TopTop
Begin typing your search above and press return to search.

എപ്പോഴും ആരെങ്കിലുമൊക്കെ കളിച്ചുകൊണ്ടിരിക്കുന്ന ബ്രസീല്‍

എപ്പോഴും ആരെങ്കിലുമൊക്കെ കളിച്ചുകൊണ്ടിരിക്കുന്ന ബ്രസീല്‍

ഡോം ഫില്ലിപ്സ്
(വാഷിംഗ്ടണ്‍ പോസ്റ്റ്)

ആകാശത്തുനിന്നു നോക്കിയാല്‍ ഓറഞ്ച് - തവിട്ടു നിറത്തിലുള്ള മറുകിട്ട ചാരനിറത്തിലുള്ള അനന്തമായ കടലാണ് സാവോ പോളയിലെ ചേരികള്‍. ആ മറുകുകള്‍ പന്തുകളി മൈതാനങ്ങളാണ്. കൌമാരക്കാരും, അമേച്വര്‍ ലീഗുകാരും ഒക്കെ കളിക്കുന്ന പരന്ന പൊടിനിറഞ്ഞ പരുക്കന്‍ മണ്‍മൈതാനങ്ങള്‍.

സാവോപോളയിലെ ഫോട്ടോഗ്രാഫര്‍ റെനാറ്റോ സ്റ്റോക്ലാര്‍ ഹെലികോപ്റ്ററില്‍ നിന്നും പകര്‍ത്തിയ ഈ ചിത്രം, ബ്രസീല്‍ ഫുട്ബോള്‍ എന്ന പ്രമേയത്തെ ആസ്പദമാക്കിയുള്ള 40-ഓളം ഫോട്ടോഗ്രാഫര്‍മാരുടെ ചിത്രങ്ങളുടെ പ്രദര്‍ശനമാണ്. ജൂലായ് 17 വരെ ഈ ചിത്രങ്ങള്‍ പ്രദര്‍ശനശാലകളിലും, കടകളിലും, തെരുവുകളിലെ ചുമരുകളിലുമെല്ലാം പ്രദര്‍ശിപ്പിക്കും.

MostraFutebol BR എന്നു പേരിട്ട ഈ പ്രദര്‍ശനം പന്തുകളിക്ക് ബ്രസീലിലുള്ള ഏകോപന ശക്തി കാണിക്കാന്‍ ലക്ഷ്യമിട്ടിട്ടുള്ളതാണ്. ആമസോണ്‍ നദീതീരം മുതല്‍ തെക്കേ അമേരിക്കയിലെ ഏറ്റവും ജനപ്പാര്‍പ്പുള്ള നഗരത്തിനെ വരെ കൂട്ടിയിണക്കുന്ന കളി. മറ്റ് ദശലക്ഷക്കണക്കിന് ബ്രസീലുകാരെപ്പോലെ ദാരിദ്ര്യത്തില്‍ വളര്‍ന്ന് നഗ്നപാദരായി കളിച്ച് ഒരു പന്തുകൊണ്ട് ആഘോഷങ്ങളുടെ സ്വര്‍ഗ്ഗം സൃഷ്ടിക്കാന്‍ പെലെയും, റൊണാള്‍ഡോയും എല്ലാം പഠിച്ചത് ഇത്തരം മൈതാനങ്ങളിലാണ്.

“പൊതുവിശ്രമ സ്ഥലങ്ങള്‍ വളരെ കുറവാണ്. പൊതുസ്ഥലങ്ങള്‍ തീരെ കുറവാണ്. ഈ പന്തുകളി മൈതാനങ്ങളാണ് അവസാന ഇടങ്ങള്‍,” സ്റ്റോക്ലാര്‍ പറഞ്ഞു. “അവയ്ക്ക് വലിയ പ്രാധാന്യമുള്ള സാമൂഹിക വശമുണ്ട്.”

