TopTop
Begin typing your search above and press return to search.

ബോണക്കാട്: മരണമുനമ്പില്‍ ഒരു പറ്റം തൊഴിലാളികള്‍

ബോണക്കാട്: മരണമുനമ്പില്‍ ഒരു പറ്റം തൊഴിലാളികള്‍

അല്‍ അമീന്‍ എം

ഒരു കാലത്ത്‌ തിരുവനന്തപുരം ജില്ലയിലെ മലയോര മേഖലയിലെ പ്രധാന തോട്ടങ്ങളില്‍ ഒന്നായിരുന്നു ബോണക്കാട്‌ എസ്റ്റേറ്റ്‌. തലസ്ഥാന ജില്ലയിലെ വിതുര പഞ്ചായത്തിലാണ്‌ എസ്റ്റേറ്റ്‌ പ്രവര്‍ത്തിക്കുന്നത്‌. ബ്രിട്ടീഷ്‌ ആധിപത്യകാലത്ത്‌ മലയോര മേഖലയായ പൊന്മുടി, ബോണക്കാട്‌ കുന്നുകളില്‍ തേയില, ഏലം, കുരുമുളക്‌ തുടങ്ങിയ സുഗന്ധവ്യഞ്‌ജന കൃഷിക്കുവേണ്ടിയാണ്‌ തൊഴിലാളികള്‍ ഇവിടെയെത്തിയത്‌. ബോണക്കാട്‌, പൊന്മുടി, പനയം, പൊന്ദടി, മെര്‍ക്കിസ്റ്റണ്‍, ബ്രൈമൂര്‍ എന്നിവിടങ്ങളിലായി പരന്നുകിടക്കുന്ന എസ്റ്റേറ്റുകളില്‍ കൃഷിനടത്തി വിളവെടുത്തിരുന്നത്‌ ബ്രിട്ടീഷുകാരായിരുന്നു. ഇതിനുശേഷം മറ്റൊരു ഇന്ത്യന്‍ കമ്പനി ഏറ്റെടുത്ത ബോണക്കാട്‌ എസ്റ്റേറ്റ്‌ മുംബൈ ആസ്ഥാനമായുളള ബെന്‍സാലി ഗ്രൂപ്പിന്റെ കൈയിലെത്തുകയായിരുന്നു. അത്യാധുനിക സംവിധാനത്തോടെയുളള ബോണക്കാട്‌ എസ്റ്റേറ്റില്‍ തൊഴിലെടുക്കാനെത്തിയത്‌ തമിഴ്‌നാട്‌ നിന്നുളള 900ത്തോളം തൊഴിലാളി കുടുംബങ്ങളാണ്‌. പിന്നീട്‌ ഇവര്‍ റേഷന്‍കാര്‍ഡും തിരിച്ചറിയല്‍ കാര്‍ഡുമൊക്കെയായി ഇവിടുത്തുകാരായി മാറുകയായിരുന്നു. 1200 ഹെക്ടറോളം തേയില, 110 ഏക്കര്‍ റബ്ബര്‍, 80 ഏക്കറോളം ഏലം, കുരുമുളക്‌ തുടങ്ങിയ കൃഷികളില്‍ നിന്നായി പ്രതിവര്‍ഷം കോടികളുടെ ലാഭമാണ്‌ ബെന്‍സാലി ഗ്രൂപ്പ്‌ എസ്റ്റേറ്റില്‍ നിന്നും കൊയ്‌തത്‌.

