TopTop
Begin typing your search above and press return to search.

വ്യാപാരയുദ്ധത്തില്‍ ചൈന- യുഎസ് വെടിനിര്‍ത്തല്‍, ചര്‍ച്ചകള്‍ തുടരാന്‍ സീ ജിന്‍ പിംങ്- ട്രംപ് ധാരണ

വ്യാപാരയുദ്ധത്തില്‍ ചൈന- യുഎസ് വെടിനിര്‍ത്തല്‍, ചര്‍ച്ചകള്‍ തുടരാന്‍ സീ ജിന്‍ പിംങ്- ട്രംപ് ധാരണ

ലോക രാജ്യങ്ങള്‍ ഉറ്റുനോക്കിയ ട്രംപ് സീ ജിന്‍ പിംങ് ഉച്ചകോടിയില്‍ 'വ്യാപാരയുദ്ധം'ത്തില്‍ 'വെടിനിര്‍ത്തലി'ന് ധാരണ. പ്രശ്‌ന പരിഹാരത്തിന് ഉടന്‍ ചര്‍ച്ചകള്‍ പുനരാരംഭിക്കാനും ജി 20 ഉച്ചകോടിയ്ക്കിടെ നടത്തിയ ചര്‍ച്ചയില്‍ ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായി. ചൈനീസ് ഉത്പന്നങ്ങളുടെ മേല്‍ പുതുതായി നികുതി ചുമത്തില്ലെന്ന് അമേരിക്ക സമ്മതിച്ചതായി ചൈനീസ് വാര്‍ത്ത ഏജന്‍സി സിന്‍ഹുഅ റിപ്പോര്‍ട്ട് ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം നേരത്തെയുണ്ടായിരുന്നതുപോലെ സുഗമമാകുമെന്ന് ചര്‍ച്ചയ്ക്ക് ശേഷം ട്രംപ് പ്രതികരിച്ചു.

'പ്രതീക്ഷിച്ചതിനെക്കാള്‍ നല്ല ചര്‍ച്ചയാണ് ചൈനയുമായി നടന്നത്. ചര്‍ച്ചകള്‍ തുടരും' സീ ജിന്‍പിംഗുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം ട്രംപ് പ്രതികരിച്ചു. ജപ്പാനിലെ ഒസാക്കയിലെ ജി 20 ഉച്ചകോടിയില്‍ ഏറ്റവും ഉറ്റുനോക്കിയത് ട്രംപ് സീ ചര്‍ച്ചയായിരുന്നു. കഴിഞ്ഞ മാസങ്ങളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരയുദ്ധം മുറുകുകയും ഇറക്കുമതി തീരുവ വ്യാപകമായി കൂട്ടുകയും ചെയ്തിരുന്നു. ഇത് ലോക സമ്പദ് വ്യവസ്ഥയില്‍ വലിയ പ്രത്യാഘാതമാണ് ഉണ്ടാക്കിയത്.

ഇന്നലെ ഉച്ചവരെയുള്ള ചര്‍ച്ചയില്‍ ഇരു രാജ്യങ്ങളും തങ്ങളുടെ നിലപാടുകളില്‍ ഉറച്ചുനില്‍ക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. 'വളര്‍ച്ച, നിക്ഷേപം, വ്യാപാരം' എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ ഇരു രാജ്യങ്ങളും അവരവരുടെ നിലപാടുകളില്‍ തന്നെ ഉറച്ചു നില്‍ക്കുകയാണെന്ന സൂചനയാണ് പുറത്തു വന്നത്. ''വിവിധ ലോക നേതാക്കളെല്ലാം പോസിറ്റീവ് ആയി സംസാരിച്ചപ്പോള്‍ ചൈന മാത്രമാണ് നെഗറ്റീവ് ആയി സംസാരിച്ചതെ''ന്ന് പേരുവെളിപ്പെടുത്താത്ത ഒരു വൈറ്റ്‌ഹൌസ് വക്താവിനെ ഉദ്ധരിച്ച് അല്‍-ജസീറ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇരു രാജ്യങ്ങളും തമ്മില്‍ കാലങ്ങളായി നിലനില്‍ക്കുന്ന ബന്ധത്തെ കുറിച്ചാണ് സി-യും പ്രസ്താവനയില്‍ ഊന്നിയത്. അമേരിക്കയും ചൈനയും തമ്മില്‍ 1970-ല്‍ നടന്ന ടേബിള്‍ ടെന്നീസ് ടൂര്‍ണമെന്റിനെക്കുറിച്ചു സൂചിപ്പിച്ച സി, ഇതാണ് 1979-ല്‍ ഇരു രാജ്യങ്ങളും തമ്മില്‍ ഔദ്യോഗിക നയതന്ത്ര ബന്ധത്തിന് തുടക്കം കുറിച്ചത് എന്നും ചൂണ്ടിക്കാട്ടി. “ഒരു ചെറിയ പന്ത് ആഗോള കാര്യങ്ങളെ മുന്നോട്ടു കൊണ്ടുപോകുന്നതില്‍ വലിയ പങ്കു വഹിക്കുന്നു. 40 വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. ചൈനയും അമേരിക്കയും തമ്മിലുള്ള ബന്ധത്തിലും ആഗോള സാഹചര്യങ്ങളിലും മാറ്റമുണ്ടായിട്ടുണ്ട്. പക്ഷേ ഒരു അടിസ്ഥാന കാര്യത്തില്‍ മാറ്റമില്ല. സഹകരണത്തില്‍ ചൈനയും അമേരിക്കയും ഒരുപോലെ നേട്ടം കൊയ്യുമ്പോള്‍ ഏറ്റുമുട്ടലില്‍ അത് നഷ്ടപ്പെടുകയാണ്. സംഘര്‍ഷത്തേക്കാളും ഏറ്റുമുട്ടലിനെക്കാളും നല്ലത് ചര്‍ച്ചകളും സംവാദങ്ങളുമാണ്”, സി പറഞ്ഞു. സി-യുമായുള്ള ചര്‍ച്ച കുറഞ്ഞപക്ഷമെങ്കിലും ഫലപ്രദമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഇന്നലെ ട്രംപ് പറഞ്ഞിരുന്നു.

അമേരിക്കയും ചൈനയും തമ്മിലുള്ള പ്രശ്നം കൂടുതല്‍ ഗുരുതരമാണ്. 200 ബില്യൺ ഡോളർ വിലവരുന്ന ചൈനീസ് സാധനങ്ങളുടെ ഇറക്കുമതി തീരുവ മെയ് മാസത്തിൽ 25 ശതമാനമായി വര്‍ദ്ധിപ്പിക്കാന്‍ ട്രംപ് ഉത്തരവിട്ടിരുന്നു. മൊബൈൽ‌ ഫോണുകൾ‌, കമ്പ്യൂട്ടറുകൾ‌, വസ്ത്രങ്ങൾ‌ എന്നിവയുൾ‌പ്പെടെയുള്ള ശേഷിക്കുന്ന ഉല്‍പ്പന്നങ്ങളുടെ മേലും 325 ബില്യൺ ഡോളര്‍ തീരുവ അധികമായി ചുമത്തുമെന്ന ഭീഷണിയും ട്രംപ് ഉയര്‍ത്തിയിട്ടുണ്ട്. 60 ബില്യൺ ഡോളർ വിലവരുന്ന അമേരിക്കന്‍ ഉല്‍പ്പന്നങ്ങളുടെ തീരുവ വര്‍ദ്ധിപ്പിച്ച് ചൈനയും തിരിച്ചടിച്ചു. അപൂർവ ഭൗമ മൂലകങ്ങളുടെ കയറ്റുമതിയും ചൈന നിര്‍ത്തലാക്കുമെന്ന് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഈ വാണിജ്യ യുദ്ധം ഉടൻ പരിഹരിച്ചില്ലെങ്കിൽ ആഗോള സാമ്പത്തിക വളർച്ചയെ അത് കാര്യമായി ബാധിക്കുമെന്ന് അന്താരാഷ്ട്ര നാണയ നിധി (ഐ.എം.എഫ്) മാനേജിംഗ് ഡയറക്ടർ ക്രിസ്റ്റിൻ ലഗാർഡ് ഉൾപ്പെടെയുള്ള സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകി. ചൈനയുടെ വളര്‍ച്ചാനിരക്ക് കുറഞ്ഞു വരുന്നതായി അവിടെ നിന്നുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നു.

‘നിങ്ങള്‍ തളര്‍ന്നാല്‍ സാമൂഹ്യ വിരുദ്ധര്‍ അരങ്ങുവാഴും’ ജില്ലാ കമ്മിറ്റി ചേരുന്നതിനിടെ ജയരാജന് അഭിവാദ്യമര്‍പ്പിച്ച് പാര്‍ട്ടി കേന്ദ്രത്തില്‍ ഫ്‌ളക്‌സ് ബോര്‍ഡ്


Next Story

Related Stories