Top

കൂടം കൊണ്ട് വീടിടിച്ച് നിരത്തുമ്പോള്‍ ജനലില്‍ പിടിച്ച് അലമുറയിടുന്ന ആ സ്ത്രീയുടെ ചിത്രം കേരളം മറന്നോ? മൂലമ്പള്ളിയില്‍ നിന്നും മരട് ഫ്‌ളാറ്റില്‍ എത്തുമ്പോള്‍

കൂടം കൊണ്ട് വീടിടിച്ച് നിരത്തുമ്പോള്‍ ജനലില്‍ പിടിച്ച് അലമുറയിടുന്ന ആ സ്ത്രീയുടെ ചിത്രം കേരളം മറന്നോ? മൂലമ്പള്ളിയില്‍ നിന്നും മരട് ഫ്‌ളാറ്റില്‍ എത്തുമ്പോള്‍
മരടില്‍ നൂറോളം ഫ്‌ളാറ്റ് ഉടമകള്‍ക്ക് കിടപ്പാടം നഷ്ടമാകാനൊരുങ്ങുകയാണ്. രാഷ്ട്രീയ, കക്ഷി ഭേദമില്ലാതെ ഫ്‌ളാറ്റുടമകള്‍ക്ക് പിന്തുണയും പ്രഖ്യാപിക്കപ്പെടുന്നു. ഇന്ന് രാവിലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പിന്നീട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഫ്‌ളാറ്റുടമകള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് രംഗത്തെത്തി. വൈകിട്ടോടെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ളയും ഫ്‌ളാറ്റിന് മുന്നില്‍ സമരം ചെയ്യുന്നവരെ കാണാനെത്തുന്നതോടെ ഈ സമരത്തിന് ലഭിക്കുന്ന രാഷ്ട്രീയ പിന്തുണയിലെ ഒത്തൊരുമ പൂര്‍ത്തിയാകുന്നു. ഫ്ളാറ്റുടമകളുടെ സമരത്തില്‍ സംസ്ഥാനത്തെ പ്രധാനപ്പെട്ട മൂന്ന് രാഷ്ട്രീയ പാര്‍ട്ടികളുടെയും കൊടികള്‍ ഉയര്‍ന്നിട്ടുണ്ട്. നല്ലത് തന്നെ. കേരളത്തിലെ പ്രധാനപ്പെട്ട മൂന്ന് രാഷ്ട്രീയകക്ഷികളും ഇത്ര ഒത്തുരമയോടെ നിന്ന സംഭവം അടുത്തകാലത്തൊന്നും ഓര്‍ത്തെടുക്കാനില്ലാത്തതുകൊണ്ട് രാഷ്ട്രീയ കേരളത്തിന് ഇതില്‍ അഭിമാനിക്കാം. ജനങ്ങളുടെ ആവശ്യത്തിന് വേണ്ടി രാഷ്ട്രീയ പാര്‍ട്ടികള്‍ ഇതുപോലെ ഒറ്റക്കെട്ടായി നില്‍ക്കുന്ന മറ്റേതൊരു സംസ്ഥാനമുണ്ടെന്ന് നമുക്ക് ആത്മാര്‍ത്ഥമായും ചോദിക്കാം.

