TopTop
Begin typing your search above and press return to search.

ആഗോള ഇസ്ലാമിക് തീവ്രവാദത്തിന് ഒരാമുഖം; The ISIS Caliphate: From Syria to the Doorsteps of India

ആഗോള ഇസ്ലാമിക് തീവ്രവാദത്തിന് ഒരാമുഖം; The ISIS Caliphate: From Syria to the Doorsteps of India

"ഇസ്ലാം സമാധാനത്തിന്‍റെ മതമാണ്‌. ഐസിസിന് ഇസ്ലാമുമായി ഒരു ബന്ധവുമില്ല." കുറ്റ്യാടിയിലെ തന്‍റെ രണ്ടു നില വീടിന്‍റെ ഉമ്മറത്തിരുന്ന് അബ്ദുള്ള എന്ന മനുഷ്യന്‍ പതിഞ്ഞ സ്വരത്തില്‍ പറഞ്ഞു. ഐസിസില്‍ ചേരുന്നതിനായി സിറിയയിലേക്ക് യാത്ര പോയ ജാസിം എന്ന ബി.ടെക്ക് വിദ്യാര്‍ത്ഥിയുടെ ഹതഭാഗ്യനായ പിതാവാണയാള്‍.

സമാനതകളില്ലാത്ത പോരാട്ട വീര്യം ജീവിതത്തിന്റെ ഉള്ളടക്കമാക്കിമാറ്റിത്തീർത്ത അഭിമന്യു എന്ന എസ്.എഫ്.ഐ നേതാവിനെ അതി ദാരുണമായി കൊലപ്പെടുത്തിയതു മുതൽ ഇസ്ലാമിക തീവ്രവാദം കേരളത്തിന്റെ സാമൂഹ്യ ജീവിത മണ്ഡലത്തിൽ വീണ്ടും സജീവ ചർച്ചയായിരിക്കുകയാണ്. രാഷ്ട്രീയ ഇസ്ലാമിന്റെ തീവ്രവാദ പ്രവർത്തനത്തിന്റെ പേരിൽ മുസ്ലിം സമുദായത്തെ മുഴുവൻ പ്രതിസ്ഥാനത്തു നിർത്തുന്നവരെയും അവരുടെ ക്രൂരതയെ സ്വത്വ രാഷ്ട്രീയത്തിന്റെ ചുവടു പറ്റി ന്യായീകരിക്കുന്നവരെയും ഈ വേളയില്‍ നാം കണ്ടതാണ്. അപ്പോള്‍ സ്വാഭാവികമായും മനസ്സിലുയരുന്ന ഒരുപാട് ചോദ്യങ്ങൾക്ക് ഉത്തരം തേടാനുള്ള ഉത്തരവാദിത്തം ചെറുതായെങ്കിലും രാഷ്ട്രീയത്തിൽ പങ്കാളികളാകുന്ന ഓരോ മനുഷ്യർക്കുമുണ്ട്.

സാഹോദര്യം കേന്ദ്ര പ്രമേയമാക്കിയ ഇസ്ലാം എന്ന മതവുമായി ഇസ്ലാമിക തീവ്രവാദത്തിനുള്ള ബന്ധമെന്താണ്? ആഗോള ജിഹാദി പ്രവർത്തനങ്ങൾക്ക് എങ്ങനെയാണ് കാസര്‍ഗോട്ടേയും ബ്രസ്സൽസിലെയും ഓര്‍ലാഡോയിലെയും ചെറുപ്പക്കാരെ ഒരുപോലെ ആകർഷിക്കാൻ കഴിയുന്നത്? ഇന്ത്യാ രാജ്യത്തിന് ഐസിസ് എത്രത്തോളം ഭീഷണി ഉയർത്തുന്നുണ്ട്?

