TopTop
Begin typing your search above and press return to search.

പ്രിയപ്പെട്ട തിരുവനന്തപുരം യുവാക്കളേ, ഒരു സാമൂഹ്യവിരുദ്ധൻ കുടിച്ചു ലക്കുകെട്ട് ഒരു മനുഷ്യനെ കാറിടിച്ച് കൊന്നിട്ട് ഈ നഗരത്തിൽ ആർക്കും പ്രതിഷേധമുണ്ടായില്ല എന്നത് ഞെട്ടിക്കുന്നു

പ്രിയപ്പെട്ട തിരുവനന്തപുരം യുവാക്കളേ, ഒരു സാമൂഹ്യവിരുദ്ധൻ കുടിച്ചു ലക്കുകെട്ട് ഒരു മനുഷ്യനെ കാറിടിച്ച് കൊന്നിട്ട് ഈ നഗരത്തിൽ ആർക്കും പ്രതിഷേധമുണ്ടായില്ല എന്നത് ഞെട്ടിക്കുന്നു

പ്രിയപ്പെട്ട തിരുവനന്തപുരം യുവാക്കളേ,

ദില്ലിവാസിയാണെങ്കിലും ഒരു തിരുവനന്തപുരം പൌരനാണ് ഞാൻ. ഈ നഗരമാണ് ലോകത്ത് എനിക്ക് ഏറ്റവും ഇഷ്ടമുള്ള വാസസ്ഥാനം. എൻറെ ഈ നഗരത്തിൻറെ മുഖം മാറുന്നോ എന്ന ഭയമാണ് ഇതെഴുതാൻ പ്രേരണ.

ശ്രീറാം വെങ്കിട്ടരാമൻ എന്ന പുതുമോടി ഐഎഎസുകാരൻ ഓടിച്ച കാറിടിച്ച് ഒരു പത്രപ്രവർത്തകൻ കൊല്ലപ്പെട്ട ദിവസം, ഒരു രണ്ടു മണിക്കൂർ മുമ്പ് ഞാൻ ആ ഭാഗത്തൊക്കെക്കൂടി കാറോടിക്കുകയായിരുന്നു. കവടിയാർ മുതൽ പാളയം വഴി പാറ്റൂർ വരെ. പക്ഷേ, അല്പം കൂടെ താമസിച്ചായിരുന്നു എൻറെ ഈ ചുറ്റലെങ്കിലോ? ഇര ഞാനായേനെ!

യഥാർത്ഥത്തിൽ ഈ മരണമല്ല എന്നെ ആശങ്കാകുലനാക്കുന്നത്. കുടിച്ചു കൂത്താടുന്ന ഒരു സാമൂഹ്യവിരുദ്ധൻ ഒരാളെ കാറിടിച്ചു കൊല്ലുക എന്നത് എവിടെയും സംഭവിക്കാം. പക്ഷേ, അതിനു ശേഷം നമ്മുടെ രാജ്യത്തെ ഭരണസംവിധാനത്തെയാകെ ഒരാൾക്ക് ഭീതിദമാംവിധം വളച്ചൊടിക്കാനായി എന്നത് സംഭവിക്കാൻ പാടില്ലാത്തതാണ്. ഒരു പൌരനെന്ന നിലയിൽ എൻറെ ജീവന് സുരക്ഷിതത്വം നല്‍കാൻ ഭരണകൂടത്തിനാവുന്നില്ല എന്നാണതിനർത്ഥം.

കെ.എം ബഷീറിനു നീതി വേണം, പക്ഷേ, നമ്മുടെ ഓരോരുത്തരുടെയും ജീവന് സുരക്ഷിതത്വം വേണം എന്നത് സർവഥാ പ്രധാനമാണ്. ഏതെങ്കിലുമൊരു പണക്കാരകുമാരൻ നമ്മളെ ഇടിച്ചു കൊന്നിട്ടു പോയാൽ നാളെ ആരും ചോദിക്കാനുണ്ടാവില്ല എന്നത് സമ്മതിച്ചു കൊടുക്കാനാവില്ല.

