TopTop
Begin typing your search above and press return to search.

റിയോ 2016 ഒളിമ്പിക്സ്: തപ്പിയും തടഞ്ഞും ബ്രസീല്‍ ഒരുങ്ങുന്നു

റിയോ 2016 ഒളിമ്പിക്സ്: തപ്പിയും തടഞ്ഞും ബ്രസീല്‍ ഒരുങ്ങുന്നു

ജോനാഥന്‍ ലെവിന്‍, താരിഖ് പാഞ്ച, ഡേവിഡ് ബില്ലര്‍
( ബ്ലൂംബര്‍ഗ്)

2014 ന്റെ തുടക്കത്തില്‍ റിയോ ഡി ജനീറോയില്‍ നിന്ന് തിരിച്ചെത്തിയ ഒരു സീനിയര്‍ ഒളിമ്പിക്‌സ് കമ്മറ്റി ഒഫീഷ്യല്‍ പറഞ്ഞത് ബ്രസീലിന്റെ ഒളിമ്പിക്‌സ് തയ്യാറെടുപ്പുകളാണ് അയാള്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും മോശം എന്നാണ്. അതിനുശേഷമുണ്ടായ രണ്ടുവര്‍ഷം കൊണ്ട് ഒരു ഭീകര സാമ്പത്തികമാന്ദ്യം എത്തി, ഡസന്‍ കണക്കിന് കണ്‍സ്ട്രക്ഷന്‍ ഉദ്യോഗസ്ഥര്‍ രാജ്യവ്യാപകമായ ഒരു അഴിമതി വിവാദത്തില്‍ പെട്ടു, പ്രസിഡന്റ് ഇമ്പീച്ച്‌മെന്റിന്റെ വക്കുവരെയെത്തി.

അപ്പോള്‍ തയ്യാറെടുപ്പുകളോ?
അതൊക്കെ തത്ക്കാലം വലിയ കുഴപ്പമില്ലാതെ പുരോഗമിക്കുന്നുണ്ട് സത്യത്തില്‍. എല്ലാ വശത്തുനിന്നും രാജ്യം പ്രശ്‌നങ്ങളെ നേരിടുമ്പോള്‍ ഉള്ള ഒരേയൊരു തെളിഞ്ഞ വശം ഇതാണ്. സംഘാടകര്‍ പറയുന്നത് 95 ശതമാനം കെട്ടിടങ്ങളും ഓപ്പണിംഗ് സെറിമണിക്ക് നാലുമാസം മുമ്പേ പണി തീരും എന്നാണ്. മാത്രമല്ല, കണക്കുകള്‍ സൂചിപ്പിക്കുന്നത് ചെലവുകള്‍ പരിധിക്കുള്ളില്‍ തന്നെയാണ് എന്നുമാണ്.

കണ്‍സ്ട്രക്ഷന്‍ ജോലികളുടെ പേരിലുള്ള പ്രശ്‌നങ്ങള്‍ പൊതുവേ എല്ലാ സമീപകാല ഒളിമ്പിക്‌സ് മത്സരങ്ങളുടെയും ഒരു രീതിയാണ്, വികസിതരാജ്യങ്ങളില്‍ പോലും. എന്നാല്‍ വേവലാതികള്‍ക്ക് ശരിയായ ഒരു കാരണമുണ്ടായിരുന്നെങ്കില്‍ അത് റിയോ 2016 ആണ്. നഗരത്തിന്റെ മേയര്‍ എഡ്വാര്‍ഡോ പേസ് പോലും അഴിമതി ആരോപണം തുടങ്ങിയതിനു ശേഷം തന്നോട് പലരും കണ്‍സ്ട്രക്ഷന്‍ ജോലികള്‍ പാളം തെറ്റും എന്ന് പറഞ്ഞിരുന്നു എന്ന് പറയുന്നു. 'എന്നാല്‍ അതുണ്ടായില്ല'. അദ്ദേഹം ഒരു അഭിമുഖത്തില്‍ പറയുന്നു. 'അങ്ങനെ സംഭവിക്കില്ല എന്ന് എനിക്ക് ഉറപ്പു തരാനാകും'.

