TopTop
Begin typing your search above and press return to search.

പ്രധാനമന്ത്രി കൊല്ലപ്പെട്ടാല്‍ ബ്രിട്ടന്‍റെ ആണവ തിരിച്ചടി എങ്ങനെയായിരിക്കണം?

പ്രധാനമന്ത്രി കൊല്ലപ്പെട്ടാല്‍ ബ്രിട്ടന്‍റെ ആണവ തിരിച്ചടി എങ്ങനെയായിരിക്കണം?

ആഡം ടെയിലര്‍
(വാഷിങ്ണ്‍ പോസ്റ്റ്)

ബ്രിട്ടീഷ് രാഷ്ട്രീയത്തിലെ പ്രക്ഷുബ്ധമായ ഏതാനും ആഴ്ചകളുടെ അവസാനം തെരേസ മേയ് ബ്രിട്ടന്‍റെ പ്രധാനമന്ത്രിയായി ബുധനാഴ്ച സ്ഥാനമേറ്റു.

ആചാരങ്ങളും ആഡംബരവും നിറഞ്ഞ ദിവസമായിരുന്നു അത്. അവരുടെ മുന്‍ഗാമിയായ ഡേവിഡ് കാമറൂണ്‍ ബക്കിങ്ഹാം കൊട്ടാരത്തിലെത്തി എലിസബത്ത് രാജ്ഞിയെ കണ്ട് തന്‍റെ രാജി അറിയിക്കുകയും പിന്‍ഗാമിയായി മേയിനെ പ്രഖ്യാപിക്കുകയും ചെയ്തു. അതിനു ശേഷം രാജ്ഞി മേയുമായി കൊട്ടാരത്തില്‍ കൂടിക്കാഴ്ച നടത്തി ഗവണ്‍മെന്‍റ് രൂപീകരിക്കാനാകുമോ എന്നന്വേഷിച്ചു. ശേഷം ഔദ്യോഗികമായി അതിനാവശ്യപ്പെട്ടു. 90 വയസ്സുള്ള രാജ്ഞിയെ 'air kiss' (സ്പര്‍ശിക്കാതെ ചുംബിക്കുന്ന രീതി) ചെയ്യുന്ന ബ്രിട്ടന്‍റെ പതിമൂന്നാമത് പ്രധാനമന്ത്രിയാവും മേയ്.

ഇത്തരം കൌതുകകരമായ ദൃശ്യങ്ങള്‍ക്കൊപ്പം അതീവ ഗൌരവമുള്ള പ്രവര്‍ത്തനങ്ങളും മേയിനെ സംബന്ധിച്ച് ബാക്കിയുണ്ട്. പ്രവര്‍ത്തനനിരതമായ ഒരു ഗവണ്‍മെന്‍റ് രൂപീകരിച്ച് യൂറോപ്യന്‍ യൂണിയനില്‍ നിന്നു ക്രമേണയുള്ള ബ്രിട്ടന്‍റെ പുറത്തുപോക്ക് കൈകാര്യം ചെയ്യണം. അതോടൊപ്പം ഭാവിയില്‍ ബ്രിട്ടനു നേരെ വിനാശകരമായ ഒരു ന്യൂക്ലിയര്‍ ആക്രമണമുണ്ടായാല്‍ ഉപയോഗിക്കാനായി "Letter of Last Resort (അവസാന ആശ്രയമെന്ന നിലയിലുള്ള കത്ത്)" ഉടനെ തയ്യാറാക്കേണ്ടതായുണ്ട്.