ഈ വിധത്തിൽ പലവിധ ചോദ്യങ്ങൾക്കുള്ള അന്വേഷണമാണ് ദി ഹിന്ദു പത്രത്തിലെ ഇന്റർനാഷണൽ അഫയേഴ്സ് എഡിറ്ററും മലയാളിയുമായ സ്റ്റാൻലി ജോണിയുടെ The ISIS Caliphate: From Syria to the doorsteps of India എന്ന പുസ്തകം വായനയ്ക്ക് പ്രേരിപ്പിച്ചത്. പശ്ചിമേഷ്യയുടെ രാഷ്ട്രീയ ചരിത്രമെന്നത് വളരെ സങ്കീർണ്ണവും വ്യത്യസ്തവുമായ ആഖ്യാനങ്ങളാൽ നിറഞ്ഞതുമാണ്. കൃത്യമായ വായന അല്ലെങ്കിൽ എളുപ്പം തെറ്റിദ്ധരിക്കപ്പെടാൻ സാധ്യതയുള്ള ഒന്ന്. അഴിക്കാൻ ശ്രമിക്കുന്തോറും കൂടുതൽ മുറുകിപ്പോകുന്ന നിരവധി ധാരകളുള്ള ഒന്നായി പശ്ചിമേഷ്യയുടെ രാഷ്ട്രീയം പല വായനകളിലും അനുഭവപ്പെടുത്തിട്ടുണ്ട്. (ഐറിഷ് പത്രപ്രവർത്തകനായ പാട്രിക് കോക്ബേൺ എഴുതിയ The rise of Islamic State എന്ന പുസ്തകം ഒരിക്കൽ വായിച്ചു പാതിയിൽ നിർത്തിയതായിരുന്നു). ഈ വിഷയത്തിൽ കാര്യമായ മുൻധാരണകളില്ലാത്ത ഏതു തുടക്കക്കാരനും എളുപ്പത്തില്‍ വായിച്ചു മനസ്സിലാക്കാൻ പാകത്തിൽ പുസ്തകത്തിന്റെ ഉള്ളടക്കത്തെ ക്രമീകരിച്ചിരിക്കുന്നു എന്നതാണ് ഈ പുസ്തകത്തിന്‍റെ പ്രത്യേകത. തനിക്ക് ലഭിച്ച മികച്ച അക്കാദമിക് പരിശീലനവും തന്റെ പത്രപ്രവർത്തന രംഗത്തെ പരിചയവും പുസ്തക രചനയില്‍ ഒരുപോലെ കൂട്ടിയോജിപ്പിക്കുന്നതിൽ സ്റ്റാൻലി ജോണി വിജയിച്ചു എന്ന് തന്നെ പറയേണ്ടി വരും.

രണ്ടു ഭാഗങ്ങളിലായി ആറ് അധ്യായങ്ങളാണ് പുസ്തകത്തിലുള്ളത്. ഐസിസിന്റെ രൂപീകരണത്തിലേക്ക് നയിച്ച പശ്ചിമേഷ്യന്‍ സാമൂഹ്യ-രാഷ്ട്രീയ-പരിസരങ്ങളെയും, പ്യൂരിറ്റാനിക്കല്‍ ഇസ്ലാമിന്‍റെ രാഷ്ട്രീയ ഉയര്‍ച്ചയ്ക്ക് വഴിവച്ച പ്രത്യയശാസ്ത്ര ധാരകളെയും കുറിച്ചാണ് പുസ്തകത്തിന്‍റെ ഒന്നാം ഭാഗത്തില്‍, ഇന്ത്യയിലേക്ക് ഐസിസിന്റെ ആശയപരമായ കടന്നു കയറ്റവും ഐസിസ് വിരുദ്ധ പോരാട്ടങ്ങളുടെ ഇന്നത്തെ സ്ഥിതിയുമാണ് അവസാനഭാഗത്തില്‍ വിവരിക്കുന്നത്.

ഐസിസിന്റെ വളര്‍ച്ചയ്ക്ക് കാരണമായി പറയുന്ന ഗൂഢാലോചന സിദ്ധാന്തങ്ങളെയൊന്നും സ്റ്റാൻലി ജോണി പിന്‍പറ്റുന്നില്ല എന്ന് ആമുഖത്തില്‍ നിന്ന് തന്നെ വ്യക്തമാണ്. ചരിത്രപരമായ വിശകലനത്തിലൂടെ പശ്ചിമേഷ്യയില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയ അസ്ഥിരതയില്‍ അമേരിക്കയും സൗദി അറേബ്യയും അടക്കമുള്ള രാജ്യങ്ങളുടെ പങ്ക് സ്ഥാപിച്ചെടുക്കുകയാണ് അദ്ദേഹം ചെയ്യുന്നത്.

