TopTop
Begin typing your search above and press return to search.

വഹാബിസം/സലഫിസം; മുസ്ലിം പരിഷ്‌കരണവാദത്തില്‍ നിന്ന് തീവ്രവാദത്തിലേക്കോ? കേരള സലഫി പ്രസ്ഥാനങ്ങളെ വിലയിരുത്തുമ്പോള്‍

വഹാബിസം/സലഫിസം; മുസ്ലിം പരിഷ്‌കരണവാദത്തില്‍ നിന്ന് തീവ്രവാദത്തിലേക്കോ? കേരള സലഫി പ്രസ്ഥാനങ്ങളെ വിലയിരുത്തുമ്പോള്‍

സാംസ്‌കാരിക ഇസ്ലാമില്‍ നിന്ന് രാഷ്ട്രീയ ഇസ്ലാമിലേക്കുള്ള (വഹാബി സലഫിസം) വഴി പിരിയല്‍ ഇരുപതാം നൂറ്റാണ്ടിന്റെ പൂര്‍വ്വാര്‍ധത്തിലാണ് കേരള മുസ്ലിംകളില്‍ ഉടലെടുക്കുന്നത്. പാരമ്പര്യവാദികളായ മുസ്ലിം സമൂഹം പുലര്‍ത്തിയിരുന്ന കേരളീയ പൊതു സാംസ്‌കാരികതയോടുള്ള കൂറ് അറുത്തു മാറ്റിക്കൊണ്ടായിരുന്നു കേരളത്തിലെ വഹാബി പ്രസ്ഥാനങ്ങളുടെ ബീജാവാപം.

ആദ്യകാലത്ത് മുസ്ലിംകളിലെ പരിഷ്‌കരണവാദികളായി കടന്നു വന്ന വഹാബി-സലഫി പ്രസ്ഥാനങ്ങള്‍ക്ക് ഒരു നൂറ്റാണ്ടിനിടയ്ക്ക് സംഭവിച്ച രൂപ പരിണാമങ്ങളുടെ ചരിത്രം അത്തരം പ്രസ്ഥാനങ്ങളുടെ അന്തര്‍ധാരയില്‍ പ്രവര്‍ത്തിച്ചിരുന്ന ആഗോള മുസ്ലിം ഏകീകരണ ശ്രമത്തിലൂന്നുന്ന ഏകശിലാത്മക ഇസ്ലാമിക സ്വത്വബോധത്തെ തുറന്നു കാട്ടുന്നുണ്ട്.

1920കളില്‍ സജീവമായ ഐക്യസംഘമെന്ന പേരില്‍ സംഘടിച്ച ആദ്യകാല സലഫി മുജാഹിദ് പ്രസ്ഥാനക്കാരില്‍ പരിഷ്‌കരണ ശ്രമങ്ങളുടെ ആധുനിക ചലനങ്ങള്‍ ദര്‍ശിക്കാനാവുമെങ്കിലും, അവര്‍ക്ക് പ്രചോദനമായി മാറിയ ഈജിപ്ഷ്യന്‍ സലഫിസം ഇസ്ലാമിന്റെ ആധുനികവല്‍ക്കരണത്തിലൂടെ ഒരു വിമോചന മാര്‍ഗമായി ഇസ്ലാമിനെ കൊളോണിയല്‍ വിരുദ്ധ ശക്തിയായി സ്വീകരിക്കുക വഴി ആഗോള ഇസ്ലാമിക സമൂഹത്തെ അഥവാ പാന്‍ ഇസ്ലാമിസത്തെ വളര്‍ത്തിയെടുക്കുകയായിരുന്നു.

ജമാലുദ്ദീന്‍ അഫ്ഗാനിയെന്ന ഈജിപ്ഷ്യന്‍ പണ്ഡിതനായിരുന്നു അതിനു മുന്നിട്ടു നിന്നത്. പാരമ്പര്യമായി കൈവന്ന, മതയുക്തിക്ക് നിരക്കാത്തതായി ഗണിക്കപ്പെട്ട സകല ആഘോഷങ്ങളെയും ആചാരങ്ങളെയും വിശ്വാസത്തില്‍ നിന്നും തുടച്ചുമാറ്റി ആധുനിക ജ്ഞാനശാസ്ത്ര ബന്ധിതമായി ഇസ്ലാമിനെ വ്യാഖ്യാനിച്ച് ലോകത്ത് ഏക ഇസ്ലാമികധാര രൂപപ്പെടുത്തുന്നതിനായിരുന്നു ഇവര്‍ ശ്രമിച്ചത്. ഇതിനായി പ്രാദേശികമായി കൈവന്ന സാംസ്‌കാരിക വൈവിധ്യങ്ങളെ ജ്ഞാനോദയാനന്തര യുക്തിചിന്ത മുര്‍നിര്‍ത്തി മുച്ചൂടം എതിര്‍ക്കുന്നതിന് ഇവര്‍ തുനിഞ്ഞു.

