Top

വനിതകളുടെ ജയില്‍ ചാട്ടം ആഘോഷിക്കുന്നവരോട്; ജയില്‍ എന്നാല്‍ ചപ്പാത്തിയോ ചിക്കന്‍ കറിയോ അല്ല

വനിതകളുടെ ജയില്‍ ചാട്ടം ആഘോഷിക്കുന്നവരോട്; ജയില്‍ എന്നാല്‍ ചപ്പാത്തിയോ ചിക്കന്‍ കറിയോ അല്ല
നാലു വര്‍ഷങ്ങള്‍ക്ക് മുന്‍പായിരുന്നു അത്. അലബാമയിലെ പലചരക്ക് കടയില്‍ നിന്നും ഒരു സ്ത്രീ അഞ്ചു കോഴിമുട്ടകള്‍ മോഷ്ടിക്കുന്നു. കടയിലെ ജീവനക്കാര്‍ കയ്യോടെ പിടിച്ചു. പോലീസില്‍ ഏല്‍പ്പിച്ചു. ഇന്‍സ്പെക്ടര്‍ വില്ല്യം സ്റ്റാസി അവരെ വിശദമായി ചോദ്യം ചെയ്തു. ആ സ്ത്രീക്ക് ഒളിച്ചു വയ്ക്കാന്‍ യാതൊന്നും ഉണ്ടായിരുന്നില്ല. വീട്ടില്‍ മക്കള്‍ പട്ടിണി കിടക്കുകയാണ്. വരുമാന മാര്‍ഗങ്ങള്‍ എല്ലാം അടഞ്ഞുപോയി. മുന്നില്‍ രണ്ടു മാര്‍ഗങ്ങളെയുള്ളൂ. ഒന്നുകില്‍ മക്കള്‍ പട്ടിണി കിടക്കട്ടെ എന്ന് വയ്ക്കണം. അല്ലെങ്കില്‍ മോഷ്ടിക്കണം.
ഇന്‍സ്പെക്ടര്‍ അവരെ അറസ്റ്റുചെയ്തില്ല. പകരം വീട്ടിലേക്ക് അയച്ചു. പിന്നാലെ അയാള്‍ സ്വന്തം പണം ഉപയോഗിച്ച് വാങ്ങിയ രണ്ടു ലോഡ് ഭക്ഷ്യവസ്തുക്കളും അയച്ചു കൊടുത്തു. ലോകവ്യാപകമായി വായിക്കപ്പെട്ട ഒരു വാര്‍ത്തയായിരുന്നു അത്. മോഷ്ടിക്കപ്പെട്ടത് അഞ്ചു കോഴിമുട്ടകള്‍ ആണ്. ഒരു സ്ത്രീ അഞ്ചു കോഴിമുട്ടകള്‍ മോഷ്ടിക്കണം എങ്കില്‍ അവര്‍ നേരിട്ട ദാരിദ്ര്യവും പിന്നോക്കാവസ്ഥയും എത്ര ഭീകരമായിരുന്നിരിക്കണം.

ജൂണ്‍ അവസാനം കേരളം ആഘോഷിച്ച വാര്‍ത്തകളില്‍ ഒന്ന് ജയില്‍ ചാടിയ രണ്ടു വനിതകളുടെതായിരുന്നു. സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ആദ്യത്തെ വനിതാ ജയില്‍ ചാട്ടം എന്ന നിലയില്‍ മാധ്യമങ്ങള്‍ അത് ആഘോഷിച്ചു. പ്രതിപക്ഷം ജയിലുകളുടെ കുത്തഴിഞ്ഞ നടത്തിപ്പിനെ ചൊല്ലി സര്‍ക്കാരിനെ കുരിശില്‍ തറച്ചു. സര്‍ക്കാര്‍ ആകട്ടെ സംസ്ഥാനത്തിനകത്തും പുറത്തും പോലീസിനെ ഉപയോഗിച്ച് വലവിരിച്ചു. പഴുതടച്ച്‌ നടത്തിയ അന്വേഷണത്തിന് ഒടുവില്‍ രണ്ടാം ദിവസത്തിനകം അവരെ പിടികൂടുകയും ചെയ്തു. സമര്‍ത്ഥമായ കരുനീക്കങ്ങളില്‍ അവരെ തിരികെ ജയിലില്‍ ആക്കിയ ഉദ്യോഗസ്ഥര്‍ക്ക് വലിയ പാരിതോഷികങ്ങള്‍ പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. വലിയ മതില്‍ എടുത്തു ചാടിയ സ്ത്രീകളെ കുറിച്ചുള്ള അതിശയ കഥകളിലും ജയിലുകളിലെ സുരക്ഷയെ സംബന്ധിച്ച അതിശയോക്തി കഥകളിലും പോലീസുകാരുടെ വീരേതിഹാസങ്ങളിലും അഭിരമിച്ച മാധ്യമങ്ങള്‍ ചോദിക്കാന്‍ മറന്ന ചില ചോദ്യങ്ങള്‍ ഉണ്ട്. എന്ത് കുറ്റത്തിനാണ് ഈ രണ്ടു സ്ത്രീകള്‍ ജയിലില്‍ അടയ്ക്കപ്പെട്ടത്? എന്ത് കാരണം കൊണ്ടാകാം അവര്‍ ജയില്‍ ചാടിയത്?

ജയിലുകള്‍ നമ്മെ സംബന്ധിച്ചിടത്തോളം കുറച്ചു കാലമായി കുറഞ്ഞ വിലയില്‍ ചപ്പാത്തിയും ചിക്കന്‍ കറിയും ലഭ്യമാക്കുന്ന വലിയൊരു പാചകശാലയാണ്. കൊടി സുനിക്കും കിര്‍മാണി മനോജിനും ഇതര വാടക കൊലയാളി മര്‍മ്മാണികള്‍ക്കും അവരുടെ തട്ടിപ്പും വെട്ടിപ്പും കൊലയും തട്ടിക്കൊണ്ടു പോകലും കൃത്യമായി ആസൂത്രണം ചെയ്യാനും നടപ്പാക്കാനും ഉള്ള സുരക്ഷിത സ്ഥലമാണ്‌ ജയില്‍. ഫോണും ഇന്റര്‍നെറ്റും അടക്കം അവര്‍ക്ക് വേണ്ടതെല്ലാം അകത്തു ലഭിക്കുന്നു. സഹപ്രവര്‍ത്തകയെ ക്വൊട്ടേഷന്‍ ഗുണ്ടകളെ വിട്ടു തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യിച്ച നടന്‍ പോലും പുറത്തു സ്വതന്ത്രനായി നടക്കുന്നു. നീരവ് മോദിയെ പോലുള്ള ഉന്നതകുലജാത കുറ്റവാളികളും ജയിലില്‍ പോകാറില്ല. അവര്‍ക്ക് രാജ്യം വരെ വിട്ടു പോകാന്‍ അവസരം ഉണ്ട്. ജയിലുകള്‍ എന്നും ദുര്‍ബലര്‍ക്ക് ഉള്ളതാണ്. വലിയ കുറ്റവാളികള്‍ പുറത്ത് നിര്‍ബാധം വിഹരിക്കുമ്പോള്‍ ചെറിയ കുറ്റങ്ങള്‍ ചെയ്തവര്‍ അകത്ത് നരകിക്കുന്നു. ജാമ്യത്തില്‍ എടുക്കാന്‍ ആളില്ലാത്തത് കൊണ്ട് മാത്രം അന്യായമായ തടങ്കലില്‍ കഴിയുന്ന എത്രയെത്ര വിചാരണ തടവുകാര്‍. വക്കീലിനെ വയ്ക്കാന്‍ പണം ഇല്ലാതെ തടവറയില്‍ എരിയുന്ന നിരവധി ജീവിതങ്ങള്‍. ജീവിതം മടുത്ത് കുട്ടിയേയും എടുത്ത് ആത്മഹത്യ ചെയ്യാന്‍ കിണറ്റില്‍ ചാടുമ്പോള്‍ കുട്ടി മരിക്കുകയും അവനവനെ നാട്ടുകാര്‍ രക്ഷിക്കുകയും ചെയ്യുമ്പോള്‍ കൊലപാതക കുറ്റത്തിന് ജയിലില്‍ പോകുന്നവര്‍. ജയില്‍ ചപ്പാത്തിയല്ല. ചിക്കന്‍ കറിയുമല്ല.
നുണകളിലും കെട്ടുകഥകളിലും അസ്തിവാരമിടുന്ന ഒരു സാമൂഹിക ക്രമത്തില്‍ സമര്‍ത്ഥര്‍ എന്ത് കുറ്റം ചെയ്താലും ജയിലില്‍ പോകാതെ രക്ഷപ്പെട്ടു പോകുന്നു. ചെറുമീനുകള്‍ മാത്രം വലയിലാകുന്നു.

Also Read: അട്ടക്കുളങ്ങര വനിതാ ജയിലില്‍ നിന്ന് രണ്ടു പ്രതികള്‍ രക്ഷപെട്ടു, ജയില്‍ ചാടിയത് മുരിങ്ങ മരത്തിലൂടെ

ജോലിക്ക് നിന്ന വീട്ടില്‍ നിന്നും രണ്ടു ഗ്രാമിന്‍റെ മോതിരം മോഷ്ടിച്ചതിന് പിടിയിലായതാണ് ജയില്‍ ചാടിയ ഒരു സ്ത്രീ. അടുത്തയാള്‍ ചെയ്ത കുറ്റം നാല് ഗ്രാം മുക്കുപണ്ടം പണയം വച്ചത്. രണ്ടു പേരും കൊടിയ ദാരിദ്ര്യം നേരിടുന്ന കുടുംബങ്ങളില്‍ നിന്നുള്ളവര്‍. കൃത്യമായ വരുമാനസ്രോതസ്സുകള്‍ ഉള്ള ജീവിത പങ്കാളികള്‍ അല്ല ഇരുവര്‍ക്കും ഉള്ളത്. അഞ്ചു വയസ്സില്‍ താഴെയുള്ള കുട്ടികളുമുണ്ട്. രാജ്യത്തെ നിയമം അനുസരിച്ച് പരമാവധി മൂന്നു മാസം തടവോ പിഴയോ എന്നതില്‍ തീരാവുന്ന ശിക്ഷയില്‍ അവസാനിക്കുന്ന കുറ്റം ചെയ്തവര്‍. റിമാന്‍ഡ്  തടവുകാരായി, ജാമ്യത്തില്‍ ഇറക്കപ്പെടാതെ അവര്‍ അതിലുമധികം ദിനങ്ങള്‍ ജയിലില്‍ ചെലവഴിച്ചിരിക്കുന്നു.

അടുത്ത പ്രശ്നം ജാമ്യം എടുക്കലാണ്. വക്കീലന്മാരുടെ ഫീസിനും വീട്ടു വാടകയ്ക്കും പ്രാദേശിക വില്പന കേന്ദ്രങ്ങളിലെ മീനിന്‍റെ വിലയിലും കേരളത്തില്‍ മാനദണ്ഡങ്ങള്‍ ഇല്ല. ആളും തരവും നോക്കി ഏറിയും കുറഞ്ഞും ഇരിക്കും ഇതൊക്കെ. കക്ഷികള്‍ ദുര്‍ബലരാകുമ്പോള്‍ വക്കീലിന്‍റെ ഫീസിനും സഹജമായ പുച്ഛത്തിനും തീവ്രത ഏറും. രണ്ടു ഗ്രാം സ്വര്‍ണം മോഷ്ടിക്കാന്‍ നിര്‍ബന്ധിതരാകുന്നവര്‍ക്ക് വക്കീല്‍ ഫീസ്‌ കൊടുക്കാന്‍ പണം ഉണ്ടാകില്ല. സൌജന്യ നിയമ സഹായം സംബന്ധിച്ച് കേട്ടറിഞ്ഞിട്ടുപോലും ഉണ്ടാകില്ല. പിന്നെയുള്ളത് ജാമ്യക്കാരെ ലഭ്യമാക്കല്‍ ആണ്. ഒന്നുകില്‍ ഭൂനികുതിയടച്ച രശീതി അല്ലെങ്കില്‍ സര്‍ക്കാര്‍ ഉദ്യോഗം. ഇവയാണ് ജാമ്യക്കാരുടെ കാര്യത്തിലെ മാനദണ്ഡം. കേരളത്തിലെ മിക്ക റിമാന്‍ഡ് തടവുകാരും നേരിടുന്ന പ്രശ്നം ജാമ്യക്കാരെ ലഭിക്കാത്തതാണ്. കുറ്റാരോപിതര്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ ആകുമ്പോള്‍ സ്ഥിതി കുറേക്കൂടി മാരകമാണ്. അവര്‍ക്ക് ഒരിക്കലും ജാമ്യക്കാരെ ലഭിക്കില്ല.

അയ്യായിരം രൂപ പോലും തികച്ചു ലഭിക്കാന്‍ ഇടയില്ലാത്ത മോഷണത്തിന് കേരളത്തിലെ രണ്ടു സ്ത്രീകള്‍ തയ്യാറാകുമ്പോള്‍ ചോദ്യം ഉയരേണ്ടത് നമ്മുടെ സാമൂഹിക സുരക്ഷാ പദ്ധതികളുടെ സമഗ്രതയും ഫലസിദ്ധിയും സംബന്ധിച്ചാണ്. അവ അവരില്‍ എത്തുന്നില്ല. അവരെപ്പോലുള്ള നിരവധി പേരിലും എത്തുന്നില്ല. ഇത്തരം ചെറിയ കുറ്റങ്ങള്‍ ചെയ്തവരെ ജയിലില്‍ അടയ്ക്കണോ അതോ അവരെ തൊഴില്‍ പരിശീലനം നല്‍കി പുനരധിവസിപ്പിക്കണോ എന്നൊരു ചോദ്യം കൂടിയുണ്ട്. ഭക്ഷണത്തിനും വസ്ത്രത്തിനും വേണ്ടി മോഷ്ടിക്കേണ്ടി വരിക എന്നത് ഒരു സമൂഹത്തിന്റെ മൊത്തം പരാജയമാണ്. മക്കളെ കാണാനുള്ള ആഗ്രഹത്തിലും ജയില്‍വാസം അനന്തമായി നീണ്ടുപോയേക്കുമോ എന്ന ഭയത്തിലുമാണ് ആ സ്ത്രീകള്‍ ജയില്‍ ചാടിയത്. പുറത്തിറങ്ങിയപ്പോള്‍ പോലീസിന്റെ കണ്ണുവെട്ടിക്കാന്‍ വസ്ത്രം മാറണം. യാത്ര ചെയ്യാന്‍ പണം വേണം. അതിനായി വീണ്ടും മോഷണം നടത്തി. ഒടുവില്‍ ഒരു സ്കൂട്ടറും മോഷ്ടിച്ചു. ഇപ്പോള്‍ അതിനെല്ലാം ശിക്ഷ അനുഭവിക്കണം. കൂട്ടത്തില്‍ ജയില്‍ ചാടിയതിനും. എല്ലാം കൂടി വര്‍ഷങ്ങള്‍ എടുക്കും.

ജയിലുകളെ പരിവര്‍ത്തന കേന്ദ്രങ്ങള്‍ എന്നാണ് പറയുക. ആദ്യമായി ജയിലില്‍ വന്നപ്പോള്‍ ചെയ്ത തെറ്റിന്റെ ശരികേട് അവരെ ബോധ്യപ്പെടുത്താനും സൌജന്യ നിയമസഹായം നല്‍കി പുറത്തിറക്കാനും വേണ്ട നടപടികള്‍ ഉണ്ടായിരുന്നു എങ്കില്‍ ഇന്നിപ്പോള്‍ സ്ഥിതി ഇങ്ങനെ സങ്കീര്‍ണമാകുമായിരുന്നില്ല. മനുഷ്യത്വപരവും പ്രായോഗികവുമായ സമീപനമാണ് കോടതികളും പോലീസും ഇത്തരം പെറ്റി കേസുകളില്‍ എടുക്കേണ്ടത് എന്ന് സുപ്രീം കോടതി പലവട്ടം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഒന്നും നടപ്പായിട്ടില്ല. ജയിലുകളിലെ തൊഴില്‍ പരിശീലനത്തില്‍ തമിഴ്‌നാട്‌ വളരെ മുന്നില്‍ ആണെങ്കിലും കേരളം ഇന്നും വളരെ പിന്നിലാണ്.

പെറ്റി മോഷണ കേസുകള്‍ കൈകാര്യം ചെയ്യുന്ന കോടതികള്‍ക്ക്, കുറ്റാരോപിതര്‍ക്ക് നിയമസഹായം ഉറപ്പാക്കാന്‍ ബാധ്യതയുണ്ട്. പെറ്റി കേസുകള്‍ കോടതികള്‍ക്ക് പുറത്തു തീര്‍പ്പാക്കുന്ന സംവിധാനം ഉണ്ടാക്കണം എന്ന് നിരവധി നിയമ പരിഷ്കരണ കമ്മീഷനുകള്‍ പറഞ്ഞിട്ടും ഉണ്ട്. ഈട് നല്‍കാതെ തന്നെ, ശിക്ഷാ കാലാവധിയിലധികം വിചാരണ തടവുകാരായി കഴിഞ്ഞവര്‍ക്ക് ജാമ്യം അനുവദിക്കുന്നത് സംബന്ധിച്ചും സുപ്രീം കോടതി പലവട്ടം പറഞ്ഞിട്ടുണ്ട്.

രണ്ടു വനിതകള്‍ സംസ്ഥാന ചരിത്രത്തില്‍ ആദ്യമായി ജയില്‍ ചാടി എന്നതിലല്ല, ഒരു സമൂഹത്തിന്‍റെ കൂട്ടായ നന്മയും കരുണയും മനുഷ്യപ്പറ്റും തകരാറിലായി എന്നതിലാണ് ആശങ്കപ്പെടേണ്ടത്. സൌജന്യ നിയമ സഹായം ഏട്ടിലെ പശുവാകരുത്. അത് ആവശ്യക്കാരെ അന്വേഷിച്ചു ചെല്ലണം. അടുത്തത് ജാമ്യവും അതിനുള്ള ഈടും സംബന്ധിച്ചാണ്. നാഴികയ്ക്ക് നാല്‍പതു വട്ടം പുരപ്പുറത്തു കയറി നിന്ന് ലിംഗസമത്വവും തുല്യാവകാശവും പറയുന്ന സൈബര്‍ പോരാളികള്‍ അടക്കമുള്ളവര്‍ക്ക് ഇത്തരം നിസ്വര്‍ക്ക് ജാമ്യം നിന്ന് മാതൃക ആകാനാകണം. കരുണയും മനുഷ്യത്വവുമാണ് സാമൂഹിക വിമോചനം.

Also Read: എസ്എടി ആശുപത്രിയിൽ നിന്നും പണം സംഘടിപ്പിച്ചു, സ്കൂട്ടർ മോഷ്ടിച്ചു; യുവതികളുടെ ജയിൽ ചാട്ടം പിഴച്ചതിങ്ങനെ

Next Story

Related Stories