TopTop
Begin typing your search above and press return to search.

സോനാഗച്ചിയിലെ കുട്ടികള്‍; ബോണ്‍ ഇന്‍റു ബ്രോതല്‍സ് കാണാം

സോനാഗച്ചിയിലെ കുട്ടികള്‍; ബോണ്‍ ഇന്‍റു ബ്രോതല്‍സ് കാണാം

ബോണ്‍ ഇന്‍റു ബ്രോതല്‍സ് (2004)

സാന ബ്രിസ്കി, റോസ് കൌഫ്ഫ്മാന്‍

പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹങ്ങളിലെ കുട്ടികള്‍ക്ക് ഫോട്ടോഗ്രാഫിയുടെ പാഠങ്ങള്‍ പറഞ്ഞു കൊടുക്കുന്ന നോണ്‍-പ്രോഫിറ്റ് ഫൌണ്ടേഷനാണ് 'Kids With Cameras'. ഇതേപ്പറ്റിയുള്ള ഡോക്യുമെന്‍ററി Born Into Brothels നു 2004ലെ ഓസ്ക്കാര്‍ അവാര്‍ഡ് ലഭിച്ചിരുന്നു. 1998ല്‍ ന്യൂയോര്‍ക്കില്‍ നിന്നുള്ള ഫോട്ടോഗ്രാഫര്‍ സാന ബ്രിസ്കി കൊല്‍ക്കത്തയിലെ ലൈംഗിക തൊഴിലാളികളെ ചിത്രങ്ങളില്‍ പകര്‍ത്താനായി അവിടെയെത്തി. അവരുടെ ക്യാമറയും ഉപകരണങ്ങളും കണ്ട് കൌതുകത്തോടെ ചുറ്റും കൂടിയ ആ തെരുവിലെ കുട്ടികളുമായി സാന അടുത്തു. തപസി, കൊച്ചി, സുചിത്ര, മാണിക്, പൂജ, ശാന്തി, അവിജിത്ത്, ഗൌര്‍ ഇവരൊക്കെ അവിടെ പട്ടം പറപ്പിച്ചും കുസൃതി കാണിച്ചും നടന്നിരുന്ന, കണ്ണുകളില്‍ തിളക്കം ബാക്കി നിര്‍ത്തിയ കുട്ടികളായിരുന്നു. ക്യാമറയും കയ്യില്‍ പിടിച്ച് അവരുടെ ജീവിതത്തിലെത്തിയ സാന ബ്രിസ്കിയെ എതിരേറ്റത് ആ കുഞ്ഞുങ്ങളുടെ കണ്ണുകളിലെ നിഷ്ക്കളങ്കതയും ആകാംക്ഷയുമായിരുന്നു. പക്ഷേ അതിനിടയിലും തങ്ങളെ രക്ഷിക്കണേയെന്ന നിശ്ശബ്ദമായ അപേക്ഷ കാണാതിരിക്കാന്‍ സാനയ്ക്കായില്ല.

