TopTop
Begin typing your search above and press return to search.

പ്രത്യയശാസ്ത്ര പോര്‍ക്കളങ്ങളാകുന്ന ബ്രസീലിലെ വിദ്യാലയങ്ങള്‍

പ്രത്യയശാസ്ത്ര പോര്‍ക്കളങ്ങളാകുന്ന ബ്രസീലിലെ വിദ്യാലയങ്ങള്‍

മാക് മാര്‍ഗോലിസ്
(ബ്ലൂംബര്‍ഗ്)

അധികാരത്തില്‍ പുറത്തുപോകുന്നതിന്റെ വക്കിലാണ് ബ്രസീല്‍ പ്രസിഡണ്ട് ദില്‍മ റൂസേഫ്. ഒരു വമ്പന്‍ അഴിമതി വിവാദം രാജ്യത്തെ പിടിച്ചുകുലുക്കിയിരിക്കുന്നു. രാഷ്ട്രീയ സംവിധാനം മുഴുവന്‍ അതിനോടുതന്നെ പടവെട്ടുകയാണ്. അതുകൊണ്ട് വിദ്യാഭ്യാസം രാജ്യത്തു ചില നല്ല സ്വാധീനം ഉണ്ടാക്കുമെന്നും, രാഷ്ട്രീയകക്ഷി പക്ഷപാതം വിട്ട് വിമര്‍ശനാത്മകമായി ചിന്തിക്കാന്‍ വിദ്യാര്‍ത്ഥികളെ പ്രേരിപ്പിക്കുമെന്നും നിങ്ങള്‍ കരുതുമെങ്കില്‍ നിങ്ങള്‍ക്ക് നല്ല നമസ്കാരം.

ബ്രസീലിലെ വിദ്യാലയങ്ങള്‍ ദേശീയരാഷ്ട്രീയത്തിന്റെ പകര്‍പ്പാവുകയാണ്. ഗൌരവമാര്‍ന്ന രാഷ്ട്രീയ അന്വേഷണങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും പകരം പഠനമുറികള്‍ കക്ഷിരാഷ്ട്രീയം തിരിഞ്ഞുള്ള പോര്‍ക്കളങ്ങളാകുന്നു.

ഇത് വെറുതെ പെരുപ്പിക്കലാണ് എന്നു തോന്നുന്നെങ്കില്‍ സിലബസ് ഒന്നു നോക്കാം. രാജ്യത്തു സര്‍ക്കാര്‍ അംഗീകരിച്ച 10 ചരിത്ര പാഠപുസ്തകങ്ങളിലും ആക്കം ഇടത്തോട്ടാണെന്ന് സാവോ പോളോ സര്‍വകലാശാലയില്‍ രാഷ്ട്രതന്ത്രം പഠിപ്പിക്കുന്ന ഫെര്‍ണാണ്ടോ ഷൂലര്‍ പറയുന്നു. “സ്റ്റാര്‍ വാര്‍ സിനിമയിലെപ്പോലെ ലോകം ഇരുട്ടിന്റെയും വെളിച്ചത്തിന്റെയും ശക്തികളായി രണ്ടായി തിരിഞ്ഞിരിക്കുന്നു. സാമൂഹ്യ പുരോഗമന ശക്തികള്‍ അന്താരാഷ്ട്ര മൂലധനത്തിന്റെയും നവ-ഉദാരവാദത്തിന്റെയും കൂട്ടാളികളുമായി ഏറ്റുമുട്ടുകയാണ്.”

