TopTop
Begin typing your search above and press return to search.

ഉമര്‍ മത്തീന്‍; കൊലയാളിയായി മാറിയ ബോഡി ബില്‍ഡര്‍

ഉമര്‍ മത്തീന്‍; കൊലയാളിയായി മാറിയ ബോഡി ബില്‍ഡര്‍

അഴിമുഖം പ്രതിനിധി

യുഎസിലെ ഒര്‍ലാന്‍ഡോയില്‍ ഞായറാഴ്ച രാത്രി സ്വവര്‍ഗ്ഗാനുരാഗികളുടെ നിശാക്ലബില്‍ 50 പേരെയാണ് ഉമര്‍ മത്തീന്‍ എന്ന യുവാവ് വെടിവെച്ചു കൊലപ്പെടുത്തിയത്.

അഫ്ഗാനിസ്ഥാനില്‍ കുടുംബ വേരുകളുള്ള ഈ 29-കാരന്‍ ഒരു ബോഡിബില്‍ഡറും സെക്യൂരിറ്റി ഗാര്‍ഡുമായിരുന്നു. പതിവായി പള്ളിയില്‍ പ്രാര്‍ത്ഥനയ്ക്കായി പോകാറുള്ള, മത രീതികള്‍ പിന്തുടരുന്ന മത്തീന്‍ ഒരിക്കല്‍ ഒരു പോലീസ് ഓഫീസറാകാനുള്ള താല്‍പര്യവും പ്രകടിപ്പിച്ചിരുന്നു. എങ്കിലും ആ വഴിക്കു അദ്ദേഹം പോയില്ല.

യുഎസില്‍ ടോക്ക് ഷോ അവതരിപ്പിക്കുന്ന ഒരു അഫ്ഗാന്‍ കുടിയേറ്റക്കാരന്റെ മകനാണ് മത്തീന്‍. ഈ ഷോയുടെ വിശദാംശങ്ങള്‍ മുഴുവനായും ഇപ്പോള്‍ വ്യക്തമായിട്ടില്ല. ഇത് ഒരു താലിബാന്‍ അനുകൂല പരിപാടിയായിരുന്നെന്നാണ് ഒരു മുന്‍ അഫ്ഗാന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞത്. എന്നാല്‍ അദ്ദേഹത്തിന്റെ മുന്‍ സഹപ്രവര്‍ത്തകന്‍ പറഞ്ഞത് അമേരിക്കന്‍ അനുകൂല പരിപാടിയാണെന്നാണ്.

നഗരത്തിലെ ഇസ്ലാമിക് സെന്ററിലെ വൈകുന്നേര പ്രാര്‍ത്ഥനയ്ക്ക് മത്തീന്‍ ആഴ്ചയില്‍ മൂന്നോ നാലോ തവണ എത്താറുണ്ടായിരുന്നെന്ന് അവിടുത്തെ ഇമാം സയ്ദ് ശഫീഖ് റഹ്മാന്‍ പറയുന്നു. ഏറ്റവുമൊടുവില്‍ മകനേയും കൂട്ടിയാണ് മത്തീന്‍ എത്തിയത്. ആരുമായും കൂടുതലായി ഇടപഴകാത്ത പ്രകൃതമായിരുന്നെങ്കിലും മത്തീനില്‍ ഒരു അക്രമകാരിയുടെ ലക്ഷണങ്ങളൊന്നും കണ്ടിരുന്നില്ലെന്നും അദ്ദേഹം പറയുന്നു. വെള്ളിയാഴ്ചയാണ് മത്തീനെ അവസാനമായി കണ്ടതെന്നും അദ്ദേഹം പറഞ്ഞു. 'പ്രാര്‍ത്ഥന അവസാനിച്ചാല്‍ അദ്ദേഹം ഉടന്‍ പോകും. ആരുമായും ഇടപഴകാത്ത ഒരു ശാന്തനായിരുന്നു,' റഹ്മാന്‍ അസോസിയേറ്റഡ് പ്രസ്സിനോട് പറഞ്ഞു.