പ്രവാചകന്‍ മുഹമ്മദ്‌ നബിയുടെ മരണാനന്തരം നബിയുടെ ഭാര്യാ പിതാവ് അബുബക്കറിനെയാണ് അദ്ദേഹത്തിന്‍റെ പിന്‍ഗാമിയാണ്‌ തിരഞ്ഞെടുക്കുന്നത്. അന്നുമുതല്‍ നിരവധി ഖലീഫമാര്‍ ഇസ്ലാമിക ചരിത്രത്തിലുണ്ടായിട്ടുണ്ട്. 1258 ല്‍ ബാഗ്ദാദ് കേന്ദ്രീകരിച്ച് ഭരിച്ചിരുന്ന ഖലീഫ അല്‍-മുസ്താസിം മരണപ്പെട്ടതിനു ശേഷം 1517 ല്‍ ഓട്ടോമന്‍ സുല്‍ത്താന്‍ സലീം ഒന്നാമന്‍ ആ സ്ഥാനം സ്വീകരിക്കും വരെ ഖലീഫമാര്‍ ഉണ്ടായിരുന്നില്ല. പക്ഷേ ആധുനിക സമൂഹത്തിനു ഖലീഫ ചരിത്ര പുസ്തകത്തില്‍ മാത്രം ഒതുങ്ങിയ ഒന്നായിരുന്നു. 1924 ല്‍ തുര്‍ക്കി നേതാവ് മുസ്തഫ കമാല്‍ ഓട്ടോമന്‍ ഖലീഫേറ്റിനെ അസാധുവാക്കിയതിനു ശേഷമാണ് മുസ്ലീം രാജ്യങ്ങള്‍ ഇന്നത്തെ ദേശരാഷ്ട്രങ്ങളായി രൂപപ്പെടുന്നത്.

രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം അറബ് മണ്ണിലെ രാഷ്ട്രീയം പുതിയ ദിശകള്‍ രൂപീകരിച്ചു. സോവിയറ്റ് റഷ്യയുടെ സഹായത്തോടെ അബ്ദുള്‍ നാസര്‍ ഈജിപ്തില്‍ സാമ്രാജ്യത്വ വിരുദ്ധ ഉള്ളടക്കമുള്ള ഭരണകൂടം സ്ഥാപിച്ചത് അറബ് സമൂഹത്തില്‍ വഴിത്തിരിവായി. സിറിയയും ഈജിപ്തും അറബ് ഐക്യത്തിന് വേണ്ടി യുണൈറ്റഡ് അറബ് റിപ്പബ്ലിക് സ്ഥാപിച്ചെങ്കിലും അത് നിലനിന്നില്ല. അങ്ങനെ നേരത്തെ മെക്കയിലെ ഷരീഫായിരുന്ന ഹുസൈനിറെയും ഈജിപ്തിലെ സുല്‍ത്താന്‍ ഫഹദിന്റെയും ഖലീഫേറ്റ് സ്ഥാപിക്കുക എന്ന മോഹം പോലെ അബ്ദുള്‍ നാസറിന്റെ പാന്‍ അറബ് മോഹങ്ങളും ഇല്ലാതായി. ഈ ചരിത്രത്തെ പുസ്തകത്തിന്‍റെ ആദ്യഭാഗത്ത് ചെറുതാണെങ്കിലും കൃത്യതയോടെ വിശദീകരിക്കുന്നുണ്ട്.

മുസ്ലീം രാജ്യങ്ങളെ ഒന്നിപ്പിക്കാനുള്ള അടുത്ത ശ്രമങ്ങള്‍ വരുന്നത് അഫ്ഗാനിസ്ഥാനിലെ കമ്മ്യൂണിസ്റ്റ് ഭരണത്തിന്‍റെ തകര്‍ച്ചയോടെ ഉയര്‍ന്നുവന്ന ആധുനിക കാലത്തെ ജിഹാദി പ്രസ്ഥാങ്ങളുടെ വരവോടു കൂടിയാണ്. ആധുനിക ജിഹാദിസത്തിനെ മൂന്ന് ഘട്ടങ്ങളായാണ് പുസ്തകം പരിഗണിക്കുന്നത്. 1980 അഫ്ഘാന്‍ ഭരണകൂടത്തിനു പിന്തുണയുമായി നിലനിന്നിരുന്ന സോവിയറ്റ് ചുവപ്പ് പടയ്ക്കെതിരായുള്ള യുദ്ധം, അല്‍-ഖ്വയ്ദയുടെ രൂപീകരണവും അഫ്ഘാന്‍ യുദ്ധവും, ഇറാക്ക് യുദ്ധവും ഇസ്ലാമിക് സ്റ്റേറ്റിന്റെ പ്രഖ്യാപനവും. ഈ മൂന്നിലും അമേരിക്കന്‍ സാമ്രാജ്യത്തിന്‍റെ വ്യക്തമായ ഇടപെടലുകള്‍ കാണാം. ഒരിടത്ത് പറയുന്നുണ്ട്, “The US said its Iraq war was part of its global war on terror, one of the consequences of the war was rise in terrorism”.

ഇറാക്ക് യുദ്ധം തീര്‍ത്ത അസ്ഥിരതയും അധികാര ശൂന്യതയുമാണ് ജോര്‍ദ്ദാനിയന്‍ തീവ്രവാദി അബു മുസബ് അല്‍-സര്‍ഖാവിക്ക് അല്‍-ഖ്വയ്ദ ഇന്‍ ഇറാക്ക് രൂപീകരിക്കാന്‍ മണ്ണ് ഒരുക്കിയത്. ഈ ജിഹാദി പ്രസ്ഥാനമാണ് പത്തു വര്‍ഷം കൊണ്ട് വളര്‍ന്ന് ഇന്നത്തെ ഇസ്ലാമിക് സ്റ്റേറ്റ് ആയി രൂപപ്പെടുന്നത്.

ജോര്‍ദാനില്‍ ജനിച്ച സര്‍ഖാവി അഫ്ഘാനിസ്ഥാനില്‍ കമ്മ്യൂണിസ്റ്റുകള്‍ക്കെതിരെ യുദ്ധം നയിക്കാന്‍ അഫ്ഘാനിസ്ഥാനില്‍ പോവുകയും അല്‍-ഖ്വയ്ദയുടെ പരിശീലനം നേടുകയും ചെയ്യുന്നുണ്ട്. 1994 ല്‍ ജോര്‍ദാനില്‍ വച്ച് ആയുധങ്ങള്‍ കൈവശം വച്ചതിനു അയാളെ പതിനഞ്ചു വര്‍ഷം ശിക്ഷിച്ചു. പിന്നീട് പൊതു മാപ്പ് കൊടുത്തത്തിന്‍റെ അടിസ്ഥാനത്തില്‍ അഞ്ചു വര്‍ഷം കൊണ്ട് പുറത്തിറങ്ങിയ സര്‍ഖാവി അഫ്ഘാനിസ്ഥാനില്‍ പോയി ബിന്‍ ലാദനെ കണ്ടു. ആദ്യ വേളയില്‍ അവര്‍ക്ക് പരസ്പരം ആശയപരമായി യോജിപ്പ് തോന്നിയില്ലെങ്കിലും പിന്നീട് ബിന്‍ ലാദന്‍റെ പിന്തുണയോടെയാണ് അല്‍-ഖ്വയ്ദ ഇന്‍ ഇറാക്ക് സ്ഥാപിക്കുന്നത്. പക്ഷേ 2006 ലെ ഒരു അമേരിക്കന്‍ ആക്രമണത്തില്‍ സര്‍ഖാവി കൊല്ലപ്പെട്ടു. വ്യത്യസ്ത തായ് വഴികളിലുള്ള ഈ ചരിത്രം വിശദമായി തന്നെ സ്റ്റാന്‍ലി ജോണി മടുപ്പ് തോന്നിപ്പിക്കാതെ പുസ്തകത്തില്‍ പ്രതിപാദിക്കുന്നുണ്ട്.