പട്രോളിങ് ചെയ്യുന്ന ട്രൈഡന്‍റ് മിസൈല്‍ സബ്മറൈനുകളുടെ കമാന്‍ഡര്‍മാര്‍ക്കായി കൈ കൊണ്ടെഴുതി തയ്യാറാക്കുന്ന കത്താണിത്. ലോകത്തിന്‍റെ പകുതിയോളം ഭാഗത്തെ ബാധിക്കുംവിധമുള്ള അണുവിസ്ഫോടനം നടത്താന്‍ ശേഷിയുള്ള 'ന്യൂക്ലിയര്‍ ആംഡ് ഇന്‍റര്‍കോണ്ടിനെന്‍റല്‍ ബാലിസ്റ്റിക് മിസൈലുകള്‍' വഹിക്കുന്ന നാലു സബ്മറൈനുകളാണിവ. 1998 മുതല്‍ ബ്രിട്ടന്‍റെ പ്രവര്‍ത്തനക്ഷമമായ ആണവായുധങ്ങള്‍ ഇവ മാത്രമാണ്. ആപത്ഘട്ടത്തില്‍ ആയുധങ്ങള്‍ ഉപയോഗിക്കാന്‍ തയ്യാറായി ഏതു സമയത്തും ഇവയില്‍ ഒരെണ്ണമെങ്കിലും രഹസ്യ സങ്കേതത്തില്‍ നിന്ന് പട്രോളിങ് നടത്തുന്നു.

തത്വത്തില്‍ ബ്രിട്ടന്‍റെ പ്രധാനമന്ത്രിക്കോ രണ്ടാമതായി നിയുക്തനാക്കപ്പെട്ട വ്യക്തിക്കോ (പ്രധാനമന്ത്രിയാണ് പരസ്യമായി വെളിപ്പെടുത്താതെ ഈ വ്യക്തിയെ തിരഞ്ഞെടുക്കുക) മാത്രമേ അങ്ങനെയൊരു ആക്രമണത്തിന് ഉത്തരവിടാന്‍ സാധിക്കൂ. ഇവര്‍ രണ്ടു പേരും ജീവനോടെയില്ലാത്ത, അല്ലെങ്കില്‍ ഇവരുമായി ആശയവിനിമയം നടത്താനാവാത്ത അവസ്ഥ ഉണ്ടായാല്‍ വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കാനാണ് "Letter of Last Resort" എഴുതപ്പെടുന്നത്. ബ്രിട്ടനിലെ ഗവണ്‍മെന്‍റ് തുടച്ചു നീക്കപ്പെട്ടാല്‍ മാത്രം ഉപയോഗിക്കാനായി ഓരോ സബ്മറൈനിലെയും സേഫില്‍ ഈ കത്ത് സൂക്ഷിക്കുന്നു.വിവിധ സന്ദര്‍ഭങ്ങളില്‍ കൈക്കൊള്ളേണ്ട നടപടികള്‍ക്ക് പല മാര്‍ഗ്ഗങ്ങളാണ് ഈ കത്തില്‍ വിവരിക്കുന്നത്. അതില്‍ "തിരിച്ചടിക്കുക", "യു‌എസ് അപ്പോഴും നിലവിലുണ്ടെങ്കില്‍ അവരുടെ നിയന്ത്രണത്തിന് കീഴടങ്ങുക" മുതലായവയും ഉണ്ടെന്നാണ് 'ദി ഗാര്‍ഡിയന്‍' റിപ്പോര്‍ട്ട് ചെയ്യുന്നത്. സത്യത്തില്‍ വളരെ കുറച്ചു പേര്‍ക്ക് മാത്രമേ ഈ കത്തിന്‍റെ ഉള്ളടക്കം അറിയാവൂ. ഇതുവരെ ഒരിക്കല്‍ പോലും ഇവ തുറക്കേണ്ട അവസ്ഥ ഉണ്ടായിട്ടില്ല. കത്തെഴുതിയ പ്രധാനമന്ത്രി ആ സ്ഥാനത്തു നിന്ന് മാറുന്നതോടെ നിലവിലുള്ളത് നശിപ്പിച്ച് ആ സ്ഥാനത്ത് പുതിയ പ്രധാനമന്ത്രി എഴുതിയ കുറിപ്പ് വയ്ക്കുന്നു.

