TopTop
Begin typing your search above and press return to search.

ദില്‍മയ്ക്ക് പകരം വിവാദനായകന്‍ ടെമര്‍ ഇനി ബ്രസീലിനെ നയിക്കും

ദില്‍മയ്ക്ക് പകരം വിവാദനായകന്‍ ടെമര്‍ ഇനി ബ്രസീലിനെ നയിക്കും

പീറ്റര്‍ പ്രെന്‍ഗാമന്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)

ജനപ്രീതി കുത്തനെ ഇടിഞ്ഞ ദില്‍മ റൗസെഫ് എന്നന്നേക്കുമായി ബ്രസീല്‍ പ്രസിഡന്റ് പദവിയില്‍നിന്നു പുറത്താകുമ്പോള്‍ സാമ്പത്തികമാന്ദ്യത്തില്‍ ആഴ്ന്ന രാജ്യത്തിന്റെ മുറിവുണക്കുക എന്ന ജോലി വന്നുചേര്‍ന്നിരിക്കുന്നത് ദില്‍മയുടെയത്ര തന്നെ ജനവിരോധം സമ്പാദ്യമായുള്ള ഒരാള്‍ക്കാണ്.

ദീര്‍ഘകാലം സ്വാധീനശക്തിയില്ലാത്ത പിന്നണിക്കാരനെന്നറിയപ്പെട്ടിരുന്ന മിഷെല്‍ ടെമറിനു ലഭിക്കുന്നത് ചുരുങ്ങിക്കൊണ്ടിരിക്കുന്ന സമ്പദ് വ്യവസ്ഥ, ദരിദ്രമായ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ സിക്ക രോഗബാധ, താനുള്‍പ്പെടെ രാജ്യത്തെ മിക്ക രാഷ്ട്രീയ, ബിസിനസ് പ്രമുഖരെയും കളങ്കിതരാക്കിയ അഴിമതി അന്വേഷണം എന്നിവയാണ്.

ദില്‍മ അധികാരത്തില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്യപ്പെട്ട മേയ് മുതല്‍ ഇടക്കാല പ്രസിഡന്റായിരുന്ന ടെമറിന്റെ ഇതുവരെയുള്ള പ്രകടനം അത്ര ഉജ്വലമായിരുന്നില്ല. ബുധനാഴ്ച സെനറ്റ് 61-20ന് ദില്‍മയെ പുറത്താക്കി. 2018 വരെ ബാക്കിയുള്ള ഭരണകാലത്ത് ഇനി ടെമറാകും പ്രസിഡന്റ്. ഇതുവരെ വൈസ് പ്രസിഡന്റായിരുന്നു ടെമര്‍.

ദില്‍മയെ നീക്കി മണിക്കൂറുകള്‍ക്കകം തന്റെ ഭരണകൂടം ജോലി തുടങ്ങിക്കഴിഞ്ഞതായി ടെമര്‍ അറിയിച്ചു. 'ഇന്നു മുതല്‍ സര്‍ക്കാരിനെപ്പറ്റിയുള്ള പ്രതീക്ഷകള്‍ കൂടുതലായിരിക്കും. വരാനിരിക്കുന്ന രണ്ടു വര്‍ഷവും നാലു മാസവും നീണ്ടു നില്‍ക്കുന്ന കാലയളവില്‍ ബ്രസീലിനെ തിരികെ പുരോഗതിയുടെ വഴിയിലെത്തിക്കുക പ്രഖ്യാപനം നടപ്പാനാകുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ'.

തനിക്കെതിരെയുള്ള നടപടികള്‍ അട്ടിമറിയാണെന്ന് ദില്‍മ ആവര്‍ത്തിച്ചുപറഞ്ഞിരുന്നു. എന്നാല്‍ ടെമര്‍ ഇതു നിഷേധിച്ചു. 'അട്ടിമറിക്കാരി നിങ്ങളാണ്. നിങ്ങളാണ് ഭരണഘടന ലംഘിക്കുന്നത്,' ടെമര്‍ ദില്‍മയോടായി പറഞ്ഞു.

