TopTop
Begin typing your search above and press return to search.

ബോളിവുഡ് താരം മല്ലിക ഷെരാവത്തിനു നേരെ പാരീസില്‍ ആക്രമണം

ബോളിവുഡ് താരം മല്ലിക ഷെരാവത്തിനു നേരെ പാരീസില്‍ ആക്രമണം

അഴിമുഖം പ്രതിനിധി

ബോളിവുഡ് താരം മല്ലിക ഷെരാവത് പാരീസില്‍ ആക്രമണത്തിന് ഇരയായതായി വാര്‍ത്ത. മുഖംമൂടി ധരിച്ചെത്തിയ മൂന്നുപേര്‍ മല്ലികയ്ക്കും അവരുടെ ആണ്‍സുഹൃത്തിനും നേരെ കണ്ണിര്‍വാതകം പ്രയോഗിക്കുകയും ഇരുവരെയും അക്രമിക്കുകയുമായിരുന്നു. മല്ലികയുടെ സുഹൃത്തും ഫ്രഞ്ച് പൗരനുമായ സ്രില്ലെ ഓക്‌സെന്‍ഫന്‍സിനെ നിലത്തിട്ട് മര്‍ദ്ദിക്കുകയും മല്ലികയുടെ ബാഗ് തട്ടിപ്പറിക്കാന്‍ ശ്രമം നടത്തുകയുമൊക്കെ ഉണ്ടായതായാണ് സിഎന്‍എന്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് ആക്രമണം നടന്നത്. 40 കാരിയ മല്ലിക സുഹൃത്തായ ഓക്‌സെന്‍ഫന്‍സിനെ സന്ദര്‍ശിക്കാനാണ് പാരീസില്‍ എത്തിയത്. പുറത്തുപോയശേഷം ബിസിനസുകാരനായ ഓക്‌സെന്‍ഫന്‍സിന്റെ താമസസ്ഥലമായ റൂ ഡി ലാ ഫയസാന്‍ഡ്രി അപ്പാര്‍ട്ട്‌മെന്റിലേക്ക് എത്തിയപ്പോഴായിരുന്നു ആക്രമണം ഉണ്ടാകുന്നത്. അപ്പാര്‍ട്ട്‌മെന്റിനകത്തു വച്ചാണ് മുഖംമൂടി ധരിച്ചെത്തിയ മൂന്നുപേര്‍ ഇവരെ തടഞ്ഞുനിര്‍ത്തി മല്ലികയ്ക്കും സുഹൃത്തിനും നേരെ ആദ്യം ടിയര്‍ ഗ്യാസ പ്രയോഗിക്കുകയായിരുന്നു. ഇതിനുശേഷമാണ് ആക്രമിച്ചത്.

മല്ലികയുടെ ഒരു സുഹൃത്ത് സംഭവത്തെ കുറിച്ച് പറയുന്നത് ഇപ്രകാരമാണ്; മല്ലികയും ഓക്‌സെന്‍ഫന്‍സും കാറില്‍ വന്നിറങ്ങി അപ്പാര്‍ട്ട്‌മെന്റില്‍ പ്രവേശിച്ചശേഷമാണ് ഇരുവരും ആക്രമിക്കപ്പെട്ടത്. ഇവര്‍ അകത്തു കടന്നതിനു തൊട്ടുപിന്നാലെ തന്നെ അക്രമികളും അപ്പാര്‍ട്ട്‌മെന്റിനുള്ളില്‍ പ്രവേശിക്കുകയായിരുന്നു. മല്ലികയ്ക്കും സുഹത്തിനും നേരെ ടിയര്‍ ഗ്യാസ് സ്‌പ്രേ ചെയ്തതിനുശേഷം ഇരുവരെയും നിലത്തു തള്ളിയിട്ടു. തുടര്‍ന്ന് ഓക്‌സെന്‍ഫന്‍സിനെ മര്‍ദ്ദിച്ചു. ഇതിനിടയില്‍ ഒരാള്‍ മല്ലികയുടെ ബാഗ് തട്ടിയെടുക്കാന്‍ ശ്രമിച്ചെങ്കിലും അയാളെ തള്ളിമാറ്റിയശേഷം അവര്‍ ഉറക്കെ നിലവിളിച്ചു. ഇതോടെ ആക്രമികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു.

എന്തായിരുന്നു അക്രമികളുടെ ഉദ്ദേശമെന്നു വ്യക്തമായിട്ടില്ലെന്നാണു സംഭവത്തെ കുറിച്ച് അന്വേഷിക്കുന്ന അറോന്‍ഡിസ്‌മെന്റ് പൊലീസ് പറയുന്നത്. ഒന്നും മോഷണം പോയിട്ടില്ലാത്ത സ്ഥിതിക്ക് ഓക്‌സെന്‍ഫന്‍സിനോട് വിരോധമുള്ള ആരെങ്കിലുമാണോ ആക്രമണത്തിനു പിന്നിലെന്നും സംശയമുണ്ട്.

ലോസ് ആഞ്ചല്‍സിലും മുംബൈയിലുമായി താമസിക്കുന്ന മല്ലിക ഓക്‌സെന്‍ഫന്‍സിനെ സന്ദര്‍ശിക്കാനായാണ് പാരീസില്‍ എത്തിയത്.

മല്ലിക ആക്രമിക്കപ്പെടുന്നതിന് ഒന്നരമാസം മുമ്പാണ് കിം കര്‍ദാഷിനെ മുറിയില്‍ കെട്ടിയിട്ടശേഷം അവരുടെ പത്തു മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന ആഭരണങ്ങള്‍ മോഷ്ടിച്ചത്. ഇപ്പോള്‍ മല്ലികയും സുഹൃത്തും ആക്രമിക്കപ്പെട്ട 16 അറോന്‍ഡിസ്‌മെന്റ് ഏരിയായില്‍ നിന്നും നാലര കിലോമീറ്റര്‍ മാത്രം അകലെയുള്ള 8 അറോന്‍ഡിസ്‌മെന്റിലുള്ള ലക്ഷ്വറി മാന്‍ഷനില്‍വച്ചാണ് കര്‍ദാഷിനും ആക്രമിക്കപ്പെട്ടത്. അതിനാല്‍ ഈ രണ്ടു സംഭവങ്ങള്‍ക്കും തമ്മില്‍ എന്തെങ്കിലും ബന്ധം ഉണ്ടാകുമോ എന്ന സംശയവും പൊലീസിനുണ്ട്.


Next Story

Related Stories