TopTop
Begin typing your search above and press return to search.

'ഉയരെ' കണ്ടു, ഇന്റര്‍വെല്ലിന് മുഴുവനും ഇരുന്ന് കരഞ്ഞു; ഒരു പ്രണയോം, ഒരാളും നമ്മുടെ ചിരിയോളം പ്രധാനമല്ല

ഉയരെ കണ്ടു, ഇന്റര്‍വെല്ലിന് മുഴുവനും ഇരുന്ന് കരഞ്ഞു; ഒരു പ്രണയോം, ഒരാളും നമ്മുടെ ചിരിയോളം പ്രധാനമല്ല

'ഉയരെ' കണ്ടു, (റിവ്യൂ ആണെന്നോര്‍ത്ത് വായിക്കാതിരിക്കണ്ട) ഇന്റര്‍വെല്ലിന് മുഴുവനും ഇരുന്ന് കരഞ്ഞു. വളരെ വ്യക്തിപരമായതും എന്നാല്‍ സോഷ്യല്‍ റെലവന്‍സുള്ളതുമായ ഒരു വിഷയത്തിന്റെ പുറത്താണ് ഞാന്‍ പ്രശ്നത്തിലായത്.

എല്ലാരും പറയും പോലെ ഡ്രസ് കയറ്റിയിടാന്‍ പറയുന്ന സദാചാരബുദ്ധിമുട്ടുകള്‍ മാത്രമുള്ളോരല്ല സൈക്കോ കാമുകന്മാര്‍... (കാമുകിമാരുടെ കാര്യം എനിക്കറിയാത്തോണ്ട് പറയുന്നില്ല. എന്നുവച്ച് അതില്ലാന്ന് പറേന്നില്ല. എണ്ണത്തില്‍ കൂടുതലും ഇരകളാകുന്നത് പെണ്ണുങ്ങളാണെന്ന് കണ്ണും പൂട്ടി പറയാമെന്ന് മാത്രം) വളരെ ലിബറലായ, ഫെമിനിസ്റ്റ് കാഴ്ചപ്പാടുകള്‍ വരെയുള്ള ആളുകള്‍ക്കും ഇങ്ങനെയാകാം...

ഞാനെന്റെ സ്വന്തം അനുഭവമാണ് പറയുന്നത്...

പൊസസീവ്നെസും അധികാരപ്രയോഗങ്ങളും നടത്തിയിരുന്ന, ഇന്ന് നോക്കുമ്പോള്‍ പരമബോറായിട്ടുള്ള കാമുകിയായിരുന്നു ഞാന്‍ അന്ന് എന്ന് ആദ്യമേ അടിവരയിടുന്നു. പക്ഷേ എന്റെ പൊസസീവ്നെസ് പോലെയായിരുന്നില്ല അയാളുടേത്, എന്റെ അധികാരത്തേക്കാള്‍ അസഹ്യമായിരുന്നു അയാളുടെ വാദിക്കലുകള്‍.

കഴിക്കുന്ന ഭക്ഷണത്തിന്റെ, ശീലങ്ങളുടെ, സൗഹൃദങ്ങളുടെ, ബന്ധങ്ങളുടെ- എല്ലാം തെരഞ്ഞെടുപ്പില്‍ അയാള്‍ നടത്തിയിരുന്ന ശ്വാസം മുട്ടിക്കുന്ന ഇടപെടല്‍. എന്തിന് ഒരു ട്രെയിന്‍ യാത്രയില്‍ അയാള്‍ക്കരികില്‍ നിന്ന് മാറി വിന്‍ഡോ സീറ്റിന്റെ സുഖത്തിലേക്ക് നീങ്ങിയതിന്റെ പേരില്‍ പോലും എനിക്ക് വിശദീകരണം നല്‍കേണ്ടിവന്നിട്ടുണ്ട്.

സുഹൃത്തുക്കള്‍ക്കൊപ്പം വൈകുന്നേരം ചെലവഴിക്കണമെന്ന് പറയാന്‍ മടിച്ച്, അയാള്‍ക്കൊപ്പം ഒറ്റ തിരിഞ്ഞ് പാര്‍ക്കിലോ ബീച്ചിലോ തീയറ്റിറിലോ പോയിരുന്ന് പ്രേമിക്കുമായിരുന്നു. പബ്ലിക്കായ പ്രേമപ്രകടനങ്ങള്‍ അന്നും ഇന്നും എനിക്ക് കംഫര്‍ട്ടബിളല്ല. എന്നിട്ടും അയാളുടെ വാദങ്ങളോട് തോറ്റ് എന്റെ പ്രണയത്തെ എത്രയോ വട്ടം പരസ്യമായ പരിഹാസത്തിന് ഞാന്‍ തന്നെ എറിഞ്ഞുകൊടുത്തു.

