TopTop
Begin typing your search above and press return to search.

അങ്ങനെ ഗോളിയും ക്രോസ് ബാറും ബ്രസീലിനെ രക്ഷിച്ച കഥ

അങ്ങനെ ഗോളിയും ക്രോസ് ബാറും ബ്രസീലിനെ രക്ഷിച്ച കഥ

ടീം അഴിമുഖം

ഷൂട്ടൗട്ടിന്റെ സൂചിക്കുഴയിലൂടെ ചിലിയെ മറികടന്ന ആതിഥേയരായ ബ്രസീല്‍ ലോകകപ്പ് 2014ന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. ചടുലമായ മത്സരത്തില്‍ ലൂയി സുവാരസില്ലാത്ത ഉറുഗ്വെയ്‌ക്കെതിരെ ആധികാരികമായ രണ്ട് ഗോളിന്റെ വിജയം നേടിയ കൊളംബിയയാണ് ക്വാര്‍ട്ടറില്‍ കാനറികളുടെ എതിരാളികള്‍.

ചിലി-ബ്രസീല്‍ മത്സരത്തില്‍ മുഴുവന്‍ സമയത്തും അധിക സമയത്തും ഇരു ടീമുകളും ഓരോ ഗോളടിച്ച് സമനിലയില്‍ പിരിഞ്ഞതിനെ തുടര്‍ന്നാണ് പെനാല്‍ട്ടി ഷൂട്ടൗട്ട് വേണ്ടി വന്നത്. ഷൂട്ടൗട്ടില്‍ ചിലിയുടെ രണ്ട് ഷോട്ടുകള്‍ ബ്രസീല്‍ ഗോളി ജൂലിയസ് സെസാര്‍ തട്ടിയകറ്റിയപ്പോള്‍ അവരുടെ അവസാന ഷോട്ട് ക്രോസ് ബാറില്‍ തട്ടി മടങ്ങി. ബ്രസീല്‍ മൂന്ന് തവണ ലക്ഷ്യം കണ്ടു.കോപ്പ അമേരിക്കന്‍ ചാമ്പ്യന്മാരായ ഉറുഗ്വെയ്‌ക്കെതിരെ കളിയുടെ 28, 50 മിനിട്ടുകളില്‍ അമസ് റോഡ്രിഗസ് നേടിയ ഇരട്ട ഗോളുകളാണ് കൊളംബിയയ്ക്ക് വിജയം സമ്മാനിച്ച. ഇതോടെ നാലു കളികളില്‍ നിന്നും അഞ്ച് ഗോളുകള്‍ നേടിയ അമസ് ഗോള്‍ വേട്ടയില്‍ മുന്നിലായി.ബ്രസീല്‍ തോല്‍ക്കുന്നത് കണ്ടിട്ടുണ്ട്. പക്ഷെ അവര്‍ കളിച്ച് ആള്‍ക്കാരെ ബോറടിപ്പിക്കുന്നത് ആദ്യമായാണ് കാണുന്നത്. ഒരു ബ്രസീലിയന്‍ ടീമില്‍ നിന്നും ഒരിക്കലും പ്രതീക്ഷിക്കുന്ന കളിയല്ല ഇന്നലെ ചിലിക്കെതിരെ പ്രീക്വാര്‍ട്ടറില്‍ കണ്ടത്. പെനാല്‍ട്ടിയുടെ കണക്കില്‍ അവര്‍ ജയിച്ചിട്ടുണ്ടാകാം. പക്ഷെ ഈ ജയത്തിന് ആയുസ് വളരെ കുറവാണ്. അവര്‍ ഒരു ടീമായി കളിക്കുകയും ജയിക്കുകയും ചെയ്യണമെങ്കില്‍ സ്‌കൊളാരി ഇനിയും ഒരുപാട് കഷ്ടപ്പെടേണ്ടിവരും.