ഘടനാപരമായ പരിഷ്കാരങ്ങളുടെ പേരില്‍ വെറുക്കപ്പെടുകയും പുകഴ്ത്തപ്പെടുകയും ചെയ്യുന്ന മുന്‍ പ്രസിഡണ്ട് ഫെര്‍ണാണ്ടോ ഹെന്‍റിക് കാര്‍ഡോസോ(1995-2002)യെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ഉദാഹരണമാണ്. ‘ബ്രസീലിന്റെ പൊതുചരിത്രം’ എന്ന ഹൈസ്കൂള്‍ ക്ലാസുകളില്‍ പഠിപ്പിക്കുന്ന പുസ്തകത്തില്‍ “അന്താരാഷ്ട്ര സാമ്പത്തിക മൂലധനത്തോട് കൂടുതല്‍ പ്രതിബദ്ധത കാണിച്ച”, പല സ്വതന്ത്ര വിപണി പരിഷ്കാരങ്ങളും “വലിയ തൊഴിലില്ലായ്മയും”“അപ വ്യവസായവത്കരണവും”“സാമ്പത്തിക മുരടിപ്പും”“പ്രകടമായ” സാമൂഹ്യ അസമത്വങ്ങളും സൃഷ്ടിച്ച ഒരു നേതാവായിട്ടാണ് അവതരിപ്പിക്കുന്നത്. മറ്റൊരു പുസ്തകത്തില്‍ കാര്‍ഡോസോയുടെ രണ്ടാംഭരണ കാലയളവില്‍ “പ്രധാനപ്പെട്ട പരിഷ്കരണങ്ങളോ നയങ്ങളോ നടപ്പാക്കിയില്ല” എന്നും പറയുന്നു.കാര്‍ഡോസോ നാണയത്തിന്റെ മൂല്യസ്ഥിരത ഉറപ്പുവരുത്തി, കടങ്ങള്‍ തിരിച്ചടച്ചു, ധൂര്‍ത്തഭരണം അവസാനിപ്പിക്കാന്‍ സുപ്രധാന പരിഷ്കരണങ്ങള്‍ നടപ്പാക്കി, പെന്‍ഷന്‍ പരിഷ്കരണം തന്റെ രണ്ടാം ഭരണത്തില്‍ കൊണ്ടുവന്നു, പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പണം കൈമാറാനുള്ള പദ്ധതി, സര്ക്കാര്‍ ചെലവ് മിതപ്പെടുത്താനുള്ള നിയമം (ഇപ്പോള്‍ റൂസേഫ് ലംഘിക്കുന്നു എന്ന ആക്ഷേപം ഉയരുന്നത്) കൊണ്ടുവന്നു എന്നതൊക്കെ വിട്ടുകളയുന്നു.

കാര്‍ഡോസോയ്ക്ക് ശേഷം വന്ന ഇടതുപക്ഷ തൊഴിലാളി കക്ഷി നേതാവ് ലുള ഡ സില്‍വയ്ക്ക് സാമൂഹ്യക്ഷേമ ചെലവുകള്‍ കൂട്ടിയതിനും, സര്ക്കാര്‍ വക വികസന പദ്ധതികള്‍ക്കും, യു.എസിനെ ആശ്രയിക്കാത്ത വിദേശനയത്തിനുമായി ഏറെ പ്രശംസ കിട്ടുന്നുണ്ട്. എന്നാല്‍ തന്റെ മുതലാളിത്ത വിരുദ്ധത മാറ്റിവെച്ച് കാര്‍ഡോസോ കാലത്തെ സാമ്പത്തികനയം തുടരുമെന്ന് പ്രഖ്യാപിച്ചപ്പോഴാണ് ലുല വിജയിച്ചതെന്ന് വിദ്യാര്‍ത്ഥികളോട് പറയുന്നില്ല.

നിലവിലെ ലാറ്റിന്‍ അമേരിക്കന്‍ ചരിത്രത്തെയും നന്മയും തിന്മയും തമ്മിലുള്ള പോരാട്ടമായാണ് അവതരിപ്പിക്കുന്നത്. ഗ്രന്ഥകര്‍ത്താക്കള്‍ പ്രതീക്ഷിക്കുന്നപോലെ, ശരിയായിത്തന്നെ ബ്രസീല്‍, അര്‍ജന്റീന, ചിലി എന്നിവിടങ്ങളില്‍ നിലവിലിരുന്ന പട്ടാള ഭരണകൂടങ്ങള്‍ക്ക് യു.എസ് പിന്തുണ നല്‍കിയതിനെ കുറ്റപ്പെടുത്തുന്നു. “യു.എസ് നേതൃത്വത്തിലുള്ള ആഗോള മുതലാളിത്തത്തിനെതിരായ വെല്ലുവിളിയുടെ കേന്ദ്രം” എന്നാണ് ഒരു പാഠപുസ്തകത്തില്‍ അതിനെ വിശേഷിപ്പിക്കുന്നത്.

ഭരണകൂട വിരുദ്ധതയുടെ അടവെച്ചു വിരിയിക്കല്‍ കേന്ദ്രങ്ങളായി സര്‍വകലാശാലകളും കലാലയങ്ങളും മാറുന്നത് യു.എസിലും യൂറോപ്പിലും അത്രവലിയ അത്ഭുതമൊന്നും ഉണ്ടാക്കില്ല. എന്നാല്‍ ഹൈസ്കൂളിലും അതിനു താഴെയുള്ള ക്ലാസുകളിലും രാഷ്ട്രീയ അജണ്ട നികുതിദായകന്റെ ചെലവില്‍ കുത്തിത്തിരുകുന്നത് മറ്റൊരു വിഷയമാണ്. പ്രശ്നം പാഠപുസ്തകങ്ങള്‍ക്കപ്പുറത്തേക്ക് നീളുന്നു. കഴിഞ്ഞ വര്‍ഷം തെക്കന്‍ ബ്രസീലിലെ ഒരു വിദ്യാലയത്തില്‍ അദ്ധ്യാപകരുടെ വേതനപ്രശ്നത്തെ കുറിച്ചുള്ള ഒരു ‘പൌരപാഠശാലയില്‍’ പങ്കെടുക്കാന്‍ വിദ്യാര്‍ത്ഥികളെ ക്ലാസ് മുടക്കാന്‍ സ്വാധീനമുള്ള ഒരു അധ്യാപക സംഘടന പ്രേരിപ്പിച്ചു.

