TopTop
Begin typing your search above and press return to search.

പറക്കാനായി ജനിച്ചവന്‍; യുദ്ധവൈമാനികനായിരുന്ന എംപി അനില്‍കുമാറിന്റെ ജീവിതം

പറക്കാനായി ജനിച്ചവന്‍; യുദ്ധവൈമാനികനായിരുന്ന എംപി അനില്‍കുമാറിന്റെ ജീവിതം

"നിര്‍ഭാഗ്യവശാല്‍ ജീവിതത്തെ പിറകോട്ടുമാത്രമേ മനസിലാക്കാനാകൂ. പക്ഷേ അത് മുന്നോട്ട് ജീവിച്ചുതീര്‍ക്കുകയും വേണം. അതിന്റെ തടസങ്ങളോടും ദു:ഖങ്ങളോടും പ്രതീക്ഷകളോടും കൂടിയ ഒരു സാഹസമാണ് ജീവിതം. അവിടെയും ഇവിടെയും ചെറിയ ചില വിജയങ്ങളുമായി." ജീവിതത്തിന്റെ പകുതിക്കാലം വീല്‍ചെയറില്‍ കഴിച്ചുകൂട്ടിയ, 2014-ല്‍ അന്തരിച്ച മുന്‍ യുദ്ധവൈമാനികന്‍ എം.പി അനില്‍കുമാറിന്റെ ജീവിതത്തെക്കുറിച്ച് എയര്‍ കമ്മഡോര്‍ നിതിന്‍ സാഥേ രചിച്ച പുസ്തകമാണ് Born to Fly. ഒക്ടോബര്‍ 25-ന് ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ പുസ്തകം പ്രകാശനം ചെയ്തു. പുസ്തകത്തെക്കുറിച്ച് നിതിന്‍ സാഥേ എഴുതുന്നു.

എംപി അനില്‍കുമാര്‍, ചുരുക്കപ്പേരില്‍ എംപി, 1984-ല്‍ വ്യോമസേനയില്‍ ചേര്‍ന്ന ഒരു യുദ്ധ വൈമാനികനായിരുന്നു. 24 -ആം വയസില്‍ പത്താന്‍കോട്ടില്‍ മിഗ്-21 സ്ക്വാഡ്രനില്‍ ആയിരിക്കെ നട്ടെല്ലിനേറ്റ ഒരാപകടം ജീവിതകാലം മുഴുവന്‍ അയാളെ തളര്‍ത്തി. കഴുത്തിന് കീഴോട്ട് അനങ്ങാന്‍ പറ്റാതാക്കി. ബാക്കി ജീവിതം മുഴുവന്‍ ഒരു ഉരുളന്‍ കസേരയില്‍ ജീവിതം തള്ളിനീക്കേണ്ടിവന്നു. ഈ ദുരിതം നിറഞ്ഞ ശാരീരികാവസ്ഥയിലും 2014-ല്‍ അര്‍ബുദം കീഴടക്കും വരെ അയാള്‍ അര്‍ത്ഥപൂര്‍ണമായ ഒരു ജീവിതം ജീവിച്ചു. ഒരിക്കലും നിലയ്ക്കാത്ത നിശ്ചയദാര്‍ഢ്യത്തിന്റെയും ധീരതയുടെയും കഥയാണ് അനിലിന്റെ ജീവിതം.

തലച്ചോറ് മാത്രം പ്രവര്‍ത്തിക്കുന്ന ഒരവസ്ഥയില്‍ നമ്മളെപ്പോലെ 'സാധാരണ' മനുഷ്യര്‍ക്ക് മികച്ച ശ്രമംകൊണ്ടുപോലും എത്തിപ്പിടിക്കാന്‍ കഴിയാത്ത നേട്ടങ്ങളാണ് എംപിയുടെ ജീവിതം. ആ കഥ പറയേണ്ടതുണ്ടെന്നു എനിക്കു തോന്നി. അതുകൊണ്ടാണ് കേരളത്തിലെ ഉള്‍നാടന്‍ ജലപാതകള്‍ നിറഞ്ഞ ഒരു ചെറിയ ഗ്രാമത്തില്‍ നിന്നും പൂനയിലെ ഒരു Paraplegic Rehabilitation Centre (PRC)ലെ മരണം വരെയുള്ള അയാളുടെ ജീവിതം രേഖപ്പെടുത്താന്‍ ഞാന്‍ ശ്രമിച്ചത്.

