TopTop
Begin typing your search above and press return to search.

ഇത്രയ്ക്ക് അധ:പതിക്കരുത് ഇന്ത്യന്‍ രാഷ്ട്രീയം; മാന്യത തിരിച്ചു പിടിച്ചേ പറ്റൂ

ഇത്രയ്ക്ക് അധ:പതിക്കരുത് ഇന്ത്യന്‍ രാഷ്ട്രീയം; മാന്യത തിരിച്ചു പിടിച്ചേ പറ്റൂ
ചില കാര്യങ്ങള്‍ പതിച്ച് കിട്ടിയത് പോലെയാണ്. ഇന്ത്യയിലായാലും മറ്റേതെങ്കിലും സ്ഥലത്തായാലും ആരോപണങ്ങളാലും മുള്ളുവെച്ച വര്‍ത്തമാനങ്ങളാലും മുഖരിതമായിരിക്കും തിരഞ്ഞെടുപ്പുകള്‍ എല്ലാം. സംവാദങ്ങള്‍ എല്ലായ്പ്പോഴും അതിന്റെ ഔന്നത്യമോ വൈവിദ്ധ്യമോ കാത്തുസൂക്ഷിക്കാറില്ലെങ്കിലും മറികടക്കാന്‍ പാടില്ലാത്ത ചില മര്യാദകള്‍ പാലിക്കപ്പെടേണ്ടതുണ്ട്. നിര്‍ഭാഗ്യവശാല്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഉപയോഗിക്കപ്പെടുന്ന വാക്കുകള്‍ അവരവരുടെ സ്ഥാനത്തിന് ചേര്‍ന്നതല്ല എന്ന് മാത്രമല്ല ഇതെല്ലാം അവരുടെ പാര്‍ട്ടികളില്‍ മോശം സ്വാധീനം ചെലുത്തുകയും ചെയ്യുന്നുണ്ട്.

ഇതിനെല്ലാം ഉപരിയായി, സുപ്രധാന വിഷയങ്ങളെ വാഗ്‌ധോരണികള്‍ മറയ്ക്കുകയും അത് പരസ്പരം ചീത്ത വിളിക്കുന്ന നിലവാരത്തിലേക്ക് താഴുകയും ചെയ്യുന്നു. എല്ലാ പാര്‍ട്ടികളും ഇക്കാര്യത്തില്‍ കുറ്റക്കാരാണ്.

ഗൗരവമായി ചര്‍ച്ച ചെയ്യേണ്ട നിരവധി വിഷയങ്ങള്‍ ഉള്ളപ്പോഴും അതൊക്കെ വിട്ട് വാക്കുകള്‍ കൊണ്ടുള്ള പോരാട്ടത്തിനാണ് രാഷ്ട്രീയ പ്രമുഖര്‍ ശ്രമിക്കുന്നത്. ഭ്രമാത്മകമായ പദസംക്ഷേപങ്ങളുടെ രൂപത്തിലാണ് ഉന്നതങ്ങളില്‍ നിന്നു പോലും എതിരാളികള്‍ക്കെതിരായ വിശേഷണങ്ങള്‍ വരുന്നത്. എതിരാളികള്‍ കാണ്ടാമൃഗമെന്നും നപുംസകമെന്നും വൃത്തികെട്ട വ്യക്തികളെന്നും ഗുഢാലോചനക്കാരെന്നും വിശേഷിപ്പിക്കപ്പെടുന്നു.

നമ്മുടെ രാഷ്ട്രീയക്കാരുടെ ഭാഗത്തു നിന്നുള്ള പക്വതയില്ലായ്മയാണ് ഇത് വെളിവാക്കുന്നത്. കബറിസ്ഥാനോടൊപ്പം ഹിന്ദുക്കളുടെ ശവം സംസ്‌കരിക്കാനുള്ള സ്ഥലവും ഉണ്ടാവേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് സംസാരിക്കുമ്പോള്‍ തന്നെ എതിരാളിയെ സ്ത്രീയോട് ഉപമിക്കുകയും ചെയ്യുന്നു. വോട്ടര്‍മാര്‍ക്ക് ഇതൊക്കെ കൊണ്ട് എന്ത് പ്രയോജനമാണ് ലഭിക്കാന്‍ പോകുന്നത്? ഒന്നുമില്ല.പക്ഷെ ഇത്തരം പ്രയോഗങ്ങള്‍ റാലികളില്‍ വലിയ കൈയടിയും അന്ധരായ അനുയായികളുടെ കുറച്ച് ചിരിയും നേടിക്കൊടുക്കും എന്ന കാര്യത്തില്‍ സംശയമില്ല. രാഷ്ട്രീയക്കാര്‍ പരസ്പരം ആക്ഷേപിക്കുകയും ഇത്തരം വൃത്തികേടുകളിലേക്ക് കൂപ്പുകുത്തുകയും ചെയ്യാത്ത ഒരു ഉദാഹരണം പോലും ചൂണ്ടിക്കാണിക്കാനില്ല. മിടുക്കരാവാനും ടിവി ചാനലുകളിലും സാമൂഹിക മാധ്യമങ്ങളിലും പ്രസരിപ്പിക്കപ്പെടുന്ന പദഘോഷങ്ങളില്‍ ഇടംപിടിക്കുന്നതിന്റെ ഭാഗമായാണ് അധികം പേരും ഇത്തരം പ്രയോഗങ്ങള്‍ നടത്തുന്നത്. നൈമിഷിക ശ്രദ്ധ ലഭിക്കുന്ന ഇക്കാലത്ത് പ്രശ്‌നങ്ങളില്‍ ഊന്നിയുള്ള സംവാദങ്ങളും ചര്‍ച്ചകളും കെട്ടിക്കിടക്കുന്ന വെള്ളം പോലെ സമയം കൊല്ലികളായാണ് വിലയിരുത്തപ്പെടുന്നത്.

വ്യക്തികളെ തെറി വിളിക്കുന്നതിന് അപ്പുറം ആക്ഷേപഹാസ്യവും നിന്ദാസ്തുതികളും ചൊരിഞ്ഞുകൊണ്ട് കൂടുതല്‍ ഫലപ്രദമായി സംവദിക്കാന്‍ കഴിയുമെന്നുള്ള കാര്യം ഭൂരിപക്ഷം രാഷ്ട്രിയ നേതാക്കളും മറന്നുപോകുന്നു. ഒരു പക്ഷെ അതിനുള്ള കഴിവില്ലായ്മയാവാം അവരെ തെറിവിളികളിലേക്ക് തള്ളിവിടുന്നത്.

രാഷ്ട്രീയം ശുദ്ധീകരിക്കുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. പക്ഷെ, അതില്‍ ഉപയോഗിക്കപ്പെടുന്ന വാക്കുകളിലെ ശുദ്ധതയും ഉള്‍പ്പെടുത്തേണ്ടിയിരിക്കുന്നു. ബ്രിട്ടീഷ് പാര്‍ലമെന്റില്‍ നടന്നിട്ടുള്ള പല സംവാദങ്ങളെയും ഇതിന് ഒരു ഉദാഹരണമായി ചൂണ്ടിക്കാണിക്കാവുന്നതാണ്. ശത്രുത മൂര്‍ദ്ധന്യത്തില്‍ നില്‍ക്കുമ്പോള്‍, പരസ്പരം വേദനാജനകമായ രീതിയില്‍ വാഗ്പ്രയോഗങ്ങള്‍ നടത്തേണ്ടി വരുമ്പോഴും വാക്കുകളില്‍ കാണിക്കുന്ന മാന്യതയാണ് ശ്രദ്ധേയം. ആര്‍ക്കും എന്തു പറയാവുന്ന തരത്തിലേക്ക് ഇന്ത്യയിലെ രാഷ്ട്രീയ പരിസരം മാറിയിരിക്കുന്നു.

അതുകൊണ്ടുതന്നെ വ്യക്തിപരമായ അധിക്ഷേപങ്ങള്‍ കൂടാതെ സാമുദായിക സംഘര്‍ഷങ്ങളും ലിംഗബോധത്തെ ബഹുമാനിക്കാത്ത പരാമര്‍ശങ്ങളും ജാതി അധിക്ഷേപ പ്രയോഗങ്ങളും ജനങ്ങള്‍ കാണുകയും കേള്‍ക്കുകയും ചെയ്യേണ്ടി വരുന്നു. ഇതൊന്നും പക്വതയാര്‍ജ്ജിച്ച ഒരു ജനാധിപത്യത്തിന്റെ ലക്ഷണങ്ങളല്ല.

ഹ്രസ്വകാലത്തില്‍ ഇത്തരം കോമാളി പ്രയോഗങ്ങള്‍ക്ക് ജനശ്രദ്ധ കിട്ടിയേക്കമെങ്കിലും മുന്‍ കാലങ്ങളില്‍ ജനനേതാക്കള്‍ തമ്മില്‍ നടന്നിട്ടുള്ള സംവാദങ്ങള്‍ ജനങ്ങള്‍ ഓര്‍ത്തിരിക്കും. പക്ഷെ കാര്യങ്ങള്‍ ഇത്തരത്തില്‍ തരംതാഴാന്‍ പാടില്ലെന്ന് നമുക്ക് ആഗ്രഹിക്കാനെ കഴിയൂ. നിര്‍ഭാഗ്യവശാല്‍ നടന്നുകൊണ്ടിരിക്കുന്ന തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ അതാണ് സംഭവിക്കുന്നതെങ്കിലും.


Next Story

Related Stories