TopTop
Begin typing your search above and press return to search.

അധികൃതര്‍ അറിയണം, 400 ദിവസമായി ഈ യുവാവ് സെക്രട്ടറിയേറ്റിന് മുന്നിലുണ്ട്; പ്രതിക്കൂട്ടില്‍ പോലീസും

അധികൃതര്‍ അറിയണം, 400 ദിവസമായി ഈ യുവാവ് സെക്രട്ടറിയേറ്റിന് മുന്നിലുണ്ട്; പ്രതിക്കൂട്ടില്‍ പോലീസും

സഹോദരന്റെ ദുരൂഹ മരണത്തില്‍ നീതി ആവശ്യപ്പെട്ട് ഒന്നര വര്‍ഷമായി സെക്രട്ടറിയേറ്റിന്റെ പടിക്കല്‍ സത്യാഗ്രഹമിരുന്ന യുവാവിന്റെ നിരാഹാരം 34-ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. അന്യായമായി പോലീസ് കസ്റ്റഡിയില്‍ എടുക്കുകയും അവിടെവച്ച് ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെടുകയും ചെയ്ത നെയ്യാറ്റിന്‍കര സ്വദേശി ശ്രീജീവിന്റെ ജ്യേഷ്ഠന്‍ ശ്രീജിത്താണ് അനിയന്റെ മരണത്തിനുത്തരവാദികളായ പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയേറ്‌റ് പടിക്കല്‍ സമരം തുടരുന്നത്.

തന്റെ സമരത്തിന് 400 ദിവസം പിന്നിട്ടിട്ടും നീതി ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ 34 ദിവസമായി ശ്രീജിത്ത് നിരാഹാരത്തിലാണ്. വെള്ളം മാത്രം അല്‍പം കുടിച്ച് ജീവന്‍ നിലനിര്‍ത്തുന്ന ശ്രീജിത്തിന്റെ ആരോഗ്യം വഷളായികൊണ്ടിരിക്കുകയാണ്. ഇതിനെ തുടര്‍ന്ന് ഒരു നടപടിയും എടുക്കാത്ത അധികൃതര്‍ക്കെതിരെ സാമൂഹിക മാധ്യമങ്ങളില്‍ എതിര്‍പ്പുയര്‍ന്നു വരുന്നുണ്ട്. ശ്രീജിത്തിനെ കുറിച്ച് ഗീതാ തോട്ടം എഴുതിയ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപിക്കുകയാണ്. എത്രയും പെട്ടെന്ന് വേണ്ട നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ശ്രീജിത്തിന്റെ ജീവന്‍ തന്നെ നഷ്ടപ്പെടാമെന്നാണ് അവര്‍ പറയുന്നത്.

ഗീതാ തോട്ടത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്-

ലൈക്കിനും കമന്റിനും വേണ്ടിയല്ല.

ഇരുപത്തൊന്‍പതു വയസ്സുകാരന്‍ ഒരു പയ്യന്‍. എന്റെ അപ്പുവിനേക്കാള്‍ എട്ട് വയസ്സേ കൂടുതലുളളൂ അവന്. അവന്റെ അടുക്കല്‍ ഇന്ന് സന്ധ്യയ്ക്ക് മുട്ടുകുത്തിയിരുന്ന് സംസാരിക്കുമ്പോള്‍ പൊടിപിടിച്ചു ചെമ്പിച്ച മുടിയിഴകളില്‍ തലോടാന്‍ കൈ തരിച്ചതാണ്. അവന്‍ സെക്രട്ടറിയേറ്റിന്റെ പുറത്ത് 417 ദിവസമായി സമരത്തിലാണ്. കോണ്‍ക്രീറ്റ് സ്ലാബിനു മേല്‍ കുറെ പഴംകടലാസുകള്‍ വിരിച്ച്. അവന്റെ മുമ്പില്‍ മുട്ടുകുത്തിയിരുന്ന നിമിഷങ്ങളായിരുന്നു എന്റെ പിന്നിട്ട 47 വര്‍ഷങ്ങളിലെ ഏറ്റവും ആത്മാര്‍ഥമായ പ്രാര്‍ഥന അവന്റെ കണ്ണുകളിലെ നിശ്ചയദാര്‍ഢ്യത്തിന്റെ പ്രകാശം എന്നെ ഭയപ്പെടുത്തി - ആര്‍ത്തലച്ചു വന്ന കരച്ചില്‍ ചങ്കില്‍ കെട്ടി നിന്നത് അതിനെ നേരിടാനാവാതെയാണ്.

ഒന്നേകാല്‍ വര്‍ഷം മുന്‍പ് പൊലീസ് കസ്റ്റഡിയില്‍ നടന്ന ഒരു ദുരൂഹ മരണത്തെപ്പറ്റി ആയിടെ പത്രത്തില്‍ വായിച്ചത് എത്ര പെട്ടെന്നാണ് മറവിയുടെ എല്ലാ മാറാലകളെയും ചീന്തിയെറിഞ്ഞ് ഓര്‍മ്മയുടെ വെളിച്ചത്തില്‍ നിറഞ്ഞു വന്നത്. അടിവസ്ത്രത്തില്‍ വിഷം ഒളിപ്പിച്ചു വച്ച് ലോക്കപ്പില്‍ വച്ച് അത് കഴിച്ച് ആത്മഹത്യ ചെയ്തു എന്ന് പൊലീസ് വരുത്തിത്തീര്‍ത്ത ആ കസ്റ്റഡി മരണം പക്ഷെ വാദിപക്ഷക്കാരുടെ നിസ്സാരതയൊന്നു കൊണ്ടു മാത്രം ഗൗനിക്കപ്പെടാതെ പോയി.

പൊലീസ് ലോക്കപ്പില്‍ ഒരു കൊതുകു ചാകുമായിരുന്നെങ്കില്‍ കിട്ടുമായിരുന്ന ശ്രദ്ധ പോലും ശ്രീജീവിന്റെ മരണത്തിനു കിട്ടിയില്ല. അവന്‍ കേവലം നിസ്വനായ ഒരു കൂലിപ്പണിക്കാരനായിരുന്നു. അവന്റെ പിന്നില്‍ അണിനിരക്കാന്‍ കൊടിയേന്തിയ നേതാക്കളോ സമുദായക്കാരോ ഒരു തരത്തിലുമുള്ള ആക്ടിവിസ്റ്റുകളോ ഉണ്ടായിരുന്നില്ല. വിധവയായ, ഇപ്പോഴും കാര്യങ്ങള്‍ നേരെ ചൊവ്വേ അറിയാത്ത ഒരമ്മയും തന്റെ അനിയനെ സ്വന്തം പ്രാണനേക്കാള്‍ സ്‌നേഹിച്ച ഒരു ഏട്ടനും മാത്രമേ അവന്റെ ഓര്‍മ്മകളില്‍ ജീവിക്കാനും അവയ്ക്കു വേണ്ടി പ്രാണന്‍ നഷ്ടപ്പെടുത്താനും ഉണ്ടായിരുന്നുള്ളൂ. പ്രാണനേക്കാള്‍ നിന്നെ സ്‌നേഹിക്കുന്നു എന്ന് ഇനി ലോകത്തില്‍ ആരോടും പറയാന്‍ അര്‍ഹതയില്ലെന്ന തിരിച്ചറിവ് ശ്രീജിത്ത് എന്ന 29 കാരന്റെ രൂപത്തില്‍ എന്റെ കാഴ്ചയിലേക്കും കേള്‍വിയിലേയ്ക്കും തറഞ്ഞു കയറി. (അതിനോളം വലിയ കളവ് എന്തുണ്ടാകും!)

കഴിഞ്ഞ 417 ദിവസങ്ങളായി ഒറ്റയ്ക്കു സമരം ചെയ്യുകയാണവന്‍. ഇപ്പോള്‍ 34 ദിവസങ്ങളായി നിരാഹാരത്തിലും വെള്ളം മാത്രം കുടിയ്ക്കുന്നുണ്ടെന്ന് മന്ത്രിക്കുന്ന സ്വരത്തില്‍ എന്നോടു പറഞ്ഞു. കിടക്കുകയായിരുന്നില്ല കിടന്നു പോവുകയായിരുന്നു അവന്‍. ആ ഫുട്പാത്തില്‍ പത്ത് മിനിട്ടു നേരമേ ഞാന്‍ അവന്റെയൊപ്പം ചെലവഴിച്ചുള്ളൂ. മുട്ടുകുത്തിയിരുന്ന് കുനിഞ്ഞ് അവനെ കേട്ടപ്പോള്‍ കരഞ്ഞു പോകുമായിരുന്നത് ഞാനാണ്. തന്റെ പൊന്നോമനയായ അനുജനെ, ജീവന്‍ പുല്ലാണെനിക്ക് നിന്നോടുള്ള സ്‌നേഹത്തിന്റെ മുന്നില്‍ എന്ന് വെല്ലുവിളിക്കാന്‍ അവനെ പ്രേരിപ്പിച്ചത് അത്യുദാത്തമായ ഏത് മാനസിക ഭാവമായിരിക്കാം ?

2016 ജൂണ്‍ 26 ന് കേരള ശബ്ദത്തില്‍ ആ ലോക്കപ്പു മരണത്തെക്കുറിച്ച് ഒട്ടൊക്കെ വിശദമായ വാര്‍ത്ത കൊടുത്തിരുന്നു. ഒരു പൊലീസ് സബ് ഇന്‍സ്‌പെക്ടറുടെ ബന്ധുവിന്റെ മകളുമായി ആഴമേറിയ പ്രണയത്തില്‍ പെട്ടു പോയിരുന്നു ശ്രീജീവ് എന്ന യുവാവ്. മറ്റൊരു വിവാഹം നിശ്ചയിച്ച പെണ്‍കുട്ടി പ്രണയാധിക്യം മൂലം അവന്റെ കൂടെ ഒളിച്ചോടുകയോ മറ്റോ ചെയ്യാതിരിക്കാന്‍ വീട്ടുകാര്‍ കണ്ട ഉപായമണ് ശ്രീജീവിനെ ഒരു മോഷണക്കേസില്‍ കുടുക്കി അകത്താക്കുക എന്നത്. ഒരു വര്‍ഷത്തിനു മുന്‍പ് നടന്ന ഒരു മോഷണക്കേസില്‍ പെടുത്തി നടത്തിയ അറസ്റ്റ് അന്നേ പ്രതിഷേധത്തിനു കാരണമായിരുന്നു. മാത്രമല്ല വിഷം കഴിച്ചു മരിച്ചു എന്ന പ്രസ്താവന വിശ്വാസ്യതയില്ലാത്തതായിരുന്നു. ദേഹമാസകലം മര്‍ദ്ദനം ഏറ്റ പാടും വീര്‍ത്തു വിങ്ങിയ വൃഷണങ്ങളുമായാണ് അനിയന്റെ മൃതദേഹം കുടുംബക്കാര്‍ക്ക് ലഭിക്കുന്നത്. (കേരള ശബ്ദത്തില്‍ വന്ന വാര്‍ത്തയുടെ സാരം)

തന്റെ അനുജന്റെ കസ്റ്റഡി മരണം സി.ബിഐയെക്കൊണ്ട് അന്വേഷിപ്പിക്കാനും പ്രതികളെ കണ്ടെത്തി ശിക്ഷിക്കാനും ആയി ജ്യേഷ്ഠന്‍ തനിക്ക് ആകെയുള്ള സ്വത്ത് - സ്വന്തം ജീവന്‍ - പണയപ്പെടുത്തി സമരത്തില്‍ തുടരുകയാണ്.

ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് 10 ലക്ഷം രൂപ അനുവദിച്ചെന്ന ഒരു വാര്‍ത്ത ഇറങ്ങിയതല്ലാതെ തുക അവര്‍ക്ക് ലഭിച്ചിട്ടില്ല. ഇനി അത് ലഭിച്ചുവെങ്കില്‍ത്തന്നെ തന്റെ അനുജന് 10 ലക്ഷം രൂപ വിലയിടാന്‍ അവനെ അത്രമേല്‍ സ്‌നേഹിച്ചിരുന്ന ആ സഹോദരന് കഴിയില്ലായിരിക്കാം. 10 ലക്ഷം എന്നത് ഇപ്പോള്‍ സ്വീകാര്യമായ ഒരു തുകയാണെന്ന് വരുത്തിത്തീര്‍ക്കുന്നുണ്ടോ ആരെങ്കിലുമൊക്കെ? പെണ്‍കുട്ടിയുടെ ഗര്‍ഭത്തിന് ഉടമസ്ഥത ഏറ്റ പിതാവിനും കിട്ടിയത് പത്തുലക്ഷമല്ലേ?

മനുഷ്യ ജീവന്റെ വിലനിശ്ചയിക്കാന്‍ ആര്‍ക്കാണ് അവകാശം! തെരുവുതെണ്ടിയായ ഒരാളുടെ ജീവന് എത്ര വിലയിടും? ശതകോടീശ്വരന്റെ ജീവനോ? എന്താണ് ജീവന്റെ വില നിശ്ചയിക്കുന്നതിന്റെ അളവുകോല്‍? തന്റെ പ്രിയപ്പെട്ട അനുജനു വേണ്ടി പട്ടിണി മരണം വരിക്കുന്ന ആ സഹോദരന്റെ സ്‌നേഹത്തിന് വില നിശ്ചയിക്കാന്‍ ആര്‍ക്കാണ് അര്‍ഹത ?

തലസ്ഥാന നഗരിയില്‍ ഭരണസിരാ കേന്ദ്രത്തിന്റെ മതില്‍ക്കെട്ടിനു പുറത്ത് ഒരാഴ്ച, ഏറിയാല്‍ 10 ദിവസത്തിനകം ശ്രീജിത്ത് പട്ടിണി കിടന്ന് ചത്തേക്കാം. ഒരു തെരുവുനായ ചാകുന്നതു പോലെ. അവന്റെ അനുജനെ കൊലപ്പെടുത്തിയ പൊലീസുകാര്‍ മാത്രമാണോ അതിനുത്തരവാദി? അതിനെ തിരിഞ്ഞു നോക്കാതെ ജീവിതം ആഘോഷിക്കുന്ന നമ്മുടെ റോളെന്താണ് ഇതില്‍? എവിടെപ്പോയി മനുഷ്യാവകാശ പ്രവര്‍ത്തകരും സാമൂഹ്യ നീതി വകുപ്പുകാരും?

കുറ്റബോധം കൊണ്ട് കൂനിപ്പോകുന്നുണ്ട് ഞാന്‍. ഈ ഫേസ് ബുക്ക് പോസ്റ്റ് ഒരദ്ഭുതവും കൊണ്ടു വരില്ല എന്നറിയാം. പക്ഷെ കുറച്ചെങ്കിലും ഉറങ്ങണമെങ്കില്‍ ഇത്രയും എഴുതാതെ വയ്യ. പ്രതിസ്ഥാനത്ത് പൊലീസ് ആണെന്ന ഒറ്റക്കാരണത്താല്‍ ഈ സമരം പരാജയപ്പെടും എന്നുറപ്പാണ്. താരപരിവേഷം ഇല്ലാത്തതിനാല്‍ മാധ്യമങ്ങള്‍ ഏറ്റെടുക്കില്ല എന്നും. ആര്‍ക്കെങ്കിലും എന്തെങ്കിലും ചെയ്യാന്‍ കഴിയുമോ?


Next Story

Related Stories