TopTop
Begin typing your search above and press return to search.

അട്ടിമറികളുടെയും വിവാദങ്ങളുടെയും ആത്മവിചാരണകളുടെയും ലോകകപ്പ്

അട്ടിമറികളുടെയും വിവാദങ്ങളുടെയും ആത്മവിചാരണകളുടെയും ലോകകപ്പ്

ഫൈസല്‍ ഖാന്‍

ബ്രസീലില്‍ നിന്ന് അഴിമുഖത്തിന് വേണ്ടി ലോകകപ്പ് വിശകലനങ്ങള്‍ എഴുതിയ പ്രമുഖ മാധ്യമ പ്രവര്‍ത്തകനും ഫുട്ബോള്‍ സിനിമ ക്യൂറേറ്ററുമായ ഫൈസല്‍ ഖാന്‍റെ അവസാന ലേഖനം.

ലോകകപ്പ് നോക്കൗട്ട് ഘട്ടത്തിലേക്ക് കടന്നതോടെ ഒരു സംഘം അര്‍ജന്റീനന്‍ ആരാധകര്‍ മാരക്കാന സ്‌റ്റേഡിയത്തിന് മുന്നില്‍ എത്തി. അവിടെയുള്ള ട്രോഫിയുടെ പ്രതിരൂപത്തോട് കൂടിയ ഭീമാകാരമായ കല്‍പ്പന്തിന് മുന്നില്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യുകയായിരുന്നു അവരുടെ ലക്ഷ്യം. ആ കല്‍പ്പന്തില്‍ ചവിട്ടി നില്‍ക്കുന്ന മനുഷ്യന്‍ 1958ല്‍ ബ്രസീലിന് വേണ്ടി ലോകകപ്പ് ജയിച്ച ടീമിന്റെ നായകനായിരുന്നു. മാരക്കാനയില്‍ മറ്റൊരു ലോകകപ്പ് വിജയത്തിലേക്കുള്ള യാത്രയില്‍ അപമാനിതരായ ബ്രസീലിന് പിന്നാലെ അവരുടെ ആജന്മശത്രുക്കളും അയല്‍ക്കാരുമായ അര്‍ജന്റീനയും ജേതാക്കളായ ജര്‍മ്മനിക്ക് മുന്നില്‍ പരാജയം സമ്മതിച്ചു. പകരം ഫുട്ബോള്‍ ക്ഷേത്രത്തിന് മുന്നില്‍ വച്ചെടുത്ത ചിത്രം മാത്രമാണ് അര്‍ജന്റീനയുടെ ആരാധകര്‍ക്ക് കൈമുതലായി ഉണ്ടായിരുന്നത്. അതോടൊപ്പം ലോകത്തെമ്പാടുമുള്ള ഫുട്ബോള്‍ ആരാധകര്‍ ഒരു മാസം നീണ്ട് നിന്ന മാമാങ്കത്തെ ഏറ്റവും ഭയാനകമായ ഒരു റോളര്‍ കോസ്റ്റര്‍ യാത്രയോടാവും താരതമ്യം ചെയ്യുക.

കൃത്യസ്ഥലത്ത് കൃത്യസമയത്ത് ഹാജരായ ബയണ്‍ മ്യൂണിക് മിഡ്ഫീല്‍ഡര്‍ മറിയോ ഗോട്‌സയുടെ മനോഹരമായ ഫിനിഷിംഗ് ജര്‍മ്മനിയുടെ മടിത്തട്ടിലേക്ക് 2014ലെ ഫിഫ ലോകകപ്പ് ഇട്ടുകൊടുത്തു. എന്നാല്‍ ബ്രസീലിലെ കായിക മാമാങ്കം മറ്റ് നിരവധി കാരണങ്ങളുടെ പേരിലും ഓര്‍ക്കപ്പെടും. കഴിഞ്ഞ ലോകകപ്പിലെ ചാമ്പ്യന്മാരായ സ്‌പെയ്‌നും വമ്പന്മാരെന്ന് കൊട്ടിഘോഷിക്കപ്പെട്ട ഇറ്റലിയും ഇംഗ്ലണ്ടും പോര്‍ച്ചുഗലുമൊക്കെ നേരത്തെ മടങ്ങിയത് ആരാധകരെ ഞെട്ടിച്ചപ്പോള്‍ ചെറുകുരുവികളായ ഇറാന്റെയും ഘാനയുടേയുമൊക്കെ പ്രകടനം പലരെയും അത്ഭുതപ്പെടുത്തി. നിലവാരത്തകര്‍ച്ച മിക്ക മത്സരങ്ങളുടെയും മുഖമുദ്രയായി മാറിയപ്പോഴും കൊളംബിയ, കോസ്റ്റാറിക്ക, ചിലി, മെക്‌സിക്കോ തുടങ്ങിയ രാജ്യങ്ങളുടെ ശക്തമായ പ്രകടനം നവജീവന്‍ പകരുന്നതായിരുന്നു. ആറ് ഗോളുകള്‍ കവച്ച് വയ്ക്കാനുള്ള അവസരം ലയണല്‍ മെസിക്കും തോമസ് മുള്ളര്‍ക്കും ഉണ്ടായിരുന്നെങ്കിലും ഫ്രഞ്ച് ക്ലബ്ബായ മൊണോക്കോയ്ക്ക് വേണ്ടി കളിക്കുന്ന അമസ് റോഡ്രിഗസാണ് ടൂര്‍ണമെന്റിലെ ടോപ് സ്‌കോറര്‍ ആയി സുവര്‍ണ പാദുകത്തിന് അര്‍ഹനായത്.

അഴിമുഖം പ്രസിദ്ധീകരിച്ച ഫൈസല്‍ ഖാന്‍റെ മറ്റ് ലേഖനങ്ങള്‍

ലോകം സാവോപോളോയിലേക്ക്- ലോകകപ്പിന് അഴിമുഖവും
അഴീക്കല്‍ മുഹമ്മദ് ഉസ്മാനും നെല്‍സണ്‍ മണ്ടേലയും തമ്മിലെന്ത്?
ഡിവിഡികള്‍ പൊടിതട്ടിയെടുക്കുന്ന ബ്രസീലുകാര്‍
ഒരുനാള്‍ ഞാനും നെയ്മറെപ്പോലെ വളരും വലുതാകും
വുവുസേലയില്‍ നിന്ന്‍ പെറ്റേക്കയിലേക്ക്
പത്താം നമ്പര്‍ ജേഴ്‌സികൊണ്ട് ബ്രസീലിനെ വരയ്ക്കുമ്പോള്‍
കോപ്പക്കബാനയിലെ ഫുട്ബോള്‍ ജനാധിപത്യം


