TopTop
Begin typing your search above and press return to search.

ചര്‍ച്ചില്‍ കൊളുത്തിയ വിളക്ക് ഊതിക്കെടുത്തിയ കാമറോണ്‍: ലണ്ടനില്‍ നിന്ന് പി.സുജാതന്‍ എഴുതുന്നു

ചര്‍ച്ചില്‍ കൊളുത്തിയ വിളക്ക് ഊതിക്കെടുത്തിയ കാമറോണ്‍: ലണ്ടനില്‍ നിന്ന് പി.സുജാതന്‍ എഴുതുന്നു

ബ്രിട്ടനിലെ 'ബ്രെക്‌സിറ്റ്' ഹിതപരിശോധനാ ദിവസം (ജൂണ്‍ 23) ഹെഗേറ്റില്‍ കാള്‍ മാര്‍ക്‌സിന്റെ അന്ത്യവിശ്രമസ്ഥലത്ത് ആരോ ഒരു പൂവും പ്ലക്കാര്‍ഡും കൊണ്ടുവച്ചു. 'ഇന്ന് താങ്കളുടെ സ്വപ്നം ഭാഗികമായെങ്കിലും പൂവണിയും'. ബ്രെക്‌സിറ്റിന് എതിരെ ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ നിലനില്‍ക്കണമെന്ന് ആഗ്രഹിച്ചവരുടെ പ്രതിനിധികളിലാരെങ്കിലുമാകാം പോളിംഗ് ബൂത്തിലേക്ക് പോകും മുമ്പ് സര്‍വലോക സാഹോദര്യത്തിന്റെ വക്താവിനെ ഓര്‍മ്മിച്ചത്. പിറ്റേദിവസം പുലര്‍ച്ചയ്ക്ക് ജനഹിത പരിശോധനയുടെ ഫലം വന്നപ്പോള്‍ മാര്‍ക്‌സും അദ്ദേഹത്തിന്റെ ആരാധകരും മാത്രമല്ല; യാഥാസ്ഥിതിക കക്ഷി നേതാവായ പ്രധാനമന്ത്രി ഡേവിഡ് കാമറോണ്‍ അടക്കം ബ്രെക്‌സിനെ എതിര്‍ത്തവരെല്ലാം തോറ്റുപോയി. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് മാറിനില്‍ക്കാനുള്ള ബ്രിട്ടീഷ് ജനതയുടെ ഭൂരിപക്ഷ തീരുമാനം ലോകം ഒരു നടുക്കത്തോടെ ഏറ്റെടുത്തു. ടൈംസ് പത്രം 'Brexit earthquake' എന്ന തലക്കെട്ടിലാണ് ആ വൃത്താന്തം ലോകത്തെ അറിയിച്ചത്.

വോട്ട് ചെയ്ത 52 ശതമാനം പേരാണ് ബ്രെക്‌സിറ്റിന് അനുകൂലമായി നിലപാട് രേഖപ്പെടുത്തിയത്. ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ തുടരണമെന്ന് ആഗ്രഹിച്ചവരേക്കാള്‍ പത്തുലക്ഷം പേര്‍ കൂടുതല്‍. കഴിഞ്ഞവര്‍ഷം പ്രധാനമന്ത്രി കാമറോണ്‍ ജനങ്ങള്‍ക്ക് നല്‍കിയ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു ഈ ഹിതപരിശോധന. തീയതി പ്രഖ്യാപിച്ച ശേഷം കാമറോണ്‍ യൂറോപ്യന്‍ യൂണിയനില്‍ ബ്രിട്ടന്‍ തുടരണമെന്ന് നിലപാടെടുത്ത് പ്രചരണം നടത്തി. ഭരണകക്ഷിയായ യാഥാസ്ഥിതിക വിഭാഗത്തില്‍ ഇതേച്ചൊല്ലി ഭിന്നതയുണ്ടായി. മുന്‍ മേയര്‍ ബോറിസ് ജോണ്‍സണ്‍ ബ്രെക്റ്റിറ്റിനെ അനുകൂലിച്ച് രംഗത്തുവന്നു. 'ബ്രിട്ടന്റെ സ്വാതന്ത്ര്യ സമരം' എന്നാണ് ഹിതപരിശോധനയെ അദ്ദേഹം പ്രചരണവേദിയില്‍ വിശേഷിപ്പിച്ചത്. ലേബര്‍ പാര്‍ട്ടിയിലും ഭിന്ന നിലപാടുണ്ടായി. പ്രതിപക്ഷനേതാവ് ജറിമി കോര്‍ബിന്‍ ബ്രെക്‌സിറ്റിന് എതിരായി വാദിച്ചു. ലേബര്‍ എം.പി.മാര്‍ ഭൂരിപക്ഷവും മറ്റു ചേരിയിലായിരുന്നു. പ്രാദേശികവാദികളുടെ തീവ്രപക്ഷവിഭാഗമായ യു.കെ ഇന്‍ഡിപെന്‍ഡന്റ് പാര്‍ട്ടി ബ്രെക്‌സിറ്റിന് അനുകൂലമായി വംശവെറിപൂണ്ട നിലപാടുമായി മുന്നില്‍ വന്നു. സ്‌കോട്ടിഷ് നാഷണല്‍ പാര്‍ട്ടി യൂറോപ്യന്‍ യൂണിയനില്‍ തുടരാന്‍ വാദിച്ചു.