കണ്ണില്‍ച്ചോരയില്ലാത്ത വിധിയെന്നും ആരും ഇറങ്ങേണ്ടിവരില്ലെന്നും ഫ്‌ളാറ്റ് നിവാസികള്‍ക്കൊപ്പം സിപിഎമ്മുണ്ടെന്നുമാണ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത്. ഇവിടുത്തെ ഭൂരിഭാഗം ഫ്‌ളാറ്റ് ഉടമകളും തങ്ങളുടെ ഇതുവരെയുള്ള ജീവിതത്തില്‍ സ്വരൂക്കൂട്ടിയ ഒന്നര കോടി രൂപ വരെ മുടക്കി വാങ്ങിയതാണ് ഈ ഫ്‌ളാറ്റുകള്‍ എന്നതും ഒരു വസ്തുതയാണ്. ഫ്‌ളാറ്റുടമകള്‍ക്കായി സിപിഎം ആരംഭിക്കുന്ന ധര്‍ണയും കോടിയേരി ഉദ്ഘാടനം ചെയ്തു. സ്ഥലം എംഎല്‍എ കൂടിയായ എം സ്വരാജ്, സിപിഎം ജില്ല സെക്രട്ടറി സി എന്‍ മോഹനന്‍, ചലച്ചിത്ര സംവിധായകനും ഫെഫ്ക ജനറല്‍ സെക്രട്ടറിയുമായ ബി ഉണ്ണികൃഷ്ണന്‍ എന്നിവരും സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിച്ചത് എന്തുവന്നാലും ഫ്ളാറ്റ് പൊളിക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു. സിനിമാ ലോകം ഒന്നടങ്കം ഫ്‌ളാറ്റുടമകള്‍ക്കൊപ്പമുണ്ടാകുമെന്നും ഉണ്ണികൃഷ്ണന്‍ ഉറപ്പുനല്‍കിയിട്ടുണ്ട്.

ചെന്നിത്തലയും ബിജെപി നേതാക്കളും പതിവുപോലെ സര്‍ക്കാരിനെ വിമര്‍ശിക്കാനാണ് നഗരസഭയ്ക്ക് മുന്നിലും ഫ്‌ളാറ്റിന്‌ മുന്നിലുമുള്ള സമരാന്തരീക്ഷത്തെ ഉപയോഗിക്കുന്നത്. ഫ്‌ളാറ്റുടമകളുടെ പ്രശ്‌നത്തില്‍ സര്‍ക്കാര്‍ ജാഗ്രതയോടെ ഇടപെടുന്നില്ലെന്നാണ് ചെന്നിത്തലയുടെ പരാതി. ഉപസമിതിക്ക് തെറ്റുപറ്റിയെന്ന് സര്‍ക്കാര്‍ കോടതിയില്‍ സത്യവാങ്മൂലം നല്‍കണമെന്നും പുതിയ റിപ്പോര്‍ട്ട് നല്‍കാന്‍ അനുമതി വാങ്ങണമെന്നുമാണ് ചെന്നിത്തലയുടെ മറ്റ് ആവശ്യങ്ങള്‍. ഫ്ളാറ്റ് ഉടമകള്‍ തെറ്റുകാരല്ല. ജീവിതകാലത്തെ സമ്പാദ്യം മുഴുവന്‍ സ്വരൂപിച്ചാണ് മിക്കവരും ഫ്ളാറ്റുകള്‍ വാങ്ങിയത്. ഇത് നഷ്ടപ്പെട്ടാല്‍ ജീവിതം തന്നെ നഷ്ടപ്പെട്ടു പോകുന്നവരാണ് പലരും. കയറിക്കിടക്കാന്‍ മിക്കവര്‍ക്കും വേറെ കിടപ്പാടമില്ല. ഫ്ളാറ്റുകള്‍ നിര്‍മ്മിച്ചവരും അതിന് അനുമതി നല്‍കിയവരും വരുത്തി വച്ച തെറ്റിന് ഫ്ളാറ്റിലെ താമസക്കാരെ ശിക്ഷിക്കുന്നത് ശരിയല്ല- ചെന്നിത്തല പറയുന്നു. കൂടാതെ ദേശീയപാതകള്‍ക്കരികിലെ മദ്യശാലകള്‍ക്കെതിരെ സുപ്രിംകോടതി വിധി വന്നപ്പോള്‍ അവയെ സംസ്ഥാന പാതകളാക്കി ഡിനോട്ടിഫൈ ചെയ്ത സര്‍ക്കാരാണ് ഇവിടെയുള്ളതെന്നും ആ സര്‍ക്കാര്‍ എന്തുകൊണ്ട് ഫ്‌ളാറ്റുടമകള്‍ക്ക് അനുകൂലമായി ചീഫ് സെക്രട്ടറിയെക്കൊണ്ട് റിപ്പോര്‍ട്ട് നല്‍കുന്നില്ലെന്നും ചെന്നിത്തല ചോദിക്കുന്നു.

