TopTop

ബ്ലുവെയല്‍ ആത്മഹത്യ ഒരു മാധ്യമ മിഥ്യയോ?

ബ്ലുവെയല്‍ ആത്മഹത്യ ഒരു മാധ്യമ മിഥ്യയോ?
കുറച്ച് നാള്‍ മുമ്പ് ബഹുമാനപ്പെട്ട കേരള ഹൈകോടതി ചീഫ് ജസ്റ്റിസ് കേരളത്തിലെ മാധ്യമങ്ങളെപ്പറ്റി ഒരു കാര്യം പറയുകയുണ്ടായി. മാധ്യമങ്ങള്‍ വസ്തുതാവിരുദ്ധമായ വാര്‍ത്തകള്‍ നല്‍കുന്നു, റിപ്പോര്‍ട്ടിംഗ് പലപ്പോഴും പരിധി വിടുന്നു, ഇതിനെ ഉത്തരവാദിത്ത കുറവായി കണ്ട് പ്രസ് കൗണ്‍സില്‍ ഔഫ് ഇന്ത്യയുടെ ചെയര്‍മാനുമായി ആശയവിനിമയം നടത്തിയെന്നാണ് അദ്ദേഹം പറഞ്ഞത്. കേസ് വാദത്തിനിടെ നടത്തിയ ആശയവിനിമയത്തെ സര്‍ക്കാര്‍ വിരുദ്ധ പരാമര്‍ശമായി വലിയ പ്രാധാന്യത്തൊടെയുള്ള തലക്കെട്ടായി പ്രദ്ധീകരിച്ച് വിവാദം ജനിപ്പിക്കുന്ന സാഹചര്യമുണ്ടാക്കിയ പശ്ചാത്തലത്തിലാണ് പരാമര്‍ശം. വാര്‍ത്തകളെ ഉദ്വേഗജനകമായി പിരിച്ച് അനുവാചകരുടെ ശ്രദ്ധ കുരുക്കുക എന്നത് മാധ്യമങ്ങളുടെ ഒരു പൊതു സ്വഭാവമാണെങ്കിലും, അതിമത്സരാത്മകമായ ആനുകാലിക മാധ്യമ പരിസരത്ത് ഈ പ്രവണത പരിധി വിടുന്നു എന്നാണ് കോടതി നിരീക്ഷിച്ചത്.

വിവരങ്ങളെ വിനോദമായും കാണുന്ന ഒരു മാധ്യമാസ്വാദന സംസ്‌കാരവും ഇതിന് വളക്കൂറുള്ള മണ്ണായി നില്‍ക്കുന്നു. ബ്രേക്കിംഗ് ന്യൂസ് ഉന്മാദമൂര്‍ച്ഛയാവുന്നത് ഈ കാലാവസ്ഥയിലാണ്. ഈ പ്രവണത മുമ്പും കണ്ടു വരുന്നതാണ്. ഇന്ത്യയൊട്ടാകെയുള്ള മാധ്യമങ്ങളില്‍ നിറഞ്ഞ് നിന്ന 'രാമര്‍ പെട്രോള്‍' മുതല്‍ കേരളത്തില്‍ ഉണ്ടായിട്ടുള്ള 'ആസിഡ് മഴ', 'ബ്ലാക്ക്മാന്‍', 'ഐഎസ്സ്ആര്‍ഒ ചാരകേസ്' തുടങ്ങിയ ചല ഉദാഹരണങ്ങള്‍ നോക്കിയാലും ഈ വിഷയങ്ങളെ ചുറ്റിപ്പറ്റിയുള്ള ഊഹാപോഹങ്ങള്‍ നിറഞ്ഞ വര്‍ത്തകള്‍ നമുക്ക് ഓര്‍മ്മ വരുന്നതാണ്. ഇപ്പോളത് ലോകമൊട്ടുക്കും അലയടിച്ച് കേരളത്തിലുമെത്തി നില്‍ക്കുന്ന ബ്ലൂ വേല്‍ ഗെയിമിന്റെ വാര്‍ത്തകളിലും കാണാവുന്നതാണ്.

കുറച്ച് നാള്‍ മുമ്പ് വിദേശ മാധ്യമങ്ങള്‍, ആദ്യം ബ്ലൂവേയില്‍ ഗെയിമിനെ ഏറ്റെടുത്തെങ്കിലും, പിന്നീടതിനെ ഒരു സമകാലിക ഐതിഹ്യമായി തള്ളുകയാണുണ്ടായത്. ഇതിനെയാണ് കൗമാരക്കാരായ നമ്മുടെ കുട്ടികളെ അപകടത്തിലാക്കുന്നു എന്ന രീതിയില്‍ വലിയ വാര്‍ത്തയാക്കുന്നത്. ഇതില്‍പ്പെട്ട് തങ്ങളുടെ കുട്ടികള്‍ ആത്മഹത്യക്ക് പ്രേരിതരാകുമെന്നുള്ള നിരന്തര മുന്നറിപ്പുകള്‍ കേട്ട് രക്ഷിതാക്കള്‍ പരിഭ്രാന്തചിത്തരായി. മുമ്പ് നടന്ന ഒരു ആത്മഹത്യയെ ഇതുമായി ബന്ധിപ്പിച്ച് ബ്രേക്കിംഗ് ന്യൂസ് വന്നതും ഗെയിമിന്റേതെന്ന പോലെ കുട്ടികള്‍ ടാസ്‌ക്കുകള്‍ ചെയ്യുന്നതായും വര്‍ത്ത വന്നതോടെ എന്തെങ്കിലും ഉടനടി ചെയ്യേണ്ട ഒരു അടിയന്തരാന്തരീക്ഷം ഉടലെടുത്തു. ശരിയോ തെറ്റൊ വേര്‍തിരിക്കേണ്ട സമയമല്ല, മറിച്ച് കരുതലെടുക്കുക എന്ന മാനസികാവസ്ഥയില്‍ സമൂഹം എത്തിചേര്‍ന്നു. പലരും ശരിയെന്ന് തന്നെ വിശ്വസിക്കുന്നു. മാനസികാരോഗ്യ വിദഗ്ധര്‍, സൈബര്‍ സെക്യൂരിറ്റി വിദഗ്ധര്‍ തുടങ്ങി പൊലീസ്, കോടതി, നിയമസഭ വരെ വിഷയത്തില്‍ പ്രതികരിച്ചു. അതും വര്‍ത്തയായി - ഒരു പ്രശ്‌നം സൃഷ്ടിക്കപ്പെടുന്നു.

തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആത്മഹത്യാ ശ്രമങ്ങളില്‍ ഒരെണ്ണം പോലും ഗെയിമുമായി ബന്ധിക്കാന്‍ കഴിഞ്ഞില്ല. സൈബര്‍ സെല്‍ സൈബര്‍ ലോകത്ത് മുഴുവന്‍ ദിവസങ്ങളോളം അരിച്ച് പെറുക്കിയിട്ടും ഗെയിമിന്റേതെന്ന് പറയാവുന്ന ലിങ്ക് ലഭിക്കാത്തതിനാല്‍ അങ്ങനെ ഒരു ഗെയിം കേരളത്തില്‍ നിലവിലില്ല എന്ന നിഗമനത്തില്‍ എത്തിച്ചേരുകയാണുണ്ടായത്! അപ്പോള്‍ പിന്നെ ഗെയിമിന് സമാന രീതിയില്‍ ആത്മഹത്യാ പ്രവണത കാണിച്ച കുട്ടികള്‍ എന്തുകൊണ്ടങ്ങനെ ചെയ്തു എന്നുള്ള ചോദ്യം അവശേഷിക്കുന്നു. ആദ്യമാദ്യമുള്ള റിപ്പോര്‍ട്ടുകള്‍ മാധ്യമങ്ങള്‍ കെട്ടിച്ചമച്ചത് തന്നെയായിരുന്നു - ഗെയിം കൂടുതലായി കേരളത്തില്‍ ഡൗണ്‍ലോഡ് ചെയ്യപ്പെടുന്നു, കടല്‍ തീരത്ത് പോയ യുവാക്കള്‍ ടാസ്‌ക്ക് ചെയ്യുകയായിരുന്നു എന്ന രീതിയില്‍. പീന്നീട് റിപ്പോര്‍ട്ട് ചെയ്ത കേസുകള്‍ക്ക് ശാസ്ത്രീയമായ വിശദീകരണമുണ്ട്.

മാധ്യമങ്ങളിലുടെയും അല്ലാതെയും പൊതുശ്രദ്ധയില്‍ വരുന്ന ആത്മഹത്യകളെ അനുകരിച്ച് ഉണ്ടാകുന്ന ആത്മഹത്യാ തരംഗത്തെ 'വെര്‍തര്‍ പ്രഭാവം' എന്നാണ് പറയുക. ജര്‍മ്മര്‍ എഴുത്തുകാരന്‍ ഗോറ്റായുടെ പതിനെട്ടാം നൂറ്റാണ്ടില്‍ പ്രസിദ്ധീകരിച്ച 'വെര്‍തറുടെ സങ്കടങ്ങള്‍' എന്ന നോവലിലെ കേന്ദ്ര കഥാപാത്രത്തിന്റെ ആത്മഹത്യ അനുകരിച്ച് കുറെയേറെ യുവാക്കള്‍ ആത്മഹത്യയ്ക്ക് ശ്രമിക്കുകയുണ്ടായെന്നുള്ള ചരിത്രം ഇരിക്കെ, 1970കളില്‍ ആത്മഹത്യാഗവേഷകനായ ഡേവിഡ് ഫിലിപ്‌സ് ഈ രീതിയില്‍ പൊതു പ്രചാരത്തിന്റെ പ്രേരണ അനുകരിച്ചുണ്ടാക്കുന്ന ആത്മഹത്യാ തരംഗത്തെ 'വെതര്‍ പ്രഭാവം' എന്ന് പേരിട്ട് വിളിച്ചു. അങ്ങനെ കേരളത്തില്‍ ബ്യൂവെയില്‍ പ്രേരണ ആയി റിപ്പോര്‍ട്ട് ചെയ്തവയെല്ലാം മാധ്യമ പ്രചാരത്തില്‍ നിന്നും ഉണ്ടായ വെര്‍തര്‍ പ്രഭാവമായിരുന്നു.

വെര്‍തര്‍ പ്രഭാവത്തിന്റെ ശാസ്ത്രീയ സ്ഥിരീകരണം ശക്തിപ്പെട്ടതോടെയാണ് പാശ്ചാത്യ രാജ്യങ്ങളില്‍ മാധ്യമങ്ങള്‍ ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന രീതിക്ക് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ വന്നത്. ഇത് പ്രകാരം അതിപ്രധാനമായി വലിയ തലക്കെട്ടോടു കൂടിയ രീതിയിയെയോ ആത്മഹത്യയ്ക്ക് ഉപയോഗിച്ച രീതിയേയൊ വിസ്തരിക്കുന്നത് ഒഴിവാക്കണമെന്നുണ്ട്. അനുകരണ പ്രേരണ ഒഴിവാക്കാന്‍ ലക്ഷ്യം വയ്ക്കുന്ന ഈ നിര്‍ദ്ദേശങ്ങള്‍ പാശ്ചാത്യ രാജ്യങ്ങളില്‍ പ്രാവര്‍ത്തികമാക്കിയിട്ടുണ്ട്.  ഇന്ത്യയില്‍ മാനസികാരോഗ്യ ഡോക്ടര്‍മാരുടെ സംഘടനയായ 'ഇന്ത്യന്‍ സൈക്യാട്രിക്ക് സൊസൈറ്റി' അത് എഴുതിയുണ്ടാക്കിയിട്ടുണ്ട്. പക്ഷേ മാധ്യമ ഇടപെടല്‍ നടത്തുന്ന ഡോക്ടര്‍മാരുള്‍പ്പടെ ആരും തന്നെ അത് പ്രയോഗത്തില്‍ കൊണ്ടു വരുന്നില്ല എന്നതാണ് ബ്ലൂവെയില്‍ വിഷയം വ്യക്തമാക്കുന്നത്. സോഷ്യല്‍മീഡിയ അസത്യങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ വളരെ മുന്നില്‍ നില്‍ക്കുന്നു. പത്ത് പേര്‍ക്ക് അയച്ചുകൊടുക്കുക, കൂടുതല്‍ പേര്‍ക്ക് ഷെയര്‍ ചെയ്യൂ എന്നെല്ലാം പറഞ്ഞ് ദിവസേന മെസേജുകള്‍ നമ്മുടെ മൊബൈല്‍ ഫോണില്‍ എത്തുന്നു. ഇതെല്ലാം വിവേചന ബുദ്ധിയോടെ തിരിച്ചറിയാന്‍ നമുക്ക് പറ്റണം. ബ്രേക്കിംഗ് ന്യൂസുകളുടെ ഈ കാലത്ത് സത്യവിരുദ്ധമായ വാര്‍ത്തകളെ ശാസ്ത്രീയാവബോധത്തിന്റെ വെളിച്ചത്തില്‍ തള്ളിക്കളയാനുതകുന്ന മാധ്യമ സാക്ഷരത നമ്മള്‍ വളര്‍ത്തിയെടുക്കേണ്ടതുണ്ട്.

Next Story

Related Stories