TopTop
Begin typing your search above and press return to search.

ദൈവത്തിന്റെ സ്വന്തം നാട്ടില്‍ പെരുകുന്ന ചെകുത്താന്മാര്‍

ദൈവത്തിന്റെ സ്വന്തം നാട്ടില്‍ പെരുകുന്ന ചെകുത്താന്മാര്‍

ദൈവത്തിന്റെ സ്വന്തം നാട് എന്ന് പറഞ്ഞു നാം അഹങ്കരിക്കാറുണ്ട്. പക്ഷെ ആ സ്വര്‍ഗത്തില്‍ വാഴുന്ന ചെകുത്താന്മാരുടെ എണ്ണം അനുദിനം കൂടിവരികയാണെന്ന് ഏതു വാര്‍ത്താമാധ്യമങ്ങളും പരിശോധിച്ചാല്‍ മനസ്സിലാകും.

മലയാളിയുടെ കുടുംബ ബന്ധങ്ങള്‍ വാനോളം ഉയര്‍ന്ന ഒരു കാലഘട്ടം നമുക്