ഒരു മാസത്തിലേറെ നീണ്ട പ്രചാരണങ്ങള്‍ മാധ്യമങ്ങള്‍ ഏറ്റെടുത്തപ്പോള്‍ ജനങ്ങളുടെ ഉള്ളിലിരിപ്പ് എന്തെന്ന് ഊഹിക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല. കമ്പോളശക്തികളുടെ ബിസിനസ് ലോബികള്‍ ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ തുടരണമെന്ന കാര്യത്തില്‍ ഏകസ്വരത്തില്‍ സംസാരിച്ചു. വിദ്യാസമ്പന്നരും ധനികരും ബുദ്ധിജീവികളും ബ്രിട്ടന്‍ ഉള്‍പ്പെട്ട യൂറോപ്പിനെ ഒന്നായിക്കണ്ടു. രാജ്യത്തിനകത്തും പുറത്തും ശക്തമായ സമ്മര്‍ദ്ദങ്ങള്‍ ഉണ്ടായിരുന്നു. ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്നു വിട്ടുപോകാതിരിക്കാന്‍ സാമ്പത്തിക ശക്തികളും രാഷ്ട്രീയ നേതാക്കളും നടത്തിയ കൊണ്ടുപിടിച്ച ശ്രമങ്ങള്‍ ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാര്‍ തള്ളിക്കളഞ്ഞതെന്ത്?

ബ്രിട്ടനിലെ എല്ലാവര്‍ക്കും സൗജന്യമായി വൈദ്യസഹായവും ചികിത്സയും ഉറപ്പുവരുത്തുന്ന നാഷണല്‍ ഹെല്‍ത്ത് സര്‍വ്വീസ് സുഗമമായി നടത്തിക്കൊണ്ടുപോകാന്‍ മെഡിക്കല്‍, പാരാമെഡിക്കല്‍ ജീവനക്കാരെ വേണം. എന്‍.എച്ച്.എസിന് വേണ്ട മനുഷ്യവിഭവശേഷിയില്‍ 60 ശതമാനവും അന്യരാജ്യക്കാരാണ്. യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ആരോഗ്യമേഖലയുടെ നിലനില്‍പ്പിനാധാരം. യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങള്‍ക്കിടയില്‍ സ്വതന്ത്രസഞ്ചാര വിനിമയം ഉള്ളതുകൊണ്ട് ബ്രിട്ടനിലെ തൊഴില്‍മേഖല പോളണ്ടുകാര്‍ക്കും റുമേനിയക്കാര്‍ക്കും ഇറ്റലിക്കാര്‍ക്കും എളുപ്പം തുറന്നുകിട്ടും. വൈദഗ്ധ്യം ആവശ്യമുള്ളതും അല്ലാത്തതുമായ തൊഴില്‍തേടി യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് എളുപ്പം അവസരങ്ങള്‍ തുറന്നുകിട്ടും. അത്തരത്തില്‍ കുടിയേറി ബ്രിട്ടനില്‍ വസിക്കുന്നവര്‍ അനുഗ്രഹവും ശാപവുമായി മാറുന്ന അനുഭവം നാട്ടുകാര്‍ പങ്കുവയ്ക്കുന്നു. തൊഴില്‍മേഖലയ്ക്കും സാമ്പത്തിക മേഖലയ്ക്കും വിദേശകുടിയേറ്റക്കാര്‍ അനുഗ്രഹമാണ്. വരുമാനത്തിന്റെ പകുതിയോളം തുക നികുതിയായും ജീവിതച്ചെലവുകളായും കുടിയേറ്റക്കാര്‍ മുതല്‍ക്കൂട്ടുന്നു. സാമൂഹിക ജീവിതരംഗത്ത് ബ്രിട്ടനിലെ സാധാരണക്കാര്‍ക്ക് ഇവര്‍ വലിയ ഭീഷണിയും അലോസരവുമായിത്തുരുന്നുണ്ട്. മോഷണങ്ങള്‍, കൊലപാതകങ്ങള്‍, ഭീകരപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുന്നു.