പതിനായിരത്തിലേറെ ലൈംഗിക തൊഴിലാളികളും കൂട്ടിക്കൊടുപ്പുകാരും സ്ത്രീകളെ തേടിയെത്തുന്ന കസ്റ്റമര്‍മാരും 'ബാബു'മാരും എല്ലാം ചേര്‍ന്ന സോനഗച്ചിയില്‍ പിറന്നു വീണ സാഹചര്യങ്ങളുടെ ഇരകളായ കുട്ടികളും ഒരുപാടുണ്ട്. സാന ബ്രിസ്കിയും റോസ് കൌഫ്ഫ്മാനും സോനഗച്ചിയിലെ ഇരുണ്ട തെരുവുകളിലൂടെ സഞ്ചരിച്ച് ലൈംഗികത്തൊഴിലാളികളുടെ ജീവിതങ്ങള്‍ കണ്ടറിഞ്ഞു. ഇന്ത്യയില്‍ മുപ്പതു ലക്ഷത്തിലധികം ലൈംഗികത്തൊഴിലാളികളുണ്ടെന്നും അവരില്‍ 35.47% പേര്‍ 18 വയസ്സു പൂര്‍ത്തിയാകുന്നതിനു മുന്‍പേ ഈ തൊഴിലിലേയ്ക്ക് തിരിഞ്ഞുവെന്നുമാണ് കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പിന്‍റെ കണക്കുകള്‍ പറയുന്നത്. ഇത്തരം പ്രതികൂല സാഹചര്യങ്ങളിലേയ്ക്കാണ് ഈ കുഞ്ഞുങ്ങള്‍ പിറന്നു വീഴുന്നത്. ജനിക്കുമ്പോഴേ അവരുടെ വിധി തീരുമാനിക്കപ്പെടുന്നു. മുഖ്യധാര സമൂഹം ഇവരെ അകറ്റി നിര്‍ത്തുകയെയുള്ളൂ. ഭാവിയെ മാറ്റിമറിക്കാനുള്ള സാഹചര്യങ്ങള്‍ ഉണ്ടാവുന്നില്ലെന്നു തന്നെ പറയാം. പെണ്‍കുട്ടികള്‍ വളരുന്നതോടെ ഇതേ തൊഴിലിലേയ്ക്ക് തിരിയേണ്ടി വരുന്നു; ആണ്‍കുട്ടികള്‍ ലൈംഗിക വ്യാപാരത്തിലെ മറ്റു ചതിക്കുഴികളില്‍ മറയുന്നു.

അവര്‍ക്കിടയില്‍ ജീവിച്ച്, ആ സമൂഹത്തോട് അടുത്തിടപഴകിയാല്‍ മാത്രമേ കുട്ടികള്‍ വളരുന്ന സാഹചര്യങ്ങളെ കുറിച്ചു മനസ്സിലാക്കാനാകൂ എന്ന് സാന ബ്രിസ്കിയും റോസ് കൌഫ്ഫ്മാനും തീരുമാനിച്ചു. സാന കുട്ടികള്‍ക്ക് ക്യാമറ കൊടുത്ത് അവരെ ഫോട്ടോഗ്രഫിയുടെ ബാലപാഠങ്ങള്‍ പഠിപ്പിക്കാന്‍ തുടങ്ങി. ആ ക്ലാസ്സുകള്‍ കുട്ടികള്‍ക്കും താല്പര്യമായി; സാന പകര്‍ന്നു കൊടുക്കുന്ന ആശയങ്ങളെല്ലാം വളരെ പെട്ടന്നു തന്നെ ഉള്‍ക്കൊള്ളാനും അവര്‍ക്കു കഴിഞ്ഞു. സാന നടത്തിയ വര്‍ക്ക്ഷോപ്പുകളില്‍ പങ്കെടുത്ത് പല വര്‍ഷങ്ങള്‍ പരിശീലിച്ച ശേഷം 35എം‌എം പോയിന്‍റ് & ഷൂട്ട് ക്യാമറകളില്‍ കുട്ടികള്‍ ചിത്രങ്ങളെടുക്കാനാരംഭിച്ചു. ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന കൊല്‍ക്കത്ത നഗരപ്രദേശങ്ങളിലെ ജീവിതത്തിന്‍റെ നേര്‍ച്ചിത്രങ്ങളാണ് അവരുടെ ക്യാമറകള്‍ കണ്ടെത്തിയത്. നിറങ്ങളും ഇഴയടുപ്പവും നഷ്ടപ്പെടാതെ പകര്‍ത്തിയ ആ ഫോട്ടോകളുടെ വില്‍പ്പനയില്‍ നിന്നുള്ള വരുമാനം കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ഉപയോഗിച്ചു.