ഒര്‍ലാന്‍ഡോ നഗരത്തിലെ പള്‍സ് നൈറ്റ് ക്ലബില്‍ ഞായറാഴ്ചയാണ് മത്തീന്‍ തുരുതുരെ വെടിയുതിര്‍ത്ത് 50 പേരെ കൊലപ്പെടുത്തുകയും അതിലേറെ പേര്‍ക്ക് പരിക്കേല്‍പ്പിക്കുകയും ചെയ്തത്. സംഭവസ്ഥലത്തെത്തിയ പ്രത്യേക സായുധ സേന കൊലയാളിയെ വെടിവെച്ചിട്ടതായും അധികൃതര്‍ അറിയിച്ചു. വെടിവെപ്പുണ്ടായ ദിവസം രാവിലെ 911-ലേക്ക് വിളിച്ച് ഇസ്ലാമിക് സ്റ്റേറ്റുമായുള്ള തന്റെ ബന്ധം മത്തീന്‍ സമ്മതിച്ചിരുന്നതായും അവര്‍ പറയുന്നു.

എന്നാല്‍ ഈ ആക്രമണം ഏതെങ്കിലും രാഷ്ട്രീയ കാരണത്താലോ അല്ലെങ്കില്‍ അമേരിക്കന്‍ വിരുദ്ധ വികാരം മൂലമോ അല്ലെന്നാണ് താന്‍ കരുതുന്നതെന്ന് റഹ്മാന്‍ പറയുന്നു. ഇത് മത്തീന് ഉണ്ടായിരിക്കാനിടയുള്ള മാനസിക പ്രശ്‌നങ്ങളുടെ ഫലമായിരിക്കാനാണ് ഏറെ സാധ്യതയെന്നും അദ്ദേഹം പറഞ്ഞു. ഐസിസുമായി ഈ സംഭവത്തിന് യാതൊരു ബന്ധവുമില്ലെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം, റഹ്മാന്‍ പറയുന്നു.കൊലയാളിയുടെ അച്ഛനായ സിദ്ദീഖ് മിര്‍ മത്തീന്‍ ഒരു ലൈഫ് ഇന്‍ഷൂറന്‍സ് സെയ്ല്‍സ്മാനാണ്. 2010-ല്‍ ഡ്യുറന്‍ഡ് ജിര്‍ഗ എന്ന പേരില്‍ ഒരു സ്ഥാപനം തുടങ്ങുകയും ചെയ്തിരുന്നുവെന്ന് ഈ സ്ഥാപനത്തിന്റെ ബോര്‍ഡ് അംഗവും കാലിഫോര്‍ണിയയില്‍ ബിസിനസുകാരനുമായ ഖാസിം തരീന്‍ പറയുന്നു. അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനുമിടയില്‍ ഏറെ കാലമായി തര്‍ക്കത്തിലിരിക്കുന്ന അതിര്‍ത്തി രേഖയായ ഡ്യുറന്‍ഡ് ലൈനിനെയാണ് ഈ സ്ഥാപനത്തിന്റെ പേര് സൂചിപ്പിക്കുന്നത്.

അഫ്ഗാനിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന 'ഡ്യുറന്‍ഡ് ജിര്‍ഗ ഷോ' എന്ന പേരില്‍ സിദ്ദീഖ് മിര്‍ മത്തീനിന് ഒരു ടിവി ഷോ ഉണ്ടായിരുന്നെന്നും തരീന്‍ പറയുന്നു.

