TopTop
Begin typing your search above and press return to search.

ഉയിര്‍ത്തെഴുന്നേല്‍ക്കുമോ ബ്രസീല്‍?

ഉയിര്‍ത്തെഴുന്നേല്‍ക്കുമോ ബ്രസീല്‍?

ജുവാന്‍ പാബ്ലോ സ്പിനെറ്റോ
(ബ്ലൂംബര്‍ഗ് ന്യൂസ്)

ശക്തവും സമൃദ്ധവും ആനന്ദഭരിതവുമായ പുതിയ ബ്രസീലിന്റെ ആഘോഷമാകും ഫുട്ബോള്‍ ലോകകപ്പ് എന്നാണ് പ്രതീക്ഷിച്ചത്. പക്ഷേ മൈതാനങ്ങളില്‍ പന്തുരുണ്ടു തുടങ്ങിയപ്പോള്‍ ലോകം കണ്ടത് സംഘര്‍ഷത്തിന്റെയും, കെടുകാര്യസ്ഥതയുടെയും ചിത്രങ്ങളായിരുന്നു.

കായികരംഗത്തെ ഏറ്റവും ആഘോഷിക്കപ്പെടുന്ന ഈ മഹാമേളക്ക് ആതിഥ്യം വഹിക്കാന്‍ അവസരംകിട്ടി 7 വര്‍ഷം കഴിഞ്ഞ് പന്തുരുണ്ടത് തെരുവ് യുദ്ധങ്ങളുടെയും, സാമ്പത്തിക മാന്ദ്യത്തിന്റെയും, സമര വേലിയേറ്റങ്ങളുടെയും ഇടയിലാണ്. സാമ്പത്തിക പ്രതിസന്ധിയും, ഉപഭോക്തൃ വിശ്വാസം കഴിഞ്ഞ 5 വര്‍ഷത്തിനിടയില്‍ ഏറ്റവും കുറഞ്ഞതും, ആസന്നമായ പ്രസിഡണ്ട് തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ലോകകപ്പിനെതിരെ പ്രതിപക്ഷ പ്രതിഷേധവും കൂടിക്കുഴഞ്ഞ അന്തരീക്ഷത്തിലേക്കാണ് കളികാണാന്‍ ജനങ്ങളെത്തിയത്.

11 ബില്ല്യണ്‍ ഡോളറിലേറെ വാരിയെറിഞ്ഞിട്ടും എങ്ങുമെത്താതെ പോയ ഒരുക്കങ്ങളെക്കുറിച്ച് പരാതിയും വിലാപവുമാണ് പ്രായോജകര്‍ മുതല്‍ പന്തുകളിയുടെ ഇതിഹാസ താരങ്ങള്‍ക്ക് വരെയുള്ളത്. ലോകകപ്പ് തീരുന്നതോടെ പുറംലോകത്ത് ബ്രസീലിന്റെ പ്രതിച്ഛായ വല്ലാതെ ഇടിയുമെന്നാണ് ഏതാണ്ട് 50 രാജ്യങ്ങളുടെ പ്രതിച്ഛായ നിര്‍മ്മിതിയില്‍ സഹായിച്ച സൈമണ്‍ ആന്‍ഹോല്‍റ്റ് എന്ന നയോപദേശകന്‍ പറയുന്നത്. “ബ്രസീല്‍ യഥാര്‍ത്ഥത്തില്‍ ഉള്ളതിനെക്കാള്‍ 20 വര്‍ഷം മുന്നിലാണെന്നാണ് എല്ലാവരും തെറ്റിദ്ധരിച്ചത്." അദ്ദേഹം പറയുന്നു.കഴിഞ്ഞ ലോകകപ്പുകളില്‍ നിന്നും വ്യത്യസ്തമായി ജൂലായ് 13-ന് ഇത്തവണ കലാശക്കളി നടക്കുന്ന റിയോ ഡി ജെനീറോയില്‍ അലങ്കാരങ്ങള്‍ തീരെക്കുറവാണ്. 2007-ല്‍ ലോകകപ്പിനുള്ള വേദി അനുവദിച്ചുകിട്ടിയ സമയത്ത് ഇതായിരുന്നില്ല അവസ്ഥ. അന്നത്തെ പ്രസിഡണ്ട് ലുള ഡ സില്‍വയുടെ വമ്പിച്ച ജനപ്രീതിയുടെ തോളിലേറിയായിരുന്നു അന്ന് ബ്രസീല്‍ അതിനെ സ്വീകരിച്ചത്.