ലോകത്തിലെ ഏറ്റവും പ്രശസ്തരായ രണ്ട് ഫുട്ബോള്‍ കളിക്കാരെ ഏറെക്കാലം മൈതാത്ത് നിന്നും അകറ്റി നിര്‍ത്താന്‍ ഇടയായ രണ്ട് വിവാദപരമായ മുഹൂര്‍ത്തങ്ങളുടെ പേരിലും 2014 ലോകകപ്പ് ചരിത്രത്തില്‍ ഇടം നേടും. കളിക്ക് തന്നെ അപമാനകരമാണ് ലൂയിസ് സുവാരസിന്റെ കടിയും നെയ്മറുടെ മുതുകില്‍ കൊളംബിയന്‍ പ്രതിരോധ താരം യുവാന്‍ കാമിലോ സുനിഗ മുട്ടുകാല്‍ കയറ്റിയ സംഭവവും. സുവാരസിന്റെ പേരില്‍ ഇത് മൂന്നാം തവണയാണ് കടിച്ചെന്ന പരാതി ഉയരുന്നത്. ഇത്തവണ ഇറ്റലിയുടെ ജോര്‍ജിയോ ചെല്ലിനിയെ കടിച്ചതിന്റെ പേരില്‍ ഈ മുന്‍ ലിവര്‍പൂളിന്റെയും അജാക്‌സിന്റെയും സ്‌ട്രൈക്കര്‍ക്ക് അന്താരാഷ്ട്ര മത്സരങ്ങളിലും ക്ലബ് മത്സരങ്ങളിലും കളിക്കുന്നതില്‍ നിന്നും വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്.സ്റ്റേഡിയം പണികളുടെയും പ്രതിഷേധങ്ങളുടെയും ആശങ്കകള്‍ നിലനിന്നപ്പോഴും പ്രശംസനീയമായ രീതിയില്‍ മത്സരങ്ങള്‍ സംഘടിപ്പിച്ച ബ്രസീലുകാരെ സംബന്ധിച്ചിടത്തോളം ജര്‍മ്മനിയില്‍ നിന്നേറ്റ 7-1 ന്റെ തോല്‍വിയില്‍ നിന്നും കരകയറാന്‍ ഏറെ നാളുകള്‍ വേണ്ടി വരും. സ്‌റ്റേഡിയങ്ങള്‍ക്ക് അകത്തും പുറത്തും ടെലിവിഷന്‍ സ്‌ക്രീനുകള്‍ക്ക് മുന്നിലും സെലക്കാവോകളുടെ പിന്നില്‍ ഉറച്ച് നിന്ന ബ്രസീലുകാരെ സംബന്ധിച്ചിടത്തോളം, തങ്ങളുടെ 'ലോക നിലവാരമുള്ള' കളിക്കാരുടെ ദയനീയ പ്രകടനം കൈപ്പേറിയ അനുഭവമാണ്. ലോകകപ്പ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കി ലോക ഫുട്ബോള്‍ സംഘടനയായ ഫിഫ ബ്രസീലിയന്‍ മണ്ണ് വിടുമ്പോഴേക്കും ആതിഥേയ രാജ്യത്തിന് മൈതാനത്തിനകത്തും പുറത്തും ആത്മവിചാരണ നടത്തേണ്ടി വരും. അവരുടെ ടീം മികച്ച പ്രകടനം നടത്തുന്നതില്‍ പരാജയപ്പെട്ടിരിക്കാം, എന്നാല്‍ ഏറ്റവും വലിയ ഫുട്ബോള്‍ മാമാങ്കത്തിനായി അത്ഭുതങ്ങളുടെ തീരമായ അമസോണയിലും മറ്റ് സംസ്ഥാനങ്ങളിലും എത്തിച്ചേര്‍ന്ന ലോകത്തെമ്പാടുമുള്ള പതിനായിരക്കണക്കിന് ഫുട്ബോള്‍ ആരാധകരെ രസിപ്പിക്കുന്നതിലും ആനന്ദിപ്പിക്കുന്നതിലും സാംബയുടെ നാടിന് വീഴ്ച പറ്റിയിട്ടില്ല തന്നെ.

(ന്യൂഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഫൈസല്‍ ഖാന്‍, കല, സംസ്‌കാരം എന്നിവയെ കുറിച്ച് എഴുതുന്ന മുതിര്‍ന്ന പത്രപ്രവര്‍ത്തകനാണ്. കായിക രംഗത്തെ കുറിച്ചും സമൂഹത്തെ കുറിച്ചും ഗൗരവതരമായ എഴുത്തുകള്‍ നടത്തിയിട്ടുള്ള അദ്ദേഹം 'ദ ഇക്കണോമിക് ടൈംസ്' ന് വേണ്ടി 2010 ലോകകപ്പ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ആറ് വര്‍ഷമായി കാന്‍ ഫിലിം ഫെസ്റ്റിവലിലെ സ്ഥിരം പ്രതിനിധിയായ അദ്ദേഹം, 2011 ലെ ഗോവ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലെ ഫുട്ബോള്‍ ഫിലിംസ് പാക്കേജിന്റെ സഹ-ക്യൂറേറ്റര്‍ ആയി പ്രവര്‍ത്തിച്ചു. ഇന്ത്യയില്‍ ആദ്യമായാണ് ഇങ്ങനെ ഒരു പാക്കേജ് സംഘടിപ്പിക്കപ്പെട്ടത്)


Next Story

Related Stories