അയാളുടെ ആദ്യത്തെ ലേഖനം "Airborne to Chairborne" മഹാരാഷ്ട്രയിലെയും കേരളത്തിലെയും പത്താംതരം വിദ്യാര്‍ത്ഥികളുടെ ഇംഗ്ലീഷ് പാഠമാണ്. പ്രചോദനം പകരുന്ന ആ ലേഖനത്തില്‍ 1988-ലെ ഭീകരമായ അപകടത്തിനുശേഷം എങ്ങനെയാണ് താന്‍ ജീവിതത്തിന്റെ ഇഴകള്‍ വീണ്ടും നെയ്തെടുത്തതെന്നും PRC തന്റെ വീടാക്കി മാറ്റിയതെന്നും അതില്‍ അനില്‍ പറയുന്നുണ്ട്. അവിടെ വെച്ചാണ് അര്‍ത്ഥപൂര്‍ണമായ ഒരു ജീവിതത്തിലേക്കും ആ പ്രക്രിയയില്‍ എണ്ണമറ്റ ആളുകളുടെ ജീവിതത്തെ തൊടുന്നതിലേക്കും അയാള്‍ എത്തിയത്.

എം പിയും ഞാനും 1981 ആദ്യമാണ് National Defence Academy-യില്‍ ചേര്‍ന്നത്. 1984-ല്‍ വ്യോമസേനയില്‍ വൈമാനികരായി നിയമിക്കപ്പെട്ടു. പരിശീലനക്കാലത്ത് ഞാന്‍ എംപിയുമായി അത്ര അടുപ്പമൊന്നുമുണ്ടായിരുന്നില്ല. അപകടം നടക്കുമ്പോള്‍ ഞാനും പത്താന്‍കോട്ടിലായിരുന്നു നിയമിക്കപ്പെട്ടിരുന്നത്. അവിടെവെച്ചാണ് എത്ര നന്നായാണ് അയാള്‍ കാര്യങ്ങള്‍ ചെയ്തിരുന്നതെന്നും അപകടത്തെക്കുറിച്ചും അറിയുന്നതും.

പിന്നീട് പൂനെയില്‍ പോകുമ്പോഴൊക്കെ അനിലിനെ കാണുക പതിവാക്കി. ആദ്യം ആശുപത്രിയിലും പിന്നെ PRC-യിലും. അയാളുമായി എന്താ ബന്ധം കൂടുതല്‍ ഉറയ്ക്കാന്‍ തുടങ്ങി. ഞങ്ങള്‍ കത്തുകളയയ്ക്കാന്‍ ആരംഭിച്ചു. എന്റെ ഭാര്യാപിതാവുമായി ഞാന്‍ അയാളെ പരിചയപ്പെടുത്തി. അദ്ദേഹം അനിലിന് കമ്പ്യൂട്ടര്‍ പരിശീലനവും സോഫ്റ്റ്വെയര്‍ പ്രോഗ്രാമിങ്ങിനെക്കുറിച്ചുള്ള വിവരങ്ങളും നല്കി. റീഡിഫ്.കോം തലവന്‍ നിഖില്‍ ലക്ഷ്മണിന് ഞാന്‍ അനിലിനെ പരിചയപ്പെടുത്തി. അനിലിന്റെ എഴുത്തിന്റെ ശൈലിയിലും വിവിധ വിഷയങ്ങളിലെ ആഴത്തിലുള്ള അറിവിലും അദ്ദേഹം ആകൃഷ്ടനായി. അദ്ദേഹമാണ് റീഡിഫില്‍ പിന്നീട് ഏറെ ആരാധകരെ അനിലിന് നേടിക്കൊടുത്ത ലേഖനങ്ങള്‍ എഴുതാനായി അവതരിപ്പിച്ചത്.

എം.പി അനില്‍കുമാര്‍: ഇനിയില്ല ആ വെള്ളിനക്ഷത്രം

മരിക്കുന്നതിന് കുറച്ചുദിവസം മുമ്പ് ഞാന്‍ എംപിയെ കണ്ടിരുന്നു. കിര്‍കീയിലെ സൈനിക ആശുപത്രിയില്‍ അതീവ സംരക്ഷണ വിഭാഗത്തിലായിരുന്നു. ഇനി അധികം സമയമില്ലെന്ന് എല്ലാവര്‍ക്കുമറിയാം. ആ കടുത്ത വേദനയിലും കീമോതെറാപ്പിയുടെ അസ്വസ്ഥതയിലും അയാള്‍ കളിചിരിയും തമാശയും കൈവിട്ടില്ല. അതേ ഐസിയുവില്‍ മെയ് 5-ന് ആഘോഷിച്ച അവസാന പിറന്നാളിന്റെ ഒരുക്കങ്ങളെക്കുറിച്ചും സംസാരിച്ചു.

കുറെ കൊല്ലങ്ങളായി ഞാന്‍ എംപിയെ ഓര്‍മ്മക്കുറിപ്പുകളെഴുതാന്‍ നിര്‍ബന്ധിക്കുകയും അത് പരിശോധിക്കാനും പ്രസിദ്ധീകരിക്കാനും സഹായിക്കാമെന്ന് സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. പക്ഷേ അയാള്‍ അത്ര തത്പരനായിരുന്നില്ല. സൈനിക സേവനത്തിന്റെ ഇതുപോലെ അപകടം പറ്റി, ഇതിനെക്കാള്‍ മെച്ചപ്പെട്ട കാര്യങ്ങള്‍ ജീവിതത്തില്‍ ചെയ്യുന്ന ഒരുപാട് ആളുകളുണ്ടെന്നായിരുന്നു അതിന് കാരണം പറഞ്ഞത്.

2014 മെയ് 10-ന് എംപിയുടെ മരണശേഷം ഞാനയാളുടെ മരണപത്രം വായിച്ചു. എന്റെ കണ്ണുകള്‍ നിറഞ്ഞു, ഞാന്‍ വികാരം അടക്കാനാകാതെ വിങ്ങിപ്പോയി. അന്നാണ് ഞാന്‍ എംപിയെ കുറിച്ച് എഴുതാന്‍ തീരുമാനിച്ചത്. എംപിയുടെ കുടുംബത്തിന്റെ സമ്മതം ഔദ്യോഗികമായി വാങ്ങി. അതിനുശേഷം എംപിയുടെ സഹപാഠികളുമായി ബന്ധപ്പെട്ടു. സ്കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞതിന്റെ 25-ആം വാര്‍ഷികത്തിന്റെ ഭാഗമായി ഇറക്കിയ മാസികയില്‍ എംപി എഴുതിയ ലേഖനങ്ങള്‍ അവരാണ് എനിക്കു തന്നത്.

അയാളുടെ ആദ്യകാല ജീവിതത്തെക്കുറിച്ചറിയാന്‍ തിരുവനന്തപുരത്ത് എംപിയുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ ഞാന്‍ തീരുമാനിച്ചു. പിന്നെ അയാളുടെ വിദ്യാലയത്തിന്റെ ഒരു അന്തരീക്ഷം മനസിലാക്കാന്‍ അവിടെ കുറച്ചുദിവസം താമസിച്ചു. പിന്നീട് എംപിയുടെ പരിചയക്കാരോടെല്ലാം അയാളെക്കുറിച്ചുള്ള തങ്ങളുടെ ഓര്‍മ്മകള്‍ എഴുതാന്‍ ആവശ്യപ്പെട്ടു. മറുപടികളുടെ കൂമ്പാരമായിരുന്നു. അമ്പരപ്പിച്ച ഒരു മനുഷ്യന്റെ അമ്പരപ്പിക്കുന്ന കഥയെഴുതാന്‍ ആവശ്യമായ മറുപടികള്‍ എനിക്കുകിട്ടി.