മിക്ക അദ്ധ്യാപകരും അവരുടെ ഡിപ്ലോമ നേടുന്നത് സര്‍ക്കാര്‍ നടത്തുന്ന സര്‍വകലാശാലകളില്‍ നിന്നാണെന്നത് പ്രശ്നത്തെ രൂക്ഷമാക്കുന്നു. കഴിഞ്ഞ മാസം വിദ്യാര്‍ത്ഥികളെ ജനാധിപത്യത്തെ സംരക്ഷിക്കാനും സാമൂഹ്യാവകാശങ്ങളുടെ മുന്നേറ്റത്തിനും എന്ന പേരില്‍ പ്രസിഡന്‍റിനെതിരായ വിചാരണനടപടികള്‍ക്കെതിരായ പ്രകടനത്തില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ത്ഥികളെ പറഞ്ഞയക്കുന്നതിന് ബാഹിയയിലെ സര്‍വകലാശാലയിലെ ഒരാധ്യാപകന്‍ ക്ലാസുകള്‍ റദ്ദാക്കി. “ജനാധിപത്യ നിയമവാഴ്ച്ച നീണാള്‍ വാഴട്ടെ” എന്നാണദേഹം ഇ-മെയിലില്‍ എഴുതിയത്.എന്നാല്‍ ഇതിനെതിരെ ഫെര്‍ണാണ്ട അകോര്‍സി എന്ന വിദ്യാര്‍ത്ഥിയുടെ പോസ്റ്റ് വലിയ പ്രചാരം നേടി. “പ്രൊഫസര്‍ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി ക്ലാസുകളെ ദുരുപയോഗം ചെയ്യുകയാണ്,” അകോര്‍സി എന്നോടു പറഞ്ഞു. “നാം ഭാവിതലമുറയെയാണ് പഠിപ്പിക്കുന്നത്. നമുക്കവരെ പഠിപ്പിക്കാനാണ് ചുമതല, അണിചേര്‍ക്കാനല്ല.”

ഇത്തരം വിദ്യാഭ്യാസമാണ് മിഗുല്‍ നജിബിനെ അസ്വസ്ഥനാക്കുന്നതും. തന്റെ ഏഴാം തരത്തില്‍ പഠിക്കുന്ന മകളുടെ ചരിത്രാധ്യാപിക, ഫ്രാന്‍സിസ് പുണ്യവാളന്‍ ചെഗുവേരയെ പോലെ ആയിരുന്നു എന്നു പറഞ്ഞപ്പോള്‍ ഈ അഭിഭാഷകന്‍ രാഷ്ട്രീയകക്ഷികളില്ലാത്ത വിദ്യാലയങ്ങള്‍ എന്ന പേരില്‍ ഒരു പ്രചാരണം തുടങ്ങി. തുറന്നു സംസാരിക്കുന്ന അദ്ധ്യാപകരോട് തനിക്ക് വിരോധമില്ല, എന്നാല്‍ കുട്ടികളെ നിശബ്ദരായ കേള്‍വിക്കാരാക്കി മാറ്റരുത് എന്നദ്ദേഹം പറയുന്നു. “അവര്‍ക്ക് എഴുന്നേറ്റ് പോകാനാകില്ലല്ലോ.”

ഈയടുത്ത് പടിഞ്ഞാറന്‍ ബ്രസീലിലെ മാറ്റൊ ഗ്രോസൊയില്‍ ക്ലാസ് മുറികളിലെ പക്ഷപാതവിവാദത്തില്‍ വിദ്യാഭ്യാസ മന്ത്രാലയത്തിനെതിരെ ഫെഡറല്‍ പ്രോസിക്യൂട്ടര്‍മാര്‍ അന്വേഷണം തുടങ്ങി. “ഭരണഘടന അവകാശങ്ങളുടെ ലംഘനത്തെക്കുറിച്ചാണ് ഞങ്ങളുടെ ആശങ്ക. ഈ പുസ്തകങ്ങള്‍ തെരഞ്ഞെടുക്കാനുള്ള യുക്തി എന്താണെന്ന് വിശദീകരിക്കാന്‍ ഞങ്ങള്‍ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്,” പ്രോസിക്യൂട്ടര്‍ ക്ലെബേര്‍ നെറ്റോ പറഞ്ഞു. നടപടികള്‍ ഇനിയും പൂര്‍ത്തിയായിട്ടില്ല.


Next Story

Related Stories