അനന്തമായ ചേരികളുടെ ഇടയിലുള്ള ഇറ്റക്വേരോ മൈതാനത്ത് ബ്രസീലും ക്രൊയേഷ്യയും തമ്മില്‍ നടക്കുന്ന മത്സരത്തോടെയാണ് ജൂണ്‍ 12-നു ലോകകപ്പ് തുടങ്ങിയത്. പക്ഷേ, ലോകത്താകെയുള്ള കോടിക്കണക്കിനു മനുഷ്യര്‍ ലോകകപ്പ് കാണുന്നത് ടെലിവിഷനില്‍ കാണിക്കാന്‍ കൊള്ളാവുന്ന തിളങ്ങുന്ന കാഴ്ച്ചകളിലെ മൈതാനമാണ്. ബ്രസീലുകാരുടെ യാഥാര്‍ത്ഥ്യങ്ങളില്‍നിന്നും എത്രയോ അകലെ.

“ബ്രസീലിലെ മഹാന്മാരായ കളിക്കാര്‍ എവിടെനിന്നാണ് വരുന്നതെന്നാണ് ഞങ്ങള്‍ കാണിക്കാന്‍ ശ്രമിക്കുന്നത്,” പ്രദര്‍ശനത്തിന്റെ ക്യൂറേറ്റര്‍ ഫെര്‍ണാണ്ടോ കോസ്റ്റ നെറ്റോ പറഞ്ഞു. ബ്രസീലിന്റെ വിവിധ പ്രദേശങ്ങളില്‍നിന്നും കെയോ വിയേല പകര്‍ത്തിയ പന്തുകളുടെ ചിത്രങ്ങള്‍ ആലേഖനം ചെയ്ത 40,000 ചായത്തടുക്കുകളും പ്രദര്‍ശനശാല വിതരണം ചെയ്യും. ഇതിലൊന്നും 2014 ലോകകപ്പിന്റെ ഔദ്യോഗിക പന്തായ ബ്രസൂക ഇല്ല. “യഥാര്‍ത്ഥ പന്ത് ബ്രസീലുകാര്‍ പന്ത് കളിക്കുന്നിടത്താണ്- പൊടി നിറഞ്ഞ മൈതാനങ്ങളില്‍, കടല്‍തീരത്തെ ഒഴിവുള്ള ഏത് മൂലയിലും, തെരുവുകളില്‍. അതാണ് ബ്രസീലിന്റെ സംസ്കാരത്തില്‍ വേരുറപ്പിച്ച പന്ത്.”

പന്തുകളി ബ്രസീലില്‍ സര്‍വ്വവ്യാപിയാണ്. സാധ്യമായിടത്തെല്ലാം ബ്രസീലുകാര്‍ പന്ത് കളിക്കുന്നു. കച്ചവട എക്സിക്യൂട്ടീവുകളുടെ ചിത്രമെടുക്കുന്ന പണിക്ക് നാലു മാസത്തെ അവധികൊടുത്ത് ഹെന്‍റിക് മന്‍രേസ ബ്രസീലിന്റെ വിദൂര വടക്കന്‍ വന്‍പ്രദേശങ്ങളില്‍ പോയപ്പോള്‍ തിരിച്ചറിഞ്ഞതും അതാണ്. വടക്കന്‍ പട്ടണമായ മകാപ്പയില്‍ വേലിയിറക്കം കഴിഞ്ഞ നദീതീരത്തെ കുഴമണ്ണില്‍ കുട്ടികള്‍ പന്തുകളിക്കുന്നത് അയാള്‍ പകര്‍ത്തി. അവരതിനെ ‘മണ്‍ പന്തുകളി’ എന്നാണ് വിളിക്കുന്നതുപോലും!

ബ്രസീല്‍, കൊളംബിയ, പെറു അതിര്‍ത്തിയിലെ വിദൂര നഗരമായ ബെഞ്ചമിന്‍ കോണ്‍സ്റ്റന്‍റിലെ തെരുവ് പന്തുകളി മത്സരങ്ങളുടെ ചിത്രങ്ങളും പ്രദര്‍ശനത്തിലുണ്ട്. “സാധാരണ മനുഷ്യര്‍ വളരെ ലളിതമായി പന്തുകളിക്കുന്നത് കാണാം. പന്ത് കളിയ്ക്കാന്‍ വലിയ ആര്‍ഭാടങ്ങളുടെയൊന്നും ആവശ്യമില്ല.”

