TopTop
Begin typing your search above and press return to search.

ദി ഷിവാഗോ അഫയര്‍ ഒരു പുസ്തകം മാത്രമല്ല; റഷ്യന്‍ ഭൂതകാല വായനകൂടിയാണ്

ദി ഷിവാഗോ അഫയര്‍ ഒരു പുസ്തകം മാത്രമല്ല; റഷ്യന്‍ ഭൂതകാല വായനകൂടിയാണ്

ഫ്രെഡ് ഹിയറ്റ്
(വാഷിംഗ്ടണ്‍ പോസ്റ്റ്)


1958 ല്‍ ബോറിസ് പാസ്റ്റര്നാക്കിന് സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ചപ്പോള്‍ സോവിയറ്റ് ഭരണകൂടം സ്വന്തം ദേശത്തിന്റെ പുത്രനെ അപകീര്‍ത്തിപ്പെടുത്താന്‍ നടത്തിയ ശ്രമങ്ങള്‍ 68 വയസ്സുണ്ടായിരുന്ന അദ്ദേഹത്തെയന്ന് ആത്മഹത്യയെക്കുറിച്ച് ചിന്തിക്കാന്‍ പോലും പ്രേരിപ്പിച്ചു. ബോല്‍ഷെവിക് വിപ്ലവത്തിനെ പ്രകീര്‍ത്തികാത്ത 'ഡോക്ടര്‍ ഷിവാഗോ' ( Dr. Zhivago ) എന്ന നോവല്‍ എഴുതിയതാണ് പാസ്റ്റര്‍നാക്ക് ചെയ്ത മുഖ്യ കുറ്റം. പിന്നെ റഷ്യയില്‍ നിരോധിച്ച പുസ്തകം വിദേശത്ത് പ്രസിദ്ധീകരിക്കാന്‍ അനുമതി നല്‍കിയതും റഷ്യന്‍ ഭരണാധികാരികള്‍ കുറ്റമായി കണക്കു കൂട്ടി.

ഡോക്ടര്‍ ഷിവാഗോ എന്ന പേരു കേട്ടാല്‍ ഇന്നത്തെ അമേരിക്കക്കാരന്റെ മനസ്സിലേക്ക് ഓടിയെത്തുക 1965ല്‍ പ്രദര്‍ശനത്തിനെത്തിയ ജൂലീ ക്രിസ്റ്റിയും ഒമര്‍ ഷരീഫും അഭിനയിച്ച സിനിമയും അതിലെ മറക്കാനാവാത്ത തീം സോങ്ങുമാണ്. പക്ഷെ റഷ്യയില്‍ നിരോധിക്കപ്പെടുകയും പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ ചൂടപ്പം പോലെ വിറ്റഴിയുകയും ചെയ്ത പുസ്തകം അക്കാലത്ത് ഒരു കോളിളക്കം തന്നെയായിരുന്നു. പ്രത്യയശാസ്ത്രത്തിന്റെ യാതൊരു സ്പര്‍ശവുമേല്‍ക്കാത്തതിനാലും പ്രതിവിപ്ലവകരമായതിനാലും കമ്യൂണിസ്റ്റ് പാര്‍ടിയുടെ പോളിറ്റ്ബ്യൂറോ പുസ്തകത്തെ അങ്ങേയറ്റം വെറുത്തു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഒരിക്കലും അനുവദിക്കാത്ത രീതിയിലുള്ള മനുഷ്യ സ്‌നേഹത്തിന്റേയും കവിതയുടേയും അഭിലാഷത്തിന്റേയും അര്‍ത്ഥത്തിനു വേണ്ടിയുള്ള തേടലിന്റേയും ആഘോഷമായിരുന്നു ആ പുസ്തകം.