നവീകരിക്കുകയോ, പുതുതായി നിര്‍മ്മിക്കുകയോ ചെയ്ത 12 മൈതാനങ്ങളും അധികച്ചെലവ് വരുത്തിവെച്ചു. വിമാനത്താവള നവീകരണമോ, പുതിയ ഗതാഗത സൌകര്യങ്ങളോ പോലുള്ള പല പരിപാടികളും നീണ്ടുപോവുകയോ, ഉപേക്ഷിക്കുകയോ ചെയ്തു.

വാരിവലിച്ചു ചെയ്ത ചെലവുകളും, പിടിപ്പുകെട്ട ആസൂത്രണവും ജനരോഷത്തിന് വഴിവെച്ചു. തെക്കേ അമേരിക്കയിലെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയുടെ പ്രതിച്ഛായക്ക് ഇത് മങ്ങലേല്‍പ്പിച്ചെന്നു വിപണന അദ്ധ്യാപകനായ മൌറീസിയോ മൊറാഗാഡോ ചൂണ്ടിക്കാട്ടി.ലോകകപ്പ് തുടങ്ങുന്നതിന് തൊട്ട് മുന്‍പത്തെ മാസത്തില്‍ ബ്രസീലില്‍ ഈ പരിപാടിയൊന്ന് നടത്തിക്കിട്ടാന്‍ തന്റെ സംഘടന നെട്ടോട്ടമോടുകയായിരുന്നു എന്നാണ് ഫിഫ ജനറല്‍ സെക്രട്ടറി ജെറോം വാല്‍ക്കേ പറഞ്ഞത്. രാജ്യത്തിന്റെ പ്രതിച്ഛായ ഈ കുറവുകളുടെ പട്ടികയില്‍ തട്ടിത്തകര്‍ന്നെന്നാണ്സര്‍ക്കാരുമായി ബന്ധപ്പെട്ട ചിലരുടെ അഭിപ്രായം. റിയോ മേയര്‍ എഡ്വാര്‍ഡോ പയസ് തന്നെ ഇക്കാര്യം ജൂണ്‍ 7-ന് പത്രക്കാരോടു സമ്മതിച്ചു. ബ്രസീലിന്റെ പ്രതിച്ഛായ പുറംലോകത്ത് ഇടിയിപ്പിക്കുന്ന മറ്റൊരു പ്രധാന ഘടകം കൂടിയുണ്ട്; പൊതു സുരക്ഷ. റിയോവിലെ പെരുകുന്ന തെരുവുകുറ്റകൃത്യങ്ങള്‍ സഞ്ചാരികളെ ഇപ്പൊഴും പേടിപ്പിക്കുന്നു. എന്നാല്‍ സംഗതികള്‍ 5 കൊല്ലം മുമ്പുണ്ടായിരുന്നതിനെക്കാള്‍ എത്രയോ മെച്ചമാണെന്നാണ് റിയോ മേയര്‍ പറയുന്നത്.

