TopTop
Begin typing your search above and press return to search.

എന്തുകൊണ്ട് ഞാന്‍ മുലയൂട്ടുന്നില്ല?

എന്തുകൊണ്ട് ഞാന്‍ മുലയൂട്ടുന്നില്ല?

എമിലി വാക്സ്-തിബോദ്യു
(വാഷിംഗ്ടണ്‍ പോസ്റ്റ്)

കുട്ടിയുടെ മുലക്കുപ്പിയിലേയ്ക്ക് കുറച്ച് ഫോര്‍മുല പാലൊഴിച്ചതും എന്റെ ബേബി ആന്‍ഡ് മി യോഗാ ഗ്രൂപ്പിലെ അമ്മമാര്‍ എല്ലാവരും എന്നെ കുറ്റപ്പെടുത്തുന്ന രീതിയില്‍ നോക്കാന്‍ തുടങ്ങി.

കുട്ടികള്‍ ആവശ്യപ്പെടുമ്പോഴെല്ലാം അവരെ മുലയൂട്ടുക എന്നതായിരുന്നു ക്ലാസിന്റെ ഒരു പ്രധാനഭാഗം. എന്നാല്‍ എന്റെ അപകടകരമായ ഫോര്‍മുല കൊണ്ട് ഞാന്‍ സഹയോഗിമാരുടെ സമാധാനം എനിക്ക് പോലും പ്രവചിക്കാനാകാത്ത രീതിയില്‍ തകര്‍ത്തു കളഞ്ഞു.

എന്റെ മൂന്നുമാസം പ്രായമുള്ള മകന്‍ ലിങ്കനെ ഞാന്‍ പാല്‍ കുടിപ്പിച്ചുകൊണ്ടിരുന്നപ്പോള്‍ ഒരമ്മ എന്നോട് പറഞ്ഞു, “മുലയൂട്ടലാണ് ഉത്തമം.”

ഈ ‘മുലയൂട്ടലാണ് ഉത്തമം’ സംഭാഷണം ഞാന്‍ കഫേകളിലും പാര്‍ക്കുകളിലും സുഹൃത്തുക്കളുടെ വീടുകളിലും വെച്ച് കേട്ടിട്ടുണ്ട്. എന്റെ ഭര്‍ത്താവ് കുട്ടിക്ക് കുപ്പിപ്പാല്‍ കൊടുക്കുന്ന ചിത്രം ഫേസ്ബുക്കില്‍ കണ്ട ഒരു ആണ്‍സുഹൃത്ത്‌ കമന്റിട്ടു, “അപ്പോള്‍ നിങ്ങള്‍ മുലയൂട്ടുന്നില്ലേ? അതാണ് നല്ലത് കേട്ടോ!”

എനിക്ക് എങ്ങനെ പ്രതികരിക്കണമെന്നറിയില്ലായിരുന്നു. ആളുകള്‍ എന്നെ ഇങ്ങനെ വിലയിരുത്തണോ?

സത്യം ഇതാണ്. ഞാന്‍ സ്തനാര്‍ബുദം അതിജീവിച്ചയാളാണ്. ഒരു ഡബിള്‍ മാസക്ടമിയാണ് എന്റെ ജീവന്‍ രക്ഷിച്ചത്. എനിക്ക് മുലയൂട്ടാന്‍ കഴിയില്ല.എനിക്ക് മുപ്പത്തിരണ്ടു വയസായി ഒരു കുടുംബം തുടങ്ങാമെന്ന ആലോചന തുടങ്ങിയപ്പോള്‍ നൈറോബിയിലെ ഒരു ആശുപത്രിയിലെ ഒരു കാലഹരണപ്പെട്ട സോണോഗ്രാം യന്ത്രമാണ് എനിക്ക് സ്തനാര്‍ബുദം സാധ്യതയുണ്ടെന്ന് പറഞ്ഞത്. അന്ന് പോസ്റ്റിലെ ഈസ്റ്റ് ആഫ്രിക്ക ബ്യൂറോ ചീഫായിരുന്നു ഞാന്‍.

ഞാനും ഭര്‍ത്താവും പതിനാറു മണിക്കൂര്‍ ഫ്ലൈറ്റില്‍ സഞ്ചരിച്ച് നാട്ടിലെത്തി. പേടിച്ചരണ്ടു എന്നുമാത്രമേ ഞങ്ങളുടെ അവസ്ഥയെ വിശേഷിപ്പിക്കാനാകൂ.