എയര്‍ബോണ്‍ ടു ചെയര്‍ബോണ്‍ -സമാനതകളില്ലാത്ത ജീവിതം

പുസ്തകത്തില്‍ 1964-ല്‍ ചിറയന്‍കീഴില്‍ അനില്‍ ജനിച്ചതു മുതല്‍ മെയ് 2014-ല്‍ കീര്‍കീയില്‍ മരിച്ചതുവരെയുള്ള അനിലിന്റെ ജീവിതം രേഖപ്പെടുത്തിയിട്ടുണ്ട്. അയാളുടെ കുടുംബത്തോടും പരിചയക്കാരോടുമെല്ലാം എനിക്കു നന്ദിയുണ്ട് - സ്കൂളിലെ സഹപാഠികള്‍, NDA-യിലെ സഹപാഠികള്‍, വ്യോമസേനയിലെ സഹപ്രവര്‍ത്തകര്‍, പിന്നെ ജീവിതം മാറ്റിത്തീര്‍ക്കാന്‍ അയാള്‍ സഹായിച്ച പലരും. ഞാന്‍ സംസാരിച്ച എല്ലാവരും ഈ പുസ്തകത്തില്‍ അയാളുടെ ജീവിതം എഴുതിച്ചേര്‍ക്കുന്നതിന് സഹായകമായ തരത്തില്‍ സംസാരിച്ചു.

അനിലിന്റെ എഴുത്തുകളില്‍ നിന്നുള്ള ഭാഗങ്ങളും ഞാന്‍ ഈ പുസ്തകത്തില്‍ച്ചേര്‍ത്തിട്ടുണ്ട്. പ്രതിരോധം മുതല്‍ കായികരംഗം വരെ മിക്ക വിഷയങ്ങളിലും കൃത്യമായ അഭിപ്രായം പറയുന്ന ഒരു മാധ്യമ നിരീക്ഷകനായിരുന്നു അനില്‍. രണ്ടു വര്‍ഷം മുമ്പുള്ള ഒരു വേനല്‍ക്കാലത്ത് അയാള്‍ മരിച്ചപ്പോള്‍ ഇന്ത്യക്ക് നഷ്ടപ്പെട്ടത് എന്താണെന്ന് തിരിച്ചറിയാന്‍ ഇത് വായനക്കാരെ സഹായിക്കും. വായിക്കുന്ന എല്ലാവരെയും പ്രചോദിപ്പിക്കുന്ന ധൈര്യവും ബുദ്ധിയും നിശ്ചയദാര്‍ഢ്യവും ഉള്ള ഒരു അസാധാരണ മനുഷ്യന്റെ കഥയാണിത്. ഇന്ത്യയുടെ സ്റ്റീഫന്‍ ഹോകിംഗ് ആണ് അനിലെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു.

പുസ്തകം അനിലിന്റെ ജീവിതത്തിന്റെ വിവിധ കാലങ്ങള്‍പറയുന്ന ഭാഗങ്ങളായാണ് വിഭജിച്ചിരിക്കുന്നത്. അയാള്‍ ജനിച്ചുവളര്‍ന്ന നാട്, ചെറുപ്രായത്തിലെ സൈനിക സ്കൂളില്‍ പോയത് എന്നിവയെല്ലാം അതില്‍ പറയുന്നുണ്ട്. അവിടെ നിന്നും NDA-യിലും അങ്ങനെ ഒരു സൈനികനായി മാറിയ കാലം. പിന്നെ ഹൈദരാബാദിലെ വ്യോമസേന അക്കാദമിയില്‍ പ്രാഥമികമായ പറപ്പിക്കല്‍ പരിശീലനം. പിന്നെ മിഗ്-21 പറപ്പിക്കാനായ് തേസ്പൂരിലേക്ക്. പിന്നെ പത്താന്‍കോട്ടില്‍ സ്ക്വാഡ്രനില്‍ വൈമാനികനായിരിക്കവേയാണ് അപകടം അയാളുടെ ജീവിതത്തെ മാറ്റിത്തീര്‍ത്തത്.

പുസ്തകത്തിലെ ഈ ഭാഗത്ത് അയാളെ പ്രത്യേകതയുള്ള ഒരു വ്യക്തിയാക്കുന്നത് എന്തെന്നും അതിനും ശിഷ്ട ജീവിതത്തിലെ ശാരീരികപ്രശ്നങ്ങളെ മറികടക്കാന്‍ ആദ്യകാലത്തെ പരിശീലനം എങ്ങനെ സഹായിച്ചു എന്നും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

രണ്ടാം ഭാഗത്ത്, ഭിന്നശേഷിയുള്ള ആളാവുക എന്നുവെച്ചാല്‍ എങ്ങനെയാണ് എന്ന്‍ വായനക്കാരെ ബോധ്യപ്പെടുത്താനുള്ള ശ്രമമാണ് നടത്തിയിരിക്കുന്നത്. അനില്‍ ആദ്യത്തെ രണ്ടുകൊല്ലം ആശുപത്രിയില്‍ ശാരീരികമായും മാനസികമായും സ്വയം വീണ്ടെടുക്കാന്‍ ചെലവഴിച്ചു. അതിനുശേഷം മറ്റ് പലരുടേയും ജീവിതപ്രതിസന്ധികളെ മറികടക്കാന്‍ സഹായിച്ചതടക്കം അയാളുടെ വിവിധ നേട്ടങ്ങളെ വിവരിക്കാനാണ് ശ്രമിച്ചത്.

പുസ്തകത്തില്‍ നിന്നുള്ള വരുമാനത്തിന്റെ ഒരു ഭാഗം അയാളെ ആശ്രയിച്ച് കഴിഞ്ഞിരുന്ന അമ്മയ്ക്കും കുടുംബത്തിനും കിട്ടുമെന്ന് ഉറപ്പുവരുത്താമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു. ശരീരം തളര്‍ന്ന അവസ്ഥയിലുള്ളവരെ (paraplegics) സഹായിക്കാന്‍ ഒരു എംപി അനില്‍കുമാര്‍ ഫൌണ്ടേഷന്‍ തുടങ്ങാനും ഞാന്‍ ആലോചിക്കുന്നു.

ഇതെന്റെ രണ്ടാമത്തെ പുസ്തകമാണ്. ആദ്യത്തേത് 2004 ഡിസംബര്‍ 8-ലെ സുനാമിയെക്കുറിച്ചായിരുന്നു. (AFew Good Men and the Angry Sea).

പുസ്തകത്തില്‍ നിന്നും:
"അല്പനേരം നഷ്ടപ്പെട്ട ബോധം വീണ്ടുകിട്ടിയപ്പോള്‍ ഇരുകാലുകളും തളര്‍ന്നവരുടെ ലോകത്താണ് ഞാന്‍. ഇപ്പോള്‍ ജീവപര്യന്തം തളയ്ക്കപ്പെട്ട ഒരാളെപ്പോലെയാണ്, കയ്യോ കാലോ ഉപയോഗിക്കാന്‍ പറ്റാതെ, കഴുത്തിന് കീഴെ പൂര്‍ണമായും തളര്‍ന്ന്, നിയന്ത്രണമില്ലാത്ത, പരാശ്രയമില്ലാതെ ഒന്നിന്നും കഴിയാത്ത ഒരാള്‍. ഇതിലെ ഏറ്റവും വലിയ വൈരുദ്ധ്യം ഈ തളര്‍ച്ചയുടെ ഏറ്റവും വേദനാജനകമായ വശം അതിനു വേദനയേ ഇല്ലെന്നതാണ്. ഞാനിപ്പോള്‍ ബൃഹദ് ലോകത്തെ സൂക്ഷ്മലോകത്താണ്. ചാള്‍സ് ഡാര്‍വിന്‍റെ തത്വം, ശക്തിയുള്ളവരുടെ അതിജീവനമാണ് ഇതിനെ കര്‍ശനമായി നയിക്കുന്നത്. ആ ക്രൂരമായ രാത്രിക്കുശേഷം ഞാനൊരു ജീവനുള്ള പച്ചക്കറി പോലെയാണ്.

നിര്‍ഭാഗ്യവശാല്‍ ജീവിതത്തെ പിറകോട്ടുമാത്രമേ മനസിലാക്കാനാകൂ. പക്ഷേ അത് മുന്നോട്ട് ജീവിച്ചുതീര്‍ക്കുകയും വേണം. അതിന്റെ തടസങ്ങളോടും ദുഖങ്ങളോടും പ്രതീക്ഷകളോടും കൂടിയ ഒരു സാഹസമാണ് ജീവിതം. അവിടെയും ഇവിടെയും ചെറിയ ചില വിജയങ്ങളുമായി."

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories