TopTop
Begin typing your search above and press return to search.

ബ്രസീല്‍ അസ്വസ്ഥമാണ്

ബ്രസീല്‍ അസ്വസ്ഥമാണ്

ബ്ലൂംബര്‍ഗ്

ഈ ലോകകപ്പ് ബ്രസീലിന് നഷ്ടപ്പെട്ടു എന്നത് ശരിതന്നെ. തകര്‍ന്നു കൊണ്ടിരിക്കുന്ന ബ്രസീലിയന്‍ സമ്പദ് വ്യവസ്ഥയുമായി ചേര്‍ത്തു വെയ്ക്കുമ്പോള്‍ ഈ പാരാജയം ഉണ്ടാക്കിയ നിരാശ അര്‍ഥശൂന്യമായ ഒന്നു മാത്രമാണ്. ആ രാജ്യത്തെ 72 ശതമാനത്തോളം ജനങ്ങള്‍ അവിടത്തെ സ്ഥിതിഗതികളില്‍ അസ്വസ്ഥരാണ്. വന്‍ വിലക്കയറ്റവും മോശം ജീവിത സൌകര്യങ്ങളും മാത്രം ജനങ്ങള്‍ക്ക് കൈമുതലായുള്ള രാജ്യത്തെ സര്‍ക്കാര്‍ വിമാനത്താവളങ്ങളും കൂറ്റന്‍ ഹാളുകളും നിര്‍മ്മിക്കാന്‍ കോടികള്‍ ചിലവഴിച്ചപ്പോള്‍ അതിനെല്ലാമെതിരെ പ്രതിഷേധിച്ച് പത്തുലക്ഷത്തിലധികം പേര്‍ കഴിഞ്ഞ വര്‍ഷം ഇവിടത്തെ നിരത്തുകളില്‍ ഇറങ്ങിയിരുന്നു എന്നത് തന്നെയാണ് അതിനുള്ള ഏറ്റവും വലിയ തെളിവ്.

എന്നാല്‍, ബ്രസീലില്‍ പണം മുടക്കിയിരിക്കുന്ന വിദേശശക്തികള്‍ നല്ല ആത്മവിശ്വാസത്തില്‍ തന്നെയാണ്. ബ്രസീലിലെ സാവോപോളോയേക്കാള്‍ കൂടുതല്‍ വലിയ വിദേശമൂലധന സാന്നിദ്ധ്യമുള്ള മറ്റഞ്ചു നഗരങ്ങളേ ലോകത്തുള്ളൂ എന്നും വിദേശ നിക്ഷേപം ആകര്‍ഷിക്കുന്നതില്‍ ലോകത്ത് ഏഴാമത് നില്ക്കുന്നു ഈ രാജ്യമെന്നും മക്കിന്‍സി ഗ്ലോബല്‍ ഇന്‍സ്റ്റിറ്റ്യൂട് ചൂണ്ടിക്കാട്ടുന്നു.കഴിഞ്ഞ ദശകത്തില്‍ ദാരിദ്ര്യത്തില്‍ നിന്നും കരകയറിയ കോടിക്കണക്കിനു ബ്രസീലുകാര്‍ക്ക് വേണ്ട ഉപഭോഗവസ്തുക്കള്‍ നല്കാന്‍ ഈ കമ്പനികള്‍ക്കാവുന്നുണ്ട്. മറ്റ് ബിസിനസ്സുകളെയും ആകര്‍ഷിക്കാനുതകുന്നതാണിവ. 1990 മുതല്‍ 2000 വരെയുള്ള കാലയളവില്‍ വെറും 1.2 ശതമാനം മാത്രം തൊഴില്‍ക്ഷമതാ നിരക്ക് കൂട്ടാനും ഇവ കാരണമാവും. ചൈനയില്‍ ഈ നിരക്ക് 8.4 ഉം ഇന്ത്യയില്‍ ഇത് 4.4ഉം ശതമാനമാണെന്ന് കൂടി നാമിവിടെ ഓര്‍ക്കണം.

ഉയര്‍ന്നുകൊണ്ടിരിക്കുന്ന കടങ്ങളും ദൈവം കനിഞ്ഞനുഗ്രഹിച്ചിരിക്കുന്ന വിഭവങ്ങള്‍ക്കുള്ള ആവശ്യവും വേണ്ടരീതിയില്‍ തൊഴില്‍ സന്നദ്ധമായിട്ടില്ലാത്ത തൊഴിലാളികളും കൈമുതലായ ഈ രാജ്യത്തിന് വളര്‍ച്ച നേടണമെങ്കില്‍ ഉല്‍പാദനക്ഷമത കൂട്ടിയേതീരൂ. സാമ്പത്തികരംഗത്ത് മത്സരം ഉറപ്പുവരുത്തുന്ന നയങ്ങളിലൂടെയേ ഇത് സാധ്യമാവൂ.‘ബ്രസീല്‍ വില’ എന്ന ചുരുക്ക രൂപത്തില്‍ അറിയപ്പെടുന്ന വളര്‍ച്ചയെത്താത്ത അടിസ്ഥാനസൌകര്യ മേഖല മുതല്‍ ‘അമിതവളര്‍ച്ച’ നേടിയ ഉദ്യോഗസ്ഥവൃന്ദമടക്കമുള്ള കടുത്ത വെല്ലുവിളികളാണ് ബ്രസീലിന് നേരിടാനുണ്ടാവുക. ലോകത്തെ ഏഴാമത്തെ വലിയ സമ്പദ് ഘടനയെ ആഗോള വിപണിയില്‍ എല്ലായ്പ്പോഴും വാലറ്റത്താക്കുന്നത് ഏറെ സങ്കീര്‍ണമായ അതിന്റെ നികുതി വ്യവസ്ഥയാണ്. ബ്രസീലിലെ 27 വ്യത്യസ്ത നികുതി നിയമങ്ങള്‍ അനുസരിക്കുന്നതിനായി ഇവിടത്തെ ബിസിനസ്സുകള്‍ ഒരു വര്‍ഷം 2,600 മണിക്കൂറുകളാണ് ചെലവാക്കുന്നതെന്ന് ലോകബാങ്ക് വെളിപ്പെടുത്തുന്നു. ഇത് ലോകത്തെ ഏറ്റവും ഉയര്‍ന്ന കണക്കാണ്. ബഹുരാഷ്ട്ര കമ്പനികള്‍ക്ക് പോലും ഉയര്‍ന്ന നികുതി ഈടാക്കുന്നതിലൂടെ പ്രാദേശിക സാമഗ്രികള്‍ ഉപയോഗപ്പെടുത്താനും അവിടത്തുകാരായ പങ്കാളികളെ കണ്ടെത്താനും അവര്‍ നിര്‍ബന്ധിതരാവുന്നു. ബ്രസീലില്‍ ഉണ്ടാക്കിയ ടൊയോട്ട കൊറോളയാണെങ്കില്‍ പോലും അതിനു ഒരമേരിക്കകാരന്‍ നല്‍കുന്നതിന്റെ 144 ശതമാനം അധികമാണ് ഒരു ബ്രസീലുകാരന്‍ നല്‍കേണ്ടിവരുന്നത് എന്ന പ്രശ്നത്തിന്റെ കാരണം കിടക്കുന്നതു ഈ സങ്കീര്‍ണതയിലാണ്. ഒരു സോണി പ്ലേസ്റ്റേഷന്‍4 വാങ്ങാന്‍ 329ഉം ഒരു നൈകി ഷൂ വാങ്ങാന്‍ 89ഉം ശതമാനം അധികം പണമാണ് ബ്രസീലില്‍ ആളുകള്‍ക്ക് ചെലവാകുന്നത്. ബ്രസീലിലെ പുതിയ മധ്യവര്‍ഗത്തിന് കൂടുതല്‍ ഉല്പന്നങ്ങള്‍ വാങ്ങാനുള്ള കഴിവുണ്ടായേതീരൂ.ഈ വര്‍ഷം ബ്രസീലില്‍ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുകയാണ്. സാമൂഹ്യരംഗത്തെ സര്‍ക്കാരിന്റെ ചെലവ് കൂട്ടുകയും ഇന്ധനസബ്സിഡി പകുതിയിലേറെ കുറച്ചുവെന്നും വാദിച്ചുകൊണ്ട് രംഗത്തുള്ള ദില്‍മ റൌസേഫ്, നികുതി പരിഷ്കരണം തെരഞ്ഞെടുപ്പിനു ശേഷം നടത്താനായി മാറ്റി വെച്ചിരിക്കുകയാണെന്ന് അവരുടെ ഉപദേഷ്ടാക്കള്‍ അടക്കം പറയുന്നുണ്ടെങ്കിലും പുതിയ ശത്രുക്കളെ സൃഷ്ടിക്കാതിരിക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. ലോകകപ്പിന് പിന്നാലേ ഒളിംപിക്സ് വരാനിരിക്കെ നിരവധി വമ്പന്‍ വികസന പദ്ധതികള്‍ അവര്‍ക്ക് തീര്‍ക്കാനുണ്ട്.

എന്തായാലും അടുത്ത ഒക്ടോബര്‍ വരെ സാമ്പത്തികരംഗത്ത് പരിഷ്കരണങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ ധൈര്യം കാട്ടുമെന്ന് പ്രതീക്ഷിക്കുകയേ വേണ്ട.


Next Story

Related Stories