TopTop
Begin typing your search above and press return to search.

വനിത പോലീസുകാര്‍ ഇല്ലാത്ത സ്‌റ്റേഷന്‍, മൂത്രക്കുടം പേറുന്ന തടവുകാര്‍, ഗൗരിയമ്മയുടെ ആദ്യ അറസ്റ്റ്, ജയില്‍ ജീവിതം

വനിത പോലീസുകാര്‍ ഇല്ലാത്ത സ്‌റ്റേഷന്‍, മൂത്രക്കുടം പേറുന്ന തടവുകാര്‍, ഗൗരിയമ്മയുടെ ആദ്യ അറസ്റ്റ്, ജയില്‍ ജീവിതം

ഏറെ സവിശേഷതകള്‍ നിറഞ്ഞ വ്യക്തിത്വമാണ് കെ.ആര്‍. ഗൗരിയുടേത്. ഗൗരിയമ്മ എന്ന് കേരളീയര്‍ എക്കാലവും സ്‌നേഹാരദരങ്ങളോടെ വിളിക്കുന്ന നേതാവ്. അവര്‍ ആദ്യം അറസ്റ്റിലാകുന്നതും ശിക്ഷിക്കപ്പെടുന്നതുമൊക്കെ മലയാളികള്‍ ഏറെ ചര്‍ച്ച ചെയ്ത സംഭവ ഗതികളാണ്. അത്യന്തം വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു അക്കാലത്തെ രാഷ്ട്രീയ പ്രവര്‍ത്തനം. പറഞ്ഞറിയിക്കാനാവാത്ത തരത്തില്‍ ദുരിതം നിറഞ്ഞതായിരുന്നു അന്നാളുകളിലെ ജയില്‍ ജീവിതം. ഗൗരിയമ്മയുടെ ആത്മകഥയിലും പിന്നീട് പല അഭിമുഖങ്ങളിലും അവര്‍ ഇക്കാര്യങ്ങള്‍ സുദീര്‍ഘം പ്രതിപാദിച്ചിട്ടുണ്ട്.

1948ലെ കൊല്‍ക്കത്ത തിസീസിനുശേഷമാണ് കെ. ആര്‍. ഗൗരി അറസ്റ്റിലാകുന്നത്. ഇന്ത്യന്‍ സ്വാതന്ത്ര്യം ഇന്ത്യന്‍ ബൂര്‍ഷ്വാസി ഉപേക്ഷിച്ചുവെന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടി തീരുമാനത്തിലെത്തിയ കാലമായിരുന്നു അത്. പാര്‍ട്ടി നിരോധിക്കപ്പെട്ടു. പാര്‍ട്ടിയുടെ പ്രമുഖ നേതാക്കളെല്ലാം ഒളിവിലാണ്. ഗൗരിയമ്മയോട് ഒളിവില്‍ പോകേണ്ടെന്നായിരുന്നു പാര്‍ട്ടി നല്‍കിയിരുന്ന നിര്‍ദ്ദേശം. പാര്‍ട്ടിയുടെ തൊഴിലാളി യൂണിയനുകളെല്ലാം നിയമവിരുദ്ധമാക്കപ്പെട്ടിരുന്നുവെങ്കിലും പല പേരുകളില്‍ ഈ സംഘടനകള്‍ പ്രവര്‍ത്തിച്ചിരുന്നു.