ഈ വാരാന്ത്യത്തില്‍ ചൈനയില്‍ നടക്കുന്ന ജി 20 യോഗത്തില്‍ പങ്കെടുക്കുമെന്നും സ്‌പെയിന്‍, ജപ്പാന്‍, ഇറ്റലി, സൗദി എന്നീ രാജ്യങ്ങളുടെ അഭ്യര്‍ത്ഥന പോലെ അവരുമായി ഉഭയകക്ഷി കൂടിക്കാഴ്ചകള്‍ നടത്തുമെന്നും ടെമര്‍ അറിയിച്ചു.

'ഞങ്ങള്‍ക്ക് രാഷ്ട്രീയവും നിയമപരവുമായ സ്ഥിരതയുണ്ടെന്നു ലോകത്തെ കാണിച്ചുകൊടുക്കാനാണ് യാത്ര. ഈ രാജ്യത്ത് ഇനിയും പ്രതീക്ഷയ്ക്കു വകയുണ്ടെന്ന് ബോധ്യപ്പെടുത്തേണ്ടിയിരിക്കുന്നു.'

പ്രതീക്ഷിക്കാന്‍ മാത്രം കഴിവുള്ളയാളാണു താനെന്ന് ബ്രസീല്‍ ജനതയെ ബോധ്യപ്പെടുത്താന്‍ ടെമറിനാകുമോ എന്നത് വ്യക്തമായിട്ടില്ല.

പകുതിയിലധികം ജനങ്ങള്‍ കറുത്ത വര്‍ഗക്കാരോ മിശ്രവര്‍ഗക്കാരോ ആയ രാജ്യത്ത് മുഴുവന്‍ അംഗങ്ങളും വെള്ളക്കാരും പുരുഷന്മാരുമായ ഒരു മന്ത്രിസഭയെയാണ് മേയില്‍ ടെമര്‍ നിയമിച്ചത്.നാമനിര്‍ദേശം ലഭിച്ച് ദിവസങ്ങള്‍ക്കകം ടെമറുടെ മൂന്നു മന്ത്രിമാര്‍ക്ക് അഴിമതി ആരോപണങ്ങളെത്തുടര്‍ന്ന് സ്ഥാനം ഒഴിയേണ്ടിവന്നു. രാജ്യത്തെ പെന്‍ഷന്‍ സംവിധാനം ചുരുക്കുന്നതുപോലെ നിര്‍ണായക വിഷയങ്ങളില്‍ സമവായമുണ്ടാക്കാന്‍ ഇതുവരെ ടെമറിനായിട്ടുമില്ല.

ഇടക്കാല പ്രസിഡന്റില്‍ നിന്ന് യഥാര്‍ത്ഥ പ്രസിഡന്റായതോടെ കാര്യങ്ങളില്‍ പുരോഗതിയുണ്ടാകുമെന്നാണ് മന്ത്രിമാരുടെ ഉറപ്പ്. 'ഇടക്കാലം അവസാനിക്കുകയും അറുപതിലേറെ സെനറ്റര്‍മാര്‍ അനുകൂലമായി വോട്ട് ചെയ്യുകയും ചെയ്തതോടെ നിക്ഷേപകര്‍ തൊഴിലവസരങ്ങള്‍ കൊണ്ടുവന്നു തുടങ്ങും,' മന്ത്രിസഭാ തലവന്‍ എലിസ്യു പാദില പറയുന്നു.