ഏത് സാഹചര്യത്തിലും ഞാന്‍ ബ്രൈറ്റായും എനര്‍ജറ്റിക്കായും ഇരിക്കാന്‍ താല്‍പര്യപ്പെട്ടിരുന്നു. പക്ഷേ അയാളുടെ തീരെ ചെറിയ കുറവുകള്‍ക്കും കോംപ്ലക്സുകള്‍ക്കും വേണ്ടി ഒട്ടും ഇംപ്രസീവാകാതെ എല്ലാര്‍ക്കും മുന്നില്‍ എന്നെ സ്വയം അവതരിപ്പിക്കേണ്ടിവന്നിട്ടുണ്ട്... പല വട്ടം....

പല പേപ്പറിലും അയാളെക്കാള്‍ മാര്‍ക്ക് കുറഞ്ഞുകിട്ടാന്‍ ഞാനാഗ്രഹിച്ചിട്ടുണ്ട്....

ആരെങ്കിലും അയാള്‍ കഴിവുള്ളയാളാണെന്ന് അയാളോട് ദിവസവും പറഞ്ഞിരുന്നെങ്കി എന്നാഗ്രഹിച്ചിട്ടുണ്ട്... (അത് ഞാന്‍ പറഞ്ഞിട്ട് കാര്യണ്ടായിര്ന്നില്ല)

ജീവിതത്തിലാദ്യമായി വീട്ടുകാരോട് അവരെ അങ്ങേയറ്റം മുറിപ്പെടുത്തുന്ന രീതിയില്‍ പെരുമാറി. മാസങ്ങളോളം വീട്ടില്‍ പോകാതിരുന്നു. ഇപ്പഴത്തെപ്പോലെയല്ല, അന്ന് വീടില്ലെങ്കി എനിക്ക് നിന്നുപോകാന്‍ പറ്റില്ലായിരുന്നു,

(ഇതിന്റെടേല്‍ ഒന്നോ രണ്ടോ വട്ടം എന്നോട് സ്വഭാവത്തിന് പ്രശ്നങ്ങളുണ്ടെന്ന കുറ്റസമ്മതം നടത്തി. അപ്പോഴൊക്കെ ഞാന്‍ ഉത്തരവാദിത്തമുള്ള കാമുകിയായി. കൂടെ നിക്കും എന്ന് വാക്ക് കൊടുത്തു)

എന്ത് ട്രബിളിലും അയാളുണ്ടാകുമല്ലോ എന്ന ആശ്വാസമായിരുന്നു, (എപ്പോഴും കൂടെയുണ്ടാകുമായിരുന്നേനും) അങ്ങനെ മറ്റൊരു ലോകവുമില്ലാത്ത പോലെ എല്ലാടത്തൂന്നും എന്നെ അടര്‍ത്തിയെടുത്ത ശേഷം ദിവസങ്ങളോളം എന്നെ ഒറ്റക്കാക്കി അയാള്‍ ഒരു ദിവസം അയാളുടെ വിനോദങ്ങളിലേക്ക് യാത്ര പോയി.

എവിടെയും ഒരു പിടുത്തവുമില്ലാത്ത തരത്തില്‍ ഒന്നിനോടും അടുപ്പമില്ലാത്ത തരത്തില്‍ ഒഴിവാക്കപ്പെട്ട്, നിക്കുന്ന സ്ഥലത്ത് പരസ്യപ്രണയത്തിന്റെ പേരില്‍ അപഹാസ്യയാക്കപ്പെട്ട് നാറിയിരിക്കുന്ന എന്നെ ആ കണ്ടീഷനില്‍ അവിടെയിട്ട് അയാള്‍ പോയതോടെ ഞാനാകെ വയലന്റായി...

അന്നും എനിക്ക് എന്തോ പ്രശ്നമുണ്ടെന്ന രീതിയിലാണ് അയാളും അയാളുടെ കൂടെയുള്ളവരും എന്നോട് പെരുമാറിയിരുന്നത്....