എന്റെ കുടുംബത്തില്‍ സ്തനാര്‍ബുദത്തിന്റെ ചരിത്രമുണ്ട്. എന്റെ മുത്തശ്ശി എമിലി വാക്സ് മുപ്പതുവയസിന്റെ തുടക്കത്തിലാണ്‌ മരിച്ചത്.

മരിക്കുന്നതിനുമുന്‍പ് കാന്‍സര്‍ ഗുരുതരമായതിനെത്തുടര്‍ന്ന് അവരുടെ കാഴ്ച നഷ്ടപ്പെട്ടിരുന്നു. ഇന്ന് കീമോതെറാപ്പിയും കൃത്യമായ ശസ്ത്രക്രിയകളും ഒക്കെ പല സ്തനാര്‍ബുദ രോഗികളെയും സഹായിക്കാറുണ്ട്.

എനിക്കും ഭര്‍ത്താവിനും എപ്പോഴും കുട്ടികള്‍ വേണമെന്നുണ്ടായിരുന്നു. എന്നാല്‍ ആറുമാസത്തെ കീമോതെറാപ്പിയും റേഡിയേഷനും മൂന്നുറൌണ്ട് സര്‍ജറിയും കഴിഞ്ഞ് ഞങ്ങള്‍ക്ക് അഞ്ചു വര്‍ഷം കാത്തിരിക്കേണ്ടി വന്നു. ടാമോക്സിഫെന്‍ എന്ന കാന്‍സര്‍ മരുന്ന് ജനനവൈകല്യങ്ങള്‍ക്ക് കാരണമാകും എന്നതുകൊണ്ടാണ് ഇത്. ദത്ത് ഏജന്‍സികളും ഞങ്ങളോട് അത്രനാള്‍ കാത്തിരിക്കാന്‍ പറഞ്ഞു. അഞ്ചു വര്‍ഷം രോഗമില്ലാതെ ഇരുന്നാല്‍ സര്‍വൈവല്‍ റേറ്റ് വര്‍ദ്ധിക്കാറുണ്ട്.

“നിങ്ങള്‍ അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കൂ. നിങ്ങള്‍ക്ക് കുഴപ്പമൊന്നുമില്ലെന്ന് അങ്ങനെ ഞങ്ങള്‍ക്ക് ഉറപ്പുവരും”, ഒരു ഏജന്‍സി പറഞ്ഞു.

കുഴപ്പമൊന്നുമില്ലാതെ ഇരിക്കാനുള്ള ഞങ്ങളുടെ അഞ്ചു വര്‍ഷത്തെ പരിശ്രമമായിരുന്നു പിന്നീട്.

ഞാനപ്പോള്‍ മുപ്പതുകളുടെ മധ്യത്തിലെത്തിയിരുന്നു. എന്റെ സുഹൃത്തുക്കള്‍ ഓരോരുത്തരായി ഗര്‍ഭിണികളായിക്കൊണ്ടിരുന്നു. ഓരോ ആഴ്ചയും ഓരോ ബേബി ഷവര്‍ ക്ഷണം കിട്ടുന്നതുപോലെയായിരുന്നു അന്നൊക്കെ. കാത്തിരിപ്പും അസൂയയുമൊക്കെ ഇപ്പോള്‍ ആലോചിക്കുമ്പോള്‍ ലജ്ജ തോന്നുന്നതാണ്.

അഞ്ചു വര്‍ഷം കഴിഞ്ഞപ്പോള്‍ നല്ല വാര്‍ത്തയായിരുന്നു. ഞങ്ങള്‍ക്ക് ഗര്‍ഭം ധരിക്കാന്‍ ശ്രമിച്ചുതുടങ്ങാം. എന്നാല്‍ കീമോതെറാപ്പി പ്രത്യുല്‍പ്പാദനശേഷിയെ ബാധിക്കും. എനിക്ക് അപ്പോഴേയ്ക്കും മുപ്പത്തേഴുവയസായിരുന്നു. ഞങ്ങള്‍ പണം സമാഹരിച്ച് ഇന്‍വിട്രോ ഫെര്ട്ടിലൈസെഷന് ഒരുങ്ങി.

രണ്ടുതവണ അത്തരത്തില്‍ പരിശ്രമിച്ച ശേഷമാണ് ഞാന്‍ ഗര്‍ഭിണിയായത്. ഞങ്ങളുടെ സന്തോഷം വിവരിക്കാനാകുന്നതായിരുന്നില്ല.ജനുവരി 29, 2014 ല്‍ ഞാന്‍ ഒരു ആണ്‍കുഞ്ഞിനു ജന്മം നല്‍കി. അവന്റെ തല നിറയെ ഇളം ബ്രൌണ്‍ തലമുടിയും വയസന്മാരുടെ കൂര്‍ക്കം വലിയും നല്ല വിശപ്പും ഉണ്ടായിരുന്നു. ഞങ്ങള്‍ അതിലെല്ലാം മയങ്ങി.

“നീ പരിശ്രമം നിറുത്തിയില്ല”, ലിങ്കന്‍ അവന്റെ ആദ്യ രണ്ടൌണ്‍സ് ഫോര്‍മുല കുടിച്ചപ്പോള്‍ എന്റെ ഭര്‍ത്താവ് ചിരിച്ചുകൊണ്ട് പറഞ്ഞു.

മോന് പാല്‍ കൊടുത്തശേഷം അവര്‍ രണ്ടുപേരും കെട്ടിപ്പിടിച്ചുകിടന്നു. ഞാന്‍ ഗര്ഭാലസ്യത്തിലായിരുന്നു.

ബ്രെസ്റ്റ് ഫീഡിംഗ് നാസികള്‍ എന്ന് ഞാന്‍ തമാശയായി വിളിക്കുന്നവര്‍ മുറിയിലെത്തുന്നത് വരെയായിരുന്നു സന്തോഷം.

ആശുപത്രിയിലെ മുലയൂട്ടല്‍ വിദഗ്ധ സംഘം എന്നോട് പറഞ്ഞു, “നിങ്ങള്‍ മുലയൂട്ടണം.”

“ഞാന്‍ ഫോര്‍മുല ഉപയോഗിച്ചുകൊള്ളാം” എന്ന് പറഞ്ഞപ്പോള്‍ അവര്‍ അത് വിട്ടുകളഞ്ഞില്ല.

എന്റെ നവജാതശിശുവിനെ പിടിച്ച് ജീവിതത്തിലെ ഏറ്റവും സുന്ദരമായ ദിവസത്തില്‍ ഞാന്‍ ഇരിക്കുമ്പോള്‍ എനിക്ക് ദേഷ്യത്തില്‍ തന്നെ ഈ മനുഷ്യരോട് എന്റെ കാന്‍സര്‍ കഥ വിവരിക്കേണ്ടിവന്നു.

പത്തുവര്‍ഷത്തിനിടെ കാന്‍സറിനെ മറന്നുകൊണ്ട് സന്തോഷകരമായ ഒരു പ്രസവവും ആരോഗ്യമുള്ള ഒരു കുഞ്ഞിനേയും പറ്റി ഓര്‍ത്തു സന്തോഷിക്കാന്‍ എനിക്ക് സാധിച്ച ആദ്യദിവസമായിരുന്നു അത്.

“എനിക്ക് പറ്റില്ല. എനിക്ക് ബ്രെസ്റ്റ് കാന്‍സറായിരുന്നു.” ലിങ്കനെ നോക്കി അഭിമാനത്തോടെ ഞാന്‍ തുടര്‍ന്നു: “പക്ഷെ ജീവിച്ചിരിക്കുന്നതിലും കാന്‍സറിനുശേഷം അമ്മയാകാന്‍ കഴിഞ്ഞതിലും സന്തോഷമുണ്ട്.”

നിശബ്ദം..!

"ശ്രമിച്ചുനോക്കൂ” അവര്‍ ഉപദേശിച്ചു. “കുറച്ചുപാല്‍ വന്നാലോ?"

പിന്നീട് ഈ മുലയൂട്ടല്‍ വിദഗ്ധരെ കാണുമ്പോള്‍ ഞാന്‍ വേഗത്തില്‍ നടക്കാന്‍ തുടങ്ങി. ഇവരുടെ ആശയങ്ങള്‍ വളരെ അബദ്ധമായിരുന്നുവെങ്കിലും ഞാന്‍ എന്റെ ബ്രെസ്റ്റ് സര്‍ജനോട് ചോദിക്കുക തന്നെ ചെയ്തു. “അപകടസാധ്യത ഒഴിവാക്കാനായി സാധിക്കുന്നത്ര ബ്രെസ്റ്റ് ടിഷ്യു നീക്കം ചെയ്യും. പാല്‍ ഉണ്ടാകാന്‍ സാധ്യതയെയില്ല.”