എന്നാല്‍ ഈ വാഗ്ദാനങ്ങളൊന്നും മിക്ക ബ്രസീലുകാരും മുഖവിലയ്‌ക്കെടുക്കുന്നില്ല. ജൂലൈയില്‍ അഭിപ്രായവോട്ടെടുപ്പില്‍ ടെമറുടെ പ്രകടനം കൊള്ളാമെന്നു പറഞ്ഞത് വെറും 14 ശതമാനം പേരാണ്. പ്രതിസന്ധി പരിഹരിക്കാന്‍ പുതിയ തിരഞ്ഞെടുപ്പു വേണമെന്നാണ് 62 ശതമാനം പേരും ആവശ്യപ്പെട്ടത്. ടെമര്‍ രാജിവച്ചാല്‍ മാത്രമേ പുതിയ തിരഞ്ഞെടുപ്പ് നടത്താനാകൂ. എന്നാല്‍ അതിനു സാധ്യതയില്ല.

ലബനനില്‍ നിന്നുള്ളവരാണ് എഴുപത്തഞ്ചുകാരനായ ടെമറിന്റെ മാതാപിതാക്കള്‍. രാഷ്ട്രീയ എതിരാളികള്‍ക്കിടയില്‍ കരാറുണ്ടാക്കാന്‍ മിടുക്കനെന്ന റോളിലാണ് ടെമര്‍ രാഷ്ട്രീയത്തില്‍ ഉയര്‍ന്നുവന്നത്. അധികം സംസാരിക്കാത്തതിനാല്‍ ബട്‌ലര്‍ എന്ന വിളിപ്പേരും വീണു. ഗ്ലാമറുമായുള്ള ടെമറിന്റെ ഏക ബന്ധം ഭാര്യ മുപ്പത്തിരണ്ടുകാരിയായ മാര്‍സെല ടെമറാണ്. മുന്‍പ് സൗന്ദര്യ മല്‍സരങ്ങളില്‍ പങ്കെടുത്തിരുന്ന മാര്‍സെലയുടെ കഴുത്തില്‍ ടെമറിന്റെ പേര് ടാറ്റൂ ചെയ്തിട്ടുണ്ട്.

രാജ്യത്തെ ഏറ്റവും വലിയ കക്ഷിയായ ബ്രസീലിയന്‍ ഡമോക്രാറ്റിക് പാര്‍ട്ടിയുടെ നേതാവെന്ന നിലയില്‍ ഒരു ദശകത്തോളം കോണ്‍ഗ്രസിലെ ലോവര്‍ ഹൗസിന്റെ തലവനായിരുന്നു ടെമര്‍.

ആദര്‍ശങ്ങളില്‍ വഴക്കം പുലര്‍ത്തുന്ന പാര്‍ട്ടി, ഇടതുപക്ഷക്കാരിയായ ദില്‍മയ്ക്കൊപ്പം നിന്നതോടെ 2010-ല്‍ ടെമര്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി. ഒന്നരദശകം രാജ്യം സാമ്പത്തിക കുതിപ്പിലായിരുന്നപ്പോള്‍ ഊഷ്മളമല്ലെങ്കിലും അവരുടെ കൂട്ടുകെട്ട് കുഴപ്പമില്ലാതെ തുടര്‍ന്നു.

എന്നാല്‍ 2014ല്‍ ദില്‍മ രണ്ടാമത് തിരഞ്ഞെടുക്കപ്പെടുമ്പോള്‍ സാമ്പത്തികമാന്ദ്യവും തെരുവു പ്രതിഷേധങ്ങളും വ്യാപകമായിരുന്നു. രാജ്യത്തെ എണ്ണഭീമനായ പെട്രോബ്രസില്‍ കോടിക്കണക്കിനു ഡോളറിന്റെ അഴിമതി പ്രോസിക്യൂട്ടര്‍മാരും ജഡ്ജിമാരും കണ്ടെത്തി. രണ്ടുവര്‍ഷത്തെ അന്വേഷണത്തില്‍ ഡസനോളം നേതാക്കളും ബിസിനസ് പ്രമുഖരും കുടുങ്ങി.ദില്‍മ നേരിട്ട് അഴിമതിയില്‍ കുടുങ്ങിയില്ല. എന്നാല്‍ അവരുടെ ഭരണകാലത്താണ് ഇതെല്ലാം നടന്നത് എന്നതിനാല്‍ കുറ്റം അവര്‍ക്കായി. എന്നാല്‍ ടെമര്‍ നേരിട്ട് കുറ്റാരോപിതനാണ്. പെട്രോബ്രസ് കോഴയില്‍നിന്ന് നാലുലക്ഷത്തോളം ഡോളര്‍ തന്റെ പാര്‍ട്ടിയുടെ സാവോ പോളോയിലെ മേയര്‍ സ്ഥാനാര്‍ത്ഥിക്കു നല്‍കണമെന്ന് ടെമര്‍ ആവശ്യപ്പെട്ടതായി മുന്‍ സെനറ്റര്‍ സെര്‍ജിയോ മച്ചാഡോ ആരോപിച്ചു. ആരോപണം നിഷേധിച്ച ടെമര്‍ക്കെതിരെ കുറ്റപത്രവും സമര്‍പ്പിച്ചിട്ടില്ല.

2014-ല്‍ തിരഞ്ഞെടുപ്പ് ചെലവ് സംബന്ധിച്ച നിയമങ്ങള്‍ ലംഘിച്ച കേസില്‍ സാവോ പോളോ കോടതി ടെമറെ എട്ടുവര്‍ഷത്തേക്ക് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതില്‍ നിന്നു വിലക്കിയിരിക്കുകയാണ്. ഇവയെല്ലാം മൂലം ദില്‍മ, ടെമറിനെ ശക്തമായി എതിര്‍ക്കുന്നു. അഴിമതി അന്വേഷണത്തെ ഇല്ലാതാക്കാനും രാജ്യത്ത് പണക്കാരുടെ ആധിപത്യം പുനസ്ഥാപിക്കാനുമാണ് ടെമര്‍ പ്രസിഡന്റാകുന്നത് എന്ന് അവര്‍ ആരോപിക്കുന്നു.

'ഞങ്ങളെ തോല്‍പിച്ചെന്ന് അവര്‍ കരുതുന്നു. പക്ഷേ അവര്‍ക്കു തെറ്റി,' സ്ഥാനം നഷ്ടപ്പെട്ടശേഷമുള്ള ദില്‍മയുടെ ആദ്യ പ്രതികരണം ഇങ്ങനെയായിരുന്നു.

ബുധനാഴ്ച രാത്രി ദില്‍മയുടെ അനുയായികള്‍ ബാങ്ക് ശാഖകളുടെയും മറ്റു വ്യാപാര സ്ഥാപനങ്ങളുടെയും ചില്ലുകള്‍ തകര്‍ത്തു. സാവോ പോളോയില്‍ ഒരു പൊലീസ് വാഹനത്തിനെതിരെയും ആക്രമണമുണ്ടായി. പ്രകടനക്കാരെ പിരിച്ചുവിടാന്‍ കണ്ണീര്‍ വാതകവും ഗ്രനേഡുകളും പ്രയോഗിക്കേണ്ടിവന്നു.

ടെമറെ ഇംപീച്ച് ചെയ്യാന്‍ ശ്രമിക്കുമെന്ന് ദില്‍മയെ പിന്തുണയ്ക്കുന്നവര്‍ പറയുന്നുവെങ്കിലും അതിനു സാധ്യതയില്ലെന്ന് നിരീക്ഷകര്‍ കരുതുന്നു.

'സെനറ്റിലും ചേംബര്‍ ഓഫ് ഡപ്യൂട്ടീസിലും ടെമറുടെ പാര്‍ട്ടിയാണ് ഏറ്റവും വലുത്. അതിനാല്‍ത്തന്നെ ഇംപീച്ച്‌മെന്റ് അസാധ്യമാകും,' റിയോയിലെ ഇബ്‌മെക് യൂണിവേഴ്‌സിറ്റിയിലെ ഇന്റര്‍നാഷനല്‍ റിലേഷന്‍സ് പ്രഫസര്‍ ജോസ് ലൂയിസ് നിമെയര്‍ ചൂണ്ടിക്കാട്ടുന്നു.


Next Story

Related Stories