കേസില്‍ ജനങ്ങള്‍ക്ക് നീതികിട്ടണമെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള പറഞ്ഞത്. ഇതിനായി മുഖ്യമന്ത്രി സര്‍വകക്ഷി യോഗം വിളിച്ചു ചേര്‍ക്കണമെന്നും പിള്ള ആവശ്യപ്പെട്ടു. പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ നടത്തിയ അഴിമതിയുടെ ഫലമാണ് ഇപ്പോള്‍ ഫ്ളാറ്റുടമകള്‍ അനുഭവിക്കുന്നതെന്നായിരുന്നു ബിജെപി ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്റെ ആരോപണം. തീരദേശ നിയന്ത്രണ മേഖല നിയമങ്ങള്‍ ലംഘിച്ചാണ് ഫ്ളാറ്റുകള്‍ നിര്‍മ്മിച്ചത്. ഫ്ളാറ്റ് നിര്‍മ്മാതാക്കളുടെ ഈ ക്രമക്കേടിന് ഉദ്യോഗസ്ഥരും കൂട്ടുനില്‍ക്കുകയായിരുന്നു. ഇത് അറിയാതെയാണ് ഫ്ളാറ്റുടമകള്‍ ഫ്ളാറ്റുകള്‍ വാങ്ങിയത്. 2007ലാണ് ഫ്ളാറ്റുകള്‍ നിര്‍മ്മിക്കാന്‍ നിര്‍മ്മാണ അനുമതി കൊടുക്കുന്നത്. അന്ന് വിഎസ് അച്യുതാനന്ദനാണ് കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്നത്. കയ്യില്‍ പണമില്ലാത്തവരാണ് ഫ്ളാറ്റ് വാങ്ങുന്നതെന്നും രാധാകൃഷ്ണന്‍ പറയുന്നു. ഒരു സെന്റിന് 25ഉം 30ഉം ലക്ഷം രൂപ വരുമ്പോള്‍ അത് കൊടുക്കാനില്ലാത്തവരാണ് അമ്പതും അറുപതും ലക്ഷം രൂപ കൊടുത്ത് ഫ്ളാറ്റ് വാങ്ങുന്നത് എന്നിങ്ങനെ പോകുന്നു രാധാകൃഷ്ണന്റെ വാദങ്ങള്‍.

ഫ്‌ളാറ്റുടമകള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചും സൗജന്യ നിയമസഹായം വാഗ്ദാനം ചെയ്തും ജസ്റ്റിസ് കമാല്‍ പാഷയും രംഗത്തെത്തിയിരുന്നു. ഫ്‌ളാറ്റുകള്‍ പൊളിക്കാനുള്ള ഉത്തരവിനെതിരെ ഉടമകള്‍ നല്‍കിയ തിരുത്തല്‍ ഹര്‍ജി സുപ്രിംകോടതിയുടെ പരിഗണനയിലാണ്. കൂടാതെ ഫ്‌ളാറ്റുടമകള്‍ ഹൈക്കോടതിയെയും സമീപിക്കുന്നുണ്ട്. വിഷയത്തിലിടപെടണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ മുഴുവന്‍ എംപിമാരും പ്രധാനമന്ത്രിക്ക് നിവേദനം നല്‍കാനും ഒരുങ്ങുന്നുണ്ട്. ഹൈബി ഈഡന്‍ എംപി ഒരാഴ്ചയായി മരടില്‍ തന്നെയാണ്. ചുരുക്കത്തില്‍ ഇപ്പോള്‍ കേരളത്തിന്റെ രാഷ്ട്രീയ സാംസ്‌കാരിക നേതൃത്വങ്ങള്‍ വിലപിക്കുന്നത് മരടിലെ അഞ്ച് ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ പൊളിക്കാതിരിക്കാനാണ്.

