TopTop
Begin typing your search above and press return to search.

ചെറുനഗരങ്ങളുടെ കടലുകള്‍: The Small-Town Sea വായിക്കുമ്പോള്‍

ചെറുനഗരങ്ങളുടെ കടലുകള്‍: The Small-Town Sea വായിക്കുമ്പോള്‍
ഒരു കാരണം അല്ലെങ്കിൽ മറ്റൊന്നുകൊണ്ട് നാടുവിട്ട് മറ്റൊരിടത്തേക്ക് മാറിപ്പോകേണ്ടിവരുന്നവരാണ് ലോകജനസംഖ്യയിൽ വലിയൊരു ഭാഗം ആളുകൾ. ഇത്തരത്തിൽ പോകുന്ന ആളുകളിൽ ഭാഗ്യവാന്മാർ തങ്ങള്‍ക്ക് പ്രിയപ്പെട്ട വസ്തുക്കൾ കൂടെയെടുക്കുന്നു, മറ്റുള്ളവർ ഓർമ്മകളും - എവിടെ  ചെന്നടിഞ്ഞാലും തങ്ങളുടെ ലോകം പുന:സൃഷ്ടിക്കുക എന്നതാണ് എല്ലാവരുടെയും ഉദ്ദേശം. ഹിഷാം മാതറിന്റെ 'ദി റിട്ടേൺ' എന്ന നോവലിൽ ഓർമ്മ, ചരിത്രവും പ്രതിരോധമാകുന്നു (അയാളുടെ മൂന്നു പുസ്തകങ്ങളും ഓർമ്മയുടെ ആഖ്യാനങ്ങളാണ്).

പാമുക്കിന്റെ നോവലുകളിൽ അയാൾ സദാ താമസിക്കുന്ന നഗരം തന്നെ ആവർത്തിക്കുന്നു - പല ദ്വന്ദങ്ങളുടെ (ആധുനികത -പാരമ്പര്യം, മതനിരപേക്ഷത-മതപരത) ഇടയിൽ കുടുങ്ങിപ്പോയ ഒരു ജനതയുടെ അന്തർസംഘർഷങ്ങളുടെ ഒരു ജീവിതകാലത്തെ ഓർമ്മകളാണ് അയാൾക്ക്‌ ജന്മനഗരം നൽകുന്നത് (ഇസ്താംബൂളിൽ "ഐ ഫീൽ റെസ്പോൺസിബിൾ ഫോർ എവരിതിങ്" എന്നൊരു ഇന്റർവ്യൂവിൽ പാമുക് പറയുന്നുണ്ട്). ഇത്തരത്തിൽ ഗൃഹാതുരത്വം, പല രീതിയിൽ ലോകമെമ്പാടുമുള്ള എഴുത്തുകാരുടെ പ്രിയവിഷയമാണ്. ഏറെക്കുറെ നിർബന്ധിത പ്രവാസങ്ങൾക്ക് വിധേയരാകുന്നവരുള്ള നമ്മുടെ നാട്ടിലെ സാഹിത്യത്തിലും ഈ വിഷയം പല തവണ കടന്നുവരാറുണ്ട് - പലപ്പോഴും ആവർത്തനവിരസമായ രീതിയിലും വാർപ്പുമാതൃകകളിലും ആണെന്ന് മാത്രം.