ഈ ആക്രമണത്തിനു പിന്നില്‍ ഭീകരവാദ ബന്ധമുണ്ടോ എന്ന കാര്യം അധികൃതര്‍ അന്വേഷിച്ചു വരികയാണ്. കൊലയാളി നൈറ്റ് ക്ലബില്‍ നിന്ന് 911-ലേക്ക് വിളിച്ച് ഐസിസ് തലവന്‍ അബു ബകര്‍ അല്‍ ബഗ്ദാദിയോടുള്ള കൂറ് വെളിപ്പെടുത്തിയിരുന്നതായി ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ പറയുന്നു. കേസ് അന്വേഷണവുമായി ബന്ധമുളള ഈ ഉദ്യോഗസ്ഥന്‍ ഇക്കാര്യം പരസ്യമായി പറയാന്‍ ചുമതലപ്പെടുത്തിയ ആളല്ല. പേര് വെളിപ്പെടുത്തില്ലെന്ന ഉറപ്പിന്‍മേലാണ് ഇക്കാര്യം പുറത്തു പറഞ്ഞത്.

കൊലയാളിയായ മത്തീന്‍ 2013 തന്റെ സഹപ്രവര്‍ത്തകരോട് വിദ്വേഷപരമായി സംസാരിച്ചിരുന്നുവെന്നും രണ്ടു തവണ ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ടെന്നും എഫ്ബിഐ ഏജന്റ് റൊണാള്‍ഡ് ഹോപര്‍ പറയുന്നു. ആ ചോദ്യം ചെയ്യലുകളില്‍ നിന്ന് കാര്യമായൊന്നും ലഭിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മത്തീന് ഒരു അമേരിക്കന്‍ ചാവേര്‍ ആക്രമിയുമായി ബന്ധമുണ്ടായിരുന്നെന്ന് 2014-ല്‍ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നതായും ഹോപര്‍ പറഞ്ഞു. എന്നാല്‍ അത് ഒരു ഭീഷണിയാകുന്ന തരത്തിലായിരുന്നില്ലെന്നും നേരിയ ബന്ധം മാത്രമാണുണ്ടായിരുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

ബ്യൂറോ ഓഫ് ആല്‍ക്കഹോള്‍, ടൊബാക്കോ ആന്റ് ഫയര്‍ ആംസിലെ ട്രെവര്‍ വെലിനോര്‍ പറയുന്നത് കഴിഞ്ഞയാഴ്ചയോ മറ്റോ മത്തീന്‍ ചുരുങ്ങിയത് നിയമപരമായി തന്നെ രണ്ടു ആയുധങ്ങളെങ്കിലും വാങ്ങിയിട്ടുണ്ടെന്നാണ്.

മത്തീനേയും അദ്ദേഹത്തിന്റെ കുടുംബത്തേയും ചെറുപ്പം തൊട്ടെ അറിയാമെന്ന് റഹ്മാന്‍ പറഞ്ഞു. ചെറുപ്പകാലത്ത് കളി പ്രിയനായിരുന്ന മത്തീന്‍ മുതിര്‍ന്നതോടെ കൂടുതല്‍ ഗൗരവക്കാരനായി മാറി. ഇംഗ്ലീഷിനൊപ്പം ഫാര്‍സി ഭാഷയും സംസാരിക്കും. ഒരു ഘട്ടത്തില്‍ പൊലീസ് ഓഫീറസാകാന്‍ ആഗ്രഹിച്ചിരുന്നെങ്കിലും അതിന് കാര്യമായ ശ്രമങ്ങള്‍ നടത്തിയില്ലെന്നും ഇമാം പറഞ്ഞു. ബോഡിബില്‍ഡിംഗും നടത്തിയിരുന്ന മത്തീന്‍ ഇത്തരമൊരു ക്രൂര പ്രവര്‍ത്തി ചെയ്യുന്ന തരക്കാരനായല്ല താന്‍ കണ്ടിരുന്നതെന്നും ഈ വെടിവെപ്പ് തീര്‍ത്തും അപ്രതീക്ഷിതമായിരുന്നെന്നും റഹ്മാന്‍ പറഞ്ഞു.


Next Story

Related Stories