കേരള സമൂഹത്തിൻറെ മികവിനെക്കുറിച്ച് പഠിക്കുന്നവർ പറയുന്ന ഒരു പ്രാഥമിക പാഠം ഇതാണ്. കേരള മാതൃക വലിയ സാമ്പത്തികശേഷിയാലല്ല കെട്ടിപ്പടുത്തിരിക്കുന്നത്. മറിച്ച് ജനങ്ങളുടെ രാഷ്ട്രീയ ഇടപെടലാണ്, ഈ ഇടപെടലിനുള്ള ശേഷിയാണ് കേരളത്തെ കേരളമാക്കുന്നത്. ഒരു ആശുപത്രിയിൽ ഡോക്ടർ വരുന്നില്ലെങ്കിൽ അവിടെയൊരു പ്രതിഷേധയോഗം ഉണ്ടാവും. ഒരു റോഡ് മോശമാണെങ്കിൽ പ്രതിഷേധ ബോർഡുകൾ വരും. ഇതിനെയാണ് കേരളത്തിൻറെ ഇടതുപക്ഷ മനസ്സ് എന്ന് പറയുന്നത്. ജനങ്ങൾ നടത്തുന്ന ഈ അവകാശമുന്നയിക്കലിലാണ് കേരളം സ്ഥിതി ചെയ്യുന്നത്.

മലപ്പുറത്തു നിന്ന് തിരുവനന്തപുരത്ത് വന്ന് പത്രക്കാരനായി ജീവിച്ച, ഭാര്യയും കുട്ടികളുമുളള ഒരു യുവാവിനെ ഒരു സാമൂഹ്യവിരുദ്ധൻ കുടിച്ചു ലക്കുകെട്ട് കാറിടിച്ച് കൊന്നിട്ട് ഈ നഗരത്തിൽ ആർക്കും പ്രതിഷേധമുണ്ടായില്ല എന്നത് എന്നെ ഞെട്ടിക്കുന്നു. ഒരു സഹപ്രവർത്തകന്റെ ജീവൻ നഷ്ടപ്പെട്ട വേദനയിലുള്ള മാധ്യമപ്രവത്തകരൊഴികെ.

കേസിൽ കള്ളക്കളി കളിച്ച പോലീസ് സ്റ്റേഷനിലേക്ക് രാവിലെ തന്നെ ഒരു യുവജനസംഘടനയും മാർച്ച് ചെയ്തില്ല. രക്തപരിശോധനയിൽ നിന്ന് ഒളിവിൽ കഴിയുന്ന ആശുപത്രിയിലേക്ക് ഒരു വിദ്യാർത്ഥി സംഘടനയും പ്രകടനമായി ചെന്നില്ല. ഇന്നേവരെ അയാളുടെ വിരലടയാളം എടുക്കാനായില്ല. കേസ് തകർത്തുകളഞ്ഞ ഇൻസ്പെക്ടറെ ഞങ്ങൾ സസ്പെൻഡ് ചെയ്തില്ലേ എന്ന് നിഷ്കളങ്കത അഭിനയിക്കുന്ന ഭരണാധികാരികളെ ഉലയ്ക്കുന്ന ചോദ്യം ഒരിടത്തു നിന്നും വന്നില്ല.

കേരളത്തിലെ പോലീസുകാരും ചില ഐഎഎസുകാരും ചില ഡോക്ടർമാരും ചേർന്നാണ് ഒരു നീതിമാൻറെ രക്തത്തിന് വിലയിട്ടത് എന്നു വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട്. ഭരണകൂടമാകെ ഇതിന് കുടപിടിച്ചു.

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മെഡിക്കൽ ബോർഡ് ചേർന്ന് ശ്രീറാം ഐഎഎസിന് റിട്രോഗ്രാഡ് അംനീസിയ ആണെന്ന് പ്ര്യാപിച്ചത് നമ്മുടെ സമൂഹത്തിന്റെ സുബുദ്ധിയുടെ നേരെയുള്ള കാർക്കിച്ചു തുപ്പലാണ്. പത്തു മണിക്കൂർ ഒരു പ്രതിയെ സൂക്ഷിച്ച് വച്ച് തെളിവു നശിപ്പിക്കാൻ ഒരു സ്വകാര്യ ആശുപത്രിക്ക് കഴിഞ്ഞു എന്നത് നമ്മുടെ നിയമവാഴ്ചയെ അടിച്ചു വീഴ്ത്തുന്നതാണ്. പൌരനെ രക്ഷിക്കേണ്ട പോലീസ് കൊല്ലപ്പെട്ടവൻറെ ചോരയ്ക്ക് മുന്നിൽ നിന്ന് കുറ്റവാളിയെ രക്ഷിക്കുന്നതിനെക്കുറിച്ചു മാത്രം ആലോചിച്ചു എന്നത് ഈ നഗരത്തിൽ ജീവിക്കാൻ ഒരു പൌരനെ ഭയപ്പെടുത്തുന്നു.