ഒരു കൗമാരക്കാരന്റെ കണ്ണിലൂടെ അത്തരത്തിലുള്ള ഒരു കഥ നർമ്മത്തിന്റെ നേർത്ത ആവരണത്തിൽ പൊതിഞ്ഞവതരിപ്പിക്കുകയാണ് 'The Small -Town Sea' എന്ന നോവലിൽ Anees Salim. മരണമടുക്കുമ്പോൾ ഗൃഹാതുരനാകുന്ന എഴുത്തുകാരനായ വാപ്പ, കൗമാരക്കാരനായ മകനും കൈക്കുഞ്ഞായ മകളും അവരുടെ ഉമ്മയുമൊത്ത് തന്റെ ജന്മനഗരത്തിലേക്ക് തിരിച്ചു വരികയാണ്. അയാളുടെ അവസാനത്തെ ആഗ്രഹം മരിക്കുംവരെ തന്റെ പ്രിയപ്പെട്ട കടലിന്റെ സ്വരം കേട്ടുകൊണ്ടിരിക്കണം എന്നതാണ്. താൻ ആകാംക്ഷയോടെ കാത്തിരിക്കുന്ന മെട്രോയുടെ നിർമ്മാണം പുരോഗമിക്കുന്ന വേളയിൽ ആ വലിയ നഗരത്തിൽ നിന്ന് ഈ ചെറിയ ഇടത്തിലേക്കുള്ള പറിച്ചുനടൽ മകന് ഉൾക്കൊള്ളാനേ കഴിയുന്നില്ല. ഉപ്പയുടേതുപോലെ തന്റെ അവസാന ആഗ്രഹം എന്തായിരിക്കും എന്ന് ആലോചിച്ച്, തങ്ങളുടെ നഗരത്തിലെ പഴയ അപ്പാർട്മെന്റിൽ തിരിച്ചെത്തി മെട്രോ നോക്കിക്കാണുന്നതാണ് എന്നത് അവൻ കണ്ടെത്തുന്നു. എന്നാൽ തിരികെ പോകുന്നതിനു സാധ്യതകൾ കുറവാണു താനും. അവൻ അടുത്തുള്ള സ്‌കൂളിൽ ചേരുന്നു, വാപ്പയോടൊപ്പം ദിവസവും നടക്കാൻ പോകുന്നു, കടലു കാണുന്നു - അങ്ങനെ പുതിയ സ്ഥലത്ത് ഇഴുകിച്ചേരാൻ ശ്രമിക്കുന്നു. ഒരു അനാഥാലയത്തിലെ അന്തേവാസിയായ ബിലാൽ എന്ന സമപ്രായക്കാരനായ സുഹൃത്തിനെ അവൻ പരിചയപ്പെടുന്നു. അവരിരുവരും തിരികെ നഗരത്തിലേക്ക് പോയി മെട്രോ കാണാനും അവന്റെ ബാല്യകാല സുഹൃത്തിനെ കണ്ടുമുട്ടാനും ഒക്കെ പദ്ധതിയിടുന്നുണ്ട് - എന്നാൽ അവർ വിചാരിച്ച പോലെ ഒന്നും നടക്കുന്നില്ല. ജീവിതത്തിലെ ആകസ്മികതകൾ അത്ര വലുതാണ്.

രണ്ടു ഭാഗങ്ങളായി വിഭജിച്ചിരിക്കുന്ന നോവലിൽ ആദ്യഭാഗത്ത് വാപ്പയുടെ മരണവും രണ്ടാം ഭാഗത്തിൽ അതിനടുത്ത രണ്ടു വർഷങ്ങളിലെ നായകന്റെ ജീവിതത്തിലെ ഒന്നുരണ്ടു സംഭവങ്ങളുമാണ് വിവരിക്കുന്നത്. വാപ്പ വളരെ സ്വാഭാവികമായി മരണത്തെ നേരിടുന്നു - എന്നാൽ സ്വന്തം നഗരത്തിലും അയാളെ പ്രശസ്തനായ എഴുത്തുകാരനെന്ന രീതിയിൽ അറിയുന്ന ആരുമില്ല. അയാളുടെ സുഹൃത്തുക്കളായി ചെറിയ പെരുന്നാളിന് വീട്ടിൽ വരുന്നത് മകന്റെ കണ്ണിൽ അതിസാധാരണക്കാരായ രണ്ടേ രണ്ട് ആളുകളാണ്. വാപ്പയുടെ ഗൃഹാതുരത എന്നത് കേവലമായ ഒരു വികാരമാണ്, അതിനു സ്വാഭാവികമായും യാഥാർഥ്യവുമായി ഒരു ബന്ധവുമില്ലെന്ന് മകൻ മനസ്സിലാക്കുന്നു - ഓർമ്മകൾ എന്നത് തന്നെ നമ്മൾ ഓർമ്മകൾ എന്ന് തെറ്റിദ്ധരിക്കുന്നവയാണല്ലോ, പലപ്പോഴും ഭാവനകളോടാണ് അവയ്ക്ക് ചാർച്ച.

