TopTop
Begin typing your search above and press return to search.

കുഞ്ഞിന് മുലപ്പാല്‍ നിഷേധിക്കുന്നവരോട്; കളയേണ്ടതുണ്ട് ചില മിഥ്യാ ധാരണകള്‍

കുഞ്ഞിന് മുലപ്പാല്‍ നിഷേധിക്കുന്നവരോട്; കളയേണ്ടതുണ്ട് ചില മിഥ്യാ ധാരണകള്‍

ഡോ. ദീപു സദാശിവന്‍

ഏറെ പ്രചാരമുള്ള ചില മിഥ്യാ ധാരണകളാണ് കുഞ്ഞിനു മുലപ്പാല്‍ നിഷേധിക്കുന്ന അവസ്ഥ ഉണ്ടാക്കുന്നത്‌. ബന്ധുമിത്രാദികളും, എന്തിനു ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ഉള്ള ആരോഗ്യപ്രവര്‍ത്തകര്‍ വരെയും ഇതിനു പ്രത്യക്ഷമായും പരോക്ഷമായും കാരണക്കാര്‍ ആവുന്നുണ്ട് എന്നതൊരു അപ്രിയ സത്യമാണ്.

മുലപ്പാല്‍ കുറവാണ്! പാലില്ല!

കുഞ്ഞുണ്ടാവുന്ന ഉടനെ ഏറ്റവും അധികം കേള്‍ക്കുന്ന അബദ്ധജഡിലമായ ആവലാതി ആണ് ഇത്. ഈ മുറവിളിയില്‍ തുടങ്ങുന്ന ആകാംഷയും ആശയക്കുഴപ്പവും മിക്കവാറും എത്തിച്ചേരുന്നത് ഭാഗികമായോ പൂര്‍ണ്ണമായോ കുഞ്ഞിനു മുലപ്പാല്‍ നിഷേധിക്കുന്ന അവസ്ഥയിലും.

പ്രസവിക്കാന്‍ ശേഷിയുള്ള ഏതൊരു സ്ത്രീയ്ക്കും കുഞ്ഞിനാവശ്യമുള്ള പാല്‍ ചുരത്താന്‍ ഉള്ള ശേഷി ഉണ്ടാവും എന്നത് ഒരു പ്രപഞ്ച സത്യമാണ്. (വളരെ അപൂര്‍വമായി ചില രോഗാവസ്ഥകളില്‍ മാത്രമാണ് മറിച്ച് സംഭവിക്കുക)

എന്നാല്‍ പലപ്പോഴും കൂടെ ഉള്ളവരുടെയും അമ്മയുടെ തന്നെയും അനാവശ്യ ആകാംഷയും ആവലാതിയും മുലയൂട്ടലിനെ ദോഷകരമായി ബാധിക്കുന്നു. പാലില്ല എന്ന് ഉറപ്പിക്കുന്ന 99% സാഹചര്യങ്ങളിലും ചില മിഥ്യാധാരണകള്‍ ആണ് ഈ അവസ്ഥയിലേക്ക് നയിക്കുന്നത്. ഇതെന്തൊക്കെ എന്ന് പരിശോധിക്കാം.

കൊഴുപ്പ് കൂടിയ കൊളസ്ട്രം ആണ് ആദ്യം ചുരത്തുന്നത്. ഈ സമയത്ത് പാല്‍ എളുപ്പം ഒഴുകി വരുകയില്ല. ഒന്ന് രണ്ടു ദിവസത്തിനുള്ളില്‍ ആയിരിക്കും കൂടുതല്‍ പാല്‍ നന്നായി ഒഴുകി വരുന്ന അവസ്ഥയില്‍ എത്തുന്നത്.

സ്തനങ്ങള്‍ പാല്‍ ചുരത്തുന്നത് ഒരു neuro endocrine reflex അഥവാ മില്‍ക്ക് ഇജെക്ഷന്‍ റിഫ്ലെക്സ് പ്രക്രിയയിലൂടെ ആണ്. അതായത് കുഞ്ഞു മുല വലിച്ചു കുടിയ്ക്കുമ്പോള്‍ നാഡികള്‍ വഴി ഈ സന്ദേശം തലച്ചോറില്‍ എത്തുകയും തല്‍ഫലമായി തലച്ചോറില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കുന്ന ഓക്സിറ്റൊസിന്‍ എന്ന ഹോര്‍മോണ്‍ രക്തത്തിലൂടെ എത്തി മുലപ്പാല്‍ ഗ്രന്ഥികളെ ഉത്തേജിപ്പിക്കുകയും ചെയ്യുമ്പോള്‍ ആണ് മുലപ്പാല്‍ കൂടുതലായി ഉണ്ടാവുകയും അത് ചുരത്തപ്പെടുകയും ചെയ്യുന്നത്.

അതായത് കുഞ്ഞു മുല വലിച്ചു കുടിക്കാന്‍ ശ്രമിക്കുന്നതിനു അനുസൃതമായാണ് പാല്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്നത്. കുഞ്ഞിനെ കൊണ്ട് മുല കുടിപ്പിക്കാന്‍ ഉള്ള ശ്രമം കുറഞ്ഞാല്‍ സ്വാഭാവികമായും പാല്‍ ഉല്‍പ്പാദനവും കുറയും. പ്രത്യേകിച്ചും തുടക്കത്തില്‍ ഇതിനു പ്രാധാന്യം കൂടുതല്‍ ഉണ്ട്.

പാല്‍ കുറവാണെന്ന അനാവശ്യമായി ആകാംഷയുടെ അന്തരീക്ഷം ഉണ്ടാക്കപ്പെടുന്നത് അമ്മയുടെ ആത്മവിശ്വാസം കുറയ്ക്കുകയും മാനസിക പിരിമുറുക്കം കൂട്ടുകയും ചെയ്യുന്നു. മറ്റു മാര്‍ഗ്ഗങ്ങള്‍ തേടുന്നത് വഴി കുഞ്ഞിന്റെയും അമ്മയുടെയും ശരിയായ പരിശ്രമം കുറയുകയും തല്ഫലം ആയി പാല്‍ ഉല്‍പ്പാദനം സ്വാഭാവികമായും കുറഞ്ഞു ഈ അബദ്ധ ധാരണ സാധൂകരിക്കപ്പെടുകയും ചെയ്യുന്നതാണ് പലപ്പോളും കണ്ടുവരുന്നത്.

പലരും കണ്ടിട്ടുള്ള ചില ഉദാഹരണങ്ങള്‍ കൂടിപറയാം. ആടുമാടുകളെ കറക്കുമ്പോള്‍ ചിലര്‍ കറന്നാല്‍ പാല്‍ ശരിയായ രീതിയില്‍ ചുരത്താതെ ഇരിക്കുന്നതും, പാല്‍ ചുരത്താനായി ആദ്യം കിടാവിനെ കൊണ്ട് അല്പം കുടിപ്പിക്കുന്നതും ഒക്കെ കണ്ടിട്ടില്ലേ? ഇത് പോലെ തന്നെയാണ് മനുഷ്യന്റെ കാര്യത്തിലും. കുപ്പിയില്‍ നിറഞ്ഞ പാല്‍ സ്ട്രോ ഇട്ടു വലിച്ചു കുടിക്കുന്നത് പോലെ ഉള്ള ഒരു യാന്ത്രിക പ്രക്രിയ അല്ല മുലയൂട്ടല്‍. ഇതിനു അമ്മയുടെയും കുഞ്ഞിന്റെയും ശാരീരികവും മാനസികവും ആയ ഒരുക്കവും സഹകരണവും വേണം, പ്രത്യേകിച്ച് അമ്മയുടെ. പ്രസവാനന്തരം പാല്‍ ഉണ്ടാവും എന്ന ആത്മവിശ്വാസവും, ശുഭാപ്തി വിശ്വാസവും, കുഞ്ഞിന്റെ ഭാവിയെ കരുതി പരിശ്രമിക്കാന്‍ ഉള്ള മനസ്സും അമ്മമാര്‍ക്ക് ഉണ്ടാവുകയാണ് വേണ്ടത്.