നേതാക്കളൊക്കെ അണ്ടര്‍ ഗ്രൗണ്ടിലായതിനാല്‍ അക്കാലത്ത് ചേര്‍ത്തല കോടതിയില്‍ അഭിഭാഷകയായിരുന്ന കെ.ആര്‍. ഗൗരിയെ പോലുള്ളവരുടെ ചുമലിയായിരുന്നു പാര്‍ട്ടിയുടേയും വിവിധ സംഘടനകളുടേയും നടത്തിപ്പിന്റെ ഉത്തരവാദിത്തം വന്നു ഭവിച്ചത്. ചേര്‍ത്തല കയര്‍ ഫാക്ടറി തൊഴിലാളി യൂണിയന്‍ അക്കാലത്ത് തൊഴിലാളി സംഘടന എന്ന പേരിലാണ് പ്രവര്‍ത്തിച്ച് വന്നിരുന്നത്. ദേവസ്വംചിറ കയര്‍ ഫാക്ടറിയില്‍ ഡിഎ സമരം ആരംഭിച്ചു. കൊടിയുമായി ഫാക്ടറിക്കകത്ത് കുത്തിയിരുന്ന സമരക്കാരെ ഒരു ദിവസം പുലര്‍ച്ചെ പോലീസ് എത്തി അറസ്റ്റു ചെയ്തുനീക്കാന്‍ തുടങ്ങി. വിവരം അറിഞ്ഞ് ഗൗരിയമ്മ അവിടെ എത്തിയപ്പോള്‍ കണ്ടത് കൊടിയും പറിച്ച് സമരക്കാരേയും കൂട്ടി പോകുന്ന പോലീസിനെയാണ്. ക്ഷുഭിതയായ ഗൗരിയമ്മ പോലീസുകാരന്റെ കൈയില്‍ നിന്നും കൊടി പിടിച്ചു വാങ്ങാന്‍ ശ്രമിച്ചു. പിടിവലിയ്ക്കിടെ തൊഴിലാളികളും ഗൗരിയമ്മയുടെ ഒപ്പം ചേര്‍ന്നതോടെ കാര്യങ്ങള്‍ പിടിവിട്ടുപോകുമെന്ന് മനസ്സിലാക്കിയ പോലീസ് കൊടി തിരികെ നല്‍കാന്‍ തയാറായി. അതിനുശേഷം മാത്രമേ സമരക്കാരേയും കൊണ്ടു പോലീസിനു അവിടെ നിന്നും പോകാന്‍ ആയുളളു.

ഈ നടപടി പോലീസിനെ പ്രകോപിപ്പിച്ചു. രണ്ടു ദിവസത്തിനുള്ളില്‍ ഗൗരിയമ്മ അഭിഭാഷകയായി പ്രവര്‍ത്തിക്കവെ താമസിച്ചിരുന്ന ചേര്‍ത്തലയിലെ വീട്ടില്‍ പോലീസ് എത്തി. പുലര്‍ച്ചെ ആറു മണിക്ക് സിഐഡി സ്വാമിയാണ് ആദ്യം എത്തിയത്. ചായ കുടിക്കാന്‍ കൊടുത്തിട്ടും പോകാതെ സിഐഡി അവിടെ കുത്തിയിരുന്നു. ഏഴു മണിയോടെ സബ് ഇന്‍സ്‌പെക്ടര്‍ രാമന്‍ കുട്ടിനായരും എത്തി. അദ്ദേഹം പറഞ്ഞു.

''I am very sorry. I have to arrest you. There is a warrent for it.'' ഇത്രയും കേട്ടതോടെ ഗൗരിയമ്മ ദേഷ്യത്തിലായി. അവര്‍ പറഞ്ഞു. ''നിങ്ങളുടെ സിഐഡി നേരത്തെ വന്നതാണ്. അദ്ദേഹം പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ കുളിച്ചൊരുങ്ങി നില്‍ക്കുമായിരുന്നു. ഞാന്‍ പല്ലുപോലും തേച്ചിട്ടില്ല.'' എന്തായാലും ഒരു മണിക്കൂര്‍ കൊണ്ട് അറസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി അവരെ ചേര്‍ത്തല പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പുലര്‍ച്ചെ വലിയ പോലീസ് സന്നാഹം എത്തിയതറിഞ്ഞ് ഗൗരിയമ്മയുടെ വീടിനു ചുറ്റം ആയിരക്കണക്കിനാളുകളായിരുന്നു തടിച്ചു കൂടിയിരുന്നത്. ജീപ്പില്‍ കയറ്റി കൊണ്ടുപോകുമ്പോള്‍ അവര്‍ ആള്‍ക്കൂട്ടത്തെ നോക്കി കൈവീശി കാണിച്ചെങ്കിലും പ്രത്യഭിവാദനം ചെയ്യാന്‍ ആളുകള്‍ ഭയന്നു. ഒരു കൈ മാത്രമാണ് ഉയര്‍ന്നുവീശിയത്. തങ്ങളെക്കൂടി പിടിച്ചുകൊണ്ടുപോയെങ്കിലോ എന്ന ഭയമായിരുന്നു അവര്‍ക്കെല്ലാം.

അക്കാലത്ത് ചേര്‍ത്തല പോലീസ് സ്‌റ്റേഷനില്‍ രണ്ട് ലോക്കപ്പ് മുറികളായിരുന്നു ഉണ്ടായിരുന്നത്. ഗൗരിയമ്മയെ അവിടെ കൊണ്ടുചെല്ലുമ്പോള്‍ തന്നെ 25ല്‍പരം കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകര്‍ അവിടെ ഉണ്ടായിരുന്നു. അത് കൂടാതെ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതികളും. ഇതിലൊരു മുറി ഒഴിപ്പിച്ച് ഗൗരിയമ്മയെ വൈകിട്ടോടെ ലോക്കപ്പിലാക്കി. അത്യന്തം ശോചനീയമായിരുന്നു അവിടത്തെ ജയില്‍ മുറികളുടെ സ്ഥിതി. മൂക്കില്‍ നിന്നും കൈയെടുത്താല്‍ മൂത്രത്തിന്റെ ഗന്ധം തുളച്ചു കയറും. അന്ന് ചേര്‍ത്തലയിലെ പോലീസ് സ്‌റ്റേഷനില്‍ വനിത പോലീസ് ഇല്ല. തിരുവിതാംകൂറില്‍ അന്ന് ആകപ്പാടെ ഉള്ളത് 20 വനിത പോലീസുകാരായിരുന്നു. അറസ്റ്റ് ചെയ്തതിനു പിറ്റേന്നാളാണ് തിരുവനന്തപുരത്ത് നിന്നും വനിത പോലീസ് എത്തിയത്.

അക്കാലത്ത് നിലവിലുണ്ടായിരുന്ന സെക്യൂരിറ്റീസ് നീയമം അനുസരിച്ചായിരുന്നു ഗൗരിയമ്മയുടെ അറസ്റ്റ്. നിലവിലുള്ള സര്‍ക്കാരിനോട് ജനങ്ങള്‍ക്ക് വെറുപ്പും വിദ്വേഷവും വരുന്ന തരത്തില്‍ പ്രസംഗിച്ചുവെന്നതായിരുന്നു അവര്‍ക്കെതിരെ ചുമത്തിയ കേസ്. പട്ടിണിമൂലം സര്‍ സിപിയുടെ കാലത്ത് തീറ്റിച്ചതിലധികം പിണ്ണാക്ക് കഴിക്കേണ്ട അവസ്ഥയാണ് ജനങ്ങള്‍ക്കിപ്പോഴെന്ന് പ്രസംഗിച്ചുവെന്നതിന്റെ പേരിലായിരുന്നു നടപടി. ഈ പ്രസംഗം മൂലം ജനങ്ങള്‍ക്ക് സര്‍ക്കാരിനെതിരെ വിദ്വേഷമുണ്ടെന്നായിരുന്നു ചാര്‍ജ്. അറസ്റ്റ് ചെയ്ത അന്നു തന്നെ കോടതിയില്‍ ചാര്‍ജ് ഷീറ്റും കൊടുത്തു. അക്കാലത്ത് മജിസ്‌ട്രേറ്റും തഹസില്‍ദാരും ഒരാള്‍ തന്നെ ആയിരുന്നു. മജിസ്‌ട്രേറ്റ് അവരെ റിമാന്‍ഡ് ചെയ്തു. താലൂക്ക് ഓഫീസിലെ ഹാള്‍ തന്നെയായിരുന്നു കോടതി മുറി.

റിമാന്‍ഡ് പ്രതികളെ സബ് ജയിലിലാക്കുന്ന രീതിയൊന്നും അക്കാലത്ത് ഉണ്ടായിരുന്നില്ല. പോലീസ് ലോക്കപ്പില്‍ തന്നെയായിരുന്നു അവരേയും സൂക്ഷിച്ചിരുന്നത്. തടവുമുറിയില്‍ മലമൂത്ര വിസര്‍ജ്ജനത്തിനുള്ള സൗകര്യം ഇല്ല. ഒരു കുടം കൊടുത്തിരുന്നു. അതില്‍ മൂത്രം ഒഴിക്കണം. വയറ്റില്‍ സുഖമില്ലാത്തവര്‍ മലമൂത്ര വിസര്‍ജ്ജനം അതില്‍ തന്നെ ചെയ്യണം. കാലത്ത് മലമൂത്ര വിസര്‍ജ്ജനത്തിനും ആഹാരം കൊടുക്കാനും തുറക്കും. തുറക്കുന്ന സമയത്ത് മൂത്രക്കുടം പുറത്തുകൊണ്ട്‌പോയി വൃത്തിയാക്കി കൊണ്ടുവരണം. രാവിലെ പുറത്തിറക്കുമ്പോള്‍ വിസര്‍ജ്ജനത്തിന് ചേര്‍ത്തല സ്‌റ്റേഷനില്‍ പ്രത്യേക സൗകര്യം ഇല്ലാത്തതിനാല്‍ പുത്തന്‍തോടിന്റെ കരയിലേക്ക് കൊണ്ടുപോകും. അക്കാലത്ത് തടവുമുറിയിലെ ജീവിതം നരകസമാനമായിരുന്നു. പ്രതികളുടെയെല്ലാം തല മുണ്ഡനം ചെയ്യുമായിരുന്നു.

വനിത പോലീസ് കൂടി എത്തിയതോടെ സ്‌റ്റേഷനിലെ റെക്കോഡ് മുറിയായി ഉപയോഗിച്ചിരുന്ന മുറി ഒഴിപ്പിച്ച് അവിടെയായിരുന്നു ഗൗരിയമ്മയേയും പോലീസ്‌കാരികളേയും പാര്‍പ്പിച്ചത്. ചേര്‍ത്തല ബാറിലെ അഭിഭാഷക കൂടിയായിരുന്ന ഗൗരിയമ്മയ്ക്കു കക്കൂസില്‍ പോകാന്‍ സിഐഡി കുഞ്ഞുപണിക്കന്റെ വീട്ടില്‍ പോലീസ് സൗകര്യം നല്‍കി. സ്റ്റേഷനു തെക്കുവശത്തുള്ള റോഡ് കടന്ന് പടിഞ്ഞോട്ടു പോകണം ഈ വീട്ടിലെത്താന്‍. കുളിക്കുന്നതിന് ഗൗരിയമ്മയയ്ക്കു സ്‌റ്റേഷന്‍ കോംപൗണ്ടില്‍ തന്നെ സൗകര്യം ലഭിച്ചിരുന്നു. അവിടെ മുകള്‍ ഭാഗം തുറന്ന കല്ലുകെട്ടിയ മറപ്പുര ഉണ്ടായിരുന്നു.അക്കാര്യങ്ങളിലൊന്നും മറ്റു തടവുകാര്‍ക്ക് നേരിടേണ്ടത്ര ബുദ്ധിമുട്ട് അവര്‍ക്കവിടെയുണ്ടായില്ല. പൊതുവില്‍ സൗമ്യമായിട്ടായിരുന്നു ഗൗരിയമ്മയോട് ചേര്‍ത്തലയിലെ പോലീസ് പെരുമാറിയിരുന്നത്. ഇങ്ങനെ പെരുമാറിയിരുന്ന പോലീസുകാര്‍ തന്നെ തടവിലുള്ള മറ്റ് കമ്യൂണിസ്റ്റ് കാരോട് പറയും:

''നോക്കെടാ, കാശുള്ള വീട്ടിലെ പെണ്ണുങ്ങള്‍ ജയിലില്‍ വന്നിട്ട് അവര്‍ രാജകുമാരിയെ പോലെ കഴിയുന്നു. സര്‍ക്കാര്‍ ചെലവില്‍ രണ്ട് തോഴിമാരേയും വച്ച് കൊടുത്തിരിക്കുന്നു. നീയെല്ലാം എന്തിന് രാഷ്ട്രീയം നടത്തുന്നു.'' എന്നാല്‍ കേസിന്റെ നടപടികള്‍ പുരോഗമിച്ചതോടെ എസ്‌ഐ രാമന്‍ കുട്ടി നായരും മറ്റും അസ്വസ്ഥരായി. പി.കൃഷ്ണ പിള്ളയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് കേസ് തര്‍ക്കിക്കാന്‍ തീരുമാനിച്ചതാണ് അവരെ പ്രകോപിപ്പിച്ചത്. ഗൗരിയമ്മയുടെ സഹോദരി ഭര്‍ത്താവും പ്രമുഖ ക്രിമിനല്‍ അഭിഭാഷകനുമായ കെ.ജി. കുമാരന്‍ ആയിരുന്നു ഗൗരിയമ്മയ്ക്കായി ഹാജരായത്.

കേസിന്റെ വിചാരണ വലിയ പ്രധാന്യത്തോടെയാണ് പത്രങ്ങള്‍ നല്‍കിയിരുന്നത്. ഓരോ ദിവസത്തേയും വാദത്തിന്റെ വിശദമായ റിപ്പോര്‍ട്ട് പത്രങ്ങള്‍ നല്‍കി. നൂറു കണക്കിനാളുകള്‍ വാദങ്ങള്‍ നേരിട്ട് കേള്‍ക്കാന്‍ എല്ലാ ദിവസങ്ങളിലും കോടതിയില്‍ എത്തുകയും ചെയ്തു. കേസില്‍ ആറുമാസം വെറും തടവിനു ഗൗരിയമ്മയെ ശിക്ഷിച്ചു തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് അയച്ചു. മജിസ്‌ട്രേറ്റും പോലീസ് ഇന്‍സ്‌പെക്ടറും കൂടി ആലോചിച്ചായിരുന്നു അക്കാലത്ത് ശിക്ഷ വിധിച്ചിരുന്നത്.

രണ്ട് വനിത പോലീസുകാരുടേയും ഒരാണ്‍ പോലീസിന്റേയും അകമ്പടിയില്‍ ബസ്സുകള്‍ മാറിമാറി കയറി തിരുവനന്തപുരത്ത് എത്തിയപ്പോള്‍ രാത്രി ആയതിനാല്‍ ആ ദിവസം അവരെ സെക്രട്ടറിയററിനു സമീപത്തെ പോലീസ് സ്‌റ്റേഷനില്‍ പാര്‍പ്പിയ്ക്കുകയായിരുന്നു. പിറ്റേദിവസമാണ് പൂജപ്പുരയിലേക്ക് അവരെ മാറ്റിയത്. സെക്രട്ടറിയറ്റിനു സമീപത്തെ പോലീസ് സ്‌റ്റേഷനിലെ ലോക്കപ്പുമുറിയില്‍ പായയും തലയിണയും കൊണ്ടുവന്നു കൊടുത്ത പോലീസ് കോണ്‍സ്റ്റബിള്‍ ഗൗരിയമ്മയോട് പറഞ്ഞു:''ഞാന്‍ പായയും തലയിണയും കൊടുത്ത് ലോക്കപ്പില്‍ താമസിച്ചവരെല്ലാം മന്ത്രിയായിട്ടുണ്ട്. പട്ടം താണുപിള്ള സാറിന് ഈ മുറിയില്‍ പായയും തലയിണയും കൊടുത്തത് ഞാനാണ്. സാറും മന്ത്രിയാകും. അപ്പോള്‍ എന്നെ മറക്കരുത്.''

ആ പ്രവചനം എന്തായാലും ഫലിച്ചു. ആദ്യ കേരള മന്ത്രിസഭയില്‍ തന്നെ അവര്‍ അംഗമായി. കൃഷി മന്ത്രി. പില്‍ക്കാലത്ത് വ്യവസായം അടക്കം സുപ്രധാനങ്ങളായ പല വകുപ്പുകളും ഭരിച്ചു. കേരളം ഒരിയ്ക്കലും മറക്കാത്ത മന്ത്രിയായി ഗൗരിയമ്മ. പക്ഷെ പലരും പ്രതീക്ഷിച്ചതുപോലെയും അണികള്‍ പാടി നടന്നതുപോലേയും മുഖ്യമന്ത്രിയായില്ല. കേരം തിങ്ങുന്ന കേരള നാട് മുഖ്യമന്ത്രി എന്ന നിലയില്‍ ഭരിക്കാന്‍ അവര്‍ക്ക് ആയില്ല. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചിട്ടവട്ടങ്ങള്‍ക്കിടയില്‍ നിന്നും ആ നിത്യ പോരാളി പിന്നീട് പുറത്ത് പോവുകയും ചെയ്തു. നൂറ് വയസ്സു പിന്നീട്ട ഗൗരയമ്മ സ്വന്തം രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ അമരത്ത് ഇപ്പോഴും സജീവം.

(അവലംബം:

1. ആത്മകഥ, കെ.ആര്‍. ഗൗരിയമ്മ, മാതൃഭൂമി ബുക്‌സ്, കോഴിക്കോട്.

2. ഗൗരിയമ്മയുടെ വിവിധ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച അഭിമുഖങ്ങള്‍)


Next Story

Related Stories