ഇബ്രാഹിം ബിന്‍ അവാദ് ബിന്‍ ഇബ്രാഹിം അല്‍-ബദ്രി എന്ന ചെറുപ്പക്കാരന്‍ ലോകം ഭയക്കുന്ന അബൂബക്കര്‍ അല്‍-ബഗ്ദാദിയായ കഥയാണ്‌ രണ്ടാമത്തെ അധ്യായം മുഴുവനും. വളരെ സൌമ്യനും ഇസ്ലാമിക് വിഷയത്തില്‍ അസാമാന്യ പണ്ഡിത്യവുമുള്ള ആളായിരുന്നു ഇബ്രാഹിം. സദ്ദാം ഹുസൈന്‍ ഇറാക്കില്‍ സ്ഥാപിച്ച ഇസ്ലാമിക് സര്‍വകലാശാലയില്‍ പി എച്ച് ഡി പഠനം പൂര്‍ത്തിയാക്കിയ ഇബ്രാഹിം റാഡിക്കല്‍ ഇസ്ലാമിസ്റ്റ് പണ്ഡിതന്‍ സയ്യിദ് ഖുത്ബിന്‍റെ (ഇയാള്‍ കാറൽ മാർക്സ് ഓഫ് അൽ-ഖ്വയ്ദ എന്നറിയപ്പെട്ടിരുന്നു) ആശയങ്ങളില്‍ ആകൃഷ്ടനായിരുന്നു. ഇബ്രാഹിമിനെ അക്രമത്തിന്‍റെ പാതയ്ക്ക് പ്രേരിപ്പിച്ചത് അമേരിക്കയുടെ ഇറാക്ക് അധിനിവേശവും യുദ്ധ ക്രൂരതയുമാണെന്ന് വ്യക്തമാണ്. 2004 ല്‍ അറസ്റ്റ് ചെയ്യപ്പെട്ട ഇബ്രാഹിം അമേരിക്കന്‍ പട്ടാളത്തിന്‍റെ കീഴില്‍ ക്യാമ്പ് ബുക്കയില്‍ പത്തുമാസം തടവില്‍ കഴിഞ്ഞു. ഇസ്ലാമിക് സ്റ്റേറ്റ് രൂപീകരിച്ചപ്പോള്‍ അതിന്‍റെ നേതൃ നിരയിലുണ്ടായിരുന്ന പതിനൊന്നോളം പേര്‍ ഈ തടവ്‌ കേന്ദ്രത്തില്‍ കഴിഞ്ഞവരാണ്. ഏറ്റവും രസകരമായ കാര്യം ഫുട്ബാള്‍ കളിയില്‍ അസാമാന്യ താല്പര്യമുള്ള ആളായിരുന്നു ഇബ്രാഹിം. ക്യാമ്പ് ബക്കയില്‍ അദ്ദേഹത്തിന് മറഡോണ എന്ന് വിളിപ്പേര് പോലുമുണ്ടായിരുന്നു.

സര്‍ഖാവിയുടെ മരണാന്തരം അല്‍-മസ്രി, അൽ ഖ്വയ്‌ദയുടെ യുടെ നേതൃത്വം ഏറ്റെടുക്കുന്നു. അല്‍-മസ്രി ഈജിപ്ഷ്യനായിരുന്നു. ഇത് ഇറാക്കി സുന്നികളില്‍ അസ്വസ്ഥത ഉളവാക്കുകയും അവരെല്ലാം അൽ- ഖ്വയ്‌ദയുമായി അകലാനും തുടങ്ങി. ഈ സാഹചര്യത്തിലാണ് സാര്‍ഖാവിയുടെ ആഗ്രഹം പോലെ ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാക്ക് സ്ഥാപിക്കുന്നതും അബു-ഉമര്‍-അല്‍-ബാഗ്ദാദിയെ ആദ്യ എമിര്‍ ആയി നിയമിക്കുന്നതും. (അബു ഉമര്‍, മുഹമ്മദ്‌ നബിയുടെ ഖുറേഷി ഗോത്രത്തില്‍പ്പെട്ട ആളുമായിരുന്നു). 2008-ലാണ് ഇബ്രാഹിം, അല്‍-മസ്രിയെ പരിചയപ്പെടുന്നതും വളരെ വേഗത്തില്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ പ്രമുഖരില്‍ ഒരാളായി ഉയരുകയും ചെയ്യുന്നത്. 2012-ല്‍ അല്‍-മസ്രിയും ആദ്യത്തെ എമിറും കൊല്ലപ്പെട്ടപ്പോള്‍ ഷറിയ കൌണ്‍സിലിന്റെ തീരുമാന പ്രകാരം ഇബ്രാഹിം അബൂബക്കര്‍-അല്‍-ബഗ്ദാദിയായി ഇസ്ലാമിക് സ്റേറ്റ് ഓഫ് ഇറാക്കിന്റെ രണ്ടാമത്തെ എമിറായി നിയമിക്കപ്പെടുന്നു.

അധികാരത്തോടുള്ള അമിതമായ താത്പ്പര്യം കാരണം അൽ-ഖ്വയ്ദ കേന്ദ്ര നേതൃത്വവുമായി തെറ്റുന്നതും നേരത്തെ തങ്ങളുടെ തന്നെ ഭാഗമായിരുന്ന സിറിയയിലെ അല്‍-നുസ്ര ഗ്രൂപ്പുമായും യുദ്ധം നടത്തുന്നതും ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാക്ക് ആന്‍ഡ്‌ ഗ്രേറ്റര്‍ സിറിയ സ്ഥാപിക്കുന്നതും തങ്ങളുടെ സാമ്രാജ്യം ബ്രിട്ടനോളം വളര്‍ത്തുന്നതും പിന്നീട് 2017 -ഓടു കൂടി തങ്ങള്‍ പിടിച്ചെടുത്ത മൊസൂളും റാഖും അടക്കം പ്രധാന നഗരങ്ങളെല്ലാം നഷ്ട്ടപ്പെടുന്നതും എല്ലാം പുസ്തകത്തിലുണ്ട്.

സിറിയയിലെ ആഭ്യന്തരയുദ്ധവും അതില്‍ അമേരിക്ക, സൗദി അറേബ്യ, ഇറാന്‍, റഷ്യ എന്നിവരുടെ പങ്കും ബാഷാറാം-അല്‍-ആസദ് ഭരണകൂടത്തോടുള്ള ഇസ്ലാമിക് സ്റ്റേറ്റ് വിരോധത്തിന്‍റെ കാരണവുമെല്ലാം പുസ്തകത്തിന്‍റെ പരിഗണനാ വിഷയമാകുന്നുണ്ട്. സലഫിസത്തെയാണ് പുസ്തകം ഐസിസിന്റെ വളര്‍ച്ചയ്ക്ക് കാരണമായി പ്രതിസ്ഥാനത്ത് നിര്‍ത്തുന്നത്. പക്ഷേ അതെ സമയം സലഫി പ്രസ്ഥാനങ്ങളെ ഒരൊറ്റ ശിലയില്‍ തീര്‍ത്തതായി പരിഗണിക്കാതെ റിഫോമിസ്റ്റ് സലഫിസം, പ്യൂരിറ്റാനിക്കൽ സലഫിസം, സലഫി ജിഹാദിസം എന്നിങ്ങനെ കാണേണ്ടതുണ്ട് എന്ന് സ്റ്റാന്‍ലി ജോണി പറയുന്നു.