കടല്‍ത്തീരവും,കാര്‍ണിവലും,ആനന്ദവും എന്ന പതിവ് ചേരുവക്കപ്പുറം പുറംലോകത്ത് ബ്രസീല്‍ ഏറെയൊന്നും പ്രതീകങ്ങളെ സൃഷ്ടിച്ചില്ല എന്നു റിയോവിലെ വിപണന തന്ത്ര ഏജന്‍സിയായ സറാവായുടെ ഡയറക്ടര്‍ രാക്വല്‍ ഗൌലാര്‍ട് പറയുന്നു. “പ്രതികൂല വാര്‍ത്തകള്‍ നിര്‍ഭാഗ്യവശാല്‍ യാഥാര്‍ത്ഥ്യത്തെ പ്രതിഫലിപ്പിക്കുന്നു,” എന്നാണ് അവര്‍ പറഞ്ഞത്.

ലോകകപ്പിനുള്ള പിന്തുണ ഫെബ്രുവരിയില്‍ 58% ആയിരുന്നെങ്കില്‍ മെയ് മാസത്തില്‍ അത് 51%-മായി. എതിര്‍പ്പാകട്ടെ ഇതേ കാലയളവില്‍ 38-ല്‍ നിന്നും 42%-ആയി ഉയര്‍ന്നു. പരിപാടി വിജയമാകും എന്നു കരുതുന്നവരുടെ എണ്ണം 36% ആണെങ്കില്‍ വിജയസാധ്യത ഇല്ലെന്നു കരുതുന്നവര്‍ 31%-മാണ്.

അഞ്ചു തവണ പന്തുകളിയുടെ രാജകിരീടം ചൂടിയ ബ്രസീലില്‍ ഇത്രയും പ്രതിഷേധത്തിന് കാരണം കടുത്ത അഴിമതിയും മൈതാനങ്ങള്‍ക്കായുള്ള പാഴ്ച്ചെലവുകളുമാണ്. സമ്പദ് രംഗത്തും സര്‍ക്കാര്‍ സേവനങ്ങളിലും ജനങ്ങള്‍ക്ക് കടുത്ത അസംതൃപ്തി നിലനില്‍ക്കുമ്പോള്‍ പ്രത്യേകിച്ചും.2000-നും 2010-നും ഇടക്ക് അമേരിക്കന്‍ ഐക്യനാടുകളേക്കാള്‍ ഇരട്ടിവേഗത്തില്‍ വളര്‍ച്ച നേടിയ ബ്രസീലില്‍ ആദ്യമായി ദശലക്ഷക്കണക്കിന് ഉപഭോക്താക്കള്‍ കാറുകളും ടെലിവിഷനുകളും അടക്കമുള്ള സാധനങ്ങള്‍ വാങ്ങിക്കൂട്ടി. പക്ഷേ പിന്നീടങ്ങോട്ട് സമ്പദ് രംഗം പിന്നോട്ടടിച്ചു. പണപ്പെരുപ്പം കരുതിയതിലും കയറിപ്പോയി. ജനങ്ങളില്‍ അസംതൃപ്തി വളര്‍ന്നു. ഈ വര്‍ഷം ആദ്യ പാദത്തില്‍ ജി ഡി പി 0.2%-മാണ് വളര്‍ന്നത്. ഈ വര്‍ഷത്തെ ജി ഡി പി വളര്‍ച്ചയുടെ കേന്ദ്രബാങ്കിന്റെ പ്രവചനം 1.44% മായി കുറഞ്ഞിരിക്കയാണ്. വാര്‍ഷിക പണപ്പെരുപ്പം മേയില്‍ 6.37%-മായി. പ്രസിഡണ്ട് ഡില്‍മാ റൂസേഫ് ഭരണത്തില്‍ മൂന്നരവര്‍ഷം തികച്ചിരിക്കുന്നു.