2004ലെ സന്‍ഡാന്‍സ് ഫിലിം ഫെസ്റ്റിവലിലെ ഡോക്യുമെന്‍ററി മല്‍സരവിഭാഗത്തില്‍ Born Into Brothels പ്രദര്‍ശിപ്പിച്ചു. ലൈംഗിക തൊഴിലാളികളുടെ ജീവിതത്തിലേയ്ക്ക് അധികം വെളിച്ചം വീശുന്നതായിരുന്നില്ല ആ ഡോക്യുമെന്‍ററിയെങ്കിലും അവിടെ ജനിച്ചു വളരുന്ന ഓരോ കുട്ടികളും അവരുടെ കുടുംബങ്ങളും തമ്മിലുള്ള ബന്ധം അതില്‍ കൃത്യതത്തോടെ പ്രതിഫലിച്ചിരുന്നു. കൊച്ചി എന്ന ചെറിയ പെണ്‍കുട്ടി തന്നെ വില്‍ക്കാന്‍ ശ്രമിച്ച പിതാവില്‍ നിന്ന് അവളുടെ സഹോദരിയുടെ സഹായത്തോടെ ഓടി രക്ഷപ്പെടുന്നുണ്ട്. സോനഗച്ചിയിലുള്ള അമ്മൂമ്മയ്ക്കൊപ്പമാണ് അവള്‍ കഴിഞ്ഞിരുന്നത്. ആ തെരുവില്‍ വളരുന്ന ഓരോ സ്ത്രീയെയും കാത്തിരിക്കുന്ന വിധിയില്‍ നിന്ന് കൊച്ചുമകളെ രക്ഷിച്ച് അവളെ ഒരു അനാഥാലയത്തിലാക്കാന്‍ ആ അമ്മൂമ്മ സാനയുടെ സഹായം തേടുന്നു.

നുണക്കുഴി വിരിയുന്ന ചിരിയും തിളങ്ങുന്ന കുസൃതിക്കണ്ണുകളുമുള്ള അവിജിത്തായിരുന്നു കുട്ടി ഫോട്ടോഗ്രാഫര്‍മാരില്‍ ഏറ്റവും മിടുക്കന്‍. ഫോട്ടോഗ്രാഫിയിലും കലയിലും നൈസര്‍ഗ്ഗിക വാസന പ്രകടിപ്പിച്ച അവിജിത്ത്, പക്ഷേ, അവന്‍റെ അമ്മയുടെ പെട്ടന്നുള്ള മരണത്തോടെ വിഷാദത്തിലേയ്ക്കു നീങ്ങി. വേള്‍ഡ് പ്രെസ്സ് ഫോട്ടോ ഫൌണ്ടേഷന്‍റെ കുട്ടികളുടെ ജൂറിയായി ആംസ്റ്റര്‍ഡാമിലേയ്ക്ക് നടത്തിയ യാത്ര അവനില്‍ നല്ല മാറ്റം കൊണ്ടു വന്നു. ഒപ്പം സാനയുടെ നിരന്തരമായ പ്രോല്‍സാഹനം കൂടിയായതോടെ അവന്‍ സ്കൂളില്‍ ചേരാന്‍ സമ്മതിച്ചു. അവിടെ നിന്നു തുടങ്ങിയ അവിജിത്ത് വളര്‍ന്ന് ന്യൂയോര്‍ക്ക് യൂണിവേഴ്സിറ്റിയില്‍ ഫിലിം മേക്കിങ് പഠിച്ചു. ഇപ്പോള്‍ സഹസംവിധായകനായി ഹോളിവുഡില്‍ തുടക്കം കുറിക്കാനൊരുങ്ങുന്നു.

ആ പ്രദേശങ്ങളിലെ സ്കൂളുകള്‍ സോനഗച്ചിയില്‍ നിന്നുള്ള കുട്ടികളെ പ്രവേശിപ്പിക്കുന്നതില്‍ കഠിനമായ എതിര്‍പ്പു പ്രകടിപ്പിച്ചിരുന്നു. കുട്ടികള്‍ HIV ബാധിതരാകാനുള്ള സാദ്ധ്യതയും എതിര്‍പ്പുകളുടെ മൂര്‍ച്ച കൂട്ടി. HIV ടെസ്റ്റുകള്‍ നടത്തി ഫലം നെഗറ്റീവായതോടെ കുട്ടികളെ ബോര്‍ഡിങ് സ്കൂളില്‍ പ്രവേശിപ്പിച്ചു. താമസിക്കുന്ന പ്രദേശത്തിന്‍റെ പ്രശ്നങ്ങളില്‍ നിന്ന് കുട്ടികള്‍ക്ക് അകന്നു നില്‍ക്കാമെന്നു പ്രതീക്ഷിച്ചായിരുന്നു ഇത്. ഡോക്യുമെന്‍ററി നിര്‍മ്മാതാക്കള്‍ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പിന്നീട് Kids With Cameras എന്ന ചാരിറ്റി പ്രസ്ഥാനം ആരംഭിച്ചു. കൊല്‍ക്കത്തയിലും ന്യൂയോര്‍ക്കിലും കുട്ടികളെടുത്ത ഫോട്ടോകളുടെ പ്രദര്‍ശനങ്ങള്‍ സംഘടിപ്പിച്ചു. അതില്‍ നിന്നും സോതബീസില്‍ നടന്ന ലേലത്തില്‍ നിന്നും വരുമാനം ലഭിച്ചു.

ഡോക്യുമെന്‍ററി ദൃശ്യങ്ങള്‍ നിറത്തിലും വിഷയങ്ങളിലും സമൃദ്ധമാണ്. ചുവന്ന തെരുവിലൂടെ നീങ്ങുന്ന സാനയുടെ വീഡിയോ ക്യാമറ കുട്ടികള്‍ക്ക് ലഭിക്കുന്ന മെച്ചപ്പെട്ട അവസരങ്ങളെ എതിര്‍ക്കുന്ന, മയക്കുമരുന്നിന് അടിമകളായ അച്ഛന്‍മാരെയും വഴക്കാളികളായ അമ്മമാരെയും കാണിക്കുന്നു. വൃദ്ധര്‍ കുട്ടികളുടെ ജീവിതമെങ്കിലും രക്ഷപ്പെടട്ടെ എന്നാഗ്രഹിക്കുന്നു. പുറംലോകം കണ്ടിട്ടില്ലാത്ത ജീവിതപരിസരങ്ങളാണ് നമ്മുടെ കണ്‍മുന്‍പിലെത്തുന്നത്. ഒരു സമൂഹത്തിന്‍റെ പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നതിനു പകരം വ്യക്തിഗത പരിഹാരങ്ങളില്‍ മാത്രം ശ്രദ്ധിക്കുന്നുവെന്ന വിമര്‍ശനം ഈ ഡോക്യുമെന്‍ററിയെ കുറിച്ചുണ്ടായി. മാത്രമല്ല, ആ പ്രദേശങ്ങളില്‍ ലൈംഗിക തൊഴിലാളികള്‍ക്കായി സാമൂഹ്യപ്രവര്‍ത്തകരും മറ്റ് സന്നദ്ധസംഘടനകളും നടത്തുന്ന പ്രവര്‍ത്തനങ്ങളെ പരാമര്‍ശിക്കുന്നതേയില്ല എന്നും അഭിപ്രായമുയര്‍ന്നു. സാന ബ്രിസ്കിയും റോസ് കൌഫ്ഫ്മാനും തങ്ങളുടെ സ്വപ്നത്തിനായി പ്രവര്‍ത്തിക്കുമ്പോഴും ഒരു മൂന്നാംലോക രാജ്യത്തെ ചില ജീവിതങ്ങളെ യാഥാര്‍ത്ഥ്യബോധത്തോടെയാണ് രേഖപ്പെടുത്തുന്നത്. മനോഹരമായ ഈ ചിത്രം യാഥാര്‍ത്ഥ്യത്തെ അവഗണിക്കാതെ മനസ്സിനെ സ്പര്‍ശിക്കുന്ന ഒന്നാണ്.


Next Story

Related Stories