Top

മകന്റെ ജീവനുവേണ്ടി അമ്മ; ഈ വനിതാ ദിനത്തില്‍ ഞങ്ങളുമുണ്ട് അവര്‍ക്കൊപ്പം

മകന്റെ ജീവനുവേണ്ടി അമ്മ; ഈ വനിതാ ദിനത്തില്‍ ഞങ്ങളുമുണ്ട് അവര്‍ക്കൊപ്പം
നീതിക്കുവേണ്ടി ഒന്നര വര്‍ഷമായി സമരം ചെയ്യുകയും കഴിഞ്ഞ 36 ദിവസമായി നിരാഹാരം കിടക്കുകയും ചെയ്യുന്ന യുവാവിന്റെ അമ്മയ്‌ക്കൊപ്പം വനിതാ ദിനത്തില്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ സമരവുമായി മാധ്യമപ്രവര്‍ത്തകയും നടിയുമായ മാല പാര്‍വതിയും. തന്റെ സഹോദരന്റെ മരണത്തിന് നീതി ലഭിക്കുന്നതിനായി ശ്രീജിത്ത് എന്ന യുവാവ് നടത്തുന്ന 400-ഓളം ദിവസങ്ങള്‍ പിന്നിട്ട സത്യാഗ്രഹത്തെക്കുറിച്ചും അഞ്ചാഴ്ചയിലേറെയായി തുടരുന്ന നിരാഹാരത്തെ കുറിച്ചും അമ്മയെ കുറിച്ചും അഴിമുഖത്തില്‍ വന്ന വാര്‍ത്ത വായിച്ചതിനെ തുടര്‍ന്നാണ് പാര്‍വതി തന്റെ വനിതാ ദിനം ഈ അമ്മയ്ക്കും മകനുമൊപ്പം പങ്കിടാന്‍ തീരുമാനിച്ചത്.


Read: മുഖ്യമന്ത്രീ, ഈ അമ്മ കരഞ്ഞുപറയുകയാണ്, ഒരു മകനെ കൂടി അവര്‍ക്ക് നഷ്ടപ്പെടരുത്

ഇതിനെക്കുറിച്ച് തന്റെ ഫെയ്‌സബുക്ക് പേജില്‍ പാര്‍വതി ഇന്നലെ കുറിച്ചത്- 'ഈ അമ്മയുടെ കണ്ണീര് കണ്ടില്ലെന്ന് നടിക്കാനൊക്കുമോ? രമണിക്കും കുടുംബത്തിനും നീതി കിട്ടണം. അവരുടെ ഈ ദുരിതത്തിന് കാരണക്കാരായവര്‍ ശിക്ഷിക്കപ്പെടണം. ഈ അമ്മയ്ക്കും മകനുമൊപ്പമാകും എന്റെ വനിതാ ദിനം' എന്നാണ്.

പാര്‍വതിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്

'സഹോദരന്‍ പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ നീതി ആവശ്യപ്പെട്ട് ഒന്നര വര്‍ഷമായി സെക്രട്ടറിയേറ്റ് പടിക്കല്‍ സമരം ചെയ്യുന്ന ശ്രീജിത്തിന്റെ നിരാഹാരം 35-ആം ദിവസം കടന്നിരിക്കുകയാണ്. അന്യായമായി പോലീസ് കസ്റ്റഡിയില്‍ എടുക്കുകയും അവിടെവച്ച് ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെടുകയും ചെയ്ത നെയ്യാറ്റിന്‍കര സ്വദേശി ശ്രീജീവിന്റെ ജ്യേഷ്ഠന്‍ ശ്രീജിത്താണ് അനിയന്റെ മരണത്തിനുത്തരവാദികളായ പോലീസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയേറ്റ് പടിക്കല്‍ നിരാഹാരം തുടരുന്നത്.


Read: ഒരു മകനെ കൊന്നു; ഒരാളെ അപകടത്തില്‍പ്പെടുത്തി; ഇളയവന്‍ നീതിക്കായി മരണം കാത്ത് സെക്രട്ടറിയേറ്റ് പടിക്കല്‍