ജൂണ്‍ ആദ്യം നടത്തിയ സര്‍വ്വെ കാണിക്കുന്നത് മൂന്നില്‍ രണ്ടു ബ്രസീലുകാരും കരുതുന്നത് 2.2 ട്രില്ല്യന്‍ ഡോളറിന്റെ സമ്പദ് രംഗം മോശം സ്ഥിതിയിലാണെന്നാണ്. വിദ്യാലയങ്ങള്‍ക്കും ആശുപത്രികള്‍ക്കും, മറ്റ് സേവനങ്ങള്‍ക്കും വേണ്ട പണമാണ് ലോകകപ്പ് അപഹരിക്കുന്നത് എന്നതിനാല്‍ 61% ആളുകള്‍ ലോകകപ്പ് ആതിഥേയത്വത്തെ എതിര്‍ക്കുകയാണ്.

“ലോകകപ്പിനെ ചൊല്ലി സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങള്‍ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ വെച്ചുള്ളതാണ്,” പ്രസിഡണ്ട് ഡില്‍മ റൂസേഫ് ജൂണ്‍ 3-ന് അല്‍വൊരാദ കൊട്ടാരത്തില്‍ നടത്തിയ അത്താഴവിരുന്നില്‍ വിദേശ മാധ്യമ പ്രതിനിധികളോട് പറഞ്ഞു. “പൊതുനിക്ഷേപത്തിന്റെ ഒരു വലിയ ഭൂതകാലമില്ലാത്ത ബ്രസീല്‍ പോലൊരു രാജ്യത്തില്‍ സങ്കീര്‍ണ്ണമായ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ഘടികാരകൃത്യതയില്‍ നടക്കില്ല.”ലോകകപ്പിനെക്കുറിച്ച് ആദ്യമുണ്ടായ ആവേശം പിന്നെ കെട്ടുപോയ ആദ്യ ആതിഥേയ രാഷ്ട്രമല്ല ബ്രസീല്‍. 2022-ലെ ലോകകപ്പിന് ആതിഥ്യം വഹിക്കാന്‍ പോകുന്ന ഖത്തര്‍ ലോകകപ്പ് നേടിയെടുക്കാന്‍ 2010-ല്‍ അഴിമതി നടത്തി എന്ന വിഷയത്തില്‍ ഫിഫ അന്വേഷണം പ്രഖ്യാപിച്ചിരിക്കയാണ്. ഏതാണ്ട് 200 ബില്ല്യണ്‍ ഡോളറാണ് ഖത്തര്‍ മുതല്‍മുടക്കിയത് എന്നത് ഏതൊരു പ്രതികൂല വാര്‍ത്തയെയും ഗൌരവമാക്കുന്നു.

റഷ്യയിലെ ശൈത്യ സുഖവാസ കേന്ദ്രമായ സൂചിയില്‍ നടന്ന ശൈത്യ ഒളിമ്പിക്സ് വ്ലാഡിമിര്‍ പുടിന്റെ സര്‍ക്കാരിന്റെ അന്താരാഷ്ട്ര പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിച്ചു. 51 ബില്ല്യണ്‍ ഡോളര്‍ മുടക്കിയതിന് ശേഷമാണ് ഈ ഗതിയുണ്ടായത്.

ലോകം ബ്രസീലിനെ ഇഷ്ടപ്പെടുന്നു. പക്ഷേ പന്തുരുളാത്തപ്പോള്‍ കാണുന്ന മറ്റ് മങ്ങിയ കാഴ്ച്ചകളെ അതിജീവിക്കാന്‍ ആ ഇഷ്ടത്തിന് കഴിയുമോ. മൈതാനങ്ങളിലെ ആരവങ്ങള്‍ നിലക്കുമ്പോള്‍ ലോകം പറയുന്നത് എന്തായിരിക്കും? എന്തായാലും ഉഷ്ണമേഖലാ സ്വര്‍ഗം എന്ന പേരുകേള്‍പ്പിക്കാന്‍ ഇറങ്ങിത്തിരിച്ച ബ്രസീലിനെ സംബന്ധിച്ച് അതത്ര സുഖമുള്ള വാര്‍ത്തകളായിരിക്കില്ല.


Next Story

Related Stories