ഈ മൂഹൂര്‍ത്തങ്ങളെയെല്ലാം ' ദ ഷിവാഗോ അഫെയര്‍ '(The Zhivago Affair) എന്ന പുസ്തകത്തിലൂടെ എന്റെ മുന്‍ സഹപ്രവര്‍ത്തകരായ പീറ്റര്‍ ഫിന്‍, പെട്രാ കാവീ എന്നിവര്‍ ലോകത്തിന്റെ മുന്നില്‍ കൊണ്ടു വന്നിരിക്കയാണ്. നിഗൂഢനായ എഴുത്തുകാരന്റെ ജീവിതവും (വളരെ സങ്കീര്‍ണ്ണമായ അദ്ദേഹത്തിന്റെ പ്രണയ ജീവിതവും) റഷ്യക്കാരുടെ കൈകളില്‍ 'ഡോക്ടര്‍ ഷിവാഗോ' യുടെ റഷ്യന്‍ പതിപ്പെത്തിക്കാന്‍ CIA നടത്തിയ ശ്രമവും ചൂട് മാറാതെ വായനക്കാരന്റെ മുന്നിലെത്തിക്കാന്‍ മുന്‍പൊരിക്കലും പ്രസിദ്ധീകരിച്ചിട്ടില്ലാത്ത റഷ്യനും അമേരിക്കനുമായ രേഖകളുടെ കൂട്ടുപിടിച്ചാണ് ഈ പുസ്തകം രചിക്കപ്പെട്ടിട്ടുള്ളത്. യുക്രെയിനിലെ 'നാസി'കള്‍ക്കെതിരെയും 'ഫാസിസ്റ്റു'കള്‍ക്കെതിരെയും ക്രെംലിനിലെ അധികാരികള്‍ വെറുപ്പ് നിറഞ്ഞ പ്രചരണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന ഈ സമയത്ത് പാസ്റ്റര്നാക്കിന് നേരിടേണ്ടി വന്ന ക്രൂരതകള്‍ തീര്‍ച്ചയായും പ്രസക്തമാണ്.

700 പേജുള്ള ഒരു നോവല്‍ പൂര്‍ത്തിയാക്കാന്‍ ഒരു പതിറ്റാണ്ടിലേറെ ചിലവഴിച്ചതിനു പിറകിലുള്ള അധ്വാനം വളരെ വലുതാണ്. ഇതിന് ശേഷം ചില കവിതകള്‍ മാത്രമാണ് അദ്ദേഹം എഴുതിയത്.

'ഒരു പ്രതിഭാശാലിയുടെ നെഞ്ചുറപ്പില്ലാത്ത യാതൊരാള്‍ക്കും സമഗ്രാധിപത്യമായ ഒരു രാജ്യത്ത് ഇത്തരത്തിലുള്ളൊരു രചന നടത്താനും അത് ലോകത്തിനു മുന്നില്‍ തുറന്നിടാനും സാധിക്കില്ല. ' അമേരിക്കന്‍ വിമര്‍ശകനായ എഡ്മണ്ട് വില്‍സണ്‍ ന്യൂ യോര്‍ക്കറില്‍ എഴുതി. എങ്കിലും നികിത ക്രുഷ്‌ചെവ് പാര്‍ട്ടിയെ പാസ്റ്റര്നാക്കിനു നേരെ തിരിച്ചപ്പോള്‍ അദ്ദേഹം തകര്‍ച്ചയുടെ വക്കിലെത്തി. 'ഈ ജീവിതം അവസാനിപ്പിക്കാനുള്ള സമയമായെന്നു തോന്നുന്നു , എനിക്ക് താങ്ങാനാവുന്നില്ല ' ഒരു സുഹൃത്തിനോടദ്ദേഹം പറഞ്ഞു.

പ്രാവ്ദയും മറ്റുള്ള ഔദ്യോഗിക പത്രങ്ങളും അദ്ദേഹത്തെ രാജ്യദ്രോഹിയെന്നും യൂദാസെന്നും രാജ്യത്തില്‍ നിന്നും പുറത്താക്കാപ്പെടേണ്ട നാസി സാഹായിയെന്നും വിളിച്ചപ്പോള്‍ വെടിവെച്ചു കൊല്ലണമെന്നാണ് ഒരെഴുത്തുകാരന്‍ പറഞ്ഞത്. ക്രുഷ്‌ചെവ് പറഞ്ഞെഴുതിച്ച ഒരു പ്രസംഗത്തില്‍ ആദ്ദേഹത്തെ ഒരു പന്നിയുമായിട്ടാണ് ഉപമിച്ചത്. അദ്ദേഹത്തെ തള്ളിപ്പറയണമെന്ന കല്‍പന എല്ലാ സുഹൃത്തുക്കള്‍ക്കും ലഭിച്ചു. എഴുത്തുകാര്‍ നിരന്തരം വധിക്കപ്പെടുകയോ ചെറിയ കുറ്റങ്ങള്‍ക്കുപോലും (ചിലപ്പോള്‍ കുറ്റം ചെയ്യാതെയും) ഗുലാഗിലേക്ക് (നിര്‍ബന്ധിത തൊഴിലിടങ്ങള്‍) അയക്കപ്പെടുകയോ ചെയ്ത ഈ രാജ്യത്ത് ചിലര്‍ എതിര്‍ത്തു നിന്നു. അനുസരിക്കുന്നതിനേക്കാള്‍ മരണമാണ് നല്ലതെന്ന് പറഞ്ഞ് ഒരെഴുത്തുകാരന്‍ ജനലിലൂടെ ചാടി സ്വന്തം ജീവനൊടുക്കുകയും ചെയ്തു..ജനാധിപത്യത്തിലും പത്രപ്രവര്‍ത്തക സ്വാതന്ത്ര്യത്തിലുമുള്ള പരീക്ഷണങ്ങള്‍ മതിയാക്കിയ റഷ്യന്‍ രാഷ്ട്രപതി വ്‌ലാഡിമിര്‍ പുടിന്‍ യുക്രെയിനിന്‍റെ സ്വതന്ത്ര മോഹത്തിനെതിരെയുള്ള തന്റെ ദേഷ്യം ന്യായീകരിക്കാന്‍ ഇതിനു സമാനമായൊരു പ്രചാരണപ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരിക്കയാണ്.
ന്യൂ യോര്‍ക്ക് ടൈംസിലെ ലേഖനം വിവരിക്കുന്നതുപോലെ ' പൊങ്ങച്ചം പറച്ചിലും അതിശയോക്തിയും ഗൂഢാലോചന സിദ്ധാന്തങ്ങളും അലങ്കരിച്ച സത്യങ്ങളും ചിലപ്പോള്‍ വെണ്ണയൊലിക്കുന്ന നുണയുമില്ലാതെ ' റഷ്യക്കാര്‍ക്ക് ജീവിക്കാനാവില്ല. യുക്രെയിന്‍ ഉദ്യോഗസ്ഥര്‍ക്കും അക്ടിവിസ്റ്റുകള്‍ക്കും ലഭിച്ച 'യുദ്ധക്കൊതിയന്‍, നാസി ' എന്നിങ്ങനെയുള്ള വിളിപ്പേരുകള്‍ ഈയൊരു ജന്മവാസനയുടെ സൃഷ്ടിയാണ്. ഈയൊരു ബിസിനസ് കുറച്ചു കാലം നന്നായ് ഓടിക്കൊണ്ടിരുന്നു , ഇതുകാരണം പുടിന്റെ പ്രസിദ്ധി വാനോളമുയരുകയും ജനങ്ങളില്‍ യുദ്ധപ്പനി പടര്‍ന്നു പിടിക്കുകയും ചെയ്തു.

ബെസ്റ്റ് ഓഫ് അഴിമുഖം

അവര്‍ രാക്ഷസന്‍മാരല്ല
ഗാന്ധി ബിഫോര്‍ ഇന്ത്യ - രാമചന്ദ്ര ഗുഹ
മായ ഏഞ്ചലോവ്: എല്ലാ ശൈത്യങ്ങള്‍ക്കുമപ്പുറം
ക്യാപിറ്റല്‍ ഇന്‍ ദ ട്വന്റിഫസ്റ്റ് സെഞ്ച്വറി - ഒരു വായന
നദീന്‍ ഗോര്‍ഡിമര്‍- മദിബായ്ക്ക് പ്രിയപ്പെട്ടവള്‍

ചരിത്രത്തിലെ ഏറ്റവും വലിയ തെറ്റുകളിലൊന്നിന്റെ ബാക്കി പത്രമായിരുന്നു പെസ്‌റ്റെനാക്കിന്റെ ശിഷ്ട ജീവിതം. നോബല്‍ സമ്മാനം തിരസ്‌ക്കരിക്കാന്‍ നിര്‍ബന്ധിതനായെങ്കിലും 1960 ല്‍ മരിക്കുന്നതിനു മുന്‍പ് തന്റെ എഴുപതാം വയസ്സില്‍ ഒരു നാടകത്തിന്റെ പണിപ്പുരയിലായിരുന്നു അദ്ദേഹം. 'താങ്കള്‍ എന്നേക്കാള്‍ ചെറുപ്പമാണ്, സംഭവിച്ചതിനേയെല്ലാം ജനങ്ങള്‍ പുതിയ കണ്ണിലൂടെ നോക്കിക്കാണുന്ന ഒരു ദിവസം വരെ നിങ്ങള്‍ ജീവിക്കും 'ഒരു വിമര്‍ശകന് അദ്ദേഹം എഴുതി. ' പാസ്റ്റെര്‍നാക്കിനെതിരെ സംസാരിച്ചതില്‍ ഞാന്‍ ലജ്ജിക്കുന്നു' ഒരു കവി പിന്നീട് പാശ്ചാത്തപിച്ചു. 1964-ല്‍ പോളിറ്റ്ബ്യൂറോയിലെ സഖാക്കന്‍മാരായ അംഗങ്ങളാല്‍ സ്ഥാനഭ്രഷ്ടനാക്കപ്പെട്ട ക്രുഷ്‌ചെവ് 'പാസ്റ്റെര്‍നാക്കിനോടുള്ള പെരുമാറ്റത്തില്‍ അങ്ങേയറ്റം ഖേദമുള്ളവനായിരുന്നു'. പോളിറ്റ്ബ്യൂറോയെപ്പോലെയും ഇന്നത്തെ പുടിനെപ്പോലേയും ഭയപ്പെടുത്തി ഭരിക്കുന്ന സര്‍ക്കാറുള്ള രാജ്യങ്ങളിലെ ജനങ്ങളുടെ അഭിപ്രായമറിയുക വളരെ പ്രയാസമാണെന്ന കാര്യം നമ്മെ ' ദ ഷിവാഗോ അഫെയര്‍ ' ഇടക്കിടെ ഒര്‍മ്മപ്പെടുത്തുന്നുണ്ട്.ക്രെംലിന്‍ ശത്രുവായി പ്രഖ്യാപിച്ചപ്പോള്‍ പാസ്റ്റര്നാക്കിനെ അനുകൂലിക്കാന്‍ ആരും ധൈര്യം കാണിച്ചില്ല, പക്ഷെ അദ്ദേഹം മരിച്ചപ്പോള്‍ ഔദ്യോഗിക പത്രങ്ങള്‍ കാര്യമായ പ്രാധാന്യം കൊടുത്തില്ലെങ്കിലും ശവസംസ്‌കാരച്ചടങ്ങിന്റെ വിവരങ്ങളങ്ങിയ ചെറു കടലാസുകളും നോട്ടീസുകളും മോസ്‌കോ സ്‌റ്റേഷന്റെ ചുമരുകളില്‍ അങ്ങോളമിങ്ങോളം പ്രത്യക്ഷപ്പെട്ടു. 'പോലീസുകാര്‍ നോട്ടീസുകള്‍ കീറിക്കളഞ്ഞപ്പോള്‍ അതിനു പകരം പുതിയത് പ്രത്യക്ഷപ്പെട്ടു' ഫിന്നും കാവിയും എഴുതുന്നു. ശവമഞ്ചം ചുമന്ന് ബന്ധുക്കളും സുഹൃത്തുകളും വീട്ടില്‍ നിന്നും പുറപ്പെട്ടപ്പോള്‍ ഭയപ്പെടുത്തുന്ന KGB യുടെ സാന്നിദ്ധ്യത്തിലും തങ്ങളുടെ പ്രിയപ്പെട്ട എഴുത്തുകാരനോടുള്ള ആദരവ് പ്രകടിപ്പിക്കാന്‍ ആയിരക്കണക്കിന് റഷ്യക്കാര്‍ റോഡില്‍ തടിച്ചു കൂടിയിരുന്നു.


Next Story

Related Stories