ഇതിനുതകുന്ന ശാന്തവും ആകംഷാരഹിതവുമായ അന്തരീക്ഷം ഒരുക്കുകയാണ് ഭര്‍ത്താവും ബന്ധുമിത്രാദികളും ആരോഗ്യ പരിപാലകരും ചെയ്യേണ്ടത്. പലപ്പോളും ബന്ധുമിത്രാദികള്‍ ഒക്കെ ആണ് വില്ലന്മാര്‍ ആയി വരുന്നത്. ചില അമ്മായി അമ്മമാര്‍ മരുമോള്‍ക്ക് എന്തൊക്കെ ഇല്ല എന്നുള്ള ഗവേഷണത്തില്‍ സ്ഥിരോത്സാഹികള്‍ ആയതിനാല്‍ ഈ അവസരത്തില്‍ “പാലില്ല” എന്ന് പ്രസ്താവിക്കുന്നതില്‍ ഒരു ഗൂഡാനന്ദം അനുഭവിക്കുന്നവര്‍ ആണെന്ന് പറയാതെ വയ്യ. രോഗികളെ വസ്തുതകള്‍ പറഞ്ഞു ശരിയായി ബോധവല്‍ക്കരിക്കാനും,വേണ്ട പ്രോത്സാഹനം കൊടുക്കാനും മറ്റും സമയം കണ്ടെത്താതെ എളുപ്പവഴിയില്‍ മറ്റു മാര്‍ഗ്ഗങ്ങള്‍ ഉപദേശിക്കുന്ന ഡോക്ടര്‍മാരും കുഞ്ഞുങ്ങളോട് കുറ്റകരമായ അനാസ്ഥയാണ് കാണിക്കുന്നത്.കുഞ്ഞിന്റെ കരച്ചില്‍- കുഞ്ഞു കരയുന്നത് കണ്ടിട്ടാണ് പലരും പാല് കിട്ടുന്നത് പോര എന്ന് തീരുമാനിച്ചു ഉറപ്പിക്കുന്നത്. ഇതും പലപ്പോഴും ശരിയല്ല. കുഞ്ഞുങ്ങള്‍ കരയുന്നത് വിശപ്പ്‌ കൊണ്ട് മാത്രം അല്ല. ഒരു പരിധി വരെ വളരെ സ്വാഭാവികമായ ഒരു പ്രതിഭാസം ആണ് കൊച്ചു കുഞ്ഞുങ്ങളിലെ കരച്ചില്‍. മറ്റ്പല കാരണങ്ങള്‍ കൊണ്ടും കുഞ്ഞു കരയും എന്നത് മനസ്സിലാക്കുക. തണുപ്പ്, മറ്റു അസ്വസ്ഥതകള്‍ ഒക്കെ കരച്ചിലിനു കാരണമാവാം എന്തിനു “ബോറടിക്കുമ്പോള്‍” വരെ കുഞ്ഞു കരയാം. എല്ലാ കരച്ചിലും വിശപ്പ്‌ മൂലം ആണെന്ന് കരുതി കുഞ്ഞിനു കുപ്പിപ്പാല് നല്‍കാന്‍ വ്യഗ്രത കാണിക്കുന്നത് ദീര്‍ഘകാല അടിസ്ഥാനത്തില്‍ കുഞ്ഞിനു തന്നെ ദോഷകരം ആയിരിക്കും. ശരിയായ രീതിയില്‍ /അളവില്‍ കുഞ്ഞു മല മൂത്ര വിസ്സര്‍ജ്ജനം നടത്തുന്നുണ്ടെങ്കില്‍ ശരീരത്തിന് ആവശ്യമായ പാല്‍ കുട്ടിക്ക് കിട്ടുന്നുണ്ട്‌ എന്ന് മനസ്സിലാക്കാം.

Retracted Nipples –ഉള്‍വലിഞ്ഞു ഇരിക്കുന്ന മുല ഞെട്ട് കുഞ്ഞു പാല്‍ വലിച്ചു കുടിച്ചിട്ടും പാല്‍ കിട്ടാതെ ഇരിക്കുന്ന അവസ്ഥ ഉണ്ടാക്കാം സംശയം ഉള്ള സാഹചര്യത്തില്‍ ഡോക്ടറോട് സംശയ നിവാരണം നടത്തേണ്ടതാണ്.

മുലപ്പാല്‍ ഉണ്ടാവാന്‍ പോഷകമൂല്യമുള്ള ഭക്ഷണങ്ങളും പാനീയങ്ങളും അമ്മ നന്നായി കഴിക്കുകയാണ് വേണ്ടത്.

കുപ്പിപ്പാല്‍ കുടിച്ചു എത്രയോ കുട്ടികള്‍ വളരുന്നു അവര്‍ക്കൊന്നും പ്രത്യേകിച്ച് ഒരു കുഴപ്പവും ഇല്ലല്ലോ? അവര്‍ക്ക് ഒരു കുഴപ്പം ഉണ്ടായിട്ടില്ല എന്നുള്ളത് ഒരു തെറ്റായ വിശ്വാസം മാത്രമാണ്. രോഗപ്രതിരോധശക്തിയും, ബുദ്ധിയും ഒക്കെ മുലപ്പാല്‍ കുടിച്ചു വളരുന്ന കുട്ടികളില്‍ ആണ് കൂടുതല്‍ എന്നുള്ളത് അര്‍ത്ഥശങ്കയ്ക്ക് ഇടയില്ലാത്ത വിധം ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ളതാണ്.

അസൌകര്യങ്ങള്‍ ഒഴിവാക്കല്‍ - ദീര്‍ഘകാല അടിസ്ഥാനത്തില്‍ ചിന്തിച്ചാല്‍ കുപ്പിപ്പാല്‍ എന്ന എളുപ്പ വഴി തേടുന്നവര്‍ പലരും പിന്നീട് കുട്ടികള്‍ക്കുണ്ടാവുന്ന രോഗങ്ങള്‍ ബുദ്ധിമുട്ടുകള്‍ എന്നിവ മൂലം കൂടുതല്‍ ആശുപത്രി സന്ദര്‍ശനവും അസൗകര്യവും ഒക്കെ നേരിടേണ്ടി വരുന്നു എന്നതാണ് വസ്തുത.

സ്തന സൗന്ദര്യം- ഗര്‍ഭാവസ്ഥയിലും പ്രസവം മൂലവും സ്ത്രീ ശരീരത്തിന് സ്വാഭാവികമായും വളരെ അധികം മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട്. പ്രസവശേഷം ശരീരം പൂര്‍വാവസ്ഥ പ്രാപിക്കുന്നത് ഓരോരുത്തരിലും ഓരോ രീതിയിലും തോതിലും ആയിരിക്കും. ഗര്‍ഭാവസ്ഥയില്‍ തന്നെ സ്തനങ്ങള്‍ വികാസം പ്രാപിക്കുകയും മുലഞെട്ട് വലുതാവുകയും ഒക്കെ ചെയ്യുന്നു. മുലയൂട്ടിയാലും ഇല്ലെങ്കിലും മാറ്റങ്ങള്‍ ഉണ്ടാവും എന്നതാണ് വസ്തുത. അതിനെല്ലാമുപരി കുഞ്ഞിന്റെ ആയുരാരോഗ്യത്തിനും ബുദ്ധിവികാസത്തിനും ആണോ ക്ഷണഭംഗുരം ആയ സ്വന്തം ശരീര സൗന്ദര്യത്തിനാണോ ഒരു അമ്മ മുന്‍ഗണന നല്‍കേണ്ടത് എന്ന് സ്വയം ചോദിക്കുക.

(കോട്ടയം ജില്ലയില്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ ഡോക്ടറാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Next Story

Related Stories