TopTop
Begin typing your search above and press return to search.

നെമ്റ്റ്‌സോവിന്‍റെ കൊല; പുടിന്‍ സ്റ്റാലിന്‍റെ വഴിയേ-ഇഷാന്‍ തരൂര്‍ എഴുതുന്നു

നെമ്റ്റ്‌സോവിന്‍റെ കൊല; പുടിന്‍ സ്റ്റാലിന്‍റെ വഴിയേ-ഇഷാന്‍ തരൂര്‍ എഴുതുന്നു

ഇഷാന്‍ തരൂര്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)

1934 ഡിസംബര്‍ ഒന്നിന്, സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും പോളിറ്റ്ബ്യൂറോ അംഗവുമായിരുന്ന സെര്‍ജി കിറോവിന്റെ ലെനിന്‍ഗ്രാഡിലെ (ഇപ്പോള്‍ സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്) ഓഫീസിലേക്ക് ഏകനായ ഒരു തോക്കുധാരി നടന്നു കയറി. അധികം സമയം കഴിയുന്നതിന് മുമ്പ്, കഴുത്തില്‍ വെടിയുണ്ടയേറ്റ തുളയുമായി കിറോവ് മരിച്ചുകിടന്നു.

ഒരു മികച്ച പ്രഭാഷകനും ഏറ്റവും സ്വാധീനമുള്ള ബോള്‍ഷേവിക് നേതാക്കളില്‍ ഒരാളും സുന്ദരനുമായിരുന്ന കിറോവിന്റെ വധം ഞെട്ടിപ്പിക്കുന്ന ഒന്നായിരുന്നു. 'ശത്രു കിറോവിനെ വ്യക്തിപരമായി ആക്രമിക്കുകയായിരുന്നില്ല. തീര്‍ച്ചയായും അല്ല! അയാള്‍ തൊഴിലാളി വര്‍ഗവിപ്ലവത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു,' എന്ന് കിറോവിന്റെ ശവസംസ്‌കാരം നടന്നതിന്റെ പിറ്റേദിസം ഔദ്ധ്യോഗിക ദിനപ്പത്രമായ പ്രവ്ദ പ്രഖ്യാപിച്ചു. സംഭവത്തെ കുറിച്ച് അന്വേഷിക്കാനുള്ള ചുമതല, സോവിയറ്റ് നേതാവ് സ്റ്റാലിന്‍ നേരിട്ട് ഏറ്റെടുത്തു.

റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ പ്രധാന എതിരാളിയും വന്‍ജനപിന്തുണയുള്ള നേതാവുമായ ബോറിസ് നെമ്റ്റ്‌സോവ് കഴിഞ്ഞ ആഴ്ച കൊല്ലപ്പെട്ടതിലും ഭൂതകാലത്തിന്റെ പ്രതിദ്ധ്വനികള്‍ കണ്ടെത്താനാവും. എട്ടു ദശാബ്ദങ്ങള്‍ക്ക് മുമ്പ് സ്റ്റാലിന്റെ കാലത്തെന്ന പോലെ, ഈ കൊലപാതകത്തെ കുറിച്ചുള്ള അന്വേഷണം തന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലായിരിക്കുമെന്ന് പുടിന്‍ പ്രഖ്യാപിച്ച് കഴിഞ്ഞു. എന്ന് മാത്രമല്ല, ഏട്ട് ദശാബ്ദങ്ങള്‍ക്ക് മുമ്പ് ഉണ്ടായത് പോലെ, ഈ കൊലപാതകത്തിലും ക്രെംലിന്റെ നിഴലുകള്‍ പതിഞ്ഞ് കിടക്കുന്നു.തന്റെ പ്രധാന രാഷ്ട്രീയ എതിരാളിയായി സ്റ്റാലിന്‍ കണക്കാക്കിയിരുന്ന കിറോവിന്റെ കൊലപാതകത്തിന് അദ്ദേഹം നേരിട്ട് ഉത്തരവിടുകയായിരുന്നോ എന്ന് കൃത്യമായും തെളിയിക്കാനായിട്ടില്ല. കൊലപാതകിയുടെ ഇരുണ്ട ലക്ഷ്യങ്ങള്‍ വെളിവാക്കപ്പെടുന്നതിന് മുമ്പ് അയാളെ തൂക്കിലേറ്റിയത്, അധികാരികള്‍ക്ക് ചോദ്യം ചെയ്യാന്‍ സാധിക്കുന്നതിന് മുമ്പ് കിറോവിന്റെ അംഗരക്ഷകന്‍ കൊല്ലപ്പെട്ടത് തുടങ്ങിയ നിരവധി വിശദീകരണം ലഭിക്കാത്ത അസ്വാഭാവികതകള്‍ കിറോവിന്റെ കൊലപാതകത്തിന് മേല്‍ നിഴല്‍വിരിച്ച് നിന്നു. വധിക്കപ്പെട്ട പാര്‍ട്ടി നേതാവിന്റെ സ്തുതിഗീതങ്ങള്‍ എല്ലാ അന്വേഷണങ്ങളെയും മുക്കിക്കളഞ്ഞതായി ന്യൂയോര്‍ക്ക് ടൈംസിന്റെ ഒരു റിപ്പോര്‍ട്ട് പറയുന്നു:
'സാറിസ്റ്റ് പോലീസിന്റെ രഹസ്യരേഖകളില്‍ നിന്നുള്ള കേസുകെട്ടുകള്‍ ഉള്‍പ്പെടെ, കിറോവിന്റെ ദീര്‍ഘമായ വ്യക്തിജീവിത വിവരങ്ങള്‍ കണ്ടെത്താനും അച്ചടിക്കാനും അസാമാന്യ വേഗത്തില്‍ പ്രവ്ദയ്ക്ക് സാധിച്ചു. ഇത് ഡിസംബര്‍ അഞ്ചിന് പുറത്തുവന്നു. ഇതേ ദിവസം തന്നെ, മുന്‍ സഖാക്കളുടെ ഓര്‍മക്കുറിപ്പുകളും അദ്ദേഹത്തിന്റെ ബാല്യകാല കഥകളും പ്രസംഗങ്ങളും ഉള്‍പ്പെടെയുള്ള ചേര്‍ത്ത കിറോവിനെ കുറിച്ചുള്ള ഒരു സമ്പൂര്‍ണ പുസ്തകം പ്രസിലേക്ക് പോയിരുന്നു. ആരോ മുന്‍കൂട്ടി ഇതെല്ലാം ശേഖരിച്ച് വയ്ക്കുകയും ഇതെല്ലാം ക്രോഢീകരിക്കുന്നതിനായി സംഭവം നടക്കാന്‍ കാത്തിരിക്കുകയും ചെയ്യുകയായിരുന്നു എന്ന് തോന്നിപ്പിക്കുകയും ചെയ്യുന്ന വേഗതയിലാണ് ഇതെല്ലാം നടന്നത്.'