താൻ വളർന്ന വീടുണ്ടായിട്ടും വാപ്പ വാടകയ്ക്കാണ് താമസിക്കുന്നത്. ഒരു പക്ഷെ അയാൾ സ്വതന്ത്രനായി ജീവിക്കാൻ ആഗ്രഹിക്കുന്നതാകാം. അയാളുടെ മരണവും പല തവണ പ്രതീക്ഷിക്കപ്പെടുന്ന ഒന്നാണ്. കഥാഗതിയിൽ ഏറ്റവും സ്വാഭാവികമായി വന്നുപോകുന്ന സംഭവങ്ങളിലൊന്നാണ് അത്. അയാൾ മരിക്കുന്ന സമയത്ത് മകൻ താൻ പിടിച്ച ഒരു പ്രാവിനെ എങ്ങനെ വളർത്താം എന്ന ചിന്തയിലാണ്. കഥയിലുടനീളം ഇത്തരം സന്ദർഭങ്ങളുണ്ട് - നായകന്റെ ചിന്തയും പ്രവർത്തിയും കൗതുകങ്ങളും ഒരു കുഞ്ഞിന്റേതാണ്. കഥാകാരൻ ആ ഒരു വീക്ഷണകോൺ കൃത്യമായി പിടിച്ചെടുത്തതാണ് ഏറെക്കുറെ ലളിതഘടനയുള്ള ഈ കഥയെ സാധാരണതയിൽ നിന്നുയർത്തുന്നത്. ഈ എഴുത്തുകാരന്റെ വാനിറ്റി ബാഗ് എന്ന നോവലിലെ ഹാസ്യത്തിന്റെ അമിതോപയോഗം ഇതിലില്ല. ചെറിയ സംഭവങ്ങളിലുള്ള തമാശകളെ ഇവിടെയുള്ളൂ.

വാപ്പയുടെ മരണശേഷം മക്കളും ഉമ്മയും വാപ്പുമ്മ എന്ന് വിളിക്കുന്ന വാപ്പയുടെ ഉമ്മയുടെ വീട്ടിലേക്കു മാറുന്നു. തൊട്ടപ്പുറത്ത് അമ്മായിയായ യാസ്മിൻ ഉണ്ട് - പക്ഷേ അവരും വാപ്പുമ്മയും പിണക്കത്തിലാണ്, വീടുകൾ തമ്മിൽ ഒരു ചുവരിന്റെ മറയേയുള്ളുവെങ്കിലും. അവിടെ താമസിക്കുമ്പോൾ ഉമ്മയുടെ ജീവിതത്തിലും മാറ്റങ്ങൾ സംഭവിക്കുകയാണ്. അവർ രണ്ടാമതൊരു വിവാഹം കഴിക്കണം എന്നാണ് അവരുടെ വീട്ടുകാരുടെ ആഗ്രഹം. വിഗ് വെച്ചവർ താഴ്ന്ന അഭിരുചിയുള്ളവരായിരിക്കും എന്ന് കരുതുന്ന അവർ അവസാനം അത്തരത്തിലൊരാളെത്തന്നെ വിവാഹം കഴിക്കുന്നത് ചെറിയ പരിഹാസത്തോടെയാണ് മകൻ കാണുന്നത്. അതിലേക്ക് നയിക്കുന്ന സംഭവങ്ങൾ അവരുടെയും ചുറ്റുമുള്ളവരുടെയും കപടനാട്യങ്ങളോ സ്വാർത്ഥതയോ മുൻകാല ബന്ധത്തിലെ അസംതൃപ്തിയോ ഒക്കെ കാണിക്കുന്നതാണ് - ചെറിയ സൂചനകൾ കഥാകാരൻ ഇതിലേക്ക് അവിടവിടെ ഇട്ടിട്ടുണ്ട്.