2006ല്‍ സിപിഎം നേതൃത്വത്തില്‍ എല്‍ഡിഎഫ് മരട് പഞ്ചായത്ത് ഭരിക്കുമ്പോഴാണ് ഹോളീ ഫെയ്ത്ത് എച്ച് 2 ഒ, ഹോളിഡേ ഹെറിറ്റേജ്, ആല്‍ഫ സെറീന്‍, ജയിന്‍ കോറല്‍ കോവ്, കായലോരം അപ്പാര്‍ട്ട്‌മെന്റ് തുടങ്ങിയ അഞ്ച് ഫ്‌ളാറ്റുകള്‍ക്ക് നിര്‍മ്മാണാനുമതി നല്‍കിയത്. പിന്നീട് യുഡിഎഫ് അധികാരത്തില്‍ വന്നപ്പോള്‍ യുഡിഎഫ് കുടിപ്പാര്‍പ്പ് അവകാശവും നല്‍കി. എന്നാല്‍ ആ സമയത്ത് തന്നെ കോസ്റ്റല്‍ സോണ്‍ മാനേജ്‌മെന്റ് അതോറിറ്റി(CZMA)യുടെ അനുമതിയില്ലാതെയാണ് ഫ്‌ളാറ്റ് നിര്‍മ്മിക്കാന്‍ അനുമതി നല്‍കിയതെന്ന് പഞ്ചായത്ത് വിജിലന്‍സ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് CZMA ഫ്‌ളാറ്റ് ഉടമകള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. ഫ്‌ളാറ്റുകള്‍ പൊളിച്ചുകളയാന്‍ എന്തെങ്കിലും കാരണം ഉണ്ടെങ്കില്‍ ബോധിപ്പിക്കാനായിരുന്നു ഈ നോട്ടീസില്‍ ആവശ്യപ്പെട്ടിരുന്നത്. ഇതിന് മറുപടി നല്‍കാതെ ഫ്‌ളാറ്റ് ഉടമകള്‍ നേരിട്ട് ഹൈക്കോടതിയില്‍ റിട്ട് പെറ്റിഷന്‍ നല്‍കുകയും അനുകൂല വിധി സമ്പാദിക്കുകയും ചെയ്തു. CZMA അപ്പീലുമായി സുപ്രിംകോടതിയെ സമീപിച്ചതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. വിശദമായ വാദം കേട്ട സുപ്രിംകോടതി മരടില്‍ നിര്‍മ്മിച്ച അഞ്ച് ഫ്‌ളാറ്റുകളും ഒരു മാസത്തിനകം പൊളിച്ചുനീക്കണമെന്ന് 2019 മെയ് എട്ടിന് വിധിച്ചു. ഇതിനെതിരെ കൂടുതല്‍ ഹര്‍ജികള്‍ എത്തിയതോടെ വിധി നടപ്പാക്കിയില്ലെങ്കില്‍ കടുത്ത നടപടികള്‍ ഉണ്ടാകുമെന്ന് സുപ്രിംകോടതി മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.

(എന്താണ് ഫ്‌ളാറ്റ് പ്രശ്‌നത്തില്‍ സംഭവിച്ചത് അഴിമുഖം ചെയ്ത വിശദമായ റിപ്പോര്‍ട്ട് ഇവിടെ വായിക്കാം: :എന്തുകൊണ്ടാണ് മരട് ഫ്ലാറ്റുകള്‍ പൊളിക്കേണ്ടി വരുന്നത്? തുടക്കം മുതല്‍ ക്രമക്കേട്, നിയമലംഘനം, അഴിമതി; വിവാദത്തിന്റെ പൂര്‍ണ വിവരങ്ങള്‍)

മുന്നൂറ്റമ്പതോളം കുടുംബങ്ങള്‍ക്ക് ഫ്‌ളാറ്റുകള്‍ നഷ്ടമാകാന്‍ പോകുന്ന ഈ വിഷയത്തിലെ ഒന്നും രണ്ടും പ്രതികള്‍ അന്ന് പഞ്ചായത്തായിരുന്ന മരട് നഗരസഭയും കേസില്‍ തീരുമാനമാകാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോയ നിര്‍മ്മാണ കമ്പനികളുമാണ്‌. ഒരു വസ്തുവോ സേവനമോ മേടിക്കുമ്പോള്‍ അതിന്റെ എല്ലാ റിസ്‌കുകളും ഉപഭോക്താവ് അറിഞ്ഞിരിക്കണമെന്നാണ് നിയമം പറയുന്നത്. അതിനാല്‍ തന്നെ കോസ്റ്റല്‍ സോണ്‍ മാനേജ്‌മെന്റ് അതോറിറ്റിയുടെ അനുമതിയില്ലാത്തതിന് കേസ് നിലനില്‍ക്കുന്നുവെന്ന് അറിഞ്ഞ് തന്നെയാണ് പലരും ഈ ഫ്‌ളാറ്റുകള്‍ മേടിച്ചിട്ടുള്ളതെന്ന് കരുതേണ്ടി വരും. വില്‍പ്പനക്കാര്‍ ഇത് മറച്ചുവയ്ക്കുകയോ തെറ്റിദ്ധരിപ്പിക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ ഉത്തരവാദിത്വം പറയേണ്ടത് അവരാണ്. എന്നാല്‍ ഫ്‌ളാറ്റുടമകള്‍ ഇതുവരെ നിര്‍മ്മാണ കമ്പനികള്‍ക്കെതിരെ എന്തെങ്കിലും സംസാരിച്ചിട്ടുള്ളതായി അറിവില്ല.

ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിനെതിരെ ഉയരുന്ന വാദങ്ങളിലും ന്യായങ്ങളുണ്ട്. അതിലൊന്ന് ഫ്‌ളാറ്റുകള്‍ പൊളിക്കുമ്പോള്‍ ഉണ്ടാകുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളാണ്. അഞ്ച് ഫ്‌ളാറ്റുകള്‍ പൊളിക്കുമ്പോള്‍ അന്തരീക്ഷത്തിലേക്കും സമീപത്തെ കായലിലേക്കും ചെന്നുചേരുന്ന മാലിന്യം വലിയ വിഷയം തന്നെയാണ്. കൊച്ചിയില്‍ നിലവിലുള്ള പരിസ്ഥിതി മലീനികരണത്തിലേക്ക് വലിയൊരു സംഭാവനയാകും അത് നല്‍കുകയെന്നതിന് തര്‍ക്കവുമില്ല. ഫ്‌ളാറ്റ് പൊളിക്കല്‍ സൃഷ്ടിച്ചേക്കാവുന്ന പാരിസ്ഥിതിക ആഘാതത്തെക്കുറിച്ച് പഠിക്കുന്ന ചെന്നൈ ഐഐടിയില്‍ നിന്ന് ഇക്കാര്യത്തില്‍ വ്യക്തമായ മറുപടി ലഭിച്ചിട്ടില്ല. ഫ്‌ളാറ്റുടമകളില്‍ പലരുടെയും ഇതുവരെയുള്ള ജീവിതത്തിലെ സമ്പാദ്യമാണ് ഈ ഫ്‌ളാറ്റ് എന്നതാണ് മറ്റൊന്ന്. അതിന്റെ വസ്തുതയും ചില റിപ്പോര്‍ട്ടുകളില്‍ കണ്ടു. പലരും റിട്ടയര്‍മെന്റിന് ശേഷം ഫ്‌ളാറ്റുകള്‍ വാങ്ങിയവരാണ്. മക്കള്‍ വിദേശത്തുള്ളവരും അതിലുണ്ടെങ്കിലും അവരെ സംബന്ധിച്ച് അതവരുടെ ജീവിതാവസനാത്തെ ബാക്കിയാണ്. അത് അവര്‍ക്ക് നഷ്ടപ്പെടണമെന്ന് ആഗ്രഹിക്കുന്നതും മനുഷ്യത്വരഹിതമാണ്. കേരളത്തില്‍ പത്ത് ലക്ഷത്തിലേറെ കെട്ടിടങ്ങളാണ് ഫ്‌ളാറ്റുകളായും വീടുകളായും പൂട്ടിക്കിടക്കുന്നതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നതും ഇവിടെ ഓര്‍ക്കേണ്ടതുണ്ട്. പലരും ഒരു ലാഭനിക്ഷേപമെന്ന നിലയില്‍ വാങ്ങി അടച്ചിട്ടിരിക്കുന്നവയാണ് അവയെന്നതും പ്രധാനമാണ്. എന്തുതന്നെയായാലും ഇത്രയുമധികം കുടുംബങ്ങളെ അവരുടെ വാസസ്ഥലത്തു നിന്നും ഒന്നുമില്ലാതെ ഇറക്കിവിടുന്നത് ശരിയായ കാര്യമല്ല.

അങ്ങനെയെങ്കില്‍ മനുഷ്യത്വത്തെക്കുറിച്ച് സംസാരിക്കുന്നവര്‍ പതിനൊന്ന് വര്‍ഷം പിന്നിലേക്ക് കൂടി ഒന്ന് ചിന്തിക്കേണ്ടതുണ്ട്. അധികം ദൂരേയ്‌ക്കൊന്നും പോകണ്ട. മരടില്‍ നിന്നും കുറച്ച് ദൂരം മാത്രം പോയാല്‍ വല്ലാര്‍പ്പാടം കണ്ടെയ്‌നര്‍ ടെര്‍മിനലിന് വേണ്ടി വീടുകള്‍ പൊളിച്ചുനീക്കിയ മൂലമ്പള്ളിയിലെത്താം. കൂടം കൊണ്ട് വീട് ഇടിച്ചു നിരത്തുമ്പോള്‍ അകത്തെ മുറിയില്‍ ജനലില്‍ പിടിച്ചുകൊണ്ട് അലമുറയിടുന്ന സ്ത്രീയുടെ ചിത്രം കേരള സമൂഹം മറക്കാനുള്ള സമയമൊന്നും ആയിട്ടില്ലല്ലോ? 2008 ഫെബ്രുവരി ആറിന് ഒറ്റരാത്രികൊണ്ടാണ് മൂലമ്പള്ളിക്കാര്‍ക്ക് എല്ലാം നഷ്ടപ്പെട്ടത്. ബലംപ്രയോഗിച്ച് വീടുകള്‍ ഒഴിപ്പിക്കില്ലെന്ന് അന്നത്തെ ഭരണകൂടം ഉറപ്പുനല്‍കി മണിക്കൂറുകള്‍ക്കകമായിരുന്നു നടപടി. മൂലമ്പള്ളിയിലും പരിസരപ്രദേശങ്ങളിലുമായി മുന്നൂറ്റി പതിനാറ് കുടുംബങ്ങള്‍ സ്വന്തം വീട്ടില്‍ നിന്നും പുറത്താക്കപ്പെട്ടു. വീടുകളെ ജെസിബികള്‍ ഇടിച്ചിട്ടു. പുസ്തകങ്ങളും ആഹാര സാധനങ്ങളും എന്തിന് വൃദ്ധരായ മനുഷ്യരെ വരെ പോലീസ് പുറത്തേക്ക് വലിച്ചെറിഞ്ഞു. ഇപ്പോഴത്തേത് പോലെ ലക്ഷങ്ങളുടെയോ കോടികളുടെയോ കണക്ക് പറയാനില്ലെങ്കിലും അവിടെ തകര്‍ന്നതും ഒരു കൂട്ടമാളുകളുടെ ജീവിതവും സ്വപ്‌നങ്ങളുമായിരുന്നു. സമ്മത പത്രം നല്‍കിയവരുടെ വീടുകളാണ് തകര്‍ത്തതെന്ന് അധികൃതര്‍ വിശദീകരിക്കുന്നുണ്ടെങ്കിലും സമ്മതപത്രം ഒപ്പിടാത്ത നിരവധി പേരുടെ വീടുകളും അന്ന് തകര്‍ക്കപ്പെട്ടിരുന്നു. അതിലൊന്ന് പതിനാറ് വര്‍ഷം പഞ്ചായത്ത് പ്രസിഡന്റായിരുന്ന സെലസ്റ്റീന്‍ മാസ്റ്ററുടെ വീടായിരുന്നു. ചേരാനെല്ലൂര്‍, ഇടപ്പള്ളി നോര്‍ത്ത്, ഇടപ്പള്ളി സൗത്ത്, മുളവുകാട്, ഏലൂര്‍, മൂലമ്പള്ളി, കടുങ്ങല്ലൂര്‍ എന്നിവിടങ്ങളില്‍ നിന്നായാണ് 316 കുടുംബങ്ങള്‍ ജനിച്ചുവളര്‍ന്ന വീടുകളില്‍ നിന്നും പുറത്താക്കപ്പെട്ടത്. അത് തിരിച്ചുപിടിക്കാന്‍ അവര്‍ സമരം തുടങ്ങി. അന്നും ഇന്നും കേരളം ഭരിക്കുന്നത് എല്‍ഡിഎഫ് ആണെന്നത് ഒരു യാദൃശ്ചികതയാകാം. ആ യാദൃശ്ചികത കൊണ്ടുതന്നെയാണ് മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിനെതിരെ പ്രതിഷേധങ്ങള്‍ ഉയരുമ്പോള്‍ മൂലമ്പള്ളി ഓര്‍മ്മിക്കപ്പെടുന്നതും.