കളിയുടെ ഒരു ഘട്ടത്തിലും ആധികാരികത പ്രകടിപ്പിക്കാന്‍ നെയ്മര്‍ക്കും സംഘത്തിനും കഴിഞ്ഞില്ല. മിഡ്ഫീല്‍ഡില്‍ ആളില്ലാതെ ഒഴിഞ്ഞ സ്ഥലങ്ങളില്‍ ചിലി ആധിപത്യം പുലര്‍ത്തിയപ്പോള്‍ ബ്രസീലിയന്‍ ടീം പന്തിനായി ഉഴലുന്നത് ദയനീയ കാഴ്ചയായിരുന്നു. ഒത്തിണക്കമുള്ള ഒരു നീക്കം പോലും നടത്താന്‍ 120 മിനിട്ട് നീണ്ട കളിയില്‍ അവര്‍ക്ക് സാധിച്ചില്ല. അവര്‍ക്ക് തീരെ പരിചയമില്ലാത്ത നീണ്ട പാസുകള്‍ തൊടുക്കുന്നത് ആരുടെ ബുദ്ധിയാണെന്ന് അറിയില്ല. പക്ഷെ ഒറ്റ ഹൈബോളുപോലും ബ്രസീല്‍ മുന്നേറ്റ നിരയ്ക്ക് വരുതിയിലാക്കാന്‍ സാധിച്ചതുമില്ല. എവിടെയോ ഒരു പക്വതയില്ലായ്മ ഈ ടീം പുലര്‍ത്തുന്നു. വരുതിയിലുള്ള പന്ത് എളുപ്പം എതിരാളിക്ക് വിട്ടുകൊടുക്കുകയും അലംഭാവവും അലസതയും മൈതാനത്ത് കാണിക്കുകയും ചെയ്യുന്ന ഒരു ടീം എങ്ങനെ ലോകകപ്പിന്റെ ഫൈനല്‍ റൗണ്ട് കളിക്കുന്നു എന്നത് തന്നെ അത്ഭുതകരമാണ്.

ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ കാമറൂണിനെതിരെ ആധിഥേയരുടെ പ്രകടനം കണ്ടപ്പോള്‍ ടീം മെച്ചപ്പെടുകയാണ് എന്ന് കരുതിയവരെ പാടെ അമ്പരപ്പിച്ച പ്രകടനമാണ് ചിലിക്കെതിരെ അവര്‍ പുറത്തെടുത്തത്. ആദ്യ പകുതിയുടെ നാലാം മിനിട്ടില്‍ തന്നെ ബ്രസീല്‍ ആക്രമണം അഴിച്ചു വിട്ടെങ്കിലും ചിലി പ്രത്യാക്രമണത്തിലൂടെ ബ്രസീല്‍ പ്രതിരോധത്തിന്റെ വിള്ളലുകള്‍ തുറന്നു കാട്ടി. പതിമൂന്നാം മിനിട്ടില്‍ ലൂയിസ് ഗുസ്താവോയുടെ ഒറ്റയ്ക്കുള്ള മുന്നേറ്റം ബോക്‌സിന് പുറത്തു വച്ചുള്ള ഫ്രീകിക്കില്‍ കലാശിച്ചെങ്കിലും ചിലി ക്യാപ്റ്റനും ഗോളിയുമായ ക്ലോഡെ ബ്രാവോ തട്ടിയകറ്റി. പതിനാറാം മിനിട്ടില്‍ ഹള്‍ക്ക് തൊടുത്ത നല്ലൊരു ഷോട്ട് കോര്‍ണറിന് വഴങ്ങി ബ്രാവോ രക്ഷപ്പെടുത്തി. നെയ്മര്‍ എടുത്ത കോര്‍ണര്‍ ഹള്‍ക്ക് ഹെഡ് ചെയ്ത് ഡേവിഡ് ലൂയിസിന് മറിച്ചു. പന്ത് വലയിലേക്ക് തള്ളിയിടുക എന്ന ഏക കര്‍മം അദ്ദേഹം കൃത്യമായി നിര്‍വഹിച്ചപ്പോള്‍ ബ്രസീല്‍ മുന്നില്‍ എത്തി. ബ്രസീല്‍ പ്രതിരോധ ഭടന്റെ ആദ്യ ലോകകപ്പ് ഗോള്‍.സാധാരണ ടീമുകള്‍ ഗോള്‍ നേടുന്നതോടെ ആവേശവും ഊര്‍ജ്ജവും വീണ്ടെടുക്കുകയാണ് പതിവ്. എന്നാല്‍ ഈ ബ്രസീലിയന്‍ ടീം അതോടെ അലസരായി മാറി. ചില ഒറ്റപ്പെട്ട നീക്കങ്ങള്‍ നടത്തിയതൊഴിച്ചാല്‍ പന്ത് ചിലി കളിക്കാരുടെ വരുതിയില്‍ നിന്നും മാറാതെയായി. വല്ലപ്പോഴും ബ്രസീല്‍ കളിക്കാരന് പന്ത് കിട്ടിയാലും അത് തളികയില്‍ വച്ച് എതിരാളിക്ക് കൈമാറുന്ന അവസ്ഥ കണ്ടിരിക്കുക ബുദ്ധിമുട്ടായിരുന്നു. മുപ്പത്തിരണ്ടാം മിനിട്ടില്‍ ബ്രസീല്‍ അലസതയുടെ പാരമ്യവും കണ്ടു. മാര്‍സിലോ എടുത്ത ത്രോ ഹള്‍ക്ക് തട്ടിക്കൊടുത്തത് ചിലിയന്‍ കളിക്കാരന്റെ കാലിലേക്ക്. ബോക്‌സിലേക്ക് ഓടിക്കയറിയ അലക്‌സി സാഞ്ചസിന് പന്ത് കിട്ടുന്നതും നോക്കി ഡേവിഡ് ലൂയിസ് നിന്നു. ശരിക്കും പെനാല്‍ട്ടി ബോക്‌സില്‍ നിന്നും കളി കാണുന്ന കാണിയെ പോലെ. ഒറ്റയ്ക്കായ സാഞ്ചസിന് ജൂലിയസ് സെസാറിനെ ഒഴിവാക്കി ഗോളിലേക്ക് പന്ത് പായിക്കല്‍ ഒരു അദ്ധ്വാനമേ ആയിരുന്നില്ല.

അതിന് ശേഷം ബ്രസീല്‍ ഒന്നുണര്‍ന്നത് പോലെ തോന്നിയെങ്കിലും ലക്ഷ്യബോധമുള്ള ഒരു നീക്കവും കണ്ടില്ല. മുപ്പത്തിയഞ്ചാം മിനിട്ടില്‍ ഓസ്‌കറിന്റെ ഒരു നല്ല ഷോട്ടില്‍ നിന്നും നെയ്മര്‍ ഒരു നല്ല ഹെഡര്‍ തൊടുത്തെങ്കിലും ചിലി പ്രതിരോധ ഭടന്റെ തലയില്‍ തട്ടി പന്ത് പുറത്തേക്ക് പോയി. പിന്നെ ഒന്നാം പകുതിയില്‍ ഓര്‍ക്കാനുള്ള ഒരു നിമിഷം ഡാനിസ് അല്‍വസ് തൊടുത്ത ഒരു ലോംഗ് റെയ്ഞ്ചര്‍ ആയിരുന്നു. ബ്രാവോ ഒന്നാതരം മെയ് വഴക്കത്തോടെ പന്ത് കുത്തിയകറ്റുകയും ചെയ്തു. ഒന്നാം പകുതിയുടെ പരിക്ക് സമയത്ത് ബ്രസീല്‍ ഗോളില്‍ നിന്നും കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. സീസര്‍ കൊടുത്ത പാസ് സ്വീകരിക്കാന്‍ ബ്രസീലിയന്‍ പ്രതിരോധം അമാന്തിച്ചപ്പോള്‍ ഓടിയടുത്ത അരാന്റിക്കിന്റെ അടി കഷ്ടിച്ചു പുറത്തേക്ക് പോയി.