വാപ്പുമ്മ നായകന്റെ സംരക്ഷണം ഏറ്റെടുക്കുന്നു. ഞാൻ അവന്റെ വാപ്പയെ വളർത്തി, ഇനി മകനെയും വളർത്തിക്കോളാം എന്നാണ് അവർ പറയുന്നത്. സദാ ബിലാലുമായി കൂടി കറങ്ങിനടക്കുന്ന അവനെ അച്ചടക്കം പഠിപ്പിക്കാനൊക്കെ അവർ ശ്രമിക്കുന്നുണ്ട്. എന്നാൽ അവനതൊക്കെ നിസ്സാരമായി മറികടക്കുന്നു. മെട്രോ കാണാൻ വേണ്ടി ബിലാലിനൊപ്പം പോകാനൊരുങ്ങുന്ന അവന് സംശയം - ബിലാൽ അവിടെയെത്തിയാൽ പിന്നെ തിരിച്ചു വരില്ലേ? അവൻ മുന്നേയും നുണകൾ പറഞ്ഞിട്ടുണ്ട്. പിന്നീട് ബിലാല്‍ താമസിച്ചിരുന്ന അനാഥാലയത്തിൽ പണം കാണാതാകുന്നതായൊക്കെ സൂചനയുണ്ട്. അവന്റെ ഉദ്ദേശമൊന്നും നമ്മളൊരിക്കലും അറിയുന്നില്ലെന്ന് മാത്രം. കൊച്ചിയാണ് മെട്രോയുള്ള നഗരം. വർക്കലയിലെ കടലോരമാണ് അവർ വന്നു താമസിക്കുന്ന ഇടം.താനും വാപ്പയും ചേർന്ന് കണ്ടുപിടിക്കുന്ന രഹസ്യ കടൽത്തീരത്തെ പാറപ്പുറത്ത് വാപ്പയുടെ ഓർമക്കായി അവനയാളുടെ പേരെഴുതിവെക്കുമ്പോൾ ആദ്യ അക്ഷരം 'എ'യും രണ്ടാം അക്ഷരം 'എന്‍'ന്നും - അനീസ് തന്റെ കഥ മകന്റെ കണ്ണിലൂടെ പറയാൻ ശ്രമിക്കുകയാണ് എന്നത് വ്യക്തം. ആ നോട്ടത്തിന്റെ വ്യക്തതയും നിഷ്കളങ്കതയോളമെത്തുന്ന വിശദാംശങ്ങളുള്ള ആഖ്യാനവുമാണ് നോവലിന്റെ ശക്തി. വാപ്പയുടെ ലിറ്റററി ഏജന്റിനുള്ള കത്തുപോലെ പുരോഗമിക്കുന്ന കഥ ചിലപ്പോൾ കിളികളുടെയും മറ്റു ചിലപ്പോൾ ചില കഥാപാത്രങ്ങളുടെയും വീക്ഷണകോണിലേക്ക് മാറുന്നുണ്ട്. എന്നാൽ ഒരു സന്ദിഗ്‌ധഘട്ടത്തിൽ വാപ്പുമ്മയുടെ വീട്ടിൽനിന്ന് അമ്മായിയുടേതിലേക്കുള്ള വഴി അടച്ചുവച്ചത് മകൻ തുറക്കുമ്പോൾ ഉപ്പ പിന്നിൽ നിന്ന് സഹായിച്ചു എന്ന് തോന്നുന്നത് പോലെയുള്ള - സഹായമില്ലാതെ അവനാ വാതിലെങ്ങനെ തുറന്നു എന്നാണ് അമ്മാവന്റെ അത്ഭുതം - രംഗങ്ങളിൽ ഇത്തരം ഗിമ്മിക്കുകളൊന്നും തന്നെയില്ല. അവസാന ഭാഗങ്ങളിലെ ദു:ഖവും യാതൊരു തൊങ്ങലുകളുമില്ലാതെയാണ് വരുന്നത്.

ലളിതമായ കഥകൾ എഴുതുന്നതിനും വായിക്കുന്നതിനും നമ്മുടെ ആളുകൾക്ക് എന്തോ ഒരു മടിയുള്ളതായി പലപ്പോഴും തോന്നാറുണ്ട് - സങ്കീർണ്ണതയില്ലാതെ നല്ല എഴുത്താവില്ല എന്നൊരു നാട്യം. മലയാളത്തിൽ പലപ്പോഴും ഒരേതരം കഥകൾ (പ്രത്യേകിച്ചും അടുത്തകാലത്തായി) എഴുതാനുള്ള പ്രേരണ എന്തായിരിക്കും എന്ന ആലോചനയിൽ എത്തിയ ഇടമാണത്. കാവാബാത്തയുടെ 'ഡാൻസിങ് ഗേൾ ഓഫ് ഇസു'വോ അല്ലെങ്കിൽ മിഷിമയുടെ 'സ്വാഡ്ലിംഗ്‌ ക്ലോത്‌സോ' ഒക്കെ വായിക്കുമ്പോഴുള്ള അനുഭവം എന്താണ് മോശപ്പെട്ടതായി തോന്നാൻ? അതാണ് ഈ നോവൽ വായിക്കുമ്പോഴും ഞാൻ ആലോചിച്ചു കൊണ്ടിരുന്നത്. ഇന്ത്യൻ ഇംഗ്ലീഷ് എഴുത്തുകാരെപ്പറ്റിയുള്ള പരാതിയും, ഒരു പക്ഷെ റോയിയൊഴികെ, ഇതാണ് - കനമില്ലായ്മ.

ഇവിടെ മരണം, വേരുകൾ നഷ്ടപ്പെടുന്ന കൗമാരക്കാരന്റെ ആകുലതകൾ, വിധവയായ സ്ത്രീ തന്റെ ജീവിതം തിരികെപ്പിടിക്കുന്നത് (വിചിത്ര സ്വഭാവക്കാരനായ, എഴുത്തുകാരനായ ഒരുവന്റെ ഭാര്യ എന്ന രീതിയിൽ അവർ അസംതൃപ്തയായിരുന്നോ?) തുടങ്ങിയ എല്ലാം തമാശ ചേർത്ത് ലളിതമായി പറയുന്നത് സംഭവങ്ങളുടെ ഗൗരവം ചോർത്തിക്കളയുന്നുണ്ടോ? ഇല്ല എന്നതാണ് എന്റെ തോന്നൽ. അവസാന ഭാഗങ്ങളിലെ subtle ആയ ദു:ഖവും നോവലിലുടനീളം പശ്ചാത്തലത്തിൽ നിറഞ്ഞു നിൽക്കുന്ന നഷ്ടബോധവും വായനക്കാരന് അനുഭവപ്പെടുന്നുണ്ട്. കൂട്ടത്തിൽ പുസ്തകത്തിന്റെ ഹാർഡ് കവർ ഡിസൈനിനെപ്പറ്റിയും പറയാതെ വയ്യ - അതിമനോഹരമാണ് അതിൽ ചിത്രകരിച്ചിരിക്കുന്ന കടലും ആകാശവും (ആഹ്ലാവത് ഗുന്‍ജൻ, നമുക്ക് പരിചിതമായ പല പെൻഗ്വിൻ കവറുകളും അയാളുടെ ഡിസൈൻ ആണ്).

കടലും ആകാശവും ഒരിക്കലും നമ്മളെ മടുപ്പിക്കുന്നില്ല എന്നൊരിടത്ത് കഥാനായകൻ പറയുന്നുണ്ട്. അവയെപ്പറ്റിയുള്ള കഥകളും.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Next Story

Related Stories