1920 കളില്‍ വക്കം മൗലവിയടക്കമുള്ളവര്‍ ഉയര്‍ത്തിപ്പിടിച്ച കേരള മുസ്ലിംകളിലെ പരിഷ്‌കരണ ശ്രമങ്ങള്‍ക്ക് ഈജിപ്ഷ്യന്‍ സലഫിസവുമായാണ് ബന്ധമെങ്കിലും പിന്നിടു കടന്നു വന്ന സൗദി വഹാബിയന്‍ സ്വാധീനത്താല്‍ ഈ ധാരയുടെ പ്രകടമായ അടിത്തറ വിസ്മൃതിയിലേക്കാണ്ടു പോയിട്ടുണ്ടെങ്കില്‍ അതിന്റെ പരിഷ്‌കരണ മനോഭാവത്തെ കേരളീയ സാംസ്‌കാരികതയിലൂന്നിയ ചരിത്രന്വേഷണത്തിലൂടെ കണ്ടെത്തേണ്ടിയിരിക്കുന്നു.

ഈയൊരു അന്വേഷണത്തിനു പൂര്‍വ്വപക്ഷം പിടിക്കുന്ന ഒന്നാമത്തെ വസ്തുത, കേരളീയ തനിമ ഉള്‍കൊണ്ടു കൊണ്ട് മുസ്ലിംകള്‍ രൂപം നല്‍കിയ അറബി-മലയാളം ഭാഷയെ നിഷ്‌കരുണം അകറ്റിനിര്‍ത്തി മലയാള ഭാഷയെ മാത്രം മുസ്ലിം സമുദായത്തില്‍ വളര്‍ത്തിയെടുക്കാനുള്ള പരിഷ്‌കരണവാദികളുടെ ശ്രമമാണ്.

പ്രാദേശിക സാംസ്‌കാരിക മൂല്യങ്ങളെ ചേര്‍ത്തു പിടിക്കുന്ന, പാരമ്പര്യമായി കൈമാറി വന്ന ധാരാളം സാഹിത്യസൃഷ്ടികള്‍ വിരചിതമായിരുന്നത് അന്നത്തെ കേരളീയ മുസ്ലിം വൈജ്ഞാനിക രംഗത്ത് പ്രധാന ഭാഷാ മാധ്യമമായി വര്‍ത്തിച്ചിരുന്ന അറബി മലയാളം ഭാഷയിലായിരുന്നു.

എകദൈവവിശ്വാസത്തെ കളങ്കം വരുത്തുന്ന പഴയ വാറോലകള്‍ എന്ന പേരിലായിരുന്നു ജമാഅത്തെ ഇസ്ലാമിക്കാരും മുജാഹിദുകളും അറബി-മലയാളം ഭാഷയെ അവജ്ഞാ പൂര്‍വ്വം തള്ളിയിരുന്നത്. തൗഹീദ് (or Puritan Islam, enunciated by Ibn Abdul Wahhab) ശരിയായി കൊണ്ടു നടക്കുന്നവര്‍ തങ്ങളാണെന്നും കേരള സുന്നികള്‍/പാരമ്പര്യ മുസ്ലിംകള്‍ മുശ്രിക്കീങ്ങള്‍ (ബഹുദൈവാരാധകര്‍/Polytheistic) ആണെന്നും പ്രഖ്യാപിച്ചു കടന്നുവന്ന ഈ വക സലഫി മുജാഹിദു പ്രസ്ഥാനക്കാരില്‍ നിന്നാണ് ആടുമേയിക്കാനായി ദൈവവിരുദ്ധ രാജ്യത്ത് നിന്ന് പലായനം ചെയ്യുന്ന വിശുദ്ധ ഭക്തര്‍ ഇന്ന് പിറവി കൊണ്ടിരിക്കുന്നത്.

മക്തി തങ്ങളടക്കമുള്ള പൂര്‍വ്വകാല പരിഷ്‌കര്‍ത്താക്കള്‍ പാരമ്പര്യ ഇസ്ലാമിക ജ്ഞാനനിര്‍മിതിയെ എതിര്‍ത്തുകൊണ്ടാണ് നവീകരണം നടപ്പിലാക്കിത്തുടങ്ങിയത്. എന്നാല്‍ അത്തരം നവീകരണ ശ്രമങ്ങളില്‍ (വിദ്യാഭ്യസപരമായ പരിഷ്‌കരണം നല്ല അളവില്‍ ദര്‍ശിക്കാമെങ്കിലും) മതസൗഹാര്‍ദ്ദത്തിന്റെ അംശങ്ങള്‍ എത്രത്തോളം അടങ്ങിയിരുന്നു എന്ന സംശയത്തിലേക്ക് വഴി തുറന്നിരിക്കുകയാണ് ഇന്ന് മത തീവ്രവാദ ആശയങ്ങളുടെ മൂലസ്രോതസ്സായി മാറിയ വഹാബി പ്രസ്ഥാനങ്ങളുടെ അധഃപതനം.