സത്യം പറഞ്ഞാല്‍ കടയില്‍ നിന്നല്ലാതെ വേറെ എവിടെനിന്നും പാല്‍ വരാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നില്ല. പാല്‍ വന്നാല്‍ എന്റെ സര്‍ജന്‍ നീക്കം ചെയ്യാത്ത ടിഷ്യു ഇനിയുമുണ്ടെന്നും കാന്‍സര്‍ സാധ്യതയുണ്ടെന്നുമായിരുന്നു അര്‍ഥം.

എന്റെ സര്‍ജന്‍ പറഞ്ഞു, “മാസക്ടമി ചെയ്യുമ്പോള്‍ തന്നെ മുലയൂട്ടാനാകില്ല എന്ന സങ്കടത്തെ സ്ത്രീകള്‍ അഭിമുഖീകരിക്കുന്നുണ്ട്. ഇത്തരം സ്ത്രീകളോട് അവരുടെ തീരുമാനങ്ങളില്‍ കുറ്റബോധമുണ്ടാക്കുന്ന രീതിയില്‍ ആരും സംസാരിക്കാന്‍ പാടില്ല.... മുലയൂട്ടാനാകാത്തത് ഒരു കുറവാണെന്ന് തോന്നിപ്പിക്കാന്‍ പാടില്ല.”

അക്കാലത്ത് തന്നെയാണ് മുലയൂട്ടിയ ഒരു കുഞ്ഞും ഫോര്‍മുല കുടിച്ച സഹോദരനും തമ്മിലുള്ള താരതമ്യപഠനം പുറത്തുവന്നത്. ഞാന്‍ സദാ കേട്ടുകൊണ്ടിരുന്ന ബ്രെസ്റ്റ് ആണ് മികച്ചത് എന്ന വാദത്തെ അത് തകര്‍ത്തിരുന്നു: നവജാതശിശുക്കളില്‍ മുലയൂട്ടല്‍ പ്രതിരോധശേഷി കൂട്ടുമെന്നതൊഴിച്ചാല്‍ മുതിര്‍ന്ന കുട്ടികളില്‍ പ്രത്യേകിച്ച് വ്യത്യാസങ്ങളൊന്നുമില്ല. ഈ പഠനത്തിലെ വ്യത്യാസം ഇവ സഹോദരങ്ങളില്‍ നടത്തിയ പഠനമാണ് എന്നതാണ്. സാധാരണഗതിയില്‍ അമ്മമാരുടെ പുകവലി-മദ്യപാനം എന്നിവയും പ്രാദേശികവ്യത്യാസങ്ങളുമൊക്കെ മുലയൂട്ടലിനെ മെച്ചമായതാക്കി ചിത്രീകരിക്കാന്‍ സഹായിക്കാറുണ്ട് എന്ന് ഒഹായോ സ്റ്റേറ്റ് സര്‍വകലാശാലയിലെ സോഷ്യോളജി പ്രൊഫസറായ സിന്തിയ കോലന്‍ പറയുന്നു.

“മുലയൂട്ടല്‍ കൊണ്ട് പ്രയോജനമില്ലെന്നല്ല, എന്നാല്‍ അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യം ദീര്‍ഘകാലാടിസ്ഥാനത്തില്‍ മെച്ചപ്പെടുത്താനാണ് നാം ഉദ്ദേശിക്കുന്നതെങ്കില്‍ മറ്റുചില കാര്യങ്ങളില്‍ കൂടി ശ്രദ്ധ നല്‍കേണ്ടതുണ്ട്- ചെലവുകുറഞ്ഞ ഡേകെയര്‍ സംവിധാനങ്ങള്‍, മറ്റെര്‍നിറ്റി ലീവ് പോളിസികള്‍, വേതനം കുറഞ്ഞ അമ്മമാര്‍ക്ക് കൂടുതല്‍ തൊഴില്‍ സാദ്ധ്യതകള്‍, എന്നിങ്ങനെയുള്ള കാര്യങ്ങള്‍.”

ഫോര്‍മുലയെ പരിധിയില്ലാത്തത്ര വില്ലനാക്കിയതുകൊണ്ട് എനിക്ക് എന്റെ അവസ്ഥ സ്ഥിരമായി വിശദീകരിക്കേണ്ടിവന്നു.

