Top

'മലയാള സിനിമയുടെ നേട്ടം ഒരു രാത്രി ഇരുട്ടി വെളുത്തപ്പോള്‍ ഉണ്ടായതല്ല' കഥാകാരൻ വിവേക് ചന്ദ്രൻ

ലിജോ ജോസ് പല്ലിശ്ശേരിയുടെ ബ്രില്ല്യന്‍സിനെ കുറിച്ച് പരാമര്‍ശിക്കാതെ അദ്ദേഹത്തിന്റെ ഒറ്റ സിനിമയുടെ ആസ്വാദനക്കുറിപ്പ് പോലും അവസാനിക്കില്ല. പൊത്തേട്ടന്‍ എന്ന വാക്ക് എഴുതിയാല്‍ ഗൂഗിള്‍ തന്നെ അടുത്ത വാക്ക് സജസ്റ്റ് ചെയ്യും, 'ബ്രില്യന്‍സ്' എന്ന്. എന്നാലീ ബ്രില്ല്യന്‍സ് ഒരുദിവസമങ്ങ് മലയാള സിനിമയില്‍ സംഭവിച്ചുതുടങ്ങിയ കാര്യമല്ല. എണ്‍പതുകളില്‍ ജനിച്ച, ഞായറാഴ്ചകളില്‍ നാലുമണി സിനിമകള്‍ കണ്ടുവളര്‍ന്ന തലമുറയിലുള്ളവര്‍ക്കെങ്കിലും ഒരുപക്ഷെ മനസ്സിലാവും, ഈ ബ്രില്ല്യന്‍സ് എന്നുപറയുന്ന സംഗതി ഒരു തുടര്‍ച്ചമാത്രമാണെന്ന്.

ഇപ്പൊത്തന്നെ ഉദാഹരണത്തിന്, തൊണ്ണൂറ്റൊന്‍പതിലിങ്ങിയ എ രാജസേനന്‍ പൊളിറ്റിക്കല്‍ കോപ്പ് സ്റ്റോറി 'ഞങ്ങള്‍ സന്തുഷ്ടരാണ്' ഓര്‍ക്കുന്നുണ്ടോ ? അതില്‍ അഭിരാമി അവതരിപ്പിച്ച കഥാപാത്രം ഒടുവിലാന് ഉണ്ടാക്കിക്കൊടുക്കുന്ന 'ദോഡ്ഡലി' എന്ന പലഹാരം ഓര്‍ക്കുന്നുണ്ടോ ? സ്‌ക്രിപ്റ്റില്‍ 'വിചിത്രമായ ഒരു പലഹാരം' എന്നുമാത്രമേ രാജേട്ടന്‍ അന്ന് എഴുതിയിരുന്നുള്ളൂ, അതിന് ഇങ്ങനെ ഒരു പേര് കൊടുത്തതും അത് രൂപകല്‍പ്പന ചെയ്തതും രാജസേനന്റെ സുഹൃത്ത് കൂടിയായ കലാസംവിധായകന്‍ സാബു സിറിള്‍ ആണ്. 3D പ്രിന്റിംഗ് ഒക്കെ നിലവില്‍ വന്നു തുടങ്ങുന്നതെയുള്ളെന്നോര്‍ക്കണം. അന്ന് പ്ലാസ്റ്റര്‍ ഓഫ് പാരിസില്‍ prototype ഉണ്ടാക്കി നിര്‍മ്മാതാവിനെ കാണിച്ച് approval വാങ്ങിയിട്ടാണ് കാസ്റ്റുണ്ടാക്കുന്നത്. 'ദോഡ്ഡലി' സ്‌ക്രീനില്‍ അനുഭവിപ്പിക്കാന്‍ അത് അനുയോജ്യമായ വസ്തുകൊണ്ട് തന്നെ നിര്‍മ്മിക്കണം എന്ന് സാബുവിനെ പോലെ രാജസേനനും വാശിയായിരുന്നു. അങ്ങനെ ഒന്നര വര്‍ഷം നീണ്ട ഗവേഷണത്തിനൊടുവില്‍ രൂപപ്പെടുത്തിയ പ്രത്യേകതരം പോളിമര്‍ മെറ്റീരിയല്‍ കൊണ്ടാണ് ഫൈനല്‍ പ്രോഡക്റ്റ് ഉണ്ടാക്കാന്‍ രാജസേനനും സാബുവിന്റെ അസിസ്റ്റന്റ് നിജലിംഗപ്പയും കൂടി ആഡിസ് അബാബയിലേക്ക് ഫ്‌ലൈറ്റ് കേറുന്നത്. പിന്നീട് സംഭവിച്ചതെല്ലാം ചരിത്രമാണ്. സ്‌ക്രീനില്‍ ഒരു മിനിറ്റില്‍ കുറവ് മാത്രം പ്രത്യക്ഷപ്പെടുന്ന ഒരു പ്രോപ്പര്‍ട്ടിക്ക് വേണ്ടിയായിരുന്നു ഈ അര്‍പ്പണബോധം എന്നോര്‍ക്കണം.

ഇനിയും ഉണ്ട് ഉദാഹരണങ്ങള്‍, 'കാതില്‍ ഒരു കിന്നാര'ത്തില്‍ കിഡ്‌നാപ്പറേ കബിളിപ്പിക്കാന്‍ ജഗദീഷിന്റെ കഥാപാത്രം രണ്ടറ്റത്തും നൂറുരൂപയുടെ നോട്ടുകള്‍ വെച്ച് നടുക്കില്‍ മുഴുവന്‍ ഒരേ വലുപ്പത്തില്‍ വെട്ടിയ വെള്ളക്കടലാസ് നിറയ്ക്കുന്നുണ്ട്. ഒറ്റക്കാഴ്ച്ചയില്‍ നൂറിന്റെ ഒരുകെട്ട് നോട്ടാണെന്നേ തോന്നൂ. എന്നാല്‍ ജഗദീഷ് എത്ര നന്നായി അഭിനയിച്ചാലും കൈയ്യിലിരിക്കുന്നത് വെറും കടലാസാണ് എന്ന് കിഡ്‌നാപ്പര്‍ക്ക് മനസ്സിലായില്ലെങ്കിലും കാണുന്ന പ്രേക്ഷകന് മനസ്സിലാവും എന്ന് സംവിധായകന്‍ മോഹന്‍ കുപ്ലെരിക്ക് അറിയാമായിരുന്നു. അതിനായി കറന്‍സിക്കിടയില്‍ തിരുകാന്‍ കറന്‍സിയുടെ അതെ കനമുള്ള കടലാസ് വികസിപ്പിച്ചെടുക്കാന്‍ അദ്ദേഹം ശ്രമിച്ചിരുന്നു. നോക്കണം, പൂര്‍ണ്ണതയ്ക്ക് വേണ്ടി ഒരു മനുഷ്യന്‍ ഏതറ്റം വരെ പോകും എന്ന് ! ഒരുവേള കള്ളനോട്ടടികാരനായി പോലും മുദ്രകെകുത്തപ്പെടാന്‍ ഇടയുള്ള ശ്രമം ആയിരുന്നു അത് എന്നോര്‍ക്കണം. എന്നാല്‍ അന്നെന്തോ ആ ശ്രമം പൂര്‍ണ്ണമായും വിജയിച്ചില്ല. പിന്നെ എങ്ങനെയാണ് അദ്ദേഹം ഇത്ര കൃത്യമായി ആ സീന്‍ ചിത്രീകരിച്ചത് എന്നിപ്പോഴും ചിത്രത്തിന്റെ അണിയറക്കാര്‍ക്ക് മാത്രം അറിയുന്ന രഹസ്യമാണ്.

അതുപോലെ നിരന്തര ഗവേഷണത്തിന് വിധേയമാക്കി സേമിയയും നാല്‍പ്പാമരവള്ളികളും സോഡിയം കാര്‍ബൈഡും ഉപയോഗിച്ച് സംവിധായകന്‍ തുളസീദാസിന്റെ നേതൃത്വത്തില്‍ നിര്‍മ്മിച്ചതാണ് 'ശുദ്ധമദ്ദള'ത്തില്‍ മുകേഷ് ഉപയോഗിച്ച വിഗ്ഗ്. പിന്നെയും പറയാനാണെങ്കില്‍ എത്രയോ ഞെട്ടിക്കുന്ന സംഭവങ്ങള്‍. ശാസ്ത്രത്തിനെ ചിലപ്പോഴൊക്കെ കൊള്ളയടിച്ചും, മിച്ചം വരുന്നത് ശാസ്ത്രത്തിനു തിരിച്ചുകൊടുത്തും തന്നെയാണ് മലയാള സിനിമ വളര്‍ന്നുമുറ്റിയത്. അനില്‍ബാബുവിന്റെയും ജോമോന്റെയും വിജിതമ്പിയുടെയും ഒക്കെ ഓരോ സിനിമയ്ക്ക് ശേഷവും സിനിമയ്ക്കായി കണ്ടുപിടിച്ച് ഷൂട്ടിങ്ങിന് ഉപയോഗിച്ചുപേക്ഷിച്ച പ്രോപ്പര്‍ട്ടികളെ അധികരിച്ച് ഫിസിക്കയിലും പല പ്രശസ്ത മെറ്റീരിയല്‍ സയന്‍സ് ജെര്‍ണലുകളിലും ഏറ്റവും കുറഞ്ഞത് രണ്ടോ മൂന്നോ പ്രബന്ധങ്ങള്‍ തന്നെ പ്രസിദ്ധീകരിച്ചുപോന്നിരുന്നു.

സോഷ്യല്‍ മീഡിയ ഇലാത്തത് കൊണ്ട് അന്നിതോന്നും ആളുകളില്‍ എത്തിയിരുന്നില്ല, സിനിമയിലെ റിയല്‍ മോണ്‍സ്റ്റേര്‍സിനെ അതുകൊണ്ട് ആരും അറിഞ്ഞിരുന്നില്ല എന്നുമാത്രം. (ഇത്ര മിടുക്കന്‍മാരായിരുന്നെങ്കില്‍ റിയല്‍ മോണ്‍സ്റ്റേര്‍സിന് സോഷ്യല്‍ മീഡിയ കണ്ടുപിടിക്കമായിരുന്നില്ലേ എന്ന് ചോദിക്കുന്നവരോട്, അതും ഉണ്ടായിട്ടുണ്ട്. 'ഇന്ദ്രപ്രസ്ഥ'ത്തിന്റെ ഷൂട്ടിംഗ് നടക്കുന്നതിനിടയില്‍ കെ കെ ഹരിദാസും മമ്മുക്കയും കൂടി ഒരുഗ്രന്‍ സോഷ്യല്‍ മീഡിയ പ്ലാറ്‌ഫോമും കണ്ടുപിടിച്ചിരുന്നു, 'സുരേഷേട്ടന്റെ ഓട്ടോറിക്ഷ' എന്ന് പേരും ഇട്ടു. പക്ഷെ 'ഇന്ദ്രപ്രസ്ഥം' പോലെ അതിലും വലിയ ഒരു കാര്യത്തില്‍ നിമഗ്‌നരായിപോയത് കൊണ്ട് അന്നാ കണ്ടുപിടിത്തം പുറംലോകം അറിയിക്കാന്‍ അവര്‍ രണ്ടുപേരും മിനക്കെട്ടില്ല.) പറഞ്ഞുവന്നത് മലയാള സിനിമ ഇന്നാഘോഷിക്കുന്ന ഉയരം ഒരു രാത്രി ഇരുട്ടി വെളുത്തപ്പോള്‍ ഉണ്ടായതല്ല, കിടിലങ്ങളുടെ തോളില്‍ ചവുട്ടി തന്നെയാണ് ഇന്നത്തെ മിടുക്കന്‍മാര്‍ നില്‍ക്കുന്നത്, ഡോട്ട് !


Next Story

Related Stories