വനിതാ ദിനത്തില്‍ ഒട്ടേറെ പൊതു പരിപാടികളിലേക്ക് ക്ഷണം ഉണ്ടായിരുന്നെങ്കിലും മുന്‍കൂട്ടി തീരുമാനിച്ച ഒരു യാത്ര കാരണം അതെല്ലാം ഒഴിവാക്കിയിരുന്നു. അതിനിടെയാണ് അഴിമുഖത്തിലെ വാര്‍ത്ത വായിച്ചത്. ജേഷ്ഠന്റെ കൊലപാതകത്തില്‍ നീതി കിട്ടണമെന്ന് ആവശ്യപ്പെട്ട് 36 ദിവസമായി സെക്രട്ടേറിയറ്റ് പടിക്കല്‍ നിരാഹാര സമരം നടത്തുന്ന ശ്രീജിത്തിനെപ്പറ്റിയുള്ള വാര്‍ത്ത - അതിനുമപ്പുറം ഒരു മകന്‍ മരിക്കുകയും ഒരു മകന്‍ രോഗിയാകുകയും മറ്റൊരു മകന്‍ നീതിക്കായി മരണം കാത്ത് കിടക്കുകയും ചെയ്യുമ്പോള്‍ നിസ്സഹായയായി കഴിയുന്ന രമണിയുടെ വാര്‍ത്ത.


2014 മെയ് 21-ന് പാറശാല പോലീസിന്റെ കസ്റ്റഡിയിലിരിക്കെയാണ് ശ്രീജീവ് മരിച്ചത്. 21 വയസേ ഉണ്ടായിരുന്നുള്ളൂ. മോഷണം ആരോപിച്ചാണ് ശ്രീജീവിനെ കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയില്‍ വെച്ച് വിഷം കഴിച്ച് മരിച്ചെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ ശ്രീജീവിന്റെ ശരീരത്തില്‍ ഇടിച്ചു ചതച്ച പാടുകളും വൃഷണങ്ങള്‍ പഴുത്ത് നീര് വന്ന നിലയിലും ആയിരുന്നുവെന്ന് ജസ്റ്റിസ് നാരായണ കുറുപ്പ് അധ്യക്ഷനായ പോലീസ് കംപ്ലെയിന്റ് അതോറിറ്റി കണ്ടെത്തിയിട്ടുണ്ട്. ശ്രീജീവ് വിഷം കഴിച്ചെന്ന പോലീസ് വാദം തെറ്റാണെന്നും കണ്ടത്തി. ശ്രീജീവിനെ മര്‍ദിച്ച പോലീസ് ഉദ്യോഗസ്ഥരുടെ പേരടക്കം പരാമര്‍ശിച്ച്, അന്വേഷണം നടത്തി നടപടിയെടുക്കണമെന്ന് ഉത്തരവിലുണ്ട്. ശ്രീജീവിന്റെ അമ്മക്കും സഹോദരനും 10 ലക്ഷം രൂപ നഷ്ട പരിഹാരം നല്‍കണമെന്നതടക്കമുള്ള ഈ ഉത്തരവ് ചൂണ്ടിക്കാട്ടി ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ DGP ക്ക് നിര്‍ദേശം നല്‍കി.


Read: അധികൃതര്‍ അറിയണം, 400 ദിവസമായി ഈ യുവാവ് സെക്രട്ടറിയേറ്റിന് മുന്നിലുണ്ട്

ഇത്രയൊക്കെയായിട്ടും യാതൊരു നടപടിയും പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായില്ല. ശ്രീജിത്ത് സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം തുടങ്ങിയ ശേഷം രമണിയുടെ മറ്റൊരു മകനായ ശ്രീജുവിനെ ആരോ ടിപ്പറിടിച്ച് തെറിപ്പിച്ചു. ആ മകനും കാലിന് സ്വാധീനമില്ലാതെ കഴിയുകയാണ്. കല്യാണം കഴിഞ്ഞ ഒരു മകള്‍ കൂടിയുണ്ട് രമണിക്ക്. ഈ അമ്മയുടെ കണ്ണീര് കണ്ടില്ലെന്ന് നടിക്കാനൊക്കുമോ? രമണിക്കും കുടുംബത്തിനും നീതി കിട്ടണം. അവരുടെ ഈ ദുരിതത്തിന് കാരണക്കാരായവര്‍ ശിക്ഷിക്കപ്പെടണം. യാത്ര വേണ്ടെന്ന് വെച്ച്, ഈ അമ്മയ്ക്കും മകനുമൊപ്പമാകും എന്റെ വനിതാ ദിനം. 36 ദിവസത്തെ നിരാഹാരമുള്‍പ്പെടെ 417 ദിവസമായി സമരം നടത്തുന്ന ശ്രീജിത്തിനും, രമണിക്കുമൊപ്പം നാളെ സെക്രട്ടേറിയറ്റ് പടിക്കലുണ്ടാകും. വിഷയത്തില്‍ പൊതു സമൂഹത്തിന്റെയും സര്‍ക്കാരിന്റെയും ശ്രദ്ധ കിട്ടാന്‍, നീതിക്കായി... ഒരു ശ്രമം.'

Next Story

Related Stories