ബെസ്റ്റ് ഓഫ് അഴിമുഖം

എബോള ഉയര്‍ത്തുന്ന ധാര്‍മ്മിക പ്രതിസന്ധി
കുഞ്ഞുങ്ങള്‍ വളരുന്നതെങ്ങനെ
മാതൃകയാകേണ്ടവരാണ് മാതാപിതാക്കള്‍
ആഞ്ചലീനയുടെ സ്തന അജണ്ട
ഓരോ സ്ത്രീയും പറയാന്‍ ആഗ്രഹിക്കാത്ത കാര്യങ്ങള്‍


എനിക്ക് മുലയൂട്ടല്‍ വേണമെന്നുണ്ടായിരുന്നു- അത് ഫോര്‍മുലയേക്കാള്‍ വിലകുറഞ്ഞതുമാണ്- മുലയൂട്ടാന്‍ കഴിയുന്ന സുഹൃത്തുക്കളേയോര്‍ത്ത് സന്തോഷവും തോന്നി. എന്നാല്‍ ഈ പഠനം എന്നെ ആശ്വസിപ്പിച്ചു.

ഞാന്‍ ഇതും മറ്റുചില ലേഖനങ്ങളും ആളുകള്‍ക്ക് അയച്ചുകൊടുത്തു. അധികമാര്‍ക്കും അറിയാന്‍ താല്‍പ്പര്യമുണ്ടായിരുന്നില്ല. എന്റെ ഒരു സുഹൃത്ത് ഈ പഠനത്തെപ്പറ്റി കേട്ടശേഷം പറഞ്ഞു, “ഫ്രീസറില്‍ എന്റെ കുറച്ചുപാല്‍ ഉണ്ട്. ഞാന്‍ വേണമെങ്കില്‍ ലിങ്കനുവേണ്ടി കൊണ്ടുവരാം.”

അവര്‍ നല്ല ഉദ്ദേശത്തില്‍ പറഞ്ഞതാവും, പക്ഷെ വേണ്ട.

എന്നാല്‍ ചില സുഹൃത്തുക്കള്‍ മനസിലാക്കി. അവര്‍ എന്റെ കുഞ്ഞിന് ഞാന്‍ ഫോര്‍മുല പാല്‍ കൊടുക്കുന്നതിന് എന്നെ വിമര്‍ശിച്ചില്ല. ഞാന്‍ ഈ പഠനം ആളുകള്‍ക്ക് അയച്ച ശേഷം കുറെ സ്ത്രീകള്‍ അവര്‍ക്ക് മുലയൂട്ടല്‍ നിറുത്താന്‍ കഴിഞ്ഞിരുന്നെങ്കില്‍ അവര്‍ക്ക് മൂന്നുമണിക്കൂറില്‍ കൂടുതല്‍ സമയം വീട്ടില്‍ നിന്ന് പുറത്തുപോകാമായിരുന്നു എന്ന് പറഞ്ഞു. അച്ഛനോ മുത്തച്ചനോ ഒക്കെ കുട്ടിക്ക് പാല് കൊടുക്കാന്‍ കഴിയുമായിരുന്നു. അല്ലെങ്കില്‍ ചിലര്‍ക്ക് മുലയൂട്ടല്‍ വേദനാജനകമായിരിക്കും. ചിലര്‍ക്ക് ജോലിക്ക് പോകേണ്ടിവരും, പമ്പ് ചെയ്യാന്‍ സമയം കിട്ടിയെന്നുവരില്ല. അല്ലെങ്കില്‍ അവര്‍ ദത്തെടുത്ത കുട്ടിയാവും. അല്ലെങ്കില്‍ അവര്‍ക്ക് മുലയൂട്ടാന്‍ ആഗ്രഹമില്ലായിരിക്കും.

ഈ മുലയൂട്ടല്‍ നാസികള്‍ കുപ്പിപ്പാല്‍ കൊടുക്കുന്ന അമ്മമാരെ അസ്വാഭാവികമായും അറിവില്ലാത്തവരായും ചിത്രീകരിക്കുമ്പോള്‍ മറക്കുന്ന ഒരു കാര്യമുണ്ട്- മുലയൂട്ടല്‍ പല സ്ത്രീകള്‍ക്കും വേദനാജനകമായ, ഭീകരമായ അനുഭവമാണ്. അമ്മമാരുടെ അനുഭവത്തെ കുട്ടിയുമായി ചേര്‍ത്തുവയ്ക്കുമ്പോള്‍ കുട്ടിയോട് വെറുപ്പ്‌ തോന്നുക പോലും ചെയ്യാം.

മുലപ്പാലിനോടൊപ്പം ഫോര്‍മുല കൊടുക്കേണ്ടിവന്നു എന്നത് ചിലര്‍ പറയുന്നത് രഹസ്യമായി ഒരു കുറ്റകൃത്യത്തെപ്പറ്റി പറയുന്നത് പോലെയാണ്.

എന്തിനാണ് അവര്‍ക്ക് പതിയേ പറയേണ്ടിവരുന്നത്? സിസേറിയനോടുള്ള എതിര്‍പ്പ് പോലെയാണ് ഇതും എന്നാണ് എനിക്ക് തോന്നുന്നത്.

ഞാന്‍ ആളുകളോട് കണക്കുകള്‍ പറയാന്‍ തുടങ്ങി: പത്തൊന്‍പതാം നൂറ്റാണ്ടില്‍ ശിശുമരണങ്ങള്‍ ഒഴിവാക്കാനാണ് ഫോര്‍മുല ആദ്യമായി സൃഷ്ടിക്കപ്പെട്ടത്. ഇതെങ്ങനെ സംഭവിച്ചു? ഞാന്‍ വേഗം തന്നെ “ഞാന്‍ മുലയൂട്ടുന്നില്ല, എനിക്ക് കാന്‍സറായിരുന്നു. നിങ്ങള്‍ വേറെ ജോലി നോക്ക്” സംഘത്തിന്റെ നേതാവായി.

എന്റെ ഭര്‍ത്താവിനും കുഞ്ഞിന് പാല് കൊടുക്കാനാകും എന്നും പ്രത്യേകിച്ച് വെളുപ്പിന് മൂന്നുമണിക്ക് ഭര്‍ത്താവാണ് കുഞ്ഞിന് പാല്‍ കൊടുക്കുന്നത് എന്നും ഞാന്‍ ആളുകളോട് പറഞ്ഞു.

ഞാന്‍ ആളുകളോട് സുസെന്‍ ബാര്‍സ്റ്റണിന്റെ 'ബോട്ടില്‍ഡ് അപ്പ്' എന്ന പുസ്തകത്തെപ്പറ്റി പറഞ്ഞു.ഒരു മുലയിലെ നെര്‍വ് ഡാമേജിനും പ്രസവാനന്തര ഡിപ്രഷനും പ്രശ്നങ്ങള്‍ നിറഞ്ഞ പ്രസവത്തിനും ഒക്കെ ശേഷമാണ് മുലയൂട്ടാനുള്ള തന്റെ ശ്രമങ്ങളെപ്പറ്റി അവര്‍ എഴുതി തുടങ്ങിയത്. ഒരുപാട് ശ്രമത്തിനുശേഷം അവര്‍ ഒരു ഫോര്‍മുല കൊടുക്കുന്ന അമ്മയായി മാറി.

എഴുപതുകളില്‍ മുലകൊടുത്തിരുന്നവരെ ഭൂദേവത എന്നൊക്കെ വിളിച്ച് കുപ്പിപ്പാലുകാര്‍ കളിയാക്കിയിരുന്നു. ഇന്നിപ്പോള്‍ സ്ഥിതി മറിച്ചാണ്. ഇരുകൂട്ടര്‍ക്കും ഒരേപോലെ ജീവിച്ചുകൂടേ?

ഇന്ന് ഞാന്‍ ജോലിയില്‍ തിരിച്ചെത്തി. ചിലപ്പോഴൊക്കെ എന്റെ ബേബി യോഗ ക്ലാസ് ഞാന്‍ മിസ്‌ ചെയ്യാറുണ്ട്. എന്റെ പരിശീലക ഒരിക്കല്‍ എന്റെ സംഭാഷണം കെട്ടശേഷം പറഞ്ഞ ഒരു കാര്യം എന്റെ മനസിലുണ്ട്.

“കുറച്ചു വര്‍ഷം കഴിഞ്ഞ് അവര്‍ പ്രീ-സ്കൂളില്‍ എത്തുമ്പോള്‍ നിങ്ങള്‍ മുലയൂട്ടലിനെപ്പറ്റി സംസാരിക്കുകയേയില്ല. അതുകൊണ്ടു അതിനെപ്പറ്റി ചിന്തിക്കേണ്ട. നിങ്ങളുടെ കുഞ്ഞുമൊത്തുള്ള സമയം ആസ്വദിക്കൂ. അത് നിങ്ങളുടെ നേട്ടമാണ്.”


Next Story

Related Stories