TopTop
Begin typing your search above and press return to search.

സുഭാഷ് ചന്ദ്രബോസിന്‌റെ മുങ്ങിക്കപ്പല്‍ യാത്ര: ജര്‍മ്മനിയില്‍ നിന്ന് ജപ്പാനിലേയ്ക്ക്

സുഭാഷ് ചന്ദ്രബോസിന്‌റെ മുങ്ങിക്കപ്പല്‍ യാത്ര: ജര്‍മ്മനിയില്‍ നിന്ന് ജപ്പാനിലേയ്ക്ക്

1941 ജനുവരി 16ന് കല്‍ക്കട്ടയില്‍ എല്‍ഗിന്‍ റോഡില്‍ വീട്ടുതടങ്കലില്‍ കഴിഞ്ഞിരുന്ന സുഭാഷ് ചന്ദ്രബോസ് തന്‌റെ ഓഡി വാന്‍ഡര്‍ കാറില്‍ ബ്രിട്ടീഷ് പൊലീസിന്‌റെ കണ്ണ് വെട്ടിച്ച് രക്ഷപ്പെട്ടു. സഹോദരപുത്രന്‍ ശിശിര്‍കുമാര്‍ ബോസാണ് കാര്‍ ഓടിച്ചിരുന്നത്. ബ്രീട്ടിഷുകാര്‍ ബോസിന് വേണ്ടി രാജ്യത്തുടനീളം തിരച്ചില്‍ തുടങ്ങിയിരുന്നു. പെഷവാറിലെത്തിയ ബോസ് അവിടെ നിന്ന് കാബൂളിലേയ്ക്കും പിന്നീട് യൂറോപ്പിലേയ്ക്കും പോയി. 1941 ഏപ്രിലില്‍ ബോസ് ബര്‍ലിനിലെത്തി ബ്രിട്ടീഷ് ഭരണം അവസാനിപ്പിക്കാന്‍ സഹായം അഭ്യര്‍ത്ഥിച്ച് ഹിറ്റ്‌ലറുമായി കൂടിക്കാഴ്ച നടത്തുമെന്നും ജര്‍മ്മനിയിലെ ഗീബല്‍സ് റേഡിയോ പ്രഖ്യാപിച്ചപ്പോള്‍ ഇന്ത്യയിലും പുറത്തുമുള്ളവര്‍ ഞെട്ടി.

ജര്‍മ്മനിയിലെത്തിയ ബോസിന് രണ്ട് ലക്ഷ്യങ്ങളാണ് ഉണ്ടായിരുന്നത്. ബ്രിട്ടീഷ് ഇന്ത്യക്ക് പുറത്ത് ഒരു താല്‍ക്കാലിക ഗവണ്‍മെന്‌റ് രൂപീകരിക്കുക, ആസാദ് ഹിന്ദ് ഫൗജ് എന്ന പേരില്‍ സൈന്യം രൂപീകരിക്കുക എന്നിവ. ജര്‍മ്മനി യുദ്ധത്തടവുകാരായി പിടികൂടിയ ബ്രിട്ടീഷ് സേനയിലെ ഇന്ത്യക്കാരെ വച്ച് 50,000 പേരടങ്ങുന്ന സൈന്യമാണ് ബോസ് ലക്ഷ്യമിട്ടത്. ജര്‍മ്മന്‍ സൈന്യം അവര്‍ക്ക് പരിശീലനം നല്‍കണമെന്ന് ബോസ് താല്‍പര്യപ്പെട്ടു. ജര്‍മ്മനി-റഷ്യ-ഇറ്റലി-ഇന്ത്യ സഖ്യ സേന അഫ്ഗാനിസ്ഥാന്‍ വഴി ബ്രിട്ടീഷ് ഇന്ത്യയെ ആക്രമിക്കുക എന്നതാണ് തുടക്കത്തില്‍ ബോസ് ലക്ഷ്യമിട്ടിരുന്നത്. രണ്ട്് വര്‍ഷത്തെ ബര്‍ലിന്‍ ജീവിതം ബോസിനെ അസ്വസ്ഥനാക്കി. ആദ്യത്തെ ഒരു വര്‍ഷം ഹിറ്റ്‌ലര്‍ ബോസിന് കാണാന്‍ അനുവാദം നല്‍കിയില്ല. 1942 മേയിലാണ് ഇരുവരും ആദ്യമായും അവസാനമായും കൂടിക്കാഴ്ച നടത്തുന്നത്. ഹിറ്റ്‌ലറുമായ കൂടിക്കാഴ്ച ബോസിനെ സംബന്ധിച്ച് ഒട്ടും തൃപ്തികരമായിരുന്നില്ല. ബ്രിട്ടീഷ് കോളനി വാഴ്ച അവസാനിപ്പിക്കാന്‍ ഹിറ്റ്‌ലര്‍ യാതൊരു സഹായവും വാഗ്ദാനം ചെയ്തില്ല.

