TopTop
Begin typing your search above and press return to search.

വിപ്ളവത്തിന്റെ ബാക്കി; കരുണാകരന്റെ 'യുവാവായിരുന്ന ഒന്‍പതു വര്‍ഷം' വായിക്കുമ്പോള്‍

വിപ്ളവത്തിന്റെ ബാക്കി; കരുണാകരന്റെ യുവാവായിരുന്ന ഒന്‍പതു വര്‍ഷം വായിക്കുമ്പോള്‍

യുവാവായിരുന്ന ഒന്‍പത് വര്‍ഷം (നോവല്‍)

കരുണാകരന്‍

ഡി.സി ബുക്സ് (ജനുവരി 2017)

240 രൂപ

ഇടതുപക്ഷ പ്രത്യയശാസ്ത്രം പശ്ചാത്തലമായി വരുന്ന അനവധി എഴുത്തുകൾ മലയാളത്തിലുണ്ട്. ഉയർന്ന രാഷ്ട്രീയബോധമുള്ള ജനത എന്ന നിലയിൽ ഇത് സ്വാഭാവികവുമാണ്. എന്നാല്‍ 'പ്രകൃതിനിയമം' പോലുള്ള ഭേദപ്പെട്ട നോവലുകൾ ഉണ്ടെങ്കിലും പലപ്പോഴും ഗൃഹാതുരതയോ കേവല കക്ഷി രാഷ്ട്രീയ കഥകളോ അല്ലാതെ രാഷ്ട്രീയത്തെപ്പറ്റി ആഴത്തിലുള്ള നിരീക്ഷണങ്ങളോ തത്വചിന്തയോ കടന്നുവരാത്തവയാണ് ഈ എഴുത്തുകളധികവും. കേരളത്തിലെ നക്സൽ മൂവ്മെന്റ്, ആശയം കൊണ്ടേ പാളിപ്പോയ, (ബംഗാളിലെയോ മറ്റോ തീക്ഷ്‌ണമായ ക്ലാസ് കോൺഫ്ലിക്റ്റ് കേരളത്തിൽ മൂവ്മെന്റ് ഉദയം കൊണ്ടപ്പോൾ ഉണ്ടായിരുന്നില്ല) ഇന്ത്യയുടെ മറ്റുഭാഗങ്ങളിലെപ്പോലെ കാര്യമായൊന്നും നേടാനാകാതെ പരാജയപ്പെട്ടുപോയ സമരമാണ്. കേരളത്തിൽ പണ്ട് നക്സൽ ആയിരുന്നവർ ഇപ്പോൾ എത്തിനിൽക്കുന്ന ഇടങ്ങൾ കണ്ടാൽ അത് മനസ്സിലാകും എന്ന് മാത്രമല്ല അവരിൽ പലരും ഇപ്പോഴും യുട്ടോപ്യൻ ആശയങ്ങൾ കൊണ്ടു നടക്കുന്നവരും സങ്കുചിത-മത-രാഷ്ട്രീയ ചിന്താധാരകളെ പിന്തുടരുന്നവരും പിന്തുണക്കുന്നവരുമാണ്. പഴയതിലും പരിഹാസ്യമാണ് പലരുടെയും വർത്തമാന നിലപാടുകൾ എന്ന് ചുരുക്കം.

ഈയൊരു പശ്ചാത്തലത്തിലാണ് കരുണാകരന്റെ 'യുവാവായിരുന്ന ഒമ്പതു വർഷം' എന്ന നോവൽ വരുന്നത്. വർക്കിച്ചൻ എന്ന കൊള്ളപ്പലിശക്കാരനെ നക്സലുകൾ വധിക്കുന്നതാണ് നോവലിന്റെ കേന്ദ്രപ്രമേയം. ഏഴുപേർ (മാവോയുടെ ഏഴു ശിഷ്യന്മാർ എന്ന് ഉപമ) ചേർന്നാണ് കൃത്യനിർവ്വഹണമെങ്കിലും അതിലൊരാൾ മാത്രമാണ് ആഖ്യാനത്തിലുള്ളത്. അയാൾ കവിയായും കഥാകാരനായും ഭിന്നലിംഗക്കാരനായും സന്യാസിയായും പത്രക്കാരനായും അവസാനം ഇറാഖിന്റെ കുവൈറ്റ് അധിനിവേശക്കാലത്തെ പ്രവാസിയായും എല്ലാം ജീവിക്കുന്ന ഒൻപതു വർഷങ്ങളാണ് പിന്നെയുള്ള ഭാഗങ്ങളിൽ. അയാളുടെ പേരും മാറിവരുന്നുണ്ട്. കൊലപാതകം നടക്കുമ്പോൾ യുവത്വത്തിലേക്ക് കടന്നിരുന്ന അയാൾ ഒമ്പതുവർഷം കൊണ്ട് നരബാധിച്ചവനാകുന്നു. നോവലിന്റെ കഥയുടെ സംഗ്രഹമാണിത്. വളരെ ലൂസ് ആയുള്ള ഘടനയാണ് ഇതിനുള്ളത്. തന്നിലേക്ക് നോക്കുന്ന, സ്വയം ചികയുന്ന, ചുറ്റുമുള്ള കാഴ്ചകളെ ചിന്തകളിലേക്ക് പകർത്തിയെടുക്കുന്ന ഒരാളാണ് ഇതിലെ നായകൻ. എഴുത്താളൻ കവിയാണെന്നതിന്റെ വിളംബരം പോലെ ചെത്തിമിനുക്കിയെടുത്ത അനേകം വാചകങ്ങൾ നോവലിൽ ചിതറിക്കിടക്കുന്നു. ഇത് പലപ്പോഴും കഥയിലൂടെ പോകുന്ന വായനക്കാരന്റെ ചിന്തകളേയും അട്ടിമറിക്കുന്നു. എന്നാൽ അട്ടിമറി സംഭവിക്കുന്നത് അങ്ങനെമാത്രമല്ല - നോവൽ ഇടയ്ക്കു വച്ച്, കൊല്ലപ്പെടുന്ന പലിശക്കാരന്റെ കഥയിലേക്ക് കടക്കുന്നതുപോലെയുള്ള കാര്യങ്ങളുമുണ്ട്. പലിശക്കാരന്റെ കഥ പറയുന്ന ഭാഗം നോവലിലെ തന്നെ മികച്ച എഴുത്തുകളിലൊന്നാണ്. കൂട്ടത്തിൽ, ഉദ്ധരണികളിൽ കൗതുകമുള്ളവർക്ക് ഈ നോവൽ ഒരു ഖനിപോലെയാണ്. ചിലപ്പോൾ ചെറിയ ഉപകഥകൾ പോലെയും കവിത നിറഞ്ഞ വാചകങ്ങളുണ്ട്.

എന്നാൽ പിന്നീട് നോവൽ ഇത്തരം ഭാഗങ്ങളുടെ ആവർത്തനം കൊണ്ട് ആഖ്യാനത്തിൽ പിറകോട്ടാകുന്നു. അതിന്റെ ഇടയ്ക്കുള്ള വീക്ഷണകോണുകളുടെ മാറ്റമൊന്നും നോവലിനെ സഹായിക്കുന്നില്ല - ദാമു എന്ന കഥാപാത്രത്തിലേക്കുള്ള മാറ്റം ഒരു ഗിമ്മിക് പോലെയാണ് അനുഭവപ്പെടുന്നത്. നായകൻ മേതിലിനെ കാണുന്നത് പോലുള്ളവ ആഖ്യാനത്തോട് ചേരാതെ നിൽക്കുന്നു. പ്രധാനകഥയിൽ തന്നെ അനാവശ്യം എന്ന് തോന്നിക്കുന്ന ഭാഗങ്ങളുണ്ട്. ഇതുകാരണം വായന പാതിയിലെത്തിയപ്പോൾ ഒന്നുരണ്ടു തവണ മുറിയുകയുണ്ടായി. എന്നാൽ നോവൽ തന്നെ മൊത്തത്തിൽ എഴുത്തുകാരന്റെ indulgence എന്ന രീതിയിൽ വരുന്നതുകൊണ്ട് ഇത്തരത്തിലുള്ള സന്ദേഹങ്ങൾക്കും പരാതികൾക്കും സ്ഥാനമുണ്ടോ എന്നുള്ളതും ചോദ്യമാണ്. നോവലിന് ഒറ്റനോട്ടത്തിൽ പുറമേക്കു തോന്നിക്കുന്ന രാഷ്ട്രീയപരമായ മാനങ്ങളൊന്നും ഉള്ളതായി കാണുന്നില്ല. രാഷ്ട്രീയം കഥയ്ക്ക് പശ്ചാത്തലം ഒരുക്കുന്നതിന് മാത്രമാണ് ഉപയോഗിച്ചിരിക്കുന്നത്. ഗഹനമായ ചിന്തകളോ ചർച്ചകളോ ഈ വിഷയത്തിൽ നടക്കുന്നില്ല - ചെറിയൊരു പരിഹാസം പോലുമുണ്ട് ചിലയിടങ്ങളിൽ- പകരം, പ്രത്യയശാസ്ത്രത്തെ പിൻപറ്റിയ കുറച്ചുപേരുടെ പ്രതിനിധിയായ ഒരുവന്റെ വൈകാരിക, മാനസിക വ്യാപാരങ്ങൾക്കാണ് ഇവിടെ പ്രാമുഖ്യം. ഈ രണ്ടു കൈവഴികളും തമ്മിലുള്ള ചേർച്ചക്കുറവ് ഉടനീളം അനുഭവപ്പെടുന്നു. അയാൾ കടന്നു പോകുന്ന വഴികൾ ഏറെയും പല കഥകളിൽ മുൻപാവർത്തിച്ചിട്ടുള്ളതുമാണ്. എന്നിരുന്നാലും നോവലിലെ 'ക്വയറ്റ് മൊമെന്റ്‌സ്'‌ അതിനെ സാധാരണതയിൽ നിന്നുയർത്തുന്നു എന്നാണെന്റെ തോന്നൽ - സൂക്ഷ്മനിരീക്ഷണത്തിൽ നിന്ന് വന്നതാണ് ഇവയെന്നുകാണാം. ഈ അവധാനത ബാക്കിയുള്ള ആഖ്യാനത്തിനില്ല, അഥവാ ഇതിനുവേണ്ടി മറ്റുള്ളത് എന്നതാണ് വായനയുടെ ആകെത്തുക.

കരുണാകരന്റെ മുന്നേയുള്ള എഴുത്തുകളുടെ തുടർച്ചയായുള്ളതാണ് ഈ നോവൽ എന്നും കാണാം. വായനാക്ഷമമല്ല ഇതെന്നൊന്നും ഇവിടെ അർത്ഥമാക്കുന്നില്ല. ഓരോ എഴുത്തിനും അതിന്റേതായ വായനക്കാർ ഉണ്ടാകുമല്ലോ. അത്തരത്തിലുള്ള വായനക്കാർ ഈ നോവലിനെ തേടിവരും. നേരത്തെ പറഞ്ഞ പോലെ Indulgence എന്ന വാക്ക് തന്നെയാണ് വീണ്ടും മനസ്സിൽ വരുന്നത്. കൂട്ടത്തിൽ, സമീപകാലത്തു വായിച്ചിട്ടുള്ളതിൽ പ്രവാസവും രാഷ്ട്രീയവും എഴുത്തും പശ്ചാത്തലമായി വരുന്ന പുസ്തകങ്ങളിൽ (ദി റിട്ടേൺ, ഐ സൊ റമല്ല) മുന്നോട്ടു വെക്കപ്പെടുന്ന ഡിസ്പ്ലേസ്‌മെന്റ് എന്ന അനുഭവമോ, അതിന്റെ രാഷ്ട്രീയമോ, ഒരെഴുത്തുകാരൻ അത്തരമൊരവസ്ഥയിൽ സാധാരണക്കാരിൽ നിന്ന് വിഭിന്നമായി, തീക്ഷ്ണണതയിൽ അനുഭവിച്ചേക്കാവുന്ന അന്യതയോ, ഐഡിയോളജിയുടെയും, സമരങ്ങളുടെയും പരാജയത്തെച്ചൊല്ലിയുള്ള വ്യർത്ഥതാബോധമോ തുടങ്ങിയവയൊന്നും നമ്മുടെ എഴുത്തുകളിൽ വരാത്തതിന്റെ കാരണം അന്വേഷിക്കേണ്ടതാണ്. എഴുത്തിലും അനുഭവങ്ങളിലും എല്ലാം വാർപ്പുകൾക്ക് പിറകെ മാത്രം പോകുന്ന ഒരു കൂട്ടമാണോ മലയാളികൾ? വ്യക്തിപരതയിൽ ഊന്നുന്ന, കളക്റ്റീവ് എന്നതിനെ നിരാകരിക്കുന്ന എഴുത്തുകൾ നിയോലിബറൽ കാലത്തിനു യോജിച്ചവയാണെന്നു തന്നെ കരുതണം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories