TopTop
Begin typing your search above and press return to search.

അയ്യോ! പോകല്ലേയെന്ന്, ബ്രിട്ടനോട് യൂറോപ്പ്

അയ്യോ! പോകല്ലേയെന്ന്, ബ്രിട്ടനോട് യൂറോപ്പ്

റിക് നൊവാക്
(വാഷിംഗ്ടണ്‍ പോസ്റ്റ്)

യൂറോപ്യന്‍ യൂണിയനില്‍ തുടരണോ വേണ്ടയോ എന്നു ബ്രിട്ടന്‍ തീരുമാനിക്കുന്ന ദിവസം വന്നതോടെ അവരുടെ മിക്ക അയല്‍രാഷ്ട്രങ്ങളും ആശങ്കയിലാണ്. വാതുവെപ്പുകാരൊക്കെ പറയുന്നത് ബ്രിട്ടീഷുകാര്‍ തത്സ്ഥിതി തുടരാന്‍ തീരുമാനിക്കും എന്നാണെങ്കിലും യൂറോപ്യന്‍ യൂണിയനില്‍ (ഇ യു) തുടരാനുള്ള സമ്മതത്തിന്റെ മുന്‍തൂക്കം നേരിയതായിരിക്കുമെന്നാണ് കണക്കാക്കുന്നത്. ഫലം എതിര്‍ദിശയിലേക്ക് ചായാനും സാധ്യതകള്‍ ഒട്ടും കുറവല്ല എന്നര്‍ത്ഥം.

അനിശ്ചിതത്വത്തിനിടയില്‍ ബ്രിട്ടനിലെ പ്രാചാരണച്ചൂട് യൂറോപ്യന്‍ ഭൂഖണ്ഡത്തിലാകേ വ്യാപിച്ചു.ചൊവ്വാഴ്ച്ച വൈകീട്ട് വാര്‍സ്വായിലെ സാംസ്കാരിക, ശാസ്ത്ര കൊട്ടാരം,‘തുടരാന്‍ വോട്ട് ചെയ്യൂ’ എന്ന എഴുത്തോടെ യൂണിയന്‍ ജാക്കിന്റെ നിറങ്ങളാല്‍ ദീപാലങ്കൃതമായി.

പോളണ്ട് 2015-ല്‍ ഇ യു വിമര്‍ശകരായ ഒരു വലതുപക്ഷ സര്‍ക്കാരിനെയാണ് തെരഞ്ഞെടുത്തത്-പക്ഷേ രാജ്യതലസ്ഥാനം ഇപ്പൊഴും ഇ യു സൌഹൃദം ആഗ്രഹിക്കുന്നവരുടെ കേന്ദ്രമാണ്. ബ്രസല്‍സിനെ സംശയദൃഷ്ടിയോടെ നോക്കുന്ന നഗരങ്ങളില്‍ പോലും ബ്രിട്ടന്‍ പുറത്തുപോകാന്‍ തീരുമാനിച്ചാല്‍ യൂറോപ്യന്‍ യൂണിയനുമായുള്ള ഒത്തുതീര്‍പ്പുചര്‍ച്ചകളില്‍ ശക്തരായ ഒരു നിര്‍ണായക പങ്കാളിയെ തങ്ങള്‍ക്ക് നഷ്ടപ്പെടുമെന്ന് പോളണ്ടുകാര്‍ ഭയക്കുന്നു.

ബ്രിട്ടന്‍ ഇ യൂവില്‍ തുടരുന്നതിനുള്ള ഏറ്റവും ശക്തമായ പിന്തുണ ഒരുപക്ഷേ ജര്‍മ്മനിയില്‍ നിന്നായിരിക്കും. എന്നാല്‍ ബ്രിട്ടന്‍ തുടരുന്നതിനുള്ള ജര്‍മ്മന്‍കാരുടെ താത്പര്യങ്ങള്‍ പോളണ്ടില്‍ നിന്നും ഏറെ വിഭിന്നമാണ്.മറ്റ് അയല്‍രാഷ്ട്രങ്ങളെക്കാള്‍ 28 അംഗ രാഷ്ട്ര സംഘത്തോടുള്ള വിശ്വാസക്കുറവ് ജര്‍മ്മനിയില്‍ താരതമ്യേന കുറവാണ്. ബ്രിട്ടന്‍ ഇ യു വിട്ടാല്‍- ബ്രെക്സിറ്റ് എന്നറിയപ്പെടുന്ന- ഈ പരിപാടി മറ്റ് രാജ്യങ്ങള്‍ക്ക് ഒരു കീഴ്വഴക്കമാകും എന്നും വാണിജ്യ ബന്ധങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും ജര്‍മന്‍കാര്‍ ഭയക്കുന്നു.

കഴിഞ്ഞയാഴ്ച്ച ഒരു സംഘം യുവ സംരഭകര്‍ ബെര്‍ലിനില്‍ നിന്നും ലണ്ടനിലെത്തി തെരുവുകളില്‍ ‘bratwurst’ (ഒരു ജര്‍മന്‍ സോസേജ്) സൌജന്യമായി വിതരണം ചെയ്തു. ഭക്ഷണമോ മദ്യമോ പ്രചാരണത്തിനായി നല്‍കരുതെന്ന ബ്രിട്ടീഷ് നിയമം അവര്‍ക്കറിയില്ലായിരിക്കാം.

‘Brexitനെതിരെ bratwurst’ എന്ന വാചകം ചിലരില്‍ കൌതുകമുണ്ടാക്കിയേക്കാം. എന്നാല്‍ വ്യാഴാഴ്ച്ച നടക്കുന്ന ഹിതപരിശോധനയെ അതൊന്നും സ്വാധീനിക്കാന്‍ ഇടയില്ല.

ഇതേപോലെ ഫ്രഞ്ച് പ്രചാരകര്‍ croissant (ഒരു ഫ്രഞ്ച് പ്രഭാത ഭക്ഷണം) വിതരണം ചെയ്യാനും ശ്രമിച്ചെങ്കിലും പൊലീസ് കര്‍ശനമായ നിയമം കാണിച്ചു തടഞ്ഞു. തുടര്‍ന്നവര്‍ ‘പാരീസില്‍ നിന്നും സ്നേഹത്തോടെ’ എന്ന പോസ്റ്റ്കാര്‍ഡുകള്‍ കൈമാറി.

മാധ്യമങ്ങളും സജീവമായിരുന്നു. ജര്‍മനിയിലെ Der Spiegel മാസിക ഒരു ഭാഗിക ഇംഗ്ലീഷ് പതിപ്പിറക്കി,“ദയവായി പോകരുത്! എന്തുകൊണ്ട് ജര്‍മനിക്ക് ബ്രിട്ടനെ ആവശ്യമുണ്ട്” എന്ന തലക്കെട്ടോടെ.

ഡച്ച് പത്രവും ഇതേ ആവശ്യം പ്രകടിപ്പിച്ചു,“എന്നെ ഇങ്ങനെ വിട്ടുപോകരുത്.”അമേരിക്കന്‍ പ്രസിഡണ്ട് ഒബാമ ബ്രിട്ടന്റെ ഇ യു അംഗത്വത്തെ അനുകൂലിച്ചപ്പോള്‍ പ്രതികരണം സമ്മിശ്രമായിരുന്നു. ചില അഭിപ്രായ സര്‍വേകള്‍ കാണിക്കുന്നത് അത് ബ്രെക്സിറ്റ് പക്ഷത്തെ ശക്തിപ്പെടുത്തി എന്നാണ്.

അതേതുടര്‍ന്ന്, വിട്ടുപോകാതിരിക്കാന്‍ ആവശ്യപ്പെടവേ ബ്രിട്ടീഷുകാരുടെ വികാരങ്ങളെ വ്രണപ്പെടുത്താതിരിക്കാന്‍ യൂറോപ്യന്‍മാര്‍ ശ്രദ്ധിക്കുന്നുണ്ട്.

ഫ്രാന്‍സിലെ ഇടതുപക്ഷ ലിബറേഷന്‍ പത്രം മറ്റൊരു തന്ത്രമാണെടുത്തത്. അത് തമാശ നിറഞ്ഞതും എന്നാല്‍ പ്രകോപനപരവുമായ ഒരു മുഖപ്രസംഗത്തില്‍ ‘യൂറോപ്യന്‍ സ്വപ്നത്തെ രക്ഷിക്കാന്‍’ ബ്രിട്ടനോട് യൂറോപ്യന്‍ യൂണിയന്‍ വിട്ടുപോകാന്‍ ആവശ്യപ്പെട്ടു. അവര്‍ കൂട്ടത്തില്‍ നിന്നാല്‍ ആവശ്യപ്പെടുന്ന ഇളവുകള്‍ ഭൂഖണ്ഡത്തിന്റെ ഏകോപനപ്രക്രിയയെ മന്ദീഭവിപ്പിക്കുമെന്ന് നിരീക്ഷകനായ ഴാന്‍ ക്വാര്‍ടെമേര്‍ പറയുന്നു.

പക്ഷേ ബ്രിട്ടീഷുകാര്‍ക്ക് ലിബറേഷന്റെ യൂറോപ്യന്‍ ഭൂഖണ്ഡ തമാശ മനസിലാകുമോ?


Next Story

Related Stories