അന്ന്‌ തൊളിലാളികള്‍ക്കായി സര്‍ക്കാര്‍ ഇവിടെ തപാലാപ്പീസ്‌, ആശുപത്രി, യു പി സ്‌കൂള്‍ എന്നിവ ആരംഭിച്ചു. താമസിക്കാനായി ഓലമേഞ്ഞ നൂറുകണക്കിന്‌ ലയങ്ങളും തൊഴിലാളികള്‍ ഇവിടെ നിര്‍മിച്ചു. വര്‍ഷങ്ങളോളം പ്രശ്‌നങ്ങളൊന്നുമില്ലാതെ പ്രവര്‍ത്തിച്ച എസ്റ്റേറ്റില്‍ 1997 കാലഘട്ടത്തില്‍ ശമ്പള പ്രശ്‌നം ഉടലെടുത്തു. തൊഴിലാളികള്‍ക്ക്‌ ശമ്പളവും പ്രൊവിഡന്റ്‌ ഫണ്ടും മുടക്കം വരുത്തിയ അധികൃതര്‍ക്കെതിരെ ജീവനക്കാര്‍ രംഗത്തു വന്നതോടെ എസ്‌റ്റേറ്റിന്റെ നല്ലകാലം അസ്‌തമിക്കുകയായിരുന്നു. തൊഴില്‍ പ്രശ്‌നങ്ങളും സമരങ്ങളും ഉടലെടുത്തതോടെ കമ്പനി തകര്‍ന്നു. മാറിമാറി വരുന്ന സര്‍ക്കാരുകള്‍ ഇടപെട്ടെങ്കിലും ഇതുവരെയും പ്രശ്‌നം പരിഹരിക്കാന്‍ കഴിഞ്ഞിട്ടില്ല. എസ്റ്റേറ്റ്‌ പൂട്ടി. കമ്പനി കൈവിട്ട തൊഴിലാളികള്‍ ഭൂരിഭാഗവും മറ്റിടങ്ങളിലേക്ക്‌ പോയി. എന്നാല്‍ മടങ്ങിപ്പോകാന്‍ ഇടമില്ലാത്ത 210-ാളം തൊഴിലാളി കുടുംബങ്ങള്‍ ജീവിക്കാന്‍ മാര്‍ഗ്ഗമില്ലാതെ പട്ടിണിയും പരിവട്ടവുമായി തകര്‍ന്ന ലയങ്ങളില്‍ ജീവിതം തളളിനീക്കുകയാണ്‌.
പട്ടിണിമാറ്റാനുളള അവസാന ശ്രമമെന്ന നിലയില്‍ റബ്ബര്‍ തോട്ടം കൈയേറി തൊഴിലാളികള്‍ വിളവെടുത്തിരുന്നു. ഒരു തൊഴിലാളിക്ക്‌ ഒമ്പത്‌‌ മരമെന്ന നിലക്കാണ്‌ ഇപ്പോള്‍ വെട്ടുന്നത്‌. അതും റബ്ബര്‍ ഷീറ്റാക്കാന്‍ പറ്റാതെ ഒട്ടുപാലായാണ്‌ വില്‍ക്കുന്നത്‌. എന്നാല്‍ റബ്ബറിന്‌ വിലയിടിഞ്ഞതും മഴക്കാലവും ആ പ്രതീക്ഷയും അസ്ഥാനത്താക്കി. കൊളുന്ത്‌ നുളളാത്തതിനാല്‍ അടിക്കാട്‌ പിടിച്ചും കൊളുന്തുകള്‍ മുറ്റിയും തേയിലച്ചെടികളും നശിക്കുകയാണ്‌.

തൊഴില്‍ പ്രശ്‌നങ്ങള്‍ക്കു പുറമേ കുടിവെളളം, വൈദ്യുതി, വിദ്യാഭ്യാസം, ചികിത്സ, ഗതാഗത യോഗ്യമായ റോഡ്‌, വന്യജീവികളില്‍ നിന്നുളള സംരക്ഷണം തുടങ്ങി ഒരു വിഷയത്തിലും അധികൃതരുടെ ഭാഗത്തു നിന്നു അനുകൂലമായ നടപടി ബോണക്കാട്ടുകാര്‍ക്കു ലഭിച്ചിട്ടില്ല.

ഇവിടുത്തുകാര്‍ക്ക്‌ സൗജന്യമായി വൈദ്യുതി നല്‍കുമെന്ന്‌ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കെഎസ്‌ഇബി പോസ്‌റ്റ്‌ സ്ഥാപിക്കുകയും ലൈനുകള്‍ വലിക്കുകയും ചെയ്‌തു. എന്നാല്‍ കണക്ഷന്‍ നല്‍കണമെങ്കില്‍ ലയം ഒന്നിന്‌ 4600 രൂപ നല്‍കണമെന്ന്‌ കരാറുകാരന്‍ ആവശ്യപ്പെട്ടു. ഇതോടെ എസ്‌റ്റേറ്റിലെ തൊഴിലാളികളുടെ ജീവിതം വീണ്ടും ഇരുള്‍ നിറഞ്ഞതായി. 4600 രൂപയുണ്ടെങ്കില്‍ വൈദ്യുതി കണക്ഷന്‍ എടുക്കുന്നതിന്‌ പകരം തങ്ങള്‍ പട്ടിണി മാറ്റില്ലേയെന്നാണ്‌ തൊഴിലാളികളുടെ ചോദ്യം.

ബെസ്റ്റ് ഓഫ് അഴിമുഖം

കാതികൂടം സമരം അട്ടിമറിച്ചതില്‍ ടി എന്‍ പ്രതാപന്‍റെ പങ്കെന്ത്? സമരസമിതി ചെയര്‍മാന്‍ പ്രേംകുമാറിന്റെ വെളിപ്പെടുത്തലുകള്‍
അവള്‍ക്ക് മുന്‍പില്‍ മുട്ടുവിറച്ച് ഭരണകൂടവും കോര്‍പ്പറേറ്റുകളും; അഡ്വ. വിദ്യ സംഗീതിന്‍റെ പോരാട്ടത്തിന്‍റെ കഥ
ജൂണ്‍ 5 എന്ന തട്ടിപ്പ് (കേരളാ മോഡല്‍)
ഞങ്ങയില്ല ഈ വള്ളംകളിക്ക്; മൂലപ്പന്‍ തുരുത്തിന്റെ തെരഞ്ഞെടുപ്പ് ബഹിഷ്കരണം
വേണ്ടത് കോളനിയല്ല; കൃഷിഭൂമിയാണ്. അരിപ്പ നമ്മളോട് പറയുന്നത്

12 വര്‍ഷം മുമ്പുണ്ടായ അപകടത്തെത്തുടര്‍ന്ന്‌ ഇപ്പോഴും അനങ്ങാന്‍ പോലും കഴിയാതെ ജീവിതം തളളിനീക്കുകയാണ്‌ 54 വയസ്സുകാരനായ രാജു. കുരുമുളക്‌ പറിക്കാനായി മരത്തില്‍ കയറിയ രാജു കൈതെന്നി താഴെ വീണതിനെത്തുടര്‍ന്ന്‌ നട്ടെല്ലിന്‌ ക്ഷതം സംഭവിക്കുകയായിരുന്നു. പൊളിഞ്ഞു വീഴാറായ ലയത്തിനുളളില്‍ ഇപ്പോഴും ജീവിതം തളളിനീക്കി കഴിയുകയാണ്‌ രാജു. ചികിത്സക്കായി വിതുരയിലെയോ നെടുമങ്ങാട്ടെയോ ആശുപത്രിയിലേക്ക്‌ എത്തിക്കണം രാജുവിനെ. ഇതിനായി കുടുംബത്തിന്‌ ചെലവ്‌ 3000ത്തോളം രൂപയാണ്‌.

ബോണക്കാട്ട്‌ ആകെയുളള ആതുരാലയമാകട്ടെ ഇപ്പോള്‍ യൂണിയന്റെ യോഗം ചേരാനുളള ഇടമായി മാറിയിരിക്കുകയാണ്‌. രാത്രി ആര്‍ക്കെങ്കിലും അപകടം സംഭവിക്കുകയോ രോഗം ബാധിക്കുകയോ ചെയ്‌താല്‍ നേരം പുലരുവോളം കാത്തിരിക്കണം ഇവരെ ആശുപത്രിയിലെത്തിക്കാന്‍. കെ എസ്‌ ആര്‍ ടി സി ബസില്‍ 14 കിലോമീറ്റര്‍ താണ്ടി വിതുര ആശുപത്രിയിലെത്തിക്കണം പ്രാഥമിക ചികിത്സയെങ്കിലും നല്‍കാന്‍. ഇതിനിടയില്‍ ജീവന്‍ പൊലിഞ്ഞവരും നിരവധിയാണിവിടെ.

എസ്‌റ്റേറ്റില്‍ രാഷ്ട്രീയക്കാരെത്തുന്നത്‌ തെരഞ്ഞെടുപ്പ്‌കാലത്ത്‌ മാത്രമാണ്‌. പിന്നെ ആരും ഇതുവഴിക്ക്‌ തിരിഞ്ഞുപോലും നോക്കില്ല. വര്‍ഷങ്ങളായി മാറിവരുന്ന സര്‍ക്കാരുകളും ഇവരെ കബളിപ്പിക്കുകയാണ്‌. അതുപോലെ തന്നെയാണ്‌ ഇവിടെ ആകെയുളള ഒരു റേഷന്‍കടയുടെയും അവസ്ഥ. ഓണക്കാലത്ത്‌ സൗജന്യ റേഷന്‍ നല്‍കുമെന്ന്‌ പ്രഖ്യാപിച്ചിരുന്നുവെങ്കിലും പ്രഖ്യാപനത്തിന്റെ പകുതി പോലും ലഭിച്ചില്ലെന്ന്‌ കണ്ണീരോടെ പറയുന്നു തൊഴിലാളികള്‍. തൊഴിലാളികള്‍ക്ക്‌ നല്‍കേണ്ടതിന്റെ പകുതി സാധനങ്ങള്‍ മാത്രമാണ്‌ പലപ്പോഴും ഇവിടെ നിന്നും ലഭിക്കുന്നത്‌. ബാക്കി കരിഞ്ചന്തയില്‍ മറിച്ചു വില്‍ക്കുന്നതായാണ്‌ ആരോപണം. ഇവിടുത്തെ സ്ഥിതിവെച്ചു നോക്കുമ്പോള്‍ ഇത്‌ സത്യമാകാതിരിക്കാന്‍ വഴിയില്ല.

എസ്‌റ്റേറ്റിലെ തൊഴിലാളികള്‍ക്കിടയില്‍ പട്ടിണിമരണങ്ങള്‍ക്കും അത്മഹത്യക്കും സാധ്യതയുണ്ടെന്ന്‌ ജില്ലാ കലക്ടര്‍ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചിട്ടും അധികൃതര്‍ക്ക്‌ അനങ്ങാപ്പാറ നയമാണ്‌. ബോണക്കാട്ടെ തര്‍ക്കങ്ങളും പ്രശ്‌നങ്ങളും പരിഹരിച്ചില്ലെങ്കില്‍ ദുരന്തത്തിന്‌ സാക്ഷിയാകേണ്ടി വരുമെന്നും കലക്ടര്‍ കൃഷിവകുപ്പ്‌ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക്‌ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. എസ്‌റ്റേറ്റിലെ തൊഴിലാളികളുടെ നിലവിലെ ജീവിതാവസ്ഥ കലക്ടറുടെ റിപ്പോര്‍ട്ടില്‍ വ്യക്തമായി വരച്ചു കാട്ടുന്നുണ്ട്‌. 98 മുതലുളള തൊഴിലാളി സമരം, എസ്റ്റേറ്റിലെ ലയങ്ങളുടെ അവസ്ഥ, ശമ്പള പ്രശ്‌നം എല്ലാം റിപ്പോര്‍ട്ടിലുണ്ട്‌. പൊട്ടിപ്പൊളിഞ്ഞു വീഴാറായ ലയങ്ങളുടെ പുനര്‍ നിര്‍മാണത്തിനായി 42 ലക്ഷം രൂപ അനുവദിച്ചുവെങ്കിലും ഇതുവരെ ഒരു രൂപപോലും വിനിയോഗിച്ചിട്ടില്ല. എസ്‌റ്റേറ്റ്‌ ഉടമയുമായി പലവട്ടം ചര്‍ച്ചകള്‍ നടത്തിയെങ്കിലും എല്ലാം പരാജയം. പ്രശ്‌നപരിഹാരത്തിന്‌ ഉടമക്ക്‌ താത്‌പര്യമില്ലെന്ന്‌ തൊഴിലാളികള്‍ പറയുന്നു. ഇതൊക്കെ വ്യക്തമാക്കി കലക്ടര്‍ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചിട്ട്‌ മാസം ഒന്ന്‌ പിന്നിടുന്നു. എന്നാല്‍ തൊഴിലാളികളുടെ പ്രശ്‌നപരിഹാരത്തിനായി മുന്‍കൈയ്യെടുക്കാന്‍ നാളിതുവരെയായി അധികൃതര്‍ തയ്യാറായിട്ടില്ല. കലക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്‌ പോലെ, ബോണക്കാട്‌ പട്ടിണിമരണങ്ങള്‍ തുടങ്ങണമായിരിക്കണം അധികൃതരുടെ നിസ്സംഗത മാറാനും കണ്ണുതുറക്കാനും. കേരളത്തില്‍ മറ്റൊരു അട്ടപ്പാടിയായിരിക്കും ഇതിന്റെ പരിണിതഫലം.
97 മുതല്‍ നടക്കുന്ന തൊഴില്‍ പ്രശ്‌നത്തിന്‌ പരിഹാരം കാണാതെ ഒളിച്ചുകളിക്കുകയാണ് അധികൃതര്‍. 17 വര്‍ഷമായി നിരവധി പ്രതിഷേധങ്ങളും സമരങ്ങളും നടത്തി മാറിമാറി വന്ന സര്‍ക്കാരുകളെ സമീപിച്ചെങ്കിലും എല്ലാം വാഗ്‌ദാനങ്ങളിലൊതുങ്ങുകയായിരുന്നു. തങ്ങളുടെ പരാതികളും പരിഭവങ്ങളും ഇനി ആരോടു പറയണമെന്നോ ആര്‍ക്ക്‌ നല്‍കണമെന്നോ ഇവര്‍ക്ക്‌ അറിയില്ല. തൊഴിലില്ലാതെയും ഒരു സംരക്ഷണവുമില്ലാതെയും തകര്‍ന്ന ലയങ്ങളില്‍ പട്ടിണിക്കോലങ്ങളായി കഴിയുമ്പോഴും നല്ലൊരു നാളെ ഉണ്ടാകുമെന്നുളള വിശ്വാസത്തിലാണ്‌ തൊഴിലാളി കുടുംബങ്ങള്‍.

(തിരുവനന്തപുരം ജില്ലയിലെ മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

*Views are personal


Next Story

Related Stories