ഈ നോട്ട് എങ്ങനെ എഴുതണമെന്ന് രണ്ട് പ്രധാനമന്ത്രിമാരെ ബ്രീഫ് ചെയ്തിട്ടുള്ള മുന്‍ കാബിനറ്റ് സെക്രട്ടറി റോബിന്‍ ബട്ലര്‍ 2010ല്‍ ബി‌ബി‌സിയോട് ഇത് എത്രമാത്രം രഹസ്യമാണെന്ന് പറയുകയുണ്ടായി: "ഇവ അത്യന്തം രഹസ്യ സ്വഭാവമുള്ള കുറിപ്പുകളാണ്. ഒരു ന്യൂക്ലിയര്‍ ഡിറ്ററന്‍റ് ഉപയോഗിക്കുന്നു എന്നതിന്‍റെ അര്‍ത്ഥം നിങ്ങളെ ആക്രമിച്ചാല്‍ എന്തുണ്ടാകുമെന്ന് ശത്രുവിനറിയില്ല എന്നാണ്. അതുകൊണ്ട് ആ ഉത്തരവിടുന്ന ആള്‍ക്ക്, അതായത് പ്രധാനമന്ത്രിക്കല്ലാതെ മറ്റാര്‍ക്കും ഇവയുടെ ഉള്ളടക്കം അറിയാത്ത വിധമുള്ള രഹസ്യമാണിവ."

മേയ് സ്ഥാനമേറ്റ് ഉടനെ തന്നെ ഈ കത്ത് എഴുതേണ്ടി വരുമെന്നാണ് അറിയുന്നത്. പ്രതിരോധ വിഭാഗത്തിന്‍റെ തലവന്‍ അവരുമായി കൂടിക്കാഴ്ച നടത്തി അത്തരം ഒരു ആണവാക്രമണത്തിന്‍റെ പ്രത്യാഘാതങ്ങളും അതു കൊണ്ടുണ്ടാകുന്ന നാശവും വിശദമാക്കും. പുതിയ പ്രധാനമന്ത്രിയെ സംബന്ധിച്ച് അതൊരു വെല്ലുവിളി നിറഞ്ഞ നിമിഷമാണ്. അസാധാരണവും വളരെ വ്യക്തിപരവുമായ, കൈ കൊണ്ടെഴുതുന്ന കുറിപ്പാകും മേയ് തയ്യാറാക്കുക. അതില്‍ താനും മറ്റനേകം ബ്രിട്ടീഷുകാരും കൊല്ലപ്പെട്ടു കഴിഞ്ഞു എന്ന അനുമാനത്തോടൊപ്പം തന്‍റെ നിര്‍ദ്ദേശപ്രകാരം ദശലക്ഷക്കണക്കിനാളുകള്‍ കൊല്ലപ്പെട്ടേക്കാം എന്ന സാധ്യതയുമുണ്ടാകും.

മുന്‍ ഡിഫന്‍സ് ചീഫ് ചാള്‍സ് ഗോത്രീ 2008ല്‍ ഡെയിലി മെയിലിനോട് സംസാരിക്കുമ്പോള്‍ പറഞ്ഞത് ആ തീരുമാനം കുറിക്കേണ്ട സമയമായപ്പോള്‍ ടോണി ബ്ലെയര്‍ 'പരിപൂര്‍ണ്ണ നിശബ്ദനായി' എന്നാണ്. "സത്യസന്ധമായി പറഞ്ഞാല്‍, മിക്ക മുന്‍ പ്രധാനമന്ത്രിമാരെയും പോലെ അദ്ദേഹവും ഇതിന്‍റെ പ്രാധാന്യത്തെപ്പറ്റി അധികം ചിന്തിച്ചിട്ടുണ്ടാകില്ല. ഭയാവഹമായ ഒരു ചുമതലയാണത്. സാഹചര്യങ്ങള്‍ ആവശ്യപ്പെട്ടാല്‍ തനിക്ക് വളരെ വലിയ തോതിലുള്ള നാശം വരുത്തി വയ്ക്കാന്‍ സാധിയ്ക്കും എന്നു മനസിലാവുന്ന സന്ദര്‍ഭം."


Next Story

Related Stories