ഒരു യുവാവിന്റെ മരണത്തിനു കാരണമായിട്ടും കുറ്റബോധമേതുമില്ലാതെ നിയമവാഴ്ചയിൽ നിന്ന് രക്ഷപ്പെടാൻ അധോലോക മാതൃകയിലുള്ള ഗൂഡാലോചന നടത്തുന്ന ഇയാളെയാണ് നമ്മുടെ സമൂഹം അഴിമതിക്കെതിരെ കുരിശുയുദ്ധം നടത്തുന്ന പോരാളിയായി ഏതാനും മാസം മുമ്പ് കൊണ്ടാടിയത്! ഈ ഉദ്യോഗസ്ഥവൃന്ദത്തെയെങ്ങനെ നാം വിശ്വസിക്കും?

അധികാരത്തിൻറെ ആദ്യതാത്പര്യത്തിലൊന്ന് ജനങ്ങളുടെ രാഷ്ട്രീയ പ്രതികരണ ശേഷിയുടെ വരിയുടയ്ക്കുക എന്നതാണ്. അത് തിരുവനന്തപുരത്തും സംഭവിച്ചിരിക്കുന്നു. 1923ൽ ദിവാൻ രാഘവയ്യയുടെ കുതിരപ്പട്ടാളത്തെ അടിച്ചോടിച്ച പാരമ്പര്യമാണ് തിരുവനന്തപുരത്തെ യുവരാഷ്ട്രീയം. സർ സിപിയെ പേടിക്കാത്തവരുടെ പാരമ്പര്യം. കമ്യൂണിസം എന്നൊരേർപ്പാടുണ്ടെന്നും അതിന് വേണ്ടി ഒരു യൂത്ത് ലീഗ് ഉണ്ടാക്കണമെന്നും കേരളത്തിലാദ്യമായി സ്വപ്നം കണ്ട പൊന്നറ ശ്രീധറിന്റെ നഗരം. കേരളത്തിലെ ആദ്യ കമ്യൂണിസ്റ്റ് ഗ്രൂപ്പിലെ നാലുപേരിൽ ഒരാളായിരുന്ന എൻ.സി ശേഖറിൻറെ നഗരം. ഈ നഗരവാസികളാണ് കമ്യൂണിസ്റ്റാവാം എന്നു കേരളത്തോടാദ്യം പറഞ്ഞത്. മഹാത്മാ ഗാന്ധിയെപ്പോലും കൂസാത്ത വിപ്ലവകാരിയായിരുന്ന ആനി മസ്ക്രീന്റെ നഗരം. ഈ നഗരത്തിന്റെ യുവത അതിന്റെ രാഷ്ട്രീയ ഓജസ്സ് വീണ്ടെടുക്കേണ്ടതുണ്ട്. നാരായണ ഗുരുവും പല്‍പ്പുവും കുമാരനാശാനും അയ്യൻകാളിയും വക്കം മൌലവിയും ബാരിസ്റ്റർ ജി.പി പിള്ളയും സി.വി രാമൻപിള്ളയും കേസരി ബാലകൃഷ്ണപിള്ളയും നമ്മുടെ നാട്ടുകാരാണ്. ഇവരുണ്ടാക്കിയ കേരളമേ ഇന്നുള്ളൂ. തലയുയർത്തി നില്കാൻ വേറെന്തു വേണം?

ഈ നഗരത്തിലെ യുവാക്കൾ സമസ്ത തിരുവിതാംകൂർ യൂത്ത് ലീഗിൻറെ പാരമ്പര്യം തിരിച്ചു പിടിക്കണം.

എന്ന്,

സമരഭാസുരമായ ഒരു ജീവിതം പൂത്തുലഞ്ഞ കാലത്ത് തിരുവനന്തപുരത്ത് ജീവിച്ച ഒരു മധ്യവയസ്കൻ.

(റൂബിന്‍ ഫേസ്ബുക്കില്‍ എഴുതിയത്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories