TopTop
Begin typing your search above and press return to search.

ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടുമോ?

ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടുമോ?

ടിം ഹൌടന്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)

ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ തുടരുമോ?

പതിറ്റാണ്ടുകളായി യാഥാസ്ഥിതിക കക്ഷിയിലെ യൂറോവിരുദ്ധര്‍ ഇ യു അംഗത്വത്തെ വിമര്‍ശിക്കുന്നു. വ്യാപാരനിയന്ത്രണവും, പാര്‍ലമെന്റിന്റെ പരമാധിപത്യം ഇല്ലാതാകലും, മറ്റ് ഇ യു അംഗരാജ്യങ്ങളില്‍ നിന്നുള്ള നിയന്ത്രണമില്ലാത്ത കുടിയേറ്റവുമാണ് ഇതിന്റെ പ്രത്യാഘാതമെന്ന് അവര്‍ പരാതിപ്പെടുന്നു. അതുകൊണ്ട് തന്റെ യാഥാസ്ഥിതിക കക്ഷിയെ ഒരുമിപ്പിച്ചു നിര്‍ത്താന്‍ ഒരു ഹിതപരിശോധനക്ക് ശേഷം ബ്രിട്ടന്റെ ഇ യു അംഗത്വം പുനര്‍വിചിന്തനം ചെയ്യാമെന്ന് പ്രധാനമന്ത്രിയെ ഡേവിഡ് കാമറോണ്‍ വാഗ്ദാനം നല്കിയിരിക്കുകയാണ്.

ഇപ്പോഴത്തെ സ്ഥിതിവെച്ചു നോക്കിയാല്‍ ജൂണില്‍ ഇ യു അംഗത്വം തുടരാന്‍ ബ്രിട്ടന്‍ വോട്ടുചെയ്തേക്കാം. തിരക്കിട്ട നയതന്ത്ര ശ്രമങ്ങള്‍ക്കൊടുവില്‍ ഈ മാസം ആദ്യം അംഗത്വം സംബന്ധിച്ചു ബ്രിട്ടനും മറ്റ് 27 ഇ യു അംഗരാഷ്ട്രങ്ങളും തമ്മിലെത്തിയ ധാരണയുടെ രൂപരേഖ കാമറോണ്‍ പ്രഖ്യാപിച്ചിരുന്നു. ഫെബ്രുവരി 17-നും 18-നും നാടാകുന്ന ഇ യു നേതാക്കളുടെ ഉച്ചകോടിയില്‍ കരാറിന് അന്തിമരൂപമാകുമെന്നും വേനല്‍ക്കാലത്തെ ഹിതപരിശോധനക്ക് വഴിതുറക്കുമെന്നും കാമെറോണ്‍ പ്രതീക്ഷിക്കുന്നുണ്ട്.

ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ തുടരുന്ന കാര്യത്തില്‍ 6 ഘടകങ്ങള്‍ നിര്‍ണായകമാകും.

1. ഡേവിഡ് കാമെറോണിന്റെ വിപുലമായ പ്രേരണാതന്ത്രം

കാമെറോണ്‍ ദ്വിതല തന്ത്രമാണ് പയറ്റുന്നത്. ഒന്നു, ധാരണയിലെത്താന്‍ ഇ യു നേതാക്കളെ പ്രേരിപ്പിക്കുന്നു. മിക്കവരും ബ്രിട്ടന്‍ ഇ യുവില്‍ തുടരാന്‍ താത്പര്യപ്പെടുന്നവരാണ്. എങ്കിലും ചില ആവശ്യങ്ങളെ, പ്രത്യേകിച്ചും യു കെയില്‍ ജോലിചെയ്യുന്ന ഇ യു പൌരന്‍മാര്‍ക്കുള്ള ആനുകൂല്യങ്ങള്‍ നിയന്ത്രിക്കുന്ന പദ്ധതിയെ, മറ്റ് ചില ഇ യു നേതാക്കള്‍ എതിര്‍ക്കുന്നുണ്ട്.

ഒരു ധാരണയെ പിന്തുണക്കുന്നതിന് ബ്രിട്ടന്റെ അംഗത്വവുമായി ബന്ധപ്പെട്ടതല്ലാത്ത ചില ആനുകൂല്യങ്ങള്‍, തങ്ങളുടെ രാജ്യത്തെ രാഷ്ട്രീയ ശക്തികള്‍ക്കൊ സമ്മര്‍ദ സംഘങ്ങള്‍ക്കൊ സ്വീകാര്യമായവ വാങ്ങിയെടുക്കാന്‍ ഒന്നോ രണ്ടോ രാജ്യങ്ങള്‍ ശ്രമിച്ചേക്കാം.ചിലപ്പോള്‍ അത് സംഗതികളെ അടുത്തൊരു ഇ യു ഉച്ചകോടിവരെ നീട്ടിയേക്കാം. ചിലപ്പോള്‍ ധാരണയെത്തന്നെ തകിടം മറിച്ചേക്കാം.

രണ്ടാമത്തെ തലത്തില്‍ ധാരണയില്‍ ഒപ്പുവെച്ചാല്‍ കാമറോണിന് ബ്രിട്ടണിലെ സമ്മതിദായകരെ ബോധ്യപ്പെടുത്തേണ്ടിവരും. ബാക്കി അംഗരാജ്യങ്ങള്‍ വേണ്ടത്ര വിട്ടുവീഴ്ച്ച ചെയ്തില്ലെങ്കില്‍ അയാള്‍ കരാറില്‍ ഒപ്പുവെച്ചേക്കില്ലെന്നും സൂചനയുണ്ട്. ഇതെല്ലാം ബ്രിട്ടീഷ് വോട്ടര്‍മാരെ, അവസാനനിമിഷം വരെ താന്‍ പരമാവധി നേടിയെടുക്കാന്‍ ശ്രമിച്ചു എന്നു ബോധ്യപ്പെടുത്താനാണ്. പൊരുതി നേടിയ വിജയം എന്ന തിരക്കഥയ്ക്കാണ് ശ്രമം.2. യാഥാസ്ഥിതിക കക്ഷിയുടെ ഐക്യം

ഹിതപരിശോധനയുടെ ലക്ഷ്യം ബ്രിട്ടീഷുകാര്‍ക്ക് ഇ യു അംഗത്വത്തെക്കുറിച്ച് അഭിപ്രായം പറയാനും ദേശീയതാത്ര്യം സംരക്ഷിക്കാനുമാണെന്ന് പരസ്യമായി കാമറോണ്‍ പറയുന്നു. പക്ഷേ 2013-ല്‍ ഹിതപരിശോധനയുടെ വാഗ്ദാനം നല്കുമ്പോള്‍ യൂറോപ്പിനെ സംബന്ധിച്ച യാഥാസ്ഥിതിക കക്ഷിയുടെ ആഭ്യന്തര ഭിന്നതകള്‍ 2015 മെയിലെ തെരഞ്ഞെടുപ്പിനെ ബാധിക്കില്ല എന്നുറപ്പുവരുത്തലായിരുന്നു ലക്ഷ്യം.

യാഥാസ്ഥിതിക കക്ഷിയിലെ നിരവധി എം പിമാര്‍ ഇ യു വിടാന്‍ പ്രചാരണം നടത്തും. പക്ഷേ വിട്ടുപോവല്‍ പ്രചാരണത്തിന് ഒരു താരപ്രചാരകനെ വേണം. നിയമ സെക്രട്ടറി മിഷേല്‍ ഗോവ്, ആഭ്യന്തര സെക്രട്ടറി തെരെസ മെയ്, ലണ്ടന്‍ മേയര്‍ ബോറിസ് ജോണ്സണ്‍ എന്നിവരൊക്കെ ഇതിനൊപ്പം ചേരും.

കാമറോണ്‍ ഒഴിയുമ്പോള്‍ പ്രധാനമന്ത്രിയാകാനുള്ള സാധ്യതകള്‍ കൂട്ടാനാണ് ഇവരിത് ചെയ്യുന്നത്. യൂറോ വിരുദ്ധ അണികള്‍ക്കിടയില്‍ ഇത് പ്രതിച്ഛായ കൂട്ടിക്കൊടുക്കും.

3. ഹിതപരിശോധന കാമറോണിനും സര്‍ക്കാരിനും മേലോ?

ഹിതപരിശോധന സര്‍ക്കാരിന്റെ മേലുള്ള വിധിയെഴുത്താക്കി ജനങ്ങള്‍ മാറ്റാനും സാധ്യതയുണ്ട്. യൂറോപ്പിലെ ഇ യു ഹിതപരിശോധനകളുടെ പൊതുരീതി അതാണ്. ധാരണയിലെത്താനുള്ള മുഖ്യശ്രമം നടത്തുന്നത് കാമറോണ്‍ ആയതിനാല്‍ ഇത് അയാളുടെ പ്രകടനത്തിന്റെ വിലയിരുത്തലുമാകും.

ഇ യുവില്‍ തുടരുന്നതിനെ ശക്തമായി അനുകൂലിക്കുകയാണ് മുഖ്യപ്രതിപക്ഷമായ ലേബര്‍ കക്ഷി. പക്ഷേ ലേബറിന്റെ വോട്ടര്‍മാര്‍ കാമറോണ്‍ ധാരണയെ അനുകൂലിക്കാന്‍ വിമുഖത കാണിച്ചേക്കും.

ഇത്തവണത്തെ കാലാവധി കഴിഞ്ഞാല്‍ താന്‍ സ്ഥാനമൊഴിയുമെന്ന് കാമറോണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഹിതപരിശോധനയിലെ തോല്‍വി അത് നേരെത്തെയാക്കിയേക്കും. ഇതറിയാകുന്ന പാര്‍ടിയിലെ എതിരാളികള്‍ ആ നീക്കം വേഗത്തിലാക്കാന്‍ എതിര്‍വോട്ട് ചെയ്യാനും സാധ്യതയുണ്ട്.

4. പൊതുജനാഭിപ്രായം മാറിമറിയാം

കരടുധാരണക്കെതിരായ മാധ്യമവിമര്‍ശത്തിന്റെ വെളിച്ചത്തില്‍ ഇ യു വിട്ടുപോകാനാണ് പൊതുജനാഭിപ്രായം രൂപപ്പെടുന്നത്.

പക്ഷേ ഇതും മാറിമറിയാം. പ്രചാരണം കൊഴുക്കുകയും ഇ യു വിട്ടാലുള്ള ഭവിഷ്യത്തുകളെക്കുറിച്ച് മിതവാദികളും വ്യാപാരപ്രമുഖരും മുന്നറിയിപ്പ് നല്കുകയും ചെയ്യുന്നത് ഫലത്തെ ബാധിക്കും.

ഇ യുവിലെ ഏറ്റവും വലിയ ഇ യു വിരുദ്ധരാണ് ബ്രിട്ടീഷ് സമ്മതിദായകര്‍. എന്നാല്‍ ചിലരൊഴികെ കൂടുതല്‍പേരും അത്ര കടുംപിടുത്തക്കാരല്ല. അതുകൊണ്ടുതന്നെ വലിയ ആവേശക്കാരല്ലാത്ത സമ്മതിദായകരെ ഹിതപരിശോധനാദിവസം എത്തിക്കുന്നതിനെ ആശ്രയിച്ചിരിക്കും പലതും.5. 'പരിപാടികള്‍, നിറയെ പരിപാടികള്‍'

താങ്കള്‍ നേരിടുന്ന വലിയ വെല്ലുവിളി എന്താണെന്ന് ചോദിച്ചപ്പോള്‍ ഒരു മുന്‍ യാഥാസ്ഥിതിക കക്ഷി പ്രധാനമന്ത്രി ഹാരോള്‍ഡ് മാക്മില്ലന്‍ പറഞ്ഞത്, “events, dear boy, events” എന്നാണ്.

ഏത് സംഭവവും പൊതുജനാഭിപ്രായത്തെ സ്വാധീനിക്കാം. യൂറോപ്പിലേക്ക് കുടിയേറ്റക്കാരുടെ വലിയ തള്ളിച്ച, ഭീകരാക്രമണം, ആഗോള സമ്പത് മാന്ദ്യം, യൂറോ മേഖല പ്രതിസന്ധി മൂര്‍ച്ഛിക്കുക, എന്തിന് ഹിതപരിശോധന ദിനത്തിലെ മോശം കാലാവസ്ഥ പോലും. ഇതിലെന്തും നിര്‍ണായകമാകാം.

ജൂണ്‍ 23-നാണ് ഹിതപരിശോധനയെങ്കില്‍ യൂറോപ്യന്‍ പന്തുകളി മത്സരത്തില്‍ ഇംഗ്ലണ്ടിന്റെ പ്രകടനം വരെ ഇ യുവിലെ ബ്രിട്ടന്റെ അംഗത്വത്തെ നിശ്ചയിക്കാം എന്നു സസക്സ് സര്‍വകലാശാലയിലെ ഡാന്‍ ഹൂ പറയുന്നു. അതിനു മൂന്നുദിവസം മുമ്പ് സ്ലോവാക്യൌമായി അവര്‍ക്കൊരു നിര്‍ണായക കളിയുണ്ട്. ഇംഗ്ലണ്ട് തോറ്റ് വീട്ടിലേക്ക് മടങ്ങിയാല്‍ ബ്രിട്ടന്‍ ഇ യുവില്‍ നിന്നും പുറത്തുപോന്നേക്കാം.

6. ഹിതപരിശോധനയുടെ സമയം

ഹിതപരിശോധന സമയം വളരെ നിര്‍ണായകമാണ്. എത്രയും വേഗം നടത്താനാണ് കാമറോണിന് താത്പര്യം. പാര്‍ടിയിലെ പ്രശ്നങ്ങള്‍ തീര്‍ത്തുകൊണ്ട് മറ്റ് വിഷയങ്ങളിലേക്ക് ശ്രദ്ധ നല്കാന്‍ അയാള്‍ ആഗ്രഹിക്കുന്നു. ഹിതപരിശോധന വൈകുന്തോറും യൂറോവിരുദ്ധരുടെ വിമര്‍ശനവുമേറും. ചില അവിചാരിത സംഭവങ്ങള്‍ പ്രചാരണത്തെയും തകിടം മറിച്ചേക്കാം.

ജൂണില്‍ ഹിതപരിശോധന നടത്തുന്നത് മെയില്‍ നടക്കുന്ന സ്കോട്ടിഷ് പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന് സ്കോട്ടിഷ് ഫസ്റ്റ് മിനിസ്റ്റര്‍ നിക്കോള സ്റ്റാര്ജ്യൊന്‍ പറഞ്ഞുകഴിഞ്ഞു. സ്കോട്ടിഷ് തെരഞ്ഞെടുപ്പിന് യു കെ വേണ്ടത്ര പ്രാധാന്യം നല്‍കുന്നില്ലെന്ന പരാതിയും.

അതൊരു തന്ത്രപരമായ നീക്കമാണ്. സ്കോട്ടുകള്‍ ഇ യുവില്‍ നില്‍ക്കാനാണ് വോട്ടുചെയ്യുക. ബാക്കി യു കെ ഭാഗങ്ങള്‍ വിട്ടുപോകാന്‍ വോട്ടുചെയ്താല്‍ ലണ്ടന്‍ സ്കോട്ട്ലണ്ടിനെ കാര്യമായെടുക്കുന്നില്ലെന്ന് പരാതി പറയാം. എന്നിട്ട് ദേശീയവാദികള്‍ വിജയിക്കാന്‍ സാധ്യതയുള്ള സ്കോട്ട്ലണ്ട് സ്വാതന്ത്ര്യത്തിനുള്ള മറ്റൊരു ഹിതപരിശോധനയ്ക്കായി ആവശ്യപ്പെടാം.

2015-ലെ പൊതുതെരഞ്ഞെടുപ്പില്‍ വിജയിക്കാനുള്ള കാമറോണിന്റെ ഒരു ചൂതാട്ടം കൂടിയാണ് ഈ ഹിതപരിശോധന. തന്റെ ഭാവിയും ഇ യുവിലെ ബ്രിട്ടന്റെ ഭാവിയും ഹിതപരിശോധന ഫലത്തില്‍ ചൂതാടുകയാണ് കാമറോണ്‍. ഹിതപരിശോധനാഫലം ഇ യുവില്‍ നിന്നുമുള്ള ബ്രിട്ടന്റെ വിട്ടുപോക്കിനും, യാഥാസ്ഥിതിക കക്ഷിയുടെ പിളര്‍പ്പിനും, യു കെയുടെ തന്നെ വിഘടനത്തിനും വഴിതെളിച്ചേക്കാം. വലിയ തീരുമാനങ്ങളാണ് വരാന്‍ പോകുന്നത്.


Next Story

Related Stories