മൂലമ്പള്ളി സമരത്തിന് വലിയ സാമൂഹിക പിന്തുണയൊന്നും ലഭിച്ചില്ല. അവിടെ താമസിക്കുന്നവരില്‍ സിനിമാ താരങ്ങളോ പ്രമുഖരോ ഒന്നുമുണ്ടായിരുന്നുമില്ല.
അന്നും പ്രതിപക്ഷത്തിരുന്ന കോണ്‍ഗ്രസും കേരളത്തില്‍ വേര് പിടിപ്പിക്കാന്‍ ശ്രമിക്കുന്ന ബിജെപിയും ഇവിടെയുണ്ടായിരുന്നു. ഇന്ന് വീട് നഷ്ടപ്പെടുന്നവര്‍ക്ക് പിന്തുണയുമായി ഇറങ്ങിയ കോടിയേരിയുടെ പോലീസാണ് അന്ന് കുട്ടികളുടെ പുസ്തകങ്ങള്‍ ഉള്‍പ്പെടെ വീടുകള്‍ക്ക് വെളിയിലേക്ക് എറിഞ്ഞത്. ഒരു നേതാവിനെയും അവിടെ തമ്പടിച്ച് കണ്ടില്ല. സൗജന്യ നിയമസഹായവുമായി ആരും എത്തിയില്ല. മൂലമ്പള്ളിക്കാര്‍ക്കായി അപ്പീല്‍ പോകാന്‍ ആരുമുണ്ടായിരുന്നില്ല. എല്ലാവരും വല്ലാര്‍പാടം ടെര്‍മിനല്‍ വരുമ്പോള്‍ നാട്ടിലുണ്ടാകുന്ന വികസനത്തെക്കുറിച്ച് മാത്രം പറഞ്ഞു. മൂലമ്പള്ളിക്കാര്‍ വികസന വിരുദ്ധരായി മുദ്രകുത്തപ്പെട്ടു. മൂലമ്പള്ളി സമരത്തിന് പിന്നില്‍ നക്‌സലുകളാണെന്നായിരുന്നു അന്നത്തെ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ പ്രതികരണം. പിന്നീട് അദ്ദേഹമത് തിരുത്തി മാപ്പ് പറഞ്ഞു. പേരിനൊരു പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ചിരുന്നു. ഇന്ന്‌ അതിന്റെ അവസ്ഥയെന്താണെന്ന് അറിയില്ലെങ്കിലും അവരില്‍ പലരും ഇപ്പോഴും വാടകവീടുകളിലാണെന്ന് അറിയാം. മൂലമ്പള്ളി സമരം പല പ്രതിസന്ധികളെയും നേരിട്ട് 46 ദിവസങ്ങള്‍ക്ക് ശേഷമാണ് പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ചത്. എന്നാല്‍ നാല്‍പ്പത് പേര്‍ക്ക് മാത്രമാണ് പുതിയ വീടുകള്‍ ലഭിച്ചത്. ബാക്കിയുള്ളവരാണ് ഇപ്പോഴും ഷെഡ്ഡുകളിലും വാടകവീടുകളിലുമായി കഴിയുന്നത്. അതും വല്ലാര്‍പ്പാടം പദ്ധതി കമ്മിഷന്‍ ചെയ്ത് ഏഴ് വര്‍ഷത്തിന് ശേഷവും. പദ്ധതിയില്‍ വാഗ്ദാനം ചെയ്ത തൊഴിലും ഇവര്‍ക്കാര്‍ക്കും ലഭിച്ചിട്ടില്ലെന്നാണ് അറിയുന്നത്. കൂടാതെ സമരസമയത്ത് രജിസ്റ്റര്‍ ചെയ്ത കേസുകളും നിലനില്‍ക്കുന്നു.

അന്ന് മൂലമ്പള്ളിയിലും ഇപ്പോള്‍ മരടിലും ജനങ്ങള്‍ക്ക് തങ്ങളുടെ കിടപ്പാടം നഷ്ടമാകുക തന്നെയാണ് ചെയ്യുന്നത്. മൂലമ്പള്ളിയില്‍ മാനദണ്ഡങ്ങളൊന്നും പാലിക്കാതെ ഒരു കൂട്ടം കുടിയൊഴിപ്പിക്കപ്പെട്ടെങ്കില്‍ മരടില്‍ സുപ്രിംകോടതി ഉത്തരവിന്റെ ബലത്തില്‍ അത് നടത്താനൊരുങ്ങുന്നു. വികസനത്തിന് വേണ്ടി മൂലമ്പള്ളിക്കാരുടെ വീടുകള്‍ ഇടിച്ചു നിരത്തിയെങ്കില്‍ പരിസ്ഥിതിക്ക് വേണ്ടി മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കുന്നു.

മരടില്‍ ഭവനരഹിതരാകുന്നവര്‍ക്ക് വേണ്ടി ഒറ്റക്കെട്ടായി അണിനിരക്കുന്ന സമൂഹത്തിന് അന്ന് മൂലമ്പള്ളിയില്‍ പോലീസ് പുറത്തേക്ക് വലിച്ചെറിഞ്ഞ പുസ്തകമെടുത്ത് കണ്ണീരോടെ നിന്ന കുട്ടികളെ കൂടി ഓര്‍മ്മയുണ്ടാകട്ടെ. അവരിപ്പോഴും തെരുവില്‍ തന്നെയാണ്. അവരും മനുഷ്യരാണ്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Also read: നഗരസഭ പറഞ്ഞ സമയവും തീര്‍ന്നു; ഇറങ്ങില്ലെന്നുറപ്പിച്ച് മരട് ഫ്‌ളാറ്റുകളിലെ താമസക്കാര്‍

Next Story

Related Stories