രണ്ടാം പകുതിയിലും കളിക്ക് മാറ്റം ഒന്നും ഉണ്ടായില്ല. കളി ചിലിയുടെ വരുതിയില്‍ തന്നെയായിരുന്നു. അദ്ധ്വാനിച്ച് കളിച്ച ഹള്‍ക്ക് മാത്രമായിരുന്നു ഒരു അപവാദം. അമ്പത്തിനാലാം മിനിട്ടില്‍ ഹള്‍ക്ക് സ്‌കോര്‍ ചെയ്‌തെങ്കിലും റഫറി ഗോള്‍ അനുവദിച്ചില്ല. ഹള്‍ക്ക് കൈകൊണ്ട് പന്തു തട്ടി എന്ന് കാണിച്ച് മഞ്ഞക്കാര്‍ഡ് പുറത്തെടുക്കുകയും ചെയ്തു. എന്നാല്‍ റീപ്ലേയില്‍ പന്ത് ഹള്‍ക്കിന്റെ തോളിലാണ് കൊണ്ടത് എന്ന് വ്യക്തമായിരുന്നു.അറുപത്തിമൂന്നാം മിനുട്ടില്‍ ചിലി മുന്നിലെത്തേണ്ടതായിരുന്നു. മാര്‍സിലോ ഡയസിന്റെ കനത്ത ഷോട്ട് കഷ്ടപ്പെട്ടാണ് സെസാര്‍ കോര്‍ണര്‍ വഴങ്ങി രക്ഷപ്പെടുത്തിയത്. എഴുപത്തിയഞ്ചാം മിനിട്ടില്‍ ബ്രസീലിന് വേണ്ടി പകരക്കാരനായി ഇറങ്ങിയ ജോ ഒരു തുറന്ന അവസരം പാഴാക്കി. ഒറ്റയ്ക്ക് ഇടതു വിംഗില്‍ നിന്നും മുന്നേറിയ ഹള്‍ക്ക് നല്‍കിയ അതിമനോഹരമായ ക്രോസില്‍ കാലുവയ്ക്കാന്‍ ജോ ഒരു സെക്കന്റ് വൈകി. ചിലി പ്രതിരോധത്തില്‍ തട്ടി പന്ത് പുറത്തേക്ക് പോയെങ്കിലും റഫറി കോര്‍ണര്‍ അനുവദിച്ചില്ല. അവസാന നിമിഷങ്ങളില്‍ ഉണര്‍ന്നു കളിക്കാന്‍ ശ്രമിച്ച ബ്രസീലിന് രണ്ട് അവസരങ്ങള്‍ ലഭിച്ചെങ്കിലും മുതലാക്കാനായില്ല. 80-ആം മിനുട്ടില്‍ നെയ്മറും തൊട്ടടുത്ത നിമിഷം ഹള്‍ക്കും അവസരങ്ങള്‍ തുലച്ചു.

അധിക സമയത്തിന്റെ ഒന്നാം പകുതിയില്‍ പ്രതിഭയുടെ ചില മിന്നലാട്ടങ്ങള്‍ ബ്രസീലിയന്‍ ടീം പുറത്തെടുത്തെങ്കിലും ലക്ഷ്യം കാണാന്‍ കഴിഞ്ഞില്ല. 9-ആം മിനുട്ടില്‍ ഡാനി അല്‍വസിന്റെ പാസില്‍ നിന്നും കിട്ടിയ തുറന്ന അവസരം ജോ കളഞ്ഞ് കുളിച്ചു. തുടര്‍ന്ന് ചിലി കളി മന്ദഗതിയിലാക്കി. ഷൂട്ടൗട്ടിലേക്ക് കളി നീട്ടുക എന്നതാണ് അവരുടെ തന്ത്രം എന്ന് തോന്നിച്ചു. എന്നാല്‍ അധിക സമയത്തിന്റെ അവസാന നിമിഷങ്ങളില്‍ അവര്‍ ആഞ്ഞടിച്ചു. കളി തീരാന്‍ മുപ്പത് സെക്കന്റ് മാ്ത്രം അവസാനിക്കെ അവര്‍ക്ക് വേണ്ടി പകരക്കാരാനായി ഇറങ്ങിയ പെനലെപ് തൊടുത്ത ഷോട്ട് ബാറില്‍ തട്ടി മടങ്ങിയില്ലായിരുന്നെങ്കില്‍ കളി ഷൂട്ടൗട്ടിലേക്ക് നീങ്ങുമായിരുന്നില്ല.ഷൂട്ടൗട്ടില്‍ ആദ്യ കിക്കെടുത്ത ബ്രസീലിന്റെ ഡേവിഡ് ലൂയിസ് പന്ത് വലയില്‍ എത്തിച്ചു. ഷൂട്ടൗട്ടിലും ഭാഗ്യം പെനലപ്പിനെ കൈവെടിഞ്ഞപ്പോള്‍ ചിലി ഒരു ഗോളിനു പിന്നില്‍. സെസാറിന്റെ ആദ്യ സേവ്. എന്നാല്‍ ബ്രസീലിന് വേണ്ടി രണ്ടാമത്തെ കിക്കെടുത്ത വില്യം പന്ത് വെളിയിലേക്ക് അടിച്ചു കളഞ്ഞപ്പോള്‍ അവര്‍ക്ക് ലീഡ് വര്‍ദ്ധിപ്പിക്കാനായില്ല. ചിലിയുടെ രണ്ടാമത്തെ കിക്കും തടുത്തുകൊണ്ട് ജൂലിയസ് സെസാര്‍ ബ്രസീലിന് പുത്തന്‍ പ്രതീക്ഷകള്‍ നല്‍കി. ചിലിയുടെ സൂപ്പര്‍ താരം അലക്‌സി സാഞ്ചസായിരുന്നു ഇത്തവണ വില്ലന്‍. ബ്രസീലിന്റെ മൂന്നാം കിക്ക് മാര്‍സെലോ വലയില്‍ എത്തിച്ചപ്പോള്‍ കാനറികള്‍ക്ക് രണ്ട് ഗോള്‍ ലീഡ്. ചിലിയുടെ മൂന്നാം കിക്ക് വലയിലെത്തിച്ചു കൊണ്ട് അരാന്റിക് ബ്രസീലിന്റെ ലീഡ് കുറച്ചു. എന്നാല്‍ മത്സരത്തില്‍ ഉടനീളം നല്ല പ്രകടനം കാഴ്ച വച്ച ഹള്‍ക്കിന്റെ അടി ബ്രാവോ തടയുകയും മാര്‍സിലോ ഡയസ് ചിലിക്ക് വേണ്ടി ലക്ഷ്യം കാണുകയും ചെയ്തപ്പോള്‍ ഇരു ടീമുകളും തുല്യനിലയിലായി. ബ്രസീലിനായി അവസാന കിക്കെടുത്ത നെയ്മറിന് പിഴച്ചില്ല. മത്സരം സഡന്‍ ഡെത്തിലേക്ക് നീങ്ങുകയാണെന്ന് തോന്നിച്ച നിമിഷത്തിലാണ് ചിലിയുടെ അനുഭവസമ്പന്നനായ പ്രതിരോധ ഭടന്‍ ഗോണ്‍സാലോ യാറയുടെ ഷോട്ട് ക്രോ്‌സ് ബാറില്‍ തട്ടി മടങ്ങിയത്.

അങ്ങനെ ജൂലിയസ് സെസാറും ക്രോസ് ബാറും കൂടി ഒരു വിധത്തില്‍ ബ്രസീലിനെ പിടിച്ച് ക്വാര്‍ട്ടര്‍ ഫൈനലില്‍ ആക്കി. ക്രോസ് ബാറിന്റെ അനുഗ്രഹം എത്രകാലം ഉണ്ടാവും എന്നാണ് ഇനി കണ്ടറിയേണ്ടത്.


Next Story

Related Stories