിലും നീ കൈവച്ചു. പക്ഷേ അതൊന്നും ജെയിംസേ, നിന്നെ തുണച്ചില്ല. വലിയൊരു സൗഹൃദവലയം നിനക്കുണ്ടായിരുന്നു.
നിന്റെ കുടുംബജീവിതം ഇടക്കുവച്ചു മുറിഞ്ഞു. 2004 ല്‍ ആശ നിന്നെ ഉപേക്ഷിച്ചു പോകുമ്ബോള്‍ മകന് അലക്സ് (ഉണ്ണി) ഇരുവരോടും ചേര്‍ന്ന് സഞ്ചരിക്കാന്‍ ശ്രമിച്ചു. അന്ന് മുതല്‍ നീ എന്നും ഒറ്റക്കായിരുന്നു എന്ന വാസ്തവം എന്നെപ്പോലുള്ള അടുത്ത ചങ്ങാതിമാര്‍ക്കു മാത്രം അറിയാമായിരുന്നു. സാഹിത്യവും സിനിമയും പത്രപ്രവര്‍ത്തനവും നമ്മുടെ ചര്‍ച്ചകളില്‍ എത്രയോ വര്‍ഷങ്ങള്‍ കടന്നു വന്നിരിക്കുന്നു. കോഴിക്കോട് താമസമാക്കിയെങ്കിലും നിന്റെ നഗരം എന്നും തിരുവനന്തപുരമായിരുന്നു. അവിടെ ഒറ്റയ്ക്ക് അലഞ്ഞുതിരിയുന്നതിലായിരുന്നല്ലോ നിനക്ക് സുഖം? അക്കാര്യം നീ എത്രയോ തവണ എന്നോട് പറഞ്ഞിട്ടുണ്ട്. നീ ഒരു കാര്യവും സീരിയസ് ആയി എടുത്തില്ല എന്ന് പറഞ്ഞാല്‍ നീ പറയും: "നിനക്ക് അതൊന്നും പറഞ്ഞാല്‍ അറിയില്ലെടാ" അതെ നിന്നെപ്പറ്റി എനിക്കല്ല നമ്മുടെ പൊതു സുഹൃത്തുക്കള്‍ക്കും അറിയില്ലായിരുന്നു. നീ എന്നും സംവത്സരങ്ങള്‍ക്കും അപ്പുറത്തായിരുന്നല്ലോ? നിന്റെ മരണവും അങ്ങനെ ആയിരുന്നു.
(പി കെ ശ്രീനിവാസന്‍്റെ ഫേസ്ബുക്ക് പോസ്റ്റ്)