Top

രണ്ടാം ലോക മഹായുദ്ധം ആരംഭിച്ച വിവരം ലോകത്തെ ആദ്യമായി അറിയിച്ച ക്ലയര്‍ ഹോളിങ്‌വര്‍ത്ത് അന്തരിച്ചു

രണ്ടാം ലോക മഹായുദ്ധം ആരംഭിച്ച വിവരം ലോകത്തെ ആദ്യമായി അറിയിച്ച ക്ലയര്‍ ഹോളിങ്‌വര്‍ത്ത് അന്തരിച്ചു
മാധ്യമരംഗത്തെ ആ പൂര്‍വസൂരി കൂടി വിടവാങ്ങി. യുദ്ധ റിപ്പോര്‍ട്ടിംഗിന്റെ കുലപതി എന്ന് വിശേഷിപ്പിക്കാവുന്ന ബ്രിട്ടീഷ് മാധ്യമ പ്രവര്‍ത്തക ക്ലയര്‍ ഹോളിംഗ്‌വര്‍ത്ത് 105-ാം വയസില്‍ അന്തരിച്ചു. രണ്ടാം ലോക മഹായുദ്ധം പൊട്ടിപ്പുറപ്പെട്ടതായി ആദ്യം ലോകത്തെ അറിയച്ച മാധ്യമ പ്രവര്‍ത്തക കഴിഞ്ഞ ദിവസം ഹോങ്കോംഗിലാണ് അന്തരിച്ചത്. കുടുംബ സുഹൃത്തായ കാത്തി ഹില്‍ബോണാണ് മരണ വിവരം സ്ഥിതീകരിച്ചത്. കഴിഞ്ഞ 30 വര്‍ഷമായി ക്ലയര്‍ ഹോളിംഗ്വര്‍ത്ത് ഹോങ്കോംഗിലാണ് ജീവിക്കുന്നത്.

രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന ക്ലയര്‍, 1939ല്‍ ഡെയ്‌ലി ടെലിഗ്രാഫ് പത്രത്തില്‍ ചേര്‍ന്ന് ഒരാഴ്ചയ്ക്കുള്ളിലാണ് ജര്‍മ്മന്‍ ടാങ്കുകള്‍ ആക്രമണാര്‍ത്ഥം പോളണ്ട് അതിര്‍ത്തിയില്‍ തമ്പടിച്ച വിവരം അവര്‍ ലോകത്തെ അറിയിച്ചത്. യുദ്ധത്തിന് തൊട്ടുമുമ്പ് തന്റെ ഓസ്ട്രിയന്‍ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് അഭയാര്‍ത്ഥികളായ നിരവധി ജൂതരെ രക്ഷിക്കുന്നതില്‍ വ്യാപൃതയായിരുന്നു അക്കാലത്ത് ഒരു രാഷ്ട്രീയ പ്രവര്‍ത്തകയായിരുന്ന 27കാരി ക്ലയര്‍. ജൂത അഭയാര്‍ത്ഥികള്‍ക്ക് ഭക്ഷണവും പണവും യുകെയിലേക്കുള്ള വിസകളും അവര്‍ സംഘടിപ്പിച്ചു നല്‍കി. ആയിരക്കണക്കിന് അഭയാര്‍ത്ഥികളാണ് ക്ലയറിന്റെ ഇടപെടലിലൂടെ രക്ഷപ്പെട്ടത്. എന്നാല്‍ ഇങ്ങനെ രക്ഷപ്പെട്ടവരില്‍ ചാരന്മാരും ഉള്‍പ്പെടാമെന്ന ബ്രിട്ടീഷ് സര്‍ക്കാരിന്റെ സംശയത്തെ തുടര്‍ന്ന് സര്‍ക്കാര്‍ ഇടപെട്ട് 1939ല്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുകയായിരുന്നു. കിഴക്കന്‍ യൂറോപ്പില്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ കണ്ടറിഞ്ഞാണ് 1939 ഓഗസ്റ്റില്‍ അവരെ ഡെയിലി ടെലിഗ്രാഫ് എഡിറ്റര്‍ ആര്‍തര്‍ വില്‍സണ്‍ തന്റെ പത്രത്തിലേക്ക് ക്ഷണിക്കുന്നത്.

രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം അവര്‍ വിയറ്റ്‌നാം യുദ്ധം റിപ്പോര്‍ട്ട് ചെയ്തു. അള്‍ജീരിയ, മധ്യ ഏഷ്യ എന്നിവടങ്ങളില്‍ നടന്ന യുദ്ധങ്ങളും ഇന്തോ-പാക് സംഘര്‍ഷവും അവരുടെ വാക്കുകളിലൂടെ ലോകം അറിഞ്ഞു. ചൈനയുടെ സാംസ്‌കാരിക വിപ്ലവം റിപ്പോര്‍ട്ട് ചെയ്ത അപൂര്‍വം പാശ്ചാത്യ മാധ്യമ പ്രവര്‍ത്തകരില്‍ ഒരാളാണ് അവര്‍. എന്നാല്‍ രണ്ടാം ലോക മഹായുദ്ധം ആരംഭിക്കുന്നതിനെ കുറിച്ചുള്ള റിപ്പോര്‍ട്ടിന്റെ പേരിലാണ് അവര്‍ എക്കാലവും ഓര്‍ക്കപ്പെടുക. 'പോളണ്ട് അതിര്‍ത്തിയില്‍ 1,000 ടാങ്കുകള്‍ തമ്പടിച്ചിരിക്കുന്നു; മിന്നല്‍ ആക്രമണത്തിന് തയ്യാറാണെന്ന് 10 ഡിവിഷനുകള്‍ അറിയിച്ചു; ഞങ്ങളുടെ സ്വന്തം പ്രതിനിധി' എന്നായിരുന്ന 1939 ഓഗസ്റ്റ് 29ന് ഇറങ്ങിയ ടെയ്‌ലി ടെലിഗ്രാഫിന്റെ തലക്കെട്ട്.

Next Story

Related Stories