TopTop
Begin typing your search above and press return to search.

മുസ്ലീം ബലിയാടുകളെ കണ്ടെത്തുന്ന റഷ്യ-ഇഷാന്‍ തരൂര്‍ എഴുതുന്നു

മുസ്ലീം ബലിയാടുകളെ കണ്ടെത്തുന്ന റഷ്യ-ഇഷാന്‍ തരൂര്‍ എഴുതുന്നു

ഇഷാന്‍ തരൂര്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)


പ്രമുഖ റഷ്യന്‍ പ്രതിപക്ഷ നേതാവ് ബോറിസ് നെംസോവിനെ കഴിഞ്ഞ മാസം വെടിവെച്ചു കൊന്ന കേസില്‍ പ്രതികളെന്ന് സംശയിക്കുന്നവരെ റഷ്യന്‍ അധികൃതര്‍ തിരിച്ചറിഞ്ഞപ്പോള്‍ ആര്‍ക്കം അത്ഭുതം തോന്നിയില്ല. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ പ്രധാന എതിരാളി എന്ന് പരക്കെ അറിയപ്പെടുന്ന നെംസോവിനെ വധിച്ചത് ഒരു ഇസ്ലാമിസ്റ്റ് തോക്കുധാരിയാണെന്നാണ് റഷ്യന്‍ അധികൃതര്‍ അവകാശപ്പെടുന്നത്. കഴിഞ്ഞ ആഴ്ച അഞ്ച് ചെച്‌നിയന്‍ വംശജരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഇതിന് ശേഷം കഴിഞ്ഞ ബുധനാഴ്ച ഉണ്ടായ വെളിപ്പെടുത്തലുകളിലും അത്ഭുതത്തിന് അവകാശം ഉണ്ടായിരുന്നില്ല. ജയിലിലേക്ക് പ്രവേശിക്കാന്‍ സാധിച്ച ചില പൊതുനിരീക്ഷകര്‍ പറയുന്നത്, സംശയിക്കപ്പെടുന്ന പ്രധാന പ്രതിയായ സൗര്‍ ദാദയേവ്, തന്റെ ജീവന്‍ അപകടത്തിലാവുമെന്ന് ഭയന്ന് ഭീഷണിക്ക് വഴങ്ങിയാണ് കുറ്റം സമ്മതിച്ചതെന്നും തനിക്ക് കുറ്റത്തില്‍ പങ്കില്ലെന്ന് വ്യക്തമാക്കിയെന്നുമാണ്.

എന്റെ സഹപ്രവര്‍ത്തകനായ കോറൗണ്‍ ഡെമിര്‍ജിയാന്‍ ചൂണ്ടിക്കാട്ടിയത് പോലെ, ഫ്രഞ്ച് ആക്ഷേപഹാസ്യ മാസികയായ ഷാര്‍ളി ഹെബ്ദോ പ്രസിദ്ധീകരിച്ച കാര്‍ട്ടൂണുകളിലും അതിന്റെ കാഴ്ചപ്പാടിനെ അംഗീകരിച്ച നെംസോവിന്റെ നിലപാടിലും ദാദയേവിന് പ്രതിഷേധമുണ്ടായിരുന്നതായി നേരത്തെ ഉള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പെട്ടെന്നുണ്ടായ കോപാവേശമാണ് ഗൂഢ ഉദ്ദേശത്തിന് പിന്നിലെന്ന് മറ്റ് ചിലരും ചൂണ്ടിക്കാട്ടിയിരുന്നു.

ഈ സിദ്ധാന്തം 'യുക്തിരഹിതമാണെന്നും,' ക്രെംലിനില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള അടവാണെന്നും നെംസോവിന്റെ അടുത്ത അനുയായിയായ ഇല്യ യാഷിന്‍ ആരോപിച്ചു. 'വെടിവെച്ചയാളെ കുറ്റപ്പെടുത്താന്‍ സാധിക്കുമെങ്കിലും, നെംസോവിന്റെ കൊലപാതകത്തിന് ഉത്തരവിട്ടവര്‍ രക്ഷപ്പെടും,' എന്ന് യാഷിന്‍ തിങ്കളാഴ്ച ട്വിറ്ററില്‍ കുറിച്ചു.ചെച്‌നിയയുടെ സുരക്ഷസേനയില്‍ ദാദയേവ് സേവനമനുഷ്ടിച്ചിരുന്നു. പുടിന്റെ കൂട്ടാളിയും റഷ്യന്‍ റിപബ്ലിക്കിന്റെ വിവാദ നേതാവുമായ റാംസാന്‍ കാദിറോവിന്റെ വാക്കുകളില്‍ പറഞ്ഞാല്‍ അയാള്‍ 'ആത്മാര്‍ത്ഥതയും കടുത്ത മതവിശ്വാസവുമുള്ള' ആളും ഒരു 'യഥാര്‍ത്ഥ ദേശസ്‌നേഹിയും' ആണ്. ഈ പ്രസ്താവനയില്‍ ഒളിഞ്ഞിരിക്കുന്ന വൈചിത്ര്യം, ചെച്‌നിയക്കാരന്റെ അറസ്റ്റിലും അദ്ദേഹം കുറ്റസമ്മതം നടത്തി എന്ന അവകാശവാദത്തിലും ഒളിഞ്ഞിരിക്കുന്ന ദുരൂഹതയ്ക്ക് ആക്കം കൂട്ടുന്നുണ്ട്. സംശയിക്കപ്പെടുന്ന പ്രതികളെ സന്ദര്‍ശിച്ച പൊതു നിരീക്ഷകര്‍ എന്താണ് കണ്ടതെന്നതിനെ കുറിച്ച് ബ്ലൂംബര്‍ഗ് തരുന്ന കൂടുതല്‍ വിശദവിവരങ്ങള്‍ ഇങ്ങനെയാണ്:

റഷ്യയുടെ ചെച്‌നിയന്‍ മേഖലയിലെ സെര്‍വര്‍ പോലീസ് ബറ്റാലിയനിലെ ഡപ്യൂട്ടി ചീഫ് കമാണ്ടറായിരുന്ന സൗര്‍ ദാദയേവിന്റെയും സഹോദരന്മാരായ അന്‍സോര്‍, ഷാഗിദ് ഗബുഷേവ് എന്നിവരുടെ ദേഹത്ത് ചതവുകളും മുറിവുകളും ഉണ്ടായിരുന്നു. അവരെ മര്‍ദ്ദിപ്പിക്കുകയും പീഢിപ്പിക്കുകയും ചെയ്തതിന്റെ സൂചനയാണ് ഇതെന്ന് ജയില്‍ സന്ദര്‍ശിച്ച ശേഷം സംഘത്തിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച കുറിപ്പില്‍ കൗണ്‍സില്‍ അംഗം ആന്ദ്രെ ബാബുഷ്‌കിന്‍ പറയുന്നു. സംഭവത്തില്‍ ഒരു പുനഃപരിശോധന ആവശ്യപ്പെട്ട് അദ്ദേഹം അന്വേഷണ കമ്മിറ്റി തലവന്മാര്‍ക്കും പ്രോസിക്യൂട്ടര്‍ ജനറലിന്റെ ഓഫീസിനും പരാതി നല്‍കിയിട്ടുണ്ട്.

റഷ്യയുടെ അസ്വസ്ഥബാധിതമായ വടക്കന്‍ കാക്കസസ് മേഖലയില്‍ നിന്നുള്ളവരെ രാഷ്ട്രീയ പ്രാധാന്യമുള്ള കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് കസ്റ്റഡിയില്‍ എടുക്കുന്നത് ഇത് ആദ്യമല്ല എന്നത് ഇവിടെ സൂചിപ്പിക്കേണ്ടിയിരിക്കുന്നു. മാധ്യമപ്രവര്‍ത്തകയും ക്രെംലിന്‍ വിമര്‍ശകയുമായ അന്ന പൊളിറ്റ്‌സ്‌കോവ 2006ല്‍ കൊല്ലപ്പെട്ടപ്പോള്‍, ഒരു ചെച്ന്‍ സംഘത്തിലെ അംഗങ്ങള്‍ എന്ന് ആരോപിക്കുന്നവര്‍ ഉള്‍പ്പെടെ സംശയിക്കപ്പെടുന്നവരെ അധികാരികള്‍ അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ റഷ്യയെ 'അസ്ഥിരപ്പെടുത്താന്‍' ശ്രമിക്കുകയാണെന്നാണ് പ്രോസിക്യൂട്ടര്‍ അന്ന് വാദിച്ചത്. നെംസോവ് കൊല്ലപ്പെട്ടപ്പോഴും സമാനമായ വാഗ്‌ധോരണികളാണ് ഉണ്ടാവുന്നത്.