സാമുദായിക നേതൃത്വത്തിലേക്ക് കടന്നുവരാന്‍ ശ്രമിച്ച അന്നത്തെ ഇസ്ലാമിക പരിഷ്‌കര്‍ത്താവ് മക്തി തങ്ങള്‍ ബ്രിട്ടീഷ് ജോലി രാജിവെച്ച് പൊതുരംഗത്തിറങ്ങിയത് ക്രിസ്ത്യാനിസത്തെ എതിര്‍ക്കാനായിരുന്നു.

മക്തി തങ്ങളുടെ ക്രിസ്തുമത ഖണ്ഡന പുസ്തകമാണ് കഠിന മലയാള ഭാഷയിലെഴുതിയ 'കഠോര കുഠോരം.'

കൊളോണിയല്‍ ആധുനികതയുടെ ജ്ഞാനമണ്ഡലത്തോട് ചേര്‍ന്ന് ഇസ്ലാമികജ്ഞാനകേന്ദ്രത്തെ പ്രവര്‍ത്തനക്ഷമമാക്കുന്നതിനുള്ള ശ്രമത്തിലേര്‍പ്പെട്ടവരായിരുന്നു മക്തി തങ്ങളടക്കമുള്ള അന്നത്തെ മത പരിഷ്‌കര്‍ത്താക്കള്‍.

കേരള സലഫിസ്റ്റുകള്‍ തങ്ങളുടെ നവോത്ഥാന പതാകവാഹകനായി വാഴ്ത്തുന്ന മക്തി തങ്ങളെന്ന ധീരനായകനെ കുറിച്ച് മറ്റു ചില രഹസ്യങ്ങള്‍ കൂടി വായിക്കാം;

1. 'പുരുഷ ഹൃദയത്തെ മലിനമാക്കുവാനുള്ള ആയുധങ്ങളില്‍, പിശാചിന്റെ ഒന്നാമത്തെ ആയുധം സ്ത്രീയാകുന്നു. പിശാച് സ്ത്രീയോട് കൂടിയാണ്',

2. 'ഹൃദയത്തില്‍ നിന്നും ദൈവ സ്ത്രോത്രത്തെ ജനിപ്പിക്കുന്ന ഭക്തി താനെ വിട്ടൊഴിയത്തക്ക വിധത്തില്‍ പ്രാര്‍ത്ഥനാലയങ്ങളിലുള്ള സ്ത്രീ സാന്നിധ്യത്തെ എങ്ങിനെ ന്യായീകരിക്കും?'

3. 'പുരുഷന്മാരെ പോലുള്ള സ്വാതന്ത്ര്യം സ്ത്രീകള്‍ക്ക് അരുതെ'

4. 'സ്ത്രീകള്‍ സാംഗ്വിലാസത്തോടു കൂടി പുത്രകളത്രാദികളായും ഭര്‍ത്താവിന്റെ ആജ്ഞാ നിര്‍ദേശങ്ങള്‍ക്ക് അടിമകളായും ഇരിക്കേണ്ടതും ഭര്‍തൃ സേവ തന്നെ. ഇത് വ്രതമാക്കിയിരിക്കുന്നവള്‍ പതിവ്രതയാകയാല്‍ സമത്വം, സ്വാതന്ത്ര്യം, സ്വാധീനത ഇതുകള്‍ക്കു സാര്‍വത്രികമായ അര്‍ഹതയില്ലെന്നു തീര്‍ച്ചയാകുന്നു'

5. 'സ്ത്രീ അധ്യാപികയായാല്‍ സമൂഹത്തിനു അച്ചടക്കം നഷ്ടപ്പെടും'

ഇത് ആധുനികയുഗത്തിന്റെ ഒരു നുറുമ്പ് വെളിച്ചം പോലുമേറ്റിട്ടില്ലാത്ത ഏതെങ്കിലും ഒരു മത യാഥാസ്ഥികന്റെ വാക്കുകളല്ല, സാക്ഷാല്‍ മക്തി തങ്ങള്‍ തന്റെ നാരീനാരാഭിചാരി, കഠോര കുഠോരം എന്നീ പുസ്തകങ്ങളില്‍ കുറിച്ചിട്ട അറുപിന്തിരിപ്പന്‍ മൊഴിമുത്തുകളാണ്.

മതത്തില്‍ അമിതമായ (ജ്ഞാനോദയ യൂറോ) യുക്തി പ്രയോഗം നടത്തി ജൈവിക ചോദന അറുത്തുമാറ്റിയവര്‍ ദൈവിക നിലപാടിന്റെ പരുക്കന്‍ അവതരണത്തിലേക്ക് എത്തിപ്പെട്ടിരിക്കുന്നതിന്റെ അനുരണനങ്ങളാണ് പ്രമാദമായ പീസ് സ്‌കൂള്‍ വിവാദത്തില്‍ തുടങ്ങി ഇടതടവില്ലാതെ കേരളം വിട്ട് സിറിയയില്‍ അഭയം പ്രാപിക്കുന്ന സലഫി പ്രചോദിത അനുയായി വൃന്ദങ്ങളുടെ കഥന കഥകള്‍ വരെ എത്തിനില്‍ക്കുന്ന ഇന്ന് ശ്രീലങ്കയില്‍ പൊട്ടിത്തെറിക്കുന്ന തീവ്ര സലഫി ഇസ്ലാമിസ്റ്റു ആശയങ്ങളില്‍ മുഴങ്ങിക്കേള്‍ക്കുന്നത്.

സാംസ്‌കാരിക ഉള്‍ച്ചേര്‍ക്കലുകളില്‍ പടര്‍ന്നു വന്ന, പാരമ്പര്യമായി കൈമാറിപ്പോന്ന യുക്തിക്കതീതമായി നിലകൊള്ളുന്ന (ജൈവിക പ്രചോദിതമായ) ആചാരാഘോഷങ്ങളുടെ മൂല്യപ്രാധാന്യത്തെ ചോദ്യം ചെയ്തും മതത്തിന്റെ യുക്തിവല്‍ക്കരണ ഫലമായി ആധുനികതയുടെ ചില ധനാത്മക മൂല്യങ്ങളെ സ്വാംശീകരിച്ചും കേരളത്തില്‍ തിടം വെച്ച സലഫി പ്രസ്ഥാനങ്ങള്‍ (ജമാഅത്ത് ഇസ്ലാമി ഉള്‍പ്പടെയുള്ള സമാന്തര ധാരകളും) കേവലം ഒരു നൂറ്റാണ്ടപ്പുറമുള്ള അതിന്റെ പൂര്‍വ്വ സ്ഥിതിയില്‍ നിന്ന് പത്തു നൂറ്റാണ്ടുകളുടെ പരിണാമ ക്രിയകള്‍ക്ക് ഇന്ന് പാത്രമാവുമ്പോള്‍ ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്തങ്ങള്‍ ഏറെ.

Read More: മുസ്ലിം സ്ത്രീയുടെ മുഖാവരണം; അത്രമേല്‍ മനുഷ്യ വിരുദ്ധമാണത്. അതില്‍ തെരഞ്ഞെടുപ്പ് ഇല്ല. അടിച്ചേല്‍പിക്കല്‍ മാത്രമേയുളളൂ

ബഹുസ്വര സമൂഹത്തോട് ഇഴകിച്ചേര്‍ന്നതിന്റെ ഫലമായി രൂപം കൊണ്ട സങ്കര സാംസ്‌കാരിക രൂപങ്ങളെ തളളിപ്പറയുന്ന വഹാബിസം കേരള മുസ്ലിംകളില്‍ കൂടുതല്‍ വേരൂന്നുന്നത് കേരളത്തിന്റെ സാംസ്‌കാരിക വൈവിധ്യ ഭൂമിയില്‍ മത വര്‍ഗീയതയുടെയും വെറുപ്പുല്‍പാദനത്തിന്റെയും ഭീകര ദൃശ്യങ്ങള്‍ക്ക് ജന്മം നല്‍കുന്നതിലായിരിക്കും പര്യവസാനിക്കുക. ഇത് ചെന്നെത്തുന്നത് ഇന്ത്യയെ ഹിന്ദുത്വ - ഇസ്ലാമിസ്റ്റു തീവ്രവാദി ദ്വിന്ദ്വളുടെ കയ്യിലേക്കെറിഞ്ഞു കൊടുക്കുന്നതിലേക്കായിരിക്കും

അതിനാല്‍ മുജാഹിദു - സലഫി മതമൗലികവാദങ്ങളെ ചെറുക്കുവാന്‍ വൈവിധ്യങ്ങളുടെ സാംസ്‌കാരിക നിലങ്ങളെ തിരിച്ചുപിടിച്ചു കൊണ്ടു മതേതര സാമൂഹ്യ അന്തരീക്ഷം സൃഷ്ടിക്കുകയും ചരിത്രവല്‍ക്കരണ ശ്രമങ്ങളിലൂടെ ആശയസംഘട്ടന പോര്‍മുഖം തീര്‍ക്കുകയും ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്.

((Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories