TopTop
Begin typing your search above and press return to search.

ചീപ്പില്‍ പ്രണയം കൈമാറുന്ന സമൂഹം കേരളത്തിലോ?

ചീപ്പില്‍ പ്രണയം കൈമാറുന്ന സമൂഹം കേരളത്തിലോ?

പൂവു ചോദിച്ചും പുസ്തകം ചോദിച്ചും പേരു ചോദിച്ചും ഒക്കെ തുടങ്ങുന്നതാവുന്നു പ്രണയമെന്ന് പറഞ്ഞത് കുഞ്ഞുണ്ണി മാഷാണ്. ഇത്തരം പ്രണയങ്ങള്‍ പുസ്തകങ്ങളിലും സിനിമകളിലും നമ്മള്‍ എമ്പാടും കണ്ടിട്ടുണ്ട്. പുസ്തകത്തിലും പൂവിലുമൊക്കെ നമ്മളില്‍ പലരും പ്രണയം കൈമാറിയിട്ടുമുണ്ട്. കാലമെത്ര മാറിയിട്ടും ഇപ്പോഴും കൈമാറുന്നുമുണ്ട്. എന്നാല്‍ ചീപ്പില്‍ പ്രണയം കൈമാറുന്ന സമൂഹം? കേള്‍ക്കുമ്പോള്‍ കൗതുകം തോന്നിയേക്കാം, അവിശ്വസനീയതയും. എന്നാല്‍ അത്തരം ആളുകള്‍ കേരളത്തില്‍ തന്നെയുണ്ടെന്ന് അറിയുമ്പോഴോ? സമ്മതിച്ച് തരാന്‍ കുറച്ച് വിസമ്മതം പലരിലും കണ്ടേക്കാം.

പ്രണയം അടയാളപ്പെടുത്തിയ കൈലേസുകളെ കുറിച്ചും വസ്ത്രങ്ങളെ കുറിച്ചുമൊക്കെ കേട്ടിട്ടുള്ളവര്‍ക്ക് ചീപ്പില്‍ അടയാളപ്പെടുത്തപ്പെടുന്ന പ്രണയ കല്‍പന അത്യുക്തിയാണെന്നു കൂടി തോന്നിയേക്കാം. എന്നാല്‍ വാസ്തവമാണിത്. ചീപ്പില്‍ ഒളിപ്പിച്ച് പ്രണയം പ്രകടിപ്പിക്കുന്നത് കേരളത്തിലെ പ്രാക്തന ആദിവാസി സമൂഹങ്ങള്‍ക്കിടയില്‍ പതിവായിരുന്നു. ചീപ്പ് മുടിമേലെ കൊരുത്തു വെയ്ക്കുന്നത് വിവാഹ ചടങ്ങിന്റെ ഭാഗമായും നിലനില്‍ക്കുന്നു.

സ്വന്തമായി നിര്‍മിച്ചെടുക്കുന്ന ചീപ്പ് ആദിവാസികളുടെ ജീവിതവുമായും അവരുടെ വിശ്വാസങ്ങളുമായും പലതരത്തില്‍ ഇടകലര്‍ന്നു കിടക്കുന്നു. പ്രണയത്തിന്റെ രൂപകമായും മാന്ത്രികശക്തിയുടെ ആധാരമായും ഒക്കെ അവര്‍ അതിനെ കാത്തുപോരുന്നു. ചീപ്പിനെ ചെകിറ് എന്നാണ് പല ആദിവാസി സമൂഹങ്ങളും വിളിച്ചുപോരുന്നത്. ആദിവാസികള്‍ക്കിടയിലെ മുതുവാന്‍ വംശക്കാരാണ് പ്രണയം അറിയിക്കുന്നതിനായി ചീപ്പ് കൈമാറുന്നത്.