പുസ്തകത്തിന്‍റെ രണ്ടാം ഭാഗത്തില്‍ (The Periphery) എന്ന ഭാഗം ഐസിസിന്റെ ഇന്ത്യയിലേക്കുള്ള വഴികളെക്കുറിച്ചാണ്. എന്‍റെ ഗ്രാമത്തില്‍ നിന്നും പത്തു കിലോമീറ്റര്‍ ദൂരം മാത്രമുള്ള പടന്നയില്‍ നിന്നും ഐസിസിൽ ചേരാനായി സിറിയയിലേക്ക് പോയ 21 പേരുടെ വിവരങ്ങളും അവരുടെ ബന്ധുക്കളുമായി നടത്തിയ സംഭാഷണങ്ങളും ഭീതിയോടെയാണ് വായിച്ചു തീര്‍ത്തത്. ദാരിദ്ര്യവും അവഗണനയുമാണ് ഇസ്ലാമിക തീവ്രവാദത്തിലേക്ക് നയിക്കുന്നത് എന്ന പൊതുധാരണയെ സിറിയയിലേക്ക് കേരളത്തില്‍ നിന്നും പോയവരുടെ ജീവിത സാഹചര്യങ്ങളെ മുന്‍നിര്‍ത്തി സ്റ്റാന്‍ലി ജോണി നിരസിക്കുന്നുണ്ട്. മികച്ച ജീവിത ചുറ്റുപാടുകളും ഉയര്‍ന്ന വിദ്യഭ്യസവുമുള്ളവരാണ് ഇവരില്‍ ബഹുഭൂരിപക്ഷവും. ഇവരില്‍ കുറേപ്പേര്‍ നേരത്തെ കേരളത്തില്‍ ഏതെങ്കിലും സംഘടനകളുമായിട്ട് പോലും ഏതെങ്കിലും വിധത്തില്‍ ബന്ധമില്ലാത്തവരായിരുന്നു എന്നത് ഞെട്ടിക്കുന്ന വസ്തുതയാണ്. പിന്നെയെങ്ങനെ ഇവര്‍ ഇത്തരമൊരു തീരുമാനത്തിലെത്തി എന്നതിന് പുസ്തകം നല്‍കുന്ന ഉത്തരം മലയാളത്തില്‍ പോലും സജീവമായിരുന്ന ഇസ്ലാമിക് സ്റ്റേറ്റ് അനുകൂല ബ്ലോഗുകളും ഫെസ്ബുക് പേജുകളും എന്നതാണ്. സൗദി അറേബ്യയുടെ വഹാബിസത്താൽ സ്വാധീനിക്കപ്പെട്ടവരുമുണ്ട്.

സലഫിസത്തിന്റെ ആഗോള ചരിത്രത്തെക്കുറിച്ചും കേരളത്തില്‍ ഈ ധാരയാല്‍ സ്വധീനിക്കപ്പെട്ട് രൂപീകരിച്ച മുസ്ലിം ഐക്യ സംഘം, കേരള നടവത്തുള്‍ മുജാഹിദിന്‍ (കെ എൻ എം) എന്നിവയെക്കുറിച്ചും പുസ്തകം ചെറു വിവരണം നല്‍കുന്നു.

ഐസിസിന്റെ മുഖ്യ ശത്രു മുസ്ലിം സമുദായത്തിലെ തന്നെ ഷിയാ വിഭാഗക്കാരാണ്. ഷിയാ വിരുദ്ധതയാണ് ഇറാക്കിലെയും സിറിയയിലേയും ഐസിസിന്റെ ഇന്ധനം. ഇന്ത്യയിലെ മാത്രമല്ല ലോകത്തെ തന്നെ ബഹുഭൂരിഭാഗം മുസ്ലിം ജനസാമാന്യവും ഐസിസിന് എതിരാണ്. ക്രിസ്തുമതത്തില്‍ ജനിച്ച് ഇസ്ലാം മതത്തിലേക്ക് സ്വയമേവ പരിവര്‍ത്തനം നടത്തി ഐസിസിൽ ചേര്‍ന്ന ബെല്‍ജിയംകാരനായ മൈക്കിള്‍ യൂനിസ് ഡെലിഫോര്‍ട്രീയുമായി നടത്തിയ ഒരു അഭിമുഖത്തിന്‍റെ ചില ഭാഗങ്ങള്‍ പുസ്തകത്തിലുണ്ട്. അതില്‍ എന്തുകൊണ്ടാണ് ബഹുഭൂരിഭാഗം മുസ്ലിങ്ങളും ഐസിസിനെ എതിര്‍ക്കുന്നത് എന്ന ചോദ്യത്തിന് അയാള്‍ നല്‍കുന്ന ഉത്തരം, "Because most Muslims go to hell" എന്നതാണ്. 73 വിഭാഗങ്ങളുള്ള മുസ്ലിം സമുദായത്തില്‍ പ്യൂരിറ്റാനിക്കല്‍ ഇസ്ലാമിനെ അംഗീകരിക്കാത്ത 72 വിഭാഗവും നരകത്തില്‍ പോകുമെന്നാണ് യൂനിസ് പറയുന്നത്.

