TopTop

ദിലീപിന് ശബരിമലയില്‍ കയറാമെങ്കില്‍ എസ്.പി മഞ്ജുവിന് മാത്രമല്ല ഏത് സ്ത്രീക്കുമാകാം

ദിലീപിന് ശബരിമലയില്‍ കയറാമെങ്കില്‍ എസ്.പി മഞ്ജുവിന് മാത്രമല്ല ഏത് സ്ത്രീക്കുമാകാം
തുലാമാസ പൂജകള്‍ക്കായി തുറന്ന ശബരിമല നട നാളെ വൈകിട്ടോടെ അടയ്ക്കും. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും ശബരിമല തീര്‍ത്ഥാടനത്തിന് അവകാശമുണ്ടെന്നും വിലക്കുന്നത് മൗലികാവകാശമായ തുല്യനീതിയുടെ നിഷേധമാണെന്നുമുള്ള സുപ്രിംകോടതി ഭരണഘടനാ ബഞ്ചിന്റെ വിധിയാണ് ഈ മാസത്തെ പൂജയ്ക്കായുള്ള നടതുറക്കലിനെ വ്യത്യസ്തമാക്കിയത്. ഈ വിധിയുടെ ഉറപ്പില്‍ വിവിധ പ്രായത്തിലുള്ള സ്ത്രീകള്‍ മലചവിട്ടാനെത്തുമെന്ന് പ്രഖ്യാപിച്ചതോടെ അവരെ തടയാനായി ബിജെപി-ആര്‍എസ്എസ്  നേതൃത്വത്തില്‍ വന്‍ സജ്ജീകരണമാണ് ഒരുക്കിയത്. വിധി നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് പന്തളത്തും നിലയ്ക്കലിലും മറ്റുമായി നടന്നിരുന്ന നാമജപ ഘോഷയാത്രയുടെ സ്വഭാവം മാറുകയും അക്രമാസക്തമാകുകയും ചെയ്തു. നാമജപ ഘോഷയാത്രക്കിടെ നേതാക്കള്‍ നടത്തിയ പ്രകോപനപരമായ പ്രസംഗങ്ങള്‍ അനുസരിക്കുന്ന വിധത്തിലായിരുന്നു ഹിന്ദുത്വ സംഘടനകളുടെ അനുഭാവികളുടെ പെരുമാറ്റം.

അതില്‍ ഇന്നലെ പൊട്ടിമുളച്ച സംഘടനകള്‍ മുതല്‍ ബിജെപിയും അയ്യപ്പസേവാ സംഘവും വരെ ഉള്‍പ്പെടുന്നു. ഭക്തര്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഇവരുടെ സമരത്തിലെ മുഖ്യ അജണ്ട മല ചവിട്ടാനെത്തുന്ന സ്ത്രീകളെ ഭയപ്പെടുത്തി ഓടിക്കുക എന്നതായിരുന്നു. മാധ്യമപ്രവര്‍ത്തകരും ഉദ്യോഗസ്ഥരുമായ സ്ത്രീകളെയും അമ്പത് വയസ്സിന് മുകളിലുള്ള സ്ത്രീകളെ പോലും ഇവര്‍ ഇത്തരത്തില്‍ വേട്ടയാടി. പ്രായം തെളിയിക്കാന്‍ സാധിക്കാത്ത രണ്ട് സ്ത്രീകള്‍ക്ക് ഇന്ന് മല ചവിട്ടാനാകാതെ മടങ്ങേണ്ടിയും വന്നു. ആന്ധ്ര സ്വദേശിയായ ഒരു സ്ത്രീയെ അവരുടെ ആധാര്‍ കാര്‍ഡ് അനുസരിച്ച് 46 വയസ്സ് ആണെന്ന് തെളിഞ്ഞതോടെയാണ് ഇന്ന് മടക്കിയയച്ചത്. 19ന് രാവിലെ പോലീസിന്റെ സഹായത്തോടെ സന്നിധാനത്തെത്താന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തക ലിബിയേയും സാമൂഹിക പ്രവര്‍ത്തക രഹന ഫാത്തിമയെയും തെലങ്കാനയില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തക കവിതയെയും പ്രതിഷേധക്കാര്‍ തടഞ്ഞിരുന്നു. മലകയറാന്‍ തയ്യാറാണെങ്കില്‍ ഇവരെ സന്നിധാനത്തെത്താന്‍ സഹായിക്കാമെന്ന് ഐജി ശ്രീജിത്ത് നിലപാടെടുത്തെങ്കിലും ആക്ടിവിസ്റ്റുകള്‍ക്ക് സുരക്ഷയൊരുക്കാനാകില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കിയതോടെ പോലീസ് പിന്മാറുകയും ചെയ്തു. എന്നാല്‍ സമരക്കാര്‍ മുന്‍നിര്‍ത്തുന്ന കുട്ടികളെ ഓര്‍ത്താണ് താന്‍ മടങ്ങുന്നതെന്നാണ് രഹന പറഞ്ഞത്. എന്തായാലും ശബരിമലയിലെ യുവതീ നിരോധനം ലംഘിക്കാനെത്തുന്ന സ്ത്രീകളുടെ പശ്ചാത്തലം പരിശോധിക്കണമെന്ന ആവശ്യമാണ് അതോടെ ഉയര്‍ന്നത്. വരുന്നത് ഭക്തരാണോ അതോ ആക്ടിവിസ്റ്റുകളാണോയെന്നതാണ് പ്രശ്‌നമാക്കുന്നതെന്ന് തോന്നുമെങ്കിലും ഭക്തരെത്തിയാലും തടയാനും ആചാരം ലംഘിക്കാന്‍ വരുന്നത് ആക്ടിവിസ്റ്റുകളാണെന്ന് സ്ഥാപിക്കാനും ഈ നിലപാടുകൊണ്ട് സാധിക്കും.

ഈ സാഹചര്യത്തിലാണ് ഭക്തയും കൊല്ലം ചാത്തന്നൂര്‍ സ്വദേശിയുമായ മഞ്ജു എസ് പി ഇന്നലെ മല കയറാനെത്തിയത്. തനിക്ക് മല കയറണമെന്നും അന്ന് തന്നെ കയറണമെന്നുമായിരുന്നു പമ്പയിലെത്തി പോലീസിന്റെ അനുമതി തേടിയ മഞ്ജുവിന്റെ ആവശ്യം. അതേസമയം ദളിത് മഹിളാ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറിയായ മഞ്ജുവിനെതിരെ നിരവധി ക്രിമിനല്‍ കേസുകളുണ്ടെന്നും അതിനാല്‍ പോലീസ് സുരക്ഷ ഒരുക്കാനാകില്ലെന്നുമാണ് ആദ്യം വന്ന റിപ്പോര്‍ട്ടുകള്‍. പിന്നീട് ഇത് തിരുത്തിയ ഐജി ശ്രീജിത്ത് കാലവസ്ഥ പ്രതികൂലമായതിനാല്‍ മഞ്ജുവിനെ മലകയറ്റുന്നതിന് തങ്ങള്‍ക്കും അവര്‍ക്കും ബുദ്ധിമുട്ടുണ്ടെന്നാണ് പറഞ്ഞത്. മഞ്ജുവും ഇക്കാര്യം സ്ഥിരീകരിച്ചു. അപ്പഴും ഉയര്‍ന്നുവന്ന ആവശ്യം മഞ്ജുവിന്റെ പശ്ചാത്തലം പരിശോധിക്കണമെന്നതായിരുന്നു. മഞ്ജുവിനെതിരായ ക്രിമിനല്‍ കേസുകളും അവരുടെ മുന്‍കാല ജീവിതവുമാണ് എല്ലാവര്‍ക്കും അറിയേണ്ടത്. 2010ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി കൊല്ലം ജില്ലാ പഞ്ചായത്തില്‍ മത്സരിച്ച വ്യക്തിയാണ് മഞ്ജു. സുരക്ഷ ചോദിച്ചെത്തിയ ഇവരോട് എഡിജിപിയും ഐജിമാരുമടങ്ങിയ ഉന്നത പോലീസ് സംഘം മഞ്ജുവുമായി സംസാരിച്ചു. മഞ്ജുവിന്റെ പശ്ചാത്തലം പരിശോധിച്ചപ്പോഴാണ് ചില കേസുകള്‍ നിലവിലുണ്ടെന്ന് വ്യക്തമായത്. മണിക്കൂറുകള്‍ക്കൊടുവില്‍ കനത്ത മഴ കാരണം സുരക്ഷാ തീരുമാനം ഇന്നേക്ക് മാറ്റുകയും ചെയ്തു. എന്നാല്‍ ഈ കാലാവസ്ഥയില്‍ സൗകര്യക്കുറവുള്ള പമ്പയില്‍ തങ്ങാനാകാത്തതിനാല്‍ മടങ്ങുന്നുവെന്നാണ് മഞ്ജു മാധ്യമപ്രവര്‍ത്തകരെ അറിയിച്ചത്. ഇന്നോ നാളെയോ മടങ്ങിവരുമെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.

എന്നാല്‍ ഇവിടെ മഞ്ജുവിന്റെ പശ്ചാത്തലം പരിശോധിക്കേണ്ടതിന്റെ ആവശ്യകതയെന്താണെന്നാണ് ഉയരുന്ന ചോദ്യം. ഇന്നലെ എഴുത്തുകാരന്‍ എന്‍ എസ് മാധവന്‍ ട്വിറ്ററിലൂടെ ഉന്നയിച്ച ഒരു ആവശ്യം ഈ സാഹചര്യത്തില്‍ പ്രാധാന്യം അര്‍ഹിക്കുന്നു. ശബരിമലയില്‍ എത്തിയ മഞ്ജുവിന്റെ പശ്ചാത്തലം പരിശോധിക്കണമെന്ന പോലീസിന്റെ നിലപാട് വിവേചനവും അംഗീകാരിക്കാനാകാത്തതുമാണ്. ഒന്നുകില്‍ ശബരിമലയില്‍ വരുന്ന എല്ലാവര്‍ക്കും അത് നിര്‍ബന്ധമാക്കണം. അല്ലെങ്കില്‍ ആരെയും അതിന് വിധേയരാക്കരുത്. അവര്‍ക്ക് ഇത് നിര്‍ബന്ധമാക്കുന്നത് അവരൊരു സ്ത്രീയായതിനാലാണ്- എന്നാണ് എന്‍ എസ് മാധവന്‍ ചൂണ്ടിക്കാട്ടുന്നത്.

ഇനി കുറച്ചുകാലം മുമ്പത്തെ ഒരു സംഭവം ഓര്‍മ്മിപ്പിക്കാം. കൊച്ചിയില്‍ വച്ച് നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിന്റെ പേര് ഉയര്‍ന്നുവന്നതോടെ അദ്ദേഹത്തെ സംരക്ഷിച്ചുകൊണ്ട് നിരവധി പേര്‍ രംഗത്തെത്തുകയുണ്ടായി. പോലീസ് നടത്തിയ അന്വേഷണങ്ങളുടെയും വിവിധ ചോദ്യം ചെയ്യലുകളുടെയും ഫലമായി ദിലീപ് കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും 2017 ജൂലൈ 11ന് അറസ്റ്റ് ചെയ്യുകയും ചെയ്തു. 85 ദിവസത്തിന് ശേഷം ഒക്ടോബര്‍ 3-നാണ് ദിലീപിന് ജാമ്യം അനുവദിച്ചത്. അതേസമയം താന്‍ നിരപരാധിയാണെന്ന് തെളിയിക്കാന്‍ ദിലീപിന് സാധിച്ചിട്ടുമില്ല. അങ്കമാലി സബ് ജയിലില്‍ നിന്നും പുറത്തുവന്ന ദിലീപ് ആദ്യം ചെയ്തത് കഴിഞ്ഞവര്‍ഷത്തെ തുലാമാസ പൂജകള്‍ക്കായി തുറന്ന ശബരിമലയില്‍ ദര്‍ശനം നടത്തുകയാണ്. തന്റെ മുഖത്തെ താടിരോമങ്ങള്‍ ഉപേക്ഷിച്ചത് അതിന് ശേഷം മാത്രമായിരുന്നു. സഹപ്രവര്‍ത്തക കൂടിയായ ഒരു പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യാന്‍ ക്വട്ടേഷന്‍ കൊടുത്ത കേസിലാണ് ദിലീപ് അറസ്റ്റിലായത്. കുറ്റക്കാരനാണെന്ന് വിധിച്ചിട്ടില്ലെങ്കിലും ഇയാളെ കോടതി കുറ്റവിമുക്തനുമാക്കിയിട്ടില്ല.

ഒരാളുടെ ക്രിമിനല്‍ പശ്ചാത്തലം ശബരിമല സന്ദര്‍ശനത്തിന് വിലങ്ങുതടിയാണെങ്കില്‍ ദിലീപും തടയപ്പെടേണ്ടതായിരുന്നു. മാത്രമല്ല, അങ്ങനെ നോക്കിയാല്‍ ഇന്ന് ശബരിമലയില്‍ പ്രതിഷേധത്തിലുള്ള എത്രപേര്‍ക്ക് മലചവിട്ടാന്‍ അവകാശമുണ്ടായിരിക്കും. മഞ്ജുവിന്റെ പശ്ചാത്തലം പരിശോധിക്കുന്ന പോലീസ് ശബരിമലയിലുള്ള എല്ലാവരുടെയും പശ്ചാത്തലവും പരിശോധിക്കാന്‍ തയ്യാറാകേണ്ടതുണ്ട്. ഇനി മഞ്ജുവിനെതിരെയുള്ള കേസ് എന്താണെന്ന് നോക്കാം. തന്നെ ജാതി പറഞ്ഞ് അധിക്ഷേപിച്ച ഒരു ഉദ്യോഗസ്ഥനെ ചൂലെടുത്ത് മറുപടി പറഞ്ഞതാണ് ആ കേസ്. ജാതി പറഞ്ഞ് അധിക്ഷേപിച്ചതിന് മഞ്ജു നല്‍കിയ എതിര്‍ കേസ് ഇന്നും തീര്‍പ്പാകാതെ കിടക്കുകയാണ്.

ഇനി മറ്റൊരു കാര്യം കൂടി. ശബരിമലയില്‍ സ്ത്രീ പ്രവേശനം നടന്നാല്‍ ക്ഷേത്രം അടച്ചിടുമെന്നാണ് തന്ത്രി കുടുംബവും പന്തളം കൊട്ടാരവും മുന്നറിയിപ്പ് നല്‍കുന്നത്. കവനന്റ് അനുസരിച്ച് ക്ഷേത്രം അടച്ചിടാന്‍ അവകാശമുണ്ടെന്ന് കൊട്ടാരത്തിന്റെ പ്രതിനിധികള്‍ അവകാശപ്പെടുകയും ചെയ്യുന്നു. സമൂഹമന:സാക്ഷിയെ ഞെട്ടിച്ച ഒരു കുറ്റകൃത്യത്തില്‍ പങ്കാളിയായ ദിലീപിനെ പോലൊരാള്‍ക്ക് മുന്നില്‍ മലക്കെ തുറന്നു കൊടുത്ത ശബരിമല ശ്രീകോവിലിന്റെ വാതിലാണ് ഇപ്പോള്‍ തങ്ങളുടെ അവകാശങ്ങള്‍ സ്ഥാപിച്ചെടുക്കാന്‍ ശ്രമിക്കുന്ന മഞ്ജുവിനെപ്പോലുള്ള സ്ത്രീകള്‍ക്ക് മുന്നില്‍ അവര്‍ കൊട്ടിയടയ്ക്കുന്നത്. സ്ത്രീകള്‍ കയറിയാല്‍ ക്ഷേത്രം കളങ്കപ്പെടുമെന്നും പരിഹാരം ചെയ്യണമെന്നും ന്യായമുന്നയിക്കുന്നവര്‍ ദിലീപ് കയറിയപ്പോള്‍ ഇത്തരമൊരു കളങ്കത്തെക്കുറിച്ച് ചിന്തിച്ചിട്ടില്ലേ? ഒരു പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യാന്‍ ക്വട്ടേഷന്‍ കൊടുത്ത ദിലീപാണോ തന്നെ ജാതി വിളിച്ച് അധിക്ഷേപിച്ചതിന് ഒരു ഉദ്യോഗസ്ഥനെ ചൂലെടുത്ത് അടിച്ച മഞ്ജുവാണോ യഥാര്‍ത്ഥ ഹീറോയെന്ന് ഇവര്‍ ചിന്തിക്കേണ്ടതുണ്ട്?

https://www.azhimukham.com/trending-bjp-rss-leader-tg-mohandas-talks-on-sabarimala-women-entry-in-reporter-channel/

https://www.azhimukham.com/indiap-hajialidarga-womens-entry-for-two-years-sabarimala-womensentry-nilakkal-pamba-protest/

https://www.azhimukham.com/opinion-sabarimala-women-entry-activists-belief-and-democracy-writes-visakh/

https://www.azhimukham.com/trending-how-you-can-recognize-the-age-of-a-women-who-enter-sabarimala/

Next Story

Related Stories