1942 അവസാനം ബോസ് ജപ്പാനിലേയ്ക്ക് പോവാന്‍ തീരുമാനിച്ചു. ജപ്പാന്‍ ആ സമയത്ത് ബര്‍മ (മ്യാന്‍മര്‍) കീഴടക്കിയിരുന്നു. ജാപ്പ് സൈന്യവും നിരവധി ബ്രിട്ടീഷ് സൈനികരെ തടവുകാരായി പിടിച്ചിരുന്നു. ഇവരെ ഉപയോഗിച്ച് സൈന്യം രൂപീകരിക്കുകയാണ് ലക്ഷ്യം. ഇത്തവണ കാറോ വിമാനമോ ട്രെയിനോ അല്ല ബോസ് ഉപയോഗി്ച്ചത്. ബോസിന് ജപ്പാനിലെ്ത്താന്‍ ജര്‍മ്മനി ഒരുക്കിയത് ഒരു മുങ്ങിക്കപ്പലായിരുന്നു. ജര്‍മ്മനിയുടെ വടക്കന്‍ തീരത്ത് നിന്ന് കപ്പല്‍ പുറപ്പെട്ടത്. നോര്‍വെ തീരത്തിന് സമീപത്ത് കൂടി പടിഞ്ഞാറോട്ട് നീങ്ങി. ടോക്കിയവിലെ ജര്‍മ്മന്‍ എംബസിക്ക് നയതന്ത്ര വിവരം കൈമാറാനായിരുന്നു മുങ്ങിക്കപ്പലിന്‌റെ യാത്ര. 1943 ഫെബ്രുവരി ഒമ്പതിന് സുഭാഷ് ചന്ദ്ര ബോസും അടുത്ത അനുയായി ആബിദ് ഹസന്‍ സഫ്രാനയും പുറപ്പെട്ടു. കടല്‍ പ്രക്ഷുബ്ധമായിരുന്നു ബോസിനും ആബിദിനും പലപ്പോഴും കടല്‍ച്ചൊരുക്ക് അനുഭവപ്പെട്ടു. മറ്റുള്ളവര്‍ കളിതമാശകളില്‍ മുഴുകിയപ്പോള്‍ ബോസ് വായനയിലേയ്ക്കും എഴുത്തിലേയ്ക്കും പുതിയ പദ്ധതികളെ പറ്റിയുള്ള ആലോചനകളിലേയ്ക്കും കേന്ദ്രീകരിച്ചു.

1943 ഏപ്രില്‍ 21ന് ആഫ്രിക്കയിലെ മഡഗാസ്‌കറിന് സമീപം ഒരു ജാപ്പനീസ് മുങ്ങിക്കപ്പലുമായി അവരുടെ മുങ്ങിക്കപ്പല്‍ സിഗ്നല്‍ കൈമാറി. ജാപ്പനീസ് മുങ്ങിക്കപ്പലിലേയ്ക്ക് മാറാനായിരുന്നു ബോസിന്‌റെ പദ്ധതി. കടല്‍ തീര്‍ത്തും അശാന്തമായിരുന്നതിനാല്‍ ജാപ്പനീസ് മുങ്ങിക്കപ്പലിലേയ്ക്ക് മാറാന്‍ ശ്രമിക്കുന്നത് അപകടകരമായിരിക്കും എന്ന് ക്യാപ്റ്റന്‍ വെര്‍ണര്‍ മ്യൂസന്‍ബര്‍ഗ് മുന്നറിയിപ്പ് നല്‍കി. ജര്‍മ്മന്‍ മുങ്ങിക്കപ്പലില്‍ തന്നെ തുടരാന്‍ നിര്‍ദ്ദേശിച്ചു. എന്നാല്‍ ബോസ് വഴങ്ങിയില്ല. ഞാന്‍ തിരിച്ച് പോകാനല്ല ഇത്രയും ദൂരം വന്നത് എന്ന് ബോസ് പറഞ്ഞു. സുഭാഷ് ചന്ദ്ര ബോസിന് നീന്തല്‍ അറിയില്ലായിരുന്നു. എന്നാല്‍ ഇത് അവഗണിച്ച് പ്രക്ഷുബ്ധമായ കടലിലൂടെ ഒരു ബോ്ട്ടില്‍ ആബിദ് ഹസനോടൊപ്പം ജാപ്പനീസ് മുങ്ങിക്കപ്പല്‍ ലക്ഷ്യമാക്കി അദ്ദേഹം നീങ്ങി. ജാപ്പനീസ് മുങ്ങിക്കപ്പലിന്‌റെ ക്യാപ്റ്റന്‍ ടെറാവോക തന്‌റെ ക്യാബിനില്‍ ബോസിനും ആബിദിനും ഇടം നല്‍കി. മലേഷ്യ വഴി സിംഗപ്പൂരിലേയ്ക്കും അവിടെ നിന്ന് ടോക്കിയോവിലേയ്ക്കും മുങ്ങിക്കപ്പല്‍ നീങ്ങി. തുടര്‍ന്നാണ് ഐഎന്‍എ രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങുന്നതും ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ ഉജ്ജ്വലമായ പോരാട്ടത്തിന്‌റെ മറ്റൊരു ഏടിലേയ്ക്ക് കടക്കുന്നുതും.

വായിച്ചോ: https://goo.gl/vBRMAO


Next Story

Related Stories