പുതുവത്സരാഘോഷങ്ങള്‍ക്കിടയില്‍ ബംഗളൂരുവില്‍ സ്ത്രീകള്‍ക്കെതിരെ നടന്ന അതിക്രമങ്ങള്‍ ഒറ്റപ്പെട്ട സംഭവമല്ലെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് പറഞ്ഞു. സ്ത്രീകള്‍ ലക്ഷണരേഖ താണ്ടരുത് എന്ന പഴയ മാനസികാവസ്ഥയാണ് ഇത്തരം സാഹചര്യങ്ങളില്‍ അവരെ ആക്രമിക്കാന്‍ പുരുഷന്മാര് മറയാക്കുന്നതെന്ന് എന്‍ഡിടിവി.കോമില് എഴുതി ലേഖനത്തില്‍ അവര്‍ ചൂണ്ടിക്കാണിച്ചു. ബാസവണ്ണയെ പോലെയുള്ള സാമൂഹിക പരിഷ്കര്‍ത്താക്കള്‍ വിഭാവനം ചെയ്ത, ലിംഗനീതിയില്‍ അധിഷ്ടിതമായ ജാതിരഹിത സങ്കല്പത്തിനെ തുരങ്കം വയ്ക്കുന്ന നടപടികളാണ് ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നും അവര്‍ പറഞ്ഞു.
സംസ്ഥാന നിയമസഭ ചേരുന്നതിനിടയില്‍ ഒന്നില്‍ കൂടുതല്‍ തവണ നിയമസഭാംഗങ്ങള്‍ നീലച്ചിത്രങ്ങള്‍ കാണുന്ന ദൃശ്യങ്ങള്‍ പുറത്തുവന്ന സംസ്ഥാനമാണ് കര്‍ണാടക. രാമസേനയെ പോലുള്ള തീവ്ര വലതുപക്ഷ സംഘടനകള്‍ ബാറുകളില്‍ പരിശോധന നടത്തുകയും സ്ത്രീകളെ ആക്രമിക്കുകയും ചെയ്ത സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. മിശ്രവിവാഹത്തിനെതിരെ നടന്ന ആക്രമണങ്ങളും പൊതുജന ശ്രദ്ധയെ ആകര്‍ഷിച്ചിട്ടുണ്ട്. നിര്‍ഭാഗ്യവശാല്‍ ഇത്തരം നിയമവിരുദ്ധ നടപടികള്‍ക്കെല്ലാം രാഷ്ട്രീയ പിന്തുണ ലഭിക്കുകയും ചെയ്യുന്നു.
സ്ത്രീകളുടെ രാത്രികള്‍ തിരിച്ചുപിടിക്കുക എന്ന മുദ്രാവാക്യം ഉന്നയിക്കപ്പെട്ടത് പൊതുസ്ഥലങ്ങളില്‍ സ്വതന്ത്രമായി സഞ്ചരിക്കാനുള്ള അവരുടെ അവകാശം സ്ഥാപിച്ചെടുക്കപ്പെടാന് വേണ്ടിയായിരുന്നു. എന്നാല്‍ ബംഗ്ളൂരുവില്‍ സംഭവിച്ചത് പോലെയുള്ള അതിക്രമങ്ങള്‍ രാജ്യത്താകമാനമുള്ള സ്ത്രീകളെ ഭീതിയിലാഴ്ത്തുന്നു. സാംസ്കാരികവും സാമൂഹികവും ആയ ചട്ടങ്ങള്‍ വ്യക്തികളുടെ സ്വഭാവത്തെ വല്ലാതെ സ്വാധീനിക്കുമെന്ന് ലോക ആരോഗ്യ സംഘടനയുടെ ലൈംഗീക അക്രമങ്ങളെ കുറിച്ചുള്ള ഒരു വിശദീകരണത്തില്‍ പറയുന്നു. സാമൂഹിക കെട്ടുപാടുകളും യാഥാസ്ഥിതിക ശക്തികളും ശക്തമായ ഇന്ത്യയിലെ സ്ത്രീകളുടെ വ്യക്തിത്വ വികസനം ഇതിനകം തന്നെ മുരടിച്ച അവസ്ഥയിലാണ്. അതോടൊപ്പം ഇത്തരം പ്രതിലോമ ശക്തികളെ പിന്തുണയ്ക്കാന്‍ രാഷ്ട്രീയ നേതൃത്വവും രംഗത്തെത്തുമ്പോള്‍ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാവുന്നതായി ബൃന്ദ കാരാട്ട് ചൂണ്ടിക്കാണിക്കുന്നു.
സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്നതിന് കാരണം പാശ്ചാത്യ സംസ്കാരത്തെ കൂടുതല്‍ ആശ്ലേഷിക്കുന്നതാണെന്ന് നേരത്തെ ആര്എ്സ്എസ് തലവന്‍ മോഹന്‍ ഭഗത്താണ് പറഞ്ഞതെങ്കില്‍ ബംഗളൂരുവിലെ സംഭവത്തിന്റെ പേരില്‍ അതേ ഭാഷയില്‍ ഇപ്പോള്‍ സംസാരിക്കുന്നത് ഒരു കോണ്‍ഗ്രസ് നേതാവാണ്. ഇത്തരം സാഹചര്യങ്ങളില്‍ നിശബ്ദ കാഴചക്കാരായി നില്ക്കുകയല്ല വേണ്ടതെന്നും സ്്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും അവരുടെ ജീവിതം സുരക്ഷിതമാക്കുന്നതിനുമായി പ്രവര്‍ത്തിക്കുകയാണ് വേണ്ടതെന്നും ലേഖനത്തില്‍ ബൃന്ദ കാരാട്ട് ആവശ്യപ്പെടുന്നു.
പുതുവത്സര രാവില്‍ 1,500ല്‍ ഏറെ പോലീസുകാരെ സാക്ഷിയാക്കിയാണ് ഒരു സംഘം സാമൂഹിക വിരുദ്ധര്‍ ആഘോഷങ്ങളില്‍ പങ്കെടുക്കാനെത്തിയ സ്ത്രീകളെ ബംഗളൂരുവില്‍ ആക്രമിച്ചത്. ലൈംഗീക പീഢനത്തിനും തെറിയഭിഷേകത്തിനും അവര്‍ ഇരയായി. എന്നാല്‍ അവരെ സംരക്ഷിക്കാന്‍ പോലീസ് ശ്രമിച്ചില്ല എന്ന് മാത്രമല്ല, കുറ്റവാളികള്‍ക്കെതിരെ ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണെന്നാണ് ഇക്കാര്യത്തില്‍ പോലീസ് പറയുന്ന ന്യായം. എന്നിട്ടും അക്രമികളെ ന്യായീകരിക്കാനാണ് സംസ്ഥാന ആഭ്യന്തരമന്ത്രി ശ്രമിച്ചത്. പുതുവത്സര, ക്രിസ്തുമസ് ആഘോഷങ്ങള്‍ക്കിടയില്‍ ഇത്തരം ആക്രമണങ്ങള്‍ സാധാരണമാണെന്നായിരുന്നു കര്‍ണാടക ആഭ്യന്തരമന്ത്രി ജി പരമേശ്വരയുടെ പ്രതികരണം. ബംഗളൂരുവിലെ എംജി റോഡിലും ബ്രഗേഡ് റോഡിലുമായിരുന്നു ഡിസംബര്‍ 31ന് രാത്രി കൂട്ട പീഢനം നടന്നത്.