കുറ്റവിമോചനങ്ങളുടെയും പുതിയ വിചാരണകളുടെയും വഴിതെറ്റിയ യാത്രകള്‍ക്ക് ശേഷം കഴിഞ്ഞ വര്‍ഷം പൊളിറ്റ്‌സകോവയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരു മുന്‍ റഷ്യന്‍ പോലീസുകാരനൊപ്പം അഞ്ച് ചെച്‌നിയക്കാരെയും ശിക്ഷിച്ചിരുന്നു. യാഷിന്റെ ട്വീറ്റില്‍ പ്രതിഫലിക്കുന്ന കാരണങ്ങള്‍ കൊണ്ടുതന്നെ കേസ് ഇതുവരെ പരിഹരിക്കപ്പെട്ടിട്ടില്ല എന്നാണ് പൊളിറ്റ്‌സ്‌കോവയുടെ കുടുംബം ഇപ്പോഴും വിശ്വസിക്കുന്നത്.ഒരു പ്രമുഖ അന്വേഷണാത്മക പത്രപ്രവര്‍ത്തകനായിരുന്ന പോള്‍ ക്ലെബ്‌നിക്കോവ് 2004ല്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് ചില ചെച്‌നിയക്കാരെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും പിന്നീട് അവരെ വിട്ടയച്ചിരുന്നു. അദ്ദേഹത്തിന്റെ കൊലപാതകികളെ കണ്ടെത്താന്‍ ഇനിയും സാധിച്ചിട്ടില്ല.

മുസ്ലീം ഭൂരിപക്ഷമുള്ള ചില റിപ്പബ്ലിക്കുകള്‍ ഉള്‍പ്പെടുന്ന വടക്കന്‍ കാക്കസസ് മേഖലയും മോസ്‌കോയും തമ്മില്‍ മോശം ബന്ധങ്ങളാണ് നിലനില്‍ക്കുന്നത്. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്ക് ശേഷം, വിഘടനവാദികളുടെ നുഴഞ്ഞുകയറ്റത്തെ റഷ്യന്‍ സര്‍ക്കാര്‍ നിഷ്‌കരുണം അടിച്ചമര്‍ത്തിയിരുന്നു. ചെച്‌നിയയില്‍ കലാപങ്ങള്‍ അവസാനം ഒരു ഇസ്ലാമിക് സ്വഭാവം കൈവരിക്കുകയും റഷ്യയുടെ ഇതരഭാഗങ്ങളില്‍ തീവ്രവാദി ആക്രമണങ്ങള്‍ക്ക് കാരണമാകുകയും ചെയ്തു. ഒരിക്കല്‍ വിമതനായിരുന്ന ഒരാളുടെ പുത്രനായ കാദിറോവ്, എതിര്‍പ്പുകള്‍ ഉരുക്ക് കൈ ഉപയോഗിച്ച് അടിച്ചമര്‍ത്തിയതിന്റെ പേരില്‍ കുപ്രസിദ്ധി നേടിയ ആളാണ്.

കാക്കസസ് മേഖലയിലുള്ളവരോട് ചില റഷ്യക്കാര്‍ പുലര്‍ത്തുന്ന ആഴത്തിലുള്ള മതവൈര്യത്തിലേക്കും ചില നിരീക്ഷകര്‍ വിരല്‍ ചൂണ്ടുന്നു. പലരും ഇപ്പോഴും അവരെ 'കറുത്തവര്‍' എന്ന് ആക്ഷേപിക്കുന്നതും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. 2010 ല്‍ മോസ്‌കോയില്‍ തീവ്രവലതുപക്ഷക്കാരായ ഫുട്ബോള്‍ റൗഡികളടങ്ങിയ ആള്‍ക്കൂട്ടം കാക്കസസ്, മധ്യ ഏഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരെ ആക്രമിക്കുകയും രണ്ട് പേരെ വധിക്കുകയും ചെയ്തിരുന്നു.

മതദേശീയതയുടെ ഞരമ്പുകളിലേക്ക് പുടിന്റെ രാഷ്ട്രീയം തുളച്ചുകയറുന്നു. അതിന്റെ ഭാഗമെന്നോണം റഷ്യയുടെ ഓര്‍ത്തഡോക്‌സ് ക്രിസ്ത്യന്‍ വ്യക്തിത്വത്തെ കുറിച്ച് അദ്ദേഹം ഇടയ്ക്കിടെ വാചാലനാവുന്നു. അധികാരത്തിനെതിരായ ഏത് പ്രതിഷേധവും വലിയ സാഹസമായി മാറുന്ന ഒരു റഷ്യയില്‍ ആഴത്തിലുള്ള പരദേശവിദ്വേഷം സൃഷ്ടിക്കുന്നതിന് കാരണമാകുന്നുണ്ടെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.


Next Story

Related Stories