TopTop
Begin typing your search above and press return to search.

എത്ര ഹർത്താൽ നടത്തിയാലും സംഘപരിവാര്‍ ഹുങ്കിനേറ്റ അടി അടിയല്ലാതാവുകയില്ല

എത്ര ഹർത്താൽ നടത്തിയാലും സംഘപരിവാര്‍ ഹുങ്കിനേറ്റ അടി അടിയല്ലാതാവുകയില്ല

പുതുവർഷ ദിനത്തിൽ കേരളത്തിൽ ഉയർന്ന വനിതാ മതിലിനെ മലയാള മനോരമ പത്രം പോലും 'വന്മതിൽ' എന്നാണു വിശേഷിപ്പിച്ചത്. മലയാള മനോരമ പോലും എന്ന് പറയേണ്ടി വന്നത് വനിതാ മതിലിനെ അങ്ങിനെ ഒരു ആശയം ഉരുത്തിരിഞ്ഞു വന്ന നാൾ മുതൽ പലവിധത്തിലും എതിർത്തവരുടെ കൂട്ടത്തിൽ ആ പത്രവും ഉണ്ടായിരുന്നു എന്നതുകൊണ്ട് തന്നെയാണ്. കേരളത്തിൽ നടക്കാൻ പാടില്ലാത്ത എന്തോ നടക്കാൻ പോകുന്നു എന്നൊരു ചിന്ത ജനങ്ങൾക്കിടയിൽ ജനിപ്പിക്കാൻ പോന്ന വിധത്തിലുള്ള വാർത്തകൾ പ്രസിദ്ധപ്പെടുത്തുന്ന കാര്യത്തിൽ മുൻപന്തിയിൽ തന്നെ ഉണ്ടായിരുന്നു മനോരമ. എന്നിട്ടും കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ മലയാളി മങ്കമാർ മതിൽ തീർത്തപ്പോൾ അവർക്കും സമ്മതിക്കേണ്ടി വന്നു അതൊരു വിജയമായിരുന്നുവെന്ന്.

വനിതാ മതിൽ ഒരു ചരിത്ര സംഭവമായിരുന്നുവെങ്കിൽ തൊട്ടു പിന്നാലെ രണ്ടു യുവതികൾ ശബരിമല സന്നിധാനത്തെത്തി അയ്യപ്പനെ തൊഴുതപ്പോൾ അവർ രചിച്ചത് 'വൻമതിൽ' എന്ന് മലയാള മനോരമക്ക് പോലും സമ്മതിക്കേണ്ടി വന്ന പ്രസ്തുത സംഭവത്തേക്കാൾ വലിയൊരു ചരിത്രമായിരുന്നു. കാരണം ഇന്നലെ (ബുധൻ) പുലർച്ചക്കു ബിന്ദുവും കനകദുര്‍ഗ്ഗയും നടന്നു കയറിയത് ശബരിമല സന്നിധാനത്തേക്ക് മാത്രമായിരുന്നില്ല ചരിത്രത്തിന്റെ കൊടുമുടിയിലേക്കു കൂടിയായിരുന്നു. ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്കും അയ്യപ്പ ദർശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീംകോടതി വിധിയെ വെല്ലുവിളിച്ചു ബി ജെ പിയുടെയും ആർ എസ് എസ്സിന്റെയും ഇതര സംഘപരിവാർ സംഘടനകളുടെയും പ്രവർത്തകർ മാത്രമല്ല മനസ്സുകൊണ്ടും കർമം കൊണ്ടും അവരോളം തന്നെ പോന്ന അയ്യപ്പ കർമ്മ സമിതി എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന സംഘടനയുടെ പ്രവർത്തകരും കണ്ണിലെണ്ണ ഒഴിച്ച് കാത്തിരുന്നിട്ടും ബിന്ദുവും കനക ദുർഗയും ഒരിക്കൽ ശ്രമിച്ചു പരാജയപ്പെട്ട ദൗത്യം ഇന്നലെ വിജയകരമായി പൂർത്തിയാകുകയായിരുന്നു.

ശബരിമലയിൽ യുവതി പ്രവേശനം അനുവദിക്കല്ലെന്നു ശപഥം ചെയ്ത, കോടതി വിധിയുടെ അടിസ്ഥാനത്തിൽ ദർശനത്തിനെത്തിയ യുവതികളെ അടിച്ചും കല്ലെറിഞ്ഞും ഓടിച്ചു അർമാദിച്ചവരുടെ മുഖത്തേറ്റ അടിയായി തന്നെ വേണം ഇതിനെ കാണാൻ. വിശ്വാസ സംരക്ഷണം ആചാര സംരക്ഷണം എന്നൊക്കെ പറഞ്ഞു ഒരു സംഘം ആളുകൾ തീർത്ത ഒരു വലിയ കോട്ടയാണ് ഇന്നലെ രണ്ടു മലയാളി വനിതകൾ ഭേദിച്ചത്. ഒരിക്കലും നടക്കാൻ പോകുന്നില്ലെന്ന് സംഘികളും അവർക്കൊത്തവരും വീരസ്യം മുഴക്കുന്നതിനിടയിൽ തന്നെയാണ് രണ്ടു യുവതികൾ ജീവൻ പണയം വെച്ച് ശബരിമലയിൽ ദർശനം നടത്തിയതെന്നത് ഈ അടിയുടെ ആഘാതം വർധിപ്പിക്കുന്നു. ശബരിമലയിൽ സുപ്രീംകോടതി വിധി ഉണ്ടായിട്ടും യുവതികളെ പ്രവേശിപ്പിക്കില്ലെന്നു കേരളത്തിലെ സ്വന്തം പാർട്ടിക്കാർ കലാപം അഴിച്ചുവിടാൻ ശ്രമം നടത്തുന്നതിനെതിരെ നാളിതുവരെ പ്രതികരിക്കാതിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ശബരിമലയിൽ പാരമ്പര്യം സംരക്ഷിക്കപ്പെടണം എന്ന് പ്രസ്താവിച്ചതിനു തൊട്ടു പിന്നാലെയാണ് രണ്ടു യുവതികൾ മോദിജിയും അദ്ദേഹത്തിന്റെ കേരളത്തിലെ പാർട്ടിയുമൊക്കെ പറയുന്ന പാരമ്പര്യം ലംഘിച്ചിരിക്കുന്നത് എന്നതും സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് ഉണ്ടാക്കിയിട്ടുള്ള ക്ഷീണം ചില്ലറയൊന്നുമല്ല.

ഈ ക്ഷീണമെല്ലാം മായിച്ചു കളയുക എന്ന ലക്‌ഷ്യം തന്നെയാണ് അങ്ങാടിയിൽ തോറ്റതിന് അമ്മയോടെന്ന മട്ടിൽ കർമ്മ സമിതിയുടെ മറവിൽ ബി ജെ പിയും ആർ എസ് എസ്സും നടത്തുന്ന ഹർത്താലിനു പിന്നിലുള്ളത്. ശബരിമലയിൽ യുവതികൾ കയറിയതിനു നാട്ടുകാരുടെ നെഞ്ചത്ത് കയറുന്നവരോട് ഇപ്പോൾ ഇത്രയേ പറയാനുള്ളു. നിങ്ങൾ എത്ര ഹർത്താൽ ആചരിച്ചാലും എത്ര തന്നെ പൊതുമുതൽ നശിപ്പിച്ചാലും ഹുങ്കിനേറ്റ അടി അടിയല്ലാതാവുകയില്ലെന്നു മാത്രമല്ല മുഖം കൂടുതൽ വികൃതമാവുകയേ ഉള്ളു.

https://www.azhimukham.com/trending-todays-harthal-riot-atmosphere-in-kerala-will-continue/


Next Story

Related Stories