പ്രായേണ നിശബ്ദവും സ്വച്ഛവുമായ ബ്രിട്ടീഷ് ജീവിതത്തില്‍ ഒച്ചപ്പാട് ഉയരുന്നത് ചില യൂറോപ്യന്‍ കുടിയേറ്റക്കാരില്‍ നിന്നാണെന്ന് നാട്ടുകാര്‍ അനുഭവങ്ങള്‍ നിരത്തി പറയും. യു.കെ.ഐ.പി പോലുള്ള പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടികള്‍ വംശവിദ്വേഷത്തോടെ വളര്‍ന്നുവന്നത് അതുകൊണ്ടാണ്. ബ്രിട്ടനിലേക്കുള്ള അഭയാര്‍ത്ഥി പ്രവാഹം ഈ പാര്‍ട്ടി ജനഹിതപരിശോധനയില്‍ ഫലപ്രദമായ ആയുധമാക്കിയപ്പോള്‍ മാര്‍ക്‌സ് മുതല്‍ മലാലെ വരെയുള്ളവര്‍ക്ക് അഭയം നല്‍കിയ ബ്രിട്ടന്റെ വിശാലമനസ്തകതയുടെ ചരിത്രം സാധാരണക്കാര്‍ കണക്കിലെടുത്തില്ല. ദേശസ്‌നേഹം തലയ്ക്കുപിടിച്ച ഹിക്‌സ് എന്ന 68-കാരി യൂണിയന്‍ ജാക് പതാകയും ബ്രിട്ടീഷ് ദേശീയ ചിഹ്നം പതിച്ച വസ്ത്രവും അണിഞ്ഞ് ലണ്ടനിലെ ഒരു ബൂത്തില്‍ വോട്ട് ചെയ്യാന്‍ വന്നപ്പോള്‍ പോലീസ് തടഞ്ഞു. റിട്ട. സിവില്‍ സെര്‍വെന്റായിരുന്നു മിസ് ഹിക്‌സ്. 'ഇ.യു. വിടുക' എന്നൊരു ബോര്‍ഡും അവര്‍ കഴുത്തില്‍ തൂക്കിയിരുന്നു. 'മാന്യമായി' വസ്ത്രം ധരിച്ചുവരാന്‍ ഉപദേശിച്ച് പോലീസ് ഹിക്‌സിനെ പുറത്താക്കി. യൂറോപ്യന്‍ യൂണിയനിലെ 28 അംഗരാജ്യങ്ങളുടെയും പതാകകള്‍ ആലേഖനം ചെയ്ത ജാക്കറ്റ് അണിഞ്ഞ് സ്‌കോട്ട്‌ലന്റിലെ ഒരു ബൂത്തില്‍ വോട്ട് ചെയ്യാന്‍ വന്ന യുവാവിന് പക്ഷേ തടസ്സമൊന്നുമുണ്ടായില്ല. സ്‌കോട്ടിഷ് പ്രദേശങ്ങള്‍ ബ്രെക്‌സിറ്റിന് എതിരായിട്ടാണല്ലോ നിലപാട് എടുത്തത്.

യൂറോപ്പിന്റെ പൊതുകമ്പോളത്തില്‍ ബ്രിട്ടീഷ് ഉല്‍പ്പന്നങ്ങള്‍ക്ക് വിപണി ലഭിക്കുന്നു എന്നും രാജ്യത്തിന്റെ പൊതുസാമ്പത്തിക വളര്‍ച്ചയ്ക്ക് യൂണിയനില്‍ അംഗമായി തുടരുന്നാണ് മെച്ചമെന്നും രാഷ്ട്രീയഭരണമേധാവികള്‍ക്കറിയാം. പക്ഷേ, സാധാരണക്കാരായ നാട്ടുകാരില്‍ അതൊന്നും വിലപ്പോയില്ല. കുടിയേറ്റക്കാരും അഭയാര്‍ത്ഥികളും തങ്ങള്‍ക്കു ചുറ്റും ഉണ്ടാക്കുന്ന ദുരിതങ്ങളായിരുന്നു അവരുടെ യാഥാര്‍ത്ഥ്യം. പ്രധാനമന്ത്രിയുടെ പാര്‍ട്ടിക്കാരനായിട്ടും ബോറിസ് ജോണ്‍സനെപ്പോലുള്ള നേതാക്കള്‍ നാട്ടുകാരുടെ ഈ വികാരം പങ്കുപറ്റി. ലേബര്‍ പാര്‍ട്ടി നേതാവ് ജര്‍മി കോര്‍ബിന്‍ ഈ പ്രാദേശിക വികാരം മാനിക്കാത്തതിനാല്‍ ബ്രിട്ടീഷ് പാര്‍ലമെന്റിലെ പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്ന് പുറത്തായി. പൗണ്ടിന്റെ വിനിമയമൂല്യം ഇടിഞ്ഞതും ഓഹരിക്കമ്പോളം തകര്‍ന്നടിഞ്ഞതും ലോകമാകം കുലുങ്ങി വിറച്ചതുമൊന്നും ബ്രെക്‌സിറ്റിനെ അനുകൂലിച്ച സാധാരണക്കാര്‍ക്ക് പ്രശ്‌നമായില്ല.

ഹിതപരിശോധന ബ്രിട്ടനിലെ മലയാളി സമൂഹത്തിലും വ്യത്യസ്ത നിലപാടുകളാണ് ഉളവാക്കിയത്. ഇ.യു വിട്ടാല്‍ ഐ.ടി മേഖലയില്‍ അവസരം കുറയുമെന്നും സാമ്പത്തിക തകര്‍ച്ച ഉണ്ടാകുമെന്നും വിലക്കയറ്റം വരാമെന്നും ഒക്കെ അവര്‍ കണക്കുകൂട്ടി. എന്നാല്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ വരാതായാല്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള കിഴക്കന്‍ രാജ്യങ്ങളിലെ തൊഴിലന്വേഷകര്‍ക്ക് ബ്രിട്ടനില്‍ വരുംനാളുകളില്‍ കൂടുതല്‍ അവസരങ്ങള്‍ തുറന്നുകിട്ടും. നാഷണല്‍ ഹെല്‍ത്ത് സര്‍വ്വീസില്‍ നഴ്‌സിംഗ് ഉള്‍പ്പെടെയുള്ള വിവിധ പണികളില്‍ മലയാളികള്‍ക്ക് എളുപ്പം എത്താം. പക്ഷേ സാമ്പത്തിക നില അവതാളത്തിലായാല്‍ അവസരങ്ങള്‍ ഉണ്ടായിട്ടും കാര്യമില്ലല്ലോ എന്ന് ചിന്തിക്കുന്നവരും കുറവല്ല. യുവദമ്പതികളായ മലയാളികള്‍ ബ്രെക്‌സിറ്റിന്റെ നാനാവശങ്ങള്‍ ഇങ്ങനെ പരസ്പരം ചര്‍ച്ച ചെയ്തുകൊണ്ടാണ് പോളിംഗ് ബൂത്തിലേക്ക് നടന്നത്. അകത്തുകയറി ഭര്‍ത്താവ് ഇ.യുവില്‍ തുടരാനും ഭാര്യ ഇ.യു വിടാനും വോട്ടുചെയ്തു. ഫലത്തില്‍ അവര്‍ വോട്ട് ചെയ്യാതിരുന്നാലെങ്ങനെയോ അതുപോലെയായി.