ഇതിനര്‍ത്ഥം പ്രശ്‌നങ്ങള്‍ ഇല്ലെന്നല്ല. ചില പ്രൊജക്ടുകള്‍, ഉദാഹരണത്തിന് വെലോഡ്രോം ട്രാക്ക് പണി തീരാത്തത്, സിക്ക വൈറസ് ഭീഷണി എന്നിവയൊക്കെ ഉള്ളത് കൊണ്ട് ബ്രസീലുകാര്‍ പൊതുവേ ഇപ്പോള്‍ ഗെയിംസിനെ പറ്റി താത്പര്യമില്ലാത്ത അവസ്ഥയിലാണ്. ഏതാണ്ട് പകുതി ടിക്കറ്റുകള്‍ മാത്രമേ വിറ്റുപോയിട്ടുള്ളൂ. വളരെ കുറവ് ശതമാനമായതുകൊണ്ട് ഇതിനൊരു രണ്ടാം വിപണി ഉണ്ടാകുമെന്നും തോന്നുന്നില്ല (ടിക്കറ്റ് മറിച്ചുവില്‍ക്കല്‍ ബ്രസീലില്‍ നിയമവിരുദ്ധമാണെങ്കിലും എത്രത്തോളം സീറ്റുകള്‍ വിറ്റഴിയാതെ കിടക്കുന്നു എന്നത് കണക്കിലെടുത്താല്‍ ഇതൊരു പ്രശ്‌നമേ ആകാന്‍ സാധ്യതയില്ല).

2014 ല്‍ പക്ഷെ ടിക്കറ്റ് വില്‍പ്പന റിയോയുടെ പ്രശ്‌നങ്ങളിലെ ഏറ്റവും നിസ്സാരമായിരുന്നു. ആ ഏപ്രിലില്‍ വിജയകരമായി ഫുട്‌ബോള്‍ ലോകകപ്പിന് ആതിഥേയരായതിനു മാസങ്ങള്‍ക്ക് മുമ്പ് അന്താരാഷ്ട്ര ഒളിമ്പിക്‌സ് കമ്മറ്റി വൈസ് പ്രസിഡന്റ് ജോണ്‍ കോട്ട്‌സ് സിഡ്‌നിയില്‍ പറഞ്ഞത് റിയോയിലെ കാലതാമസം 'ഗുരുതരമാണ്' എന്നാണ്. 2004 ഗെയിംസ് നടക്കുന്നതിന്റെ തലേന്ന് മാത്രം പണികള്‍ അവസാനിപ്പിച്ച ഏഥന്‍സ് പോലും ഇതിലും ഭേദമാണ് എന്നായിരുന്നു കോട്ട്‌സ് അന്ന് പറഞ്ഞത്.ഈ സന്ദേശം ബ്രസീലില്‍ പ്രതിധ്വനിച്ചു. അധികം വൈകാതെ ഫെഡറല്‍/ലോക്കല്‍ ഗവണ്‍മെന്റുകള്‍ പല പ്രൊജക്റ്റുകളും എങ്ങനെ ആരുടെ മേല്‍നോട്ടത്തില്‍ പോകണം എന്നതിനെപ്പറ്റി തീരുമാനങ്ങള്‍ എടുക്കുകയും അതിന്റെ ഫലമായി ജോലികള്‍ ത്വരിതഗതിയിലാവുകയും ചെയ്തു.

ഒളിമ്പിക്‌സ് ചരിത്രത്തെ പറ്റി പുസ്തകം രചിച്ചിട്ടുള്ള പസിഫിക്ക് സര്‍വകലാശാല പ്രൊഫസര്‍ ജൂള്‍സ് ബോയ്‌ക്കൊഫ് പറയുന്നത് ഈ മാറ്റം ശ്രദ്ധേയമാണ് എന്നാണ്. 'ഇത് കുറ്റമറ്റതല്ല, എന്നാല്‍ രണ്ടുവര്‍ഷം മുമ്പ് കോട്ട്‌സ് ഉയര്‍ത്തിയ സന്ദേഹങ്ങള്‍ കണക്കിലെടുത്താല്‍ ഇത് മറ്റൊരു ലോകം തന്നെയാണ്', ബോയ്‌ക്കൊഫ് പറയുന്നു.

ഇത്രയും പുരോഗതികള്‍ ഉണ്ടായെങ്കിലും ദേശീയതലത്തില്‍ ഉണ്ടായ പ്രശ്‌നങ്ങള്‍ പൊതുജനത്തിനെ താല്‍പര്യം കുറച്ചിരിക്കുന്നത് വിഷമകരമാണ്. മിക്ക ബ്രസീലുകാരും തലസ്ഥാനത്തെ സംഭവങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. പ്രസിഡന്റ് ദില്‍മ റൂഫ് ഒരു ഇമ്പീച്ച്‌മെന്റില്‍ നിന്ന് രക്ഷപെടാനുള്ള ശ്രമത്തിലാണ്. അവരുടെ മുന്‍ഗാമിയും ഒളിമ്പിക്‌സും ലോകകപ്പും ബ്രസീലില്‍ എത്തിച്ചയാളുമായ മനുഷ്യന്‍ ആഴമേറിക്കൊണ്ടിരിക്കുന്ന അഴിമതിയാരോപണത്തെ തുടര്‍ന്ന് അറസ്റ്റിലാകാന്‍ സാധ്യതുണ്ട്.

രാഷ്ട്രീയപ്രതിഷേധങ്ങളും ബഡ്ജറ്റ് പ്രതിസന്ധിയും ഗവണ്‍മെന്റിന് ഓരോ കോണില്‍ നിന്നും സുരക്ഷാഭീഷണികള്‍ ഉയര്‍ത്തുന്നു. പ്രസിഡന്റിന്റെ കാബിനറ്റില്‍ എത്ര അംഗങ്ങള്‍ ഉണ്ടാകും എന്നതും സംശയമാണ്. ടൂറിസം മന്ത്രി കഴിഞ്ഞയാഴ്ച രാജി നല്‍കി. ഇതെല്ലാം ഗെയിംസിനെ ബാധിക്കും.

രാഷ്ട്രീയ, ബിസിനസ് രംഗങ്ങളിലെ പല പ്രമുഖരും അഴിമതിക്കുരുക്കില്‍ പെട്ടിട്ടുണ്ട്. ഇതില്‍ മാര്‍സ്ലോ ഓടെബ്രെക്റ്റും ഉണ്ട്. ഇയാളുടെ കോടിക്കണക്കിന് ഒളിമ്പിക്‌സ് അനുബന്ധപദ്ധതികളാണ് നിലവിലുള്ളത്. പോലീസും പ്രോസിക്യൂട്ടര്‍മാരും ഗെയിംസുമായി ബന്ധപ്പെട്ട രണ്ടു പദ്ധതികള്‍ ഇപ്പോള്‍ പരിശോധിച്ചുവരികയാണ്: റിയോയുടെ ഡൗണ്‍ടൗണ്‍ പോര്‍ട്ട് പ്രദേശത്തെ ഒരു നഗരവികസനപദ്ധതിയും ടൂറിസ്റ്റ്കളെ ഹോട്ടലുകളുള്ള ഇടത്ത് നിന്നും പല മത്സരസ്ഥലങ്ങളില്‍ എത്തിക്കാനുള്ള ഒരു സബ് വേ ലൈനുമാണ് ഇവ.

'ഞങ്ങള്‍ ഒരു വലിയ പാര്‍ട്ടി ഒരുക്കുകയാണ്, എന്നാല്‍ രാജ്യം ആഘോഷിക്കാനുള്ള മൂഡിലല്ല എന്നാണു പലപ്പോഴും തോന്നുക', റിയോ 2016 വക്താവ് മരിയോ അന്ദ്രാദ പറയുന്നു. 'ജനങ്ങളുടെ ഈ മൂഡ് മാറ്റാന്‍ ഇനി നാലുമാസമാണ് ഉള്ളത്'.

വേറൊന്നും തയ്യാറായില്ലെങ്കിലും മത്സരവേദികള്‍ തയ്യാറായിരിക്കും.

Next Story

Related Stories