ബ്രസീലുകാരനായ നരവംശ ശാസ്ത്രജ്ഞന്‍ റോബെര്‍റ്റോ ഡമാറ്റ 1982-ലെ ഒരു ലേഖനത്തില്‍ പറഞ്ഞതുപോലെ ബ്രസീലിലെ പന്തുകളി മൈതാനങ്ങള്‍ സമമായ കളിസ്ഥലം നല്കുന്നു, പ്രത്യേകിച്ചും അതൊട്ടും ഇല്ലാത്ത ആ രാജ്യത്ത്. “ഇവിടെ നിയമങ്ങള്‍ മാറുന്നില്ല, അതുകൊണ്ട് കളിസ്ഥലത്ത് എല്ലാവരും തുല്ല്യരാണ്,”ഡമാറ്റ നിരീക്ഷിക്കുന്നു.

ബ്രസീലിലെ അസമത്വം നിറഞ്ഞ സമൂഹത്തില്‍ നിങ്ങളുടെ യഥാര്‍ത്ഥ കഴിവുകളെക്കാളേറെ ഒരാളുടെ കുടുംബപശ്ചാത്തലവും, അയാള്‍ക്കുള്ള ഉന്നത പിടിപാടുകളുമൊക്കെയാണ് അയാള്‍ക്കുവേണ്ടി നിയമങ്ങള്‍ വളച്ചൊടിക്കുകയും മുന്നോട്ടുള്ള വഴി സുഗമമാക്കുകയും ചെയ്യുന്നത്. എന്നാല്‍ പന്തുകളി മൈതാനത്ത് ശേഷിക്കുറവുകള്‍ക്ക് ഒളിച്ചിരിക്കാന്‍ ഇടമില്ല, അവിടെ കളിക്കാര്‍ നിയമങ്ങളല്ല പന്താണ് വളയ്ക്കുന്നത്. ഒരുപക്ഷേ ഇതാണ് ബ്രസീലുകാര്‍ ഈ കളിയെ ഇത്രമേല്‍ സ്നേഹിക്കാന്‍ കാരണം.

വ്യക്തിഗതമായ കളിമികവിന് ബ്രസീല്‍ കളിക്കാര്‍ക്ക് ആഗോളപ്പെരുമയുണ്ട്. സെന്‍ട്രല്‍ റിയോയിലെ ഫ്ലാമാങ്ങോ പാര്‍ക്കില്‍ അപ്പുറത്തുള്ള സാംബാ താളത്തിന്റെ പശ്ചാത്തലത്തില്‍ കുട്ടികള്‍ പന്തുകളിച്ചു. നഗ്നപാദരായി കളിക്കുന്ന അവരെ സാംബാ താളം അലോസര്‍പ്പെടുത്തിയതേ ഇല്ല. “ബ്രസീല്‍ ലോകത്തിന് നല്‍കുന്ന ഏറ്റവും ഗംഭീര സംഗതികള്‍ ഇതാണ്- പന്തുകളിയും സാംബാ സംഗീതവും,” നെറ്റോ പറഞ്ഞു. “ഇതാണ് ബ്രസീലിന്റെ ഡി എന്‍ എ!”

അടുത്തുള്ളോരു കുന്നിന്‍പുറത്തു സാന്താ തെരേസയിലെ ഒരു ജനവാസ കേന്ദ്രത്തില്‍ ഫുട്സല്‍ എന്നു വിളിക്കുന്ന, ഓരോ ടീമിലും അഞ്ചു പേരുള്ള പന്തുകളി കളിച്ചു കഴിഞ്ഞതേയുള്ളൂ 30-കാരനായ ജോര്‍ജ് ലൂയി. കളിക്കാര്‍ ഇത്തിരി ബീറും നുണഞ്ഞു വര്‍ത്തമാനം പറഞ്ഞിരിക്കുന്നു. ഒരാള്‍ യൂറോപ്പിലെ ഏറ്റവും സമ്പന്നമായ ക്ലബ്ബിന്റെ പേരുള്ള ജേഴ്സി ഇട്ടിരിക്കുന്നു- ലണ്ടനിലെ ചെല്‍സിയ. ബ്രസീലിന്റെ ലോകകപ്പ് താരങ്ങളില്‍ നാലു പേര്‍ ആ ക്ലബ്ബിലാണ് കളിക്കുന്നത്. ചെറിയ കുട്ടികള്‍ ഇവിടെ പന്ത് തട്ടുന്നു. കൌമാരക്കാര്‍ ഷൂസൊന്നുമില്ലാതെ വെറും കാലുംവെച്ചു കളിക്കുന്നു. അല്ലെങ്കില്‍ ഒറ്റക്കാലില്‍ ഒന്നിട്ടുകൊണ്ട്. ഒരു ജോഡി ഷൂസ് അവരങ്ങനെ പങ്കിടുന്നു. കളി നിലയ്ക്കുന്നേയില്ല. “ഇവിടെ എപ്പോളും ആരെങ്കിലും കളിച്ചുകൊണ്ടേയിരിക്കും,” ലൂയിസ് പറഞ്ഞു. അടുത്തുതന്നെയുള്ള അയാളുടെ അച്ഛന്‍റെ പുസ്തകക്കടയിലാണ് ലൂയിസ് പണിയെടുക്കുന്നത്.

ഫുട്സല്‍ ബ്രസീല്‍ കളിക്കാരുടെ അസാധാരണമായ പന്തുനിയന്ത്രണത്തെ രൂപപ്പെടുത്തുന്നുണ്ട്. “വളരെ കുറച്ചു സ്ഥലത്തു കളിക്കുമ്പോള്‍ അവര്‍ക്ക് ഒരുപാട് ശേഷി വേണ്ടിവരും,” ഒരു നിര്‍മ്മാണ കമ്പനിയിലെ സ്റ്റോര്‍ മാനേജരായ 39-കാരന്‍ ബര്‍ബോസ പറഞ്ഞു.

കളിക്കാര്‍ വളരെ ഗൌരവത്തിലാണ് കളിയെ കാണുന്നത്. പോസ്റ്റില്‍ വലയൊക്കെ തൂക്കിയിട്ടുണ്ട്. ഒരേ തരം ജഴ്സി അണിയുന്നു. എന്തിന്, പീപ്പിയും തൂക്കി ഒരു റഫറിയും ഉണ്ട്. കൈയ്യിലും കാലിലുമൊക്കെ കളിയുടെ മുറിവടയാളങ്ങളുള്ള മൌറീഷ്യോ ഡേ മൌര പറഞ്ഞത് “ ഇതൊരു കടുപ്പമുള്ള കളിയാണ്, തമാശയല്ല” എന്നാണ്.

മൌരോ ഒരു ചായം പൂശുന്ന പണിക്കാരനാണ്. എല്ലാ ബുധനാഴ്ച്ചയും അയാള്‍ കുട്ടികള്‍ക്ക് പരിശീലനം നല്കുന്നു. റിയോയിലെ ഫ്ലാമാങ്ങോ ക്ലബ്ബിന് വേണ്ടി കളിക്കണമെന്ന സ്വപ്നവുമായി നടക്കുന്ന 14-കാരന്‍ ഗോള്‍കീപ്പര്‍ നല്ലൊരു വാഗ്ദാനമാണെന്ന് മൌര ഉറപ്പിക്കുന്നുണ്ട്. രണ്ടു പേരും ലോകകപ്പ് കാണും. നല്ല എല്ലാ ബ്രസീലുകാരെയും പോലെ അവര്‍ ബ്രസീലിനൊപ്പം തന്നെ.

“ഒരുപാട് ദുരിതങ്ങള്‍ പേറുന്ന ഒരു രാജ്യത്ത് ജീവിക്കുന്ന ഞങ്ങള്‍ക്ക് പന്തുകളി കളിക്കലും കാണലുമൊക്കെ ഒരു ആശ്വാസമാണ്.” നിസ്വരുടെ ആര്‍പ്പുവിളികള്‍ക്കായി ബ്രസീലിലെ ലോകകപ്പ് മൈതാനങ്ങളില്‍ പന്തുകള്‍ കാത്തുകിടക്കുന്നു.


Next Story

Related Stories