ഞാനൊരു മനുഷ്യക്കുഞ്ഞിനോടും എന്റെ പ്രതിസന്ധിയെ പറ്റി പറഞ്ഞിരുന്നില്ല. എന്നാലും കാഴ്ചയില്‍ തന്നെ എനിക്ക് കാര്യമായ മാറ്റം വന്നുതൊടങ്ങീര്ന്നു, സ്ട്രെസ് കൊണ്ട് പിരീഡ്സൊക്കൊ കയ്യിന്നേ പോയി.... വേറേം എന്തൊക്കെയോ അസുഖങ്ങള്....

അയാളൊഴികെ എല്ലാരും എന്നോട് ക്ഷീണിച്ചൂന്ന് പറയും, അയാള് മാത്രം ഞാന്‍ സുന്ദരിയാണെന്ന് പറയും.

എന്റെ തെരഞ്ഞെടുപ്പ് തെറ്റിയെന്ന് സ്വയം സമ്മതിക്കാനും, മറ്റുള്ളോര്‍ക്ക് മുന്നില്‍ സമ്മതിക്കാനും എനിക്ക് പറ്റിയില്ല...

ഇതിനിടയിലെപ്പഴോ പ്രേമൊക്കെ പറന്നുപോയിരുന്നു. ഞങ്ങക്കിടയില്‍ പറയാന്‍ വിഷയങ്ങളൊന്നുമില്ലാതായി. ഗതി കെട്ട് നമുക്കിതവസാനിപ്പിക്കാമെന്ന് പറഞ്ഞപ്പോ ശരി, അതാ നല്ലത് വേണ്ടപ്പോ പരസ്പരം നമുക്കവൈലബിളാകാമെന്നായിരുന്നു മറുപടി. അതൊക്കെ എനിക്കപ്പോ വലിയ ഷോക്കായിരുന്നു...

ആരുമാരും ഇല്ലാത്ത ഒരു നിസഹായാവസ്ഥയില്‍ അടുത്ത ഒരു കൂട്ടുകാരനോട് തോന്നിയ അടുപ്പം അവനോട് പറയും മുമ്പ് ഞാനയാളോട് തന്നെയാണ് പറഞ്ഞത്, അതൊരിക്കലും പ്രേമായിരുന്നില്ലാന്നും, ഒറ്റപ്പെട്ടുപോയപ്പോ കണ്ടെത്തിയ തുരുത്തായിരുന്നൂന്നും ഇപ്പോ എനിക്കറിയാം. പക്ഷേ അന്ന് അതിന്റെ പേരില്‍ ഞാന്‍ കേക്കാത്ത തെറികളില്ല. വലിയ സോഷ്യല്‍ ടാബൂവാണ് ഞാന്‍ നേരിട്ടത്. കാമുകനെ ചതിച്ചവളായി.

കാമുകനായിരിക്കെ ഒരു നിമിഷം പോലും ഞാനയാളെ ചതിച്ചിട്ടില്ലെന്ന് എനിക്കാരോടും പറയേണ്ടിവന്നില്ല. ആരും ചോദിക്കാനും പറയാനും നിന്നിട്ടില്ല. ഒന്നുമില്ലാതെ തന്നെ ഞാനെല്ലാവര്‍ക്കും മുന്നില്‍ 'മറ്റവള്‍' ആയി.

കയ്യില്‍ കിട്ടിയ ആദ്യജോലി അയാളുടെ ഭീഷണികളും, തെറിവിളികളും പേടിച്ച് ഇട്ടുപോന്നു. ജോലിയിലായിരിക്കുമ്പോഴൊക്കെ ഫോണിലേക്ക് കണ്ണടിച്ച് പോണ തെറികളയയ്ക്കും. അത് കണ്ട് ഞാന്‍ തല കറങ്ങിയിരിക്കുന്നതും നോക്കി ചിരിച്ചോണ്ട് അയാള്‍ അടുത്തെവിടേലും നിക്കും, (അവിടെയായിരുന്നു അയാള്‍ക്കും ജോലി കിട്ടീത്) എനിക്കയാളെ കാണുന്നതും അയാളുടെ കോള്‍ കാണുന്നതും പേടിയായിരുന്നു.

ഒരിക്കെ, രണ്ട് കിലോമീറ്ററോളം വരുന്ന ഒരു വഴീക്കൂടെ തെറിവിളിച്ചും അടിക്കുമെന്ന് ഭീഷണിപ്പെടുത്തിയും ആളുകള്‍ കാണ്‍കെ അടിക്കാനോങ്ങിയും അയാളെന്നെ നടത്തിയിട്ടുണ്ട്. ഫോണെടുക്കാന്‍ പാടില്ല.എടുത്താ അടി, അയാളുടെ കണ്ണൊന്ന് തെറ്റിയ നേരത്ത് വഴിയെ പോയ പലരോടും എന്നെ ഒന്ന് മെയിന്‍ റോഡിലാക്കിത്തരാമോ എന്ന് ഞാനന്ന് അപേക്ഷിച്ചിട്ടുണ്ട്.

ആരും ഉണ്ടായില്ല. അടിയും അപമാനവും പേടിച്ച് അയാളുടെ വായില്‍ന്ന് വന്ന എല്ലാം ഞാനന്ന് കേട്ടുനടന്നു. പട്ടികളെ ആട്ടിത്തെളിച്ച് ഓടിക്കുന്ന പോലെ, ബസ് സ്റ്റോപ്പില്‍ ആള്‍ക്കാര്ടെ മുന്നില്‍ വച്ചും അടിക്കാനോങ്ങലും തെറിവിളിയുമായിരുന്നു. ഒരാള് പോലും എടപെട്ടില്ല. പേടി കൊണ്ട് ബസിലിരുന്ന് കരയുമ്പോ പിന്നിലിരുന്ന് തോണ്ടി ചെവീല് തെറി വിളിച്ചു. അത്രയും പരസ്യമായി ഇരുന്ന് കരഞ്ഞിട്ടും ആരും ഒന്നും ചോദിച്ചില്ല.

ബാക്കിയുണ്ടായിരുന്ന ബോധം കൊണ്ടാണ് ജോലി കളഞ്ഞ് ആ നാട്ടില്‍ന്നേ വണ്ടി കേറാന്‍ തീരുമാനിച്ചത്. എന്റെ വീട്ടിലെ അവസ്ഥയൊക്കെ വളരെ ബോറായിരുന്നു, ജോലി എനിക്കത്യാവശ്യായിരുന്നു. ഇതെല്ലാം അയാള്‍ക്കറിയായിരുന്നു, വേറാരെക്കാളും....

അവസാനത്തെ ഇമോഷണല്‍ ക്രൈസിസില്‍ വേദനയോടെ ഞാനയാളെ കയ്യൊഴിഞ്ഞു. എന്റെ കാലില്‍ കിടന്ന് കരയുന്നത് അയാളല്ല, മറിച്ച് ഞാന്‍ തന്നെയാന്ന് എനിക്ക് തോന്നി, എല്ലാം അവസാനിപ്പിച്ച് വണ്ടി കേറുമ്പോ പാവം പിടിച്ച വീട്ടുകാരുടെ മൊഖായിരുന്നു ഉള്ളില്‍...

ക്യാംപസില്‍ ആദ്യം പ്ലേസ്മെന്റായവരില്‍ ഒരാളായിരുന്നു, അല്‍പം അമ്പീഷ്യസൊക്കെ ആയിരുന്നു, പൈസക്ക് ബുദ്ധിമുട്ടുണ്ടായിരുന്നു, എല്ലാമെല്ലാം അവിടെ ഉപേക്ഷിച്ചു!

ഇപ്പോ അയാള്‍ മറ്റേതോ ജീവിതത്തില്‍, ഞാനെന്റേതിലും. പക്ഷേ ഇന്ന് ഇതൊക്കെ ഒറ്റയടിക്കോര്‍മ വന്നു. അതേ പേടി, ശ്വാസം മുട്ടല്‍, നിസഹായത, പെയ്ന്‍ ഒക്കെയും ഒരിക്കല്‍ കൂടി അനുഭവിച്ചു,

പെരുവഴീല് നിന്ന് ഒറക്കെ ഇത്രയും ഇതിലധികവും പറയാന്‍ തോന്നി, ഒരു പ്രണയോം ഒരാളും നമ്മുടെ ചിരിയോളം പ്രധാനമല്ല. അത് മായരുത്


Next Story

Related Stories