കിറോവിനെ ചിത്രത്തില്‍ നിന്നും നീക്കിയത്, സ്റ്റാലിന് രാഷ്ട്രീയമായി ഗുണം ചെയ്തു എന്നത് മാത്രമാണ് വ്യക്തമായ കാര്യം. തന്റെ രാഷ്ട്രീയ എതിരാളികള്‍ എന്ന് വിശ്വസിച്ചിരുന്നവരെ വിസ്മയകരമായ വിധത്തില്‍ തകര്‍ക്കാന്‍ കിറോവിന്റെ കൊലപാതകത്തെ സ്റ്റാലിന്‍ വളരെ കൃത്യമായി ഉപയോഗിച്ചു. 'തീവ്രവാദികള്‍' എന്ന് സംശയിക്കുന്നവരെ അറസ്റ്റ് ചെയ്യാന്‍ സ്റ്റാലിന്‍ ഉത്തരവിടുകയും തുറന്ന വിചാരണകള്‍ സംഘടിപ്പിക്കുകയും ചെയ്തു. ആ വര്‍ഷം ഡിസംബറില്‍ മാത്രം 6,500 പേരാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. തുടര്‍ന്നുള്ള മാസങ്ങളില്‍ ആയിരക്കണക്കിന് ആളുകള്‍ അപ്രത്യക്ഷരാവുകയോ അല്ലെങ്കില്‍ തടവറകളിലേക്ക് അയയ്ക്കപ്പെടുകയോ ചെയ്തു. 1935ല്‍ ഏകദേശം 250,000 പേരെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. 1937 ല്‍ ആരംഭിച്ച വലിയ ശുദ്ധീകരണം എന്ന കൊടുംഭീകരതയ്ക്കുള്ള ആമുഖം മാത്രമായിരുന്നു ഇതൊക്കെ.നെമ്റ്റ്‌സോവിന്റെ കൊലപാതകവുമായി പുടിന്‍ സര്‍ക്കാരിനെ നേരിട്ട് ബന്ധിപ്പിക്കുന്ന തെളിവുകളൊന്നും ലഭ്യമല്ലെങ്കിലും, ധാരാളം സംശയങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. തന്റെ എല്ലാ ഏകാധിപത്യ സ്വഭാവങ്ങള്‍ നിലനില്‍ക്കുമ്പോഴും പുടിന്‍ തന്റെ മുന്‍ഗാമിയായ സ്റ്റാലിന് തുല്യനല്ലെന്ന് അംഗീകരിക്കേണ്ടിയിരിക്കുന്നു. മാത്രമല്ല, നെമ്റ്റ്‌സോവ് ഒരു യഥാര്‍ത്ഥ പ്രതിപക്ഷ നേതാവായിരുന്നു. അല്ലാതെ ഒരേ ഭരണകൂടത്തിന്റെ കീഴില്‍ വരുന്ന രാഷ്ട്രീയ എതിരാളി ആയിരുന്നില്ല. കൂടാതെ സ്വന്തമായി രാഷ്ട്രീയ സ്വാധീനം ഉണ്ടായിരുന്ന അദ്ദേഹം, റഷ്യയിലെ ശക്തരായ സമ്പന്നവര്‍ഗങ്ങള്‍ നടത്തുന്ന അഴിമതിക്കെതിരെ ഒരു പ്രധാന സമരം തുടങ്ങാനിരിക്കുകയുമായിരുന്നു.

എന്നാല്‍ ഇരുകൊലപാതകങ്ങളും നടന്ന സാഹചര്യത്തില്‍ പലരും സാദൃശ്യങ്ങള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. നെമ്റ്റ്‌സോവ് കൊല്ലപ്പെട്ടതിന്റെ കോപാവേശത്തില്‍, നെമ്റ്റ്‌സോവിന്റെ സഖ്യകക്ഷികള്‍ (അദ്ദേഹത്തിന്റെ കൊലപാതകം നല്‍കുന്ന ഞെട്ടലിന്റെ പ്രയോജനം ലഭിക്കുമെന്ന് കരുതുന്നവര്‍) മുതല്‍ ഉക്രൈന്‍ വരെയും കാകസസിലെ തീവ്രവാദികള്‍ വരെയും നീളുന്ന ഗൂഢാലോചന സാധ്യതകള്‍ ബന്ധപ്പെടുത്താനാണ് റഷ്യന്‍ മാധ്യമങ്ങള്‍ ശ്രമിക്കുന്നത്. ഇരു സംഭവങ്ങളിലും, വിദേശ ശത്രുക്കള്‍ മുതല്‍ രാജ്യത്തിന് അകത്തുള്ള ഛിദ്രശക്തികളെ വരെയുള്ളവര്‍ക്ക് നേരെ വിരല്‍ചൂണ്ടാനാണ് അധികൃതര്‍ ശ്രമിച്ചത്.പുടിന്‍ എങ്ങനെയാണ് സ്റ്റാലിന്റെ കാല്‍പാടുകള്‍ പിന്തുടരാന്‍ ശ്രമിക്കുന്നതെന്ന് റഷ്യന്‍ പണ്ഡിതനായ കാരന്‍ ഡാവിഷ ഇങ്ങനെ വിശദീകരിക്കുന്നു:
'പുടിന്റെ ഭരണകാലം മുഴുവന്‍ പ്രതിപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങളെ അടിച്ചമര്‍ത്താനുള്ള ശ്രമങ്ങളായിരുന്നു. തിരഞ്ഞെടുപ്പിന് നാമനിര്‍ദ്ദേശം നല്‍കുന്നതില്‍ നിന്നും പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെ അകറ്റി നിറുത്തിക്കൊണ്ടാണ് റഷ്യയ്ക്കുള്ളില്‍ അത് സാധ്യമാക്കിയത്. ജോര്‍ജ്ജിയ, ക്രിമിയ, കിഴക്കന്‍ ഉക്രൈന്‍ തുടങ്ങിയ രാജ്യങ്ങളെ ആക്രമിച്ചുകൊണ്ട്, അയല്‍രാജ്യങ്ങളില്‍ ജനാധിപത്യശക്തികള്‍ വിജയിക്കുന്നത് തടയുക വഴി അത് റഷ്യയ്ക്ക് പുറത്തും നടപ്പിലാക്കി.'

'പാര്‍ട്ടി നേതാവാകാന്‍ സാധ്യതയുണ്ടായിരുന്ന ഒരു വ്യക്തിയെ വധിച്ചുകൊണ്ട്, ഉന്ന രാഷ്ട്രീയതലത്തിലുള്ള ആദ്യ കൊലപാതകമായിരുന്നു' കിറോവിന്റെ കാര്യത്തില്‍ സംഭവിച്ചതെന്ന് ഡാവിഷ എഴുതുന്നു. 'നെമറ്റ്‌സോവിന്റെ കൊലപാതകത്തിന്റൈ ഉത്തരവാദി ആരായാലും രാജ്യത്തിന്റെ നേതാവാകാന്‍ സാധ്യതയുണ്ടായിരുന്ന മറ്റൊരു വ്യക്തിയെ കൂടിയാണ് ഈ കൊലപാതകത്തിലൂടെ ഇല്ലായ്മ ചെയ്തത്.'


Next Story

Related Stories