ഐസിസിന്റെ ഭൗതിക സാമ്രാജ്യം ഏറെക്കുറെ തകര്‍ന്നു പോയെങ്കിലും ആശയപരമായി അവരിപ്പോഴും നേരത്തെതു പോലെ ഭീഷണി ഉയര്‍ത്തുന്നുണ്ട്. പ്രത്യേകിച്ചും ഇന്ത്യ പോലുള്ള രാജ്യത്ത് സംഘപരിവാര്‍ ഭീകരത മുസ്ലീം സാമാന്യ ജീവിതത്തെ കൂടുതല്‍ അസ്ഥിരപ്പെടുത്തുമ്പോള്‍ ഇന്ത്യയെ ലക്ഷ്യം വയ്ക്കുന്ന ഐസിസ് ആശയപ്രചാരകര്‍ക്ക് അത് കൂടുതല്‍ അവസരങ്ങള്‍ നല്‍കും. അതിനെ ചെറുക്കേണ്ടത് ലോക സമാധാനം ആഗ്രഹിക്കുന്ന എല്ലാ മനുഷ്യരുടെയും ഉത്തരവാദിത്തമാണ്.

പുസ്തകം മികച്ചതാകുന്നത് മേല്‍പ്പറഞ്ഞത്‌ പോലെ സങ്കീര്‍ണമായ ഒരു വിഷയത്തെ ലളിതമായി അവതരിപ്പിക്കാന്‍ ശ്രമിക്കുകയും ഇത്തരം വായനകളില്‍ അനിവാര്യമായ പ്രേരണ നിലനിര്‍ത്താന്‍ കഴിഞ്ഞു എന്നതിനാലുമാണ്. വായനകളെ പ്രായോഗിക രാഷ്ട്രീയ പ്രവര്‍ത്തനത്തിനുള്ള അനിവാര്യമായ അറിവ് സമ്പാദനത്തിനുള്ള വഴി മാത്രമായി കാണുന്നവര്‍ക്ക് എളുപ്പ വായനകള്‍ സാധ്യമാകുന്ന ഇത്തരം പുസ്തകങ്ങള്‍ അനുഗ്രഹമാണ്.

ഐസിസ് മനുഷ്യ സംസ്കാരത്തിന്‍റെ ഇരുണ്ട ഭാഗത്തെ പ്രതിനിധീകരിക്കുന്നു (ISIS basically represents the darker side of human civilisation) എന്ന് സ്റ്റാന്‍ലി ജോണി ഒരിടത്ത് പറയുന്നുണ്ട്. എന്തുകൊണ്ടാണ് ഈ ഇരുട്ടിലേക്ക് മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളില്‍ നിന്ന് പോലും നമ്മുടെ ചെറുപ്പക്കാര്‍ ആകര്‍ഷിപ്പെടുന്നത് എന്ന ചോദ്യത്തിനുള്ള ഉത്തരം ഇസ്ലാമിക് ചരിത്ര അധ്യാപകനായ അഷറഫ് കടയ്ക്കല്‍ പറയുന്നതല്ലാതെ മറ്റൊന്നും കാണുന്നില്ല, “This neo-Salafism is a psychological disorder”, ഇത് ഭ്രാന്തല്ലാതെ മറ്റെന്താണ്.

(ദീപക് പച്ച ഫേസ്ബുക്കില്‍ എഴുതിയത്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

https://www.azhimukham.com/vayana-isis-caliphate-book-stanleyjohny-review-jayaramjanardanan/


Next Story

Related Stories