ഏതെങ്കിലും ഒരു പെണ്ണിനെ ഇഷ്ടമായാല്‍ പുരുഷന്‍ തന്റെ സഹോദരി വഴി ഒരു ചീപ്പ് അവള്‍ക്ക് കൊടുത്തുവിടും. അതവള്‍ സ്വീകരിക്കുകയാണെങ്കില്‍ ആ പുരുഷനുമായുള്ള വിവാഹം അവള്‍ക്കിഷ്ടമാണെന്നര്‍ഥം. സ്വീകരിച്ചില്ലെങ്കില്‍ ഇഷ്ടമല്ലെന്നും. ഇത്തരത്തില്‍ ചീപ്പ് പ്രണയ സ്മാരകം കൂടി ആയിത്തീരുന്നു. മുതുവാന്മാരുടെ വിവാഹ ചടങ്ങിലും ചീപ്പ് കടന്നുവരുന്നത് കാണാം. വരന്‍ സ്വയം ഉണ്ടാക്കിയ ഒരു ചീപ്പ് വധുവിന്റെ മുടിക്കെട്ടില്‍ തിരുകി വെക്കുന്നതോടെയാണ് ഇവരുടെ വിവാഹ ചടങ്ങുകള്‍ പൂര്‍ത്തിയാകുന്നത്. ഈ ചീപ്പിന്റെ നിര്‍മ്മാണഭംഗി വരന്റെ സാമര്‍ഥ്യം കാണിക്കുന്നു. മരണംവരെ ഈ ചീപ്പ് ഭാര്യ മുടിയില്‍ ചൂടണമെന്നതാണ് ഇവരുടെ ഇടയിലുള്ള വിശ്വാസം.

ആദിവാസികളുടെ തനത് കലാ പാരമ്പര്യത്തിന്റേയും നിര്‍മാണ കൗശലത്തിന്റെയും മുദ്രകള്‍ പേറുന്നവയാണ് ചീപ്പുകള്‍. മുള, ഈറ മുതലായവ കൊണ്ട് മനോഹരങ്ങളായ ചീപ്പുകള്‍ മിക്കവാറും ആദിവാസി വിഭാഗങ്ങളില്‍ പെട്ടവരൊക്കെ ഉണ്ടാക്കിയെടുത്തിരുന്നു. ചീപ്പ് തലയില്‍ തന്നെ വെച്ച് നടക്കുന്ന ശീലക്കാരാണ് ഇവരില്‍ പലരും. മുതുവാന്‍, കുറുമ്പര്‍, മലവേടര്‍. കാടര്‍, പണിയര്‍ തുടങ്ങിയവരിലെല്ലാം തലമുടി മുളം ചീപ്പിനാല്‍ ഒതുക്കിക്കെട്ടി ചീപ്പ് തലമുടിയില്‍ തന്നെ ഒരലങ്കാരമായി തിരുകി വെയ്ക്കുന്നു. ഇത്തരത്തില്‍ ചീപ്പ് മുടിയില്‍ അലങ്കരിച്ച് വെയ്ക്കുന്ന രീതി പാശ്ചാത്യ സമൂഹങ്ങളിലും ഉണ്ടായിരുന്നു. മുതുവാന്മാര്‍ വിവാഹ വേളകളില്‍ സ്‌നേഹ സമ്മാനമായും ചീപ്പ് നല്‍കാറുണ്ട്. ചീപ്പില്‍ മാന്ത്രികതയും ശക്തിയും ഒക്കെ ആദിവാസി സമൂഹങ്ങള്‍ കല്പിച്ചിരുന്നു. ഉള്‍കാട്ടില്‍ വന വിഭവങ്ങള്‍ ശേഖരിക്കാന്‍ പോകുമ്പോള്‍ മാന്ത്രിക ചിഹ്നങ്ങള്‍ കൊത്തിയ ചീപ്പാണ് ഉപയോഗിക്കുക. ഈ ചീപ്പ് ഭൂത പ്രേത പിശാചുക്കളില്‍ നിന്നും തങ്ങളെ രക്ഷിക്കുമെന്നാണ് അവര്‍ വിശ്വസിയ്ക്കുന്നത്.


Next Story

Related Stories