ബ്രെക്‌സിറ്റിന് ഭൂരിപക്ഷ പിന്തുണയെന്ന ഫലം പുറത്തുവന്ന നിമിഷങ്ങളിലെ കോലാഹലങ്ങള്‍ കണ്ട് അമ്പരന്ന ചിലര്‍ക്ക് മനംമാറ്റമുണ്ടായി. രാവിലെ പ്രധാനമന്ത്രി രാജി പ്രഖ്യാപിക്കുകയും പൗണ്ടിന് വില ഇടിയുകയും ചെയ്‌തെന്ന വാര്‍ത്ത കണ്ട യുവതി: ''ദൈവമേ, ഇനി എന്തൊക്കെയാ വരാന്‍ പോകുന്നത്? ബ്രെക്‌സിറ്റിനെ അനുകൂലിച്ചത് തെറ്റായിപ്പോയി, ഇനി മാറ്റി വോട്ട് ചെയ്യാന്‍ പറ്റുമോ?'' എന്ന് നിലവിളിച്ചു. വീണ്ടുമൊരു ഹിതപരിശോധനയ്ക്ക് അവസരമുണ്ടോ എന്ന ചോദ്യം ഭരണകക്ഷിയില്‍ തന്നെ ഉയര്‍ന്നു. കാരണം സ്‌കോട്ടിഷ് മേഖലയില്‍ ബഹുഭൂരിപക്ഷവും ഇ.യുവിന് അനുകൂലമാണ്. കാലക്രമത്തില്‍ സ്‌കോട്ട്‌ലണ്ട് ബ്രിട്ടനില്‍ നിന്ന് വിട്ടുപോകാന്‍ തീരുമാനിച്ചുകൂടെന്നില്ല. 2014 ല്‍ അതിനായി നടന്ന ജനകീയ ഹിതപരിശോധനയില്‍ നേരിയ ഭൂരിപക്ഷത്തിലാണ് യു.കെ ഇങ്ങനെ നിലനില്‍ക്കുന്നത്. ഇപ്പോഴത്തെ സ്ഥിതിക്ക് സ്‌കോട്ട്‌ലണ്ടില്‍ വീണ്ടുവിചാരം ഉയരാം. എന്നാല്‍ ബ്രെക്‌സിറ്റില്‍ ഇനിയൊരു വോട്ടെടുപ്പില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് ഔദ്യോഗികമായി വെളിപ്പെടുത്തിക്കഴിഞ്ഞു.

രണ്ടാം ലോകമഹായുദ്ധം കഴിഞ്ഞ് വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ സൂറിച്ച് സര്‍വ്വകലാശാലയില്‍ 1946-ല്‍ നടത്തിയ പ്രസംഗത്തിലാണ് യൂറോപ്യന്‍ രാജ്യങ്ങളുടെ ഐക്യം എന്ന ആശയം ആദ്യം പുറത്തുവന്നത്. യു.എസ്.എ പോലെ യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് യൂറോപ്പ് വേണമെന്ന് ചര്‍ച്ചില്‍ പറഞ്ഞു. കൊച്ചുകൊച്ചുനാടുകള്‍ ചേര്‍ന്നൊരു വലിയ രാജ്യം. കോളനികളില്‍ ആധിപത്യം നഷ്ടപ്പെടുന്ന ബ്രിട്ടന്റെ സാമ്രാജ്യത്വ വാസനയായി സോവിയറ്റ് ചേരി അതിനെ കണ്ടിരിക്കാം. കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ കമ്മ്യൂണിസ്റ്റ് ചേരിയിലായപ്പോള്‍ ചര്‍ച്ചിലിന്റെ കിനാവ് ചാരമായി. വ്യവസായ, സാമ്പത്തിക, വാണിജ്യതാല്‍പ്പര്യങ്ങള്‍ മാത്രം നിലനിന്നു. സോവിയേറ്റ് യൂണിയന്‍ തകര്‍ന്നു. ബര്‍ലിന്‍ മതില്‍ വീണു. കിഴക്കന്‍ യൂറോപ്പിലെ കമ്മ്യൂണിസ്റ്റ് ഏകാധിപത്യം കടങ്കഥയായി. യൂറോപ്യന്‍ കോള്‍ ആന്‍ഡ് സ്റ്റീല്‍ കമ്മ്യൂണിറ്റിയും യൂറോപ്യന്‍ എക്കണോമിക്‌സ് കമ്മീഷനും താച്ചര്‍ യുഗത്തിനുശേഷം യൂറോപ്പിന് ഒരു പൊതു പാര്‍ലമെന്റ് എന്ന ആശയത്തെപ്പറ്റി ചര്‍ച്ച ചെയ്തു തുടങ്ങി. 1993-ല്‍ അംഗരാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് യൂറോപ്പില്‍ എവിടെയും സ്വതന്ത്രമായി യാത്ര ചെയ്യാനും താമസിക്കാനും അവസരം ഒരുക്കി. ബ്രിട്ടീഷ് കമ്പനിയായ കാഡ്ബറിയുടെ ചോക്കലേറ്റില്‍ ഹാനികരമായ വസ്തുക്കളുണ്ടെന്ന് 27 വര്‍ഷമായി തുടര്‍ന്നുവന്ന വിവാദം 2000-മാണ്ടില്‍ അവസാനിക്കുകയും യൂറോപ്പിലെങ്ങും അതിന് വിപണി തുറക്കുകയും ചെയ്തു. 2002-ല്‍ യൂറോ കറന്‍സി വിനിമയം തുടങ്ങി. ഗോള്‍ഡന്‍ ബ്രൗണ്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലയറിനെ ശക്തമായി പിന്തിരിപ്പിച്ചതിനാല്‍ യൂറോ ബ്രിട്ടനില്‍ കടന്നുകയറിയില്ല. പൗണ്ട് ആധിപത്യം രാജകീയമായി തുടര്‍ന്നു.

2011-ല്‍ ആസൂത്രണ കാര്യത്തില്‍ പ്രധാനമന്ത്രി കാമറോണ്‍ ബ്രസ്സല്‍സുമായി ഉടക്കി. ജര്‍മ്മനി, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളുടെ സമ്മര്‍ദ്ദവും ബ്രിട്ടീഷ് ജനതയുടെ പ്രതിഷേധവും പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടിയായ യു.കെ.ഐ.പി.യുടെ വര്‍ദ്ധിക്കുന്ന സ്വാധീനവും കാമറോണിനെ ചിന്താകുലനാക്കി. 2015- ല്‍ പൊതുതിരഞ്ഞെടുപ്പ് ജയിക്കാന്‍ എളുപ്പവഴിയില്ല. അറ്റകൈക്ക് ബ്രെക്‌സിറ്റ് ഹിതപരിശോധന നടത്തുമെന്ന് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി വാഗ്ദാനം ചെയ്തു. അത് ഫലം ചെയ്തു. കാമറോണ്‍ ജയിച്ചു വന്ന്‍ വീണ്ടും പ്രധാനമന്ത്രിയായി. ജനങ്ങള്‍ക്കു നല്‍കിയ വാഗ്ദാനം പാലിച്ചപ്പോള്‍ ഭൂരിപക്ഷം പേരും അദ്ദേഹത്തിന്റെ പ്രഖ്യാപിത നിലപാടിന് എതിരുമായി. വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ എഴുപത് വര്‍ഷം മുമ്പ് പ്രോജ്വലിപ്പിച്ച വിശാലയൂറോപ്പ് എന്ന ആശയത്തിന്റെ ജ്വാലകള്‍ ബ്രട്ടീഷ് ജനത ഊതിക്കെടുത്തി കാമറോണിന്റെ കാല്‍ച്ചുവട്ടില്‍ കരിക്കട്ടയാക്കി എറിഞ്ഞുകൊടുത്തു. ഇനിയെന്ത്? ബ്രെക്‌സിറ്റിന് അനുകൂലമായി വോട്ട് ചെയ്ത ഒരു ബ്രിട്ടീഷ് പൗരനും തല്‍ക്കാലം എന്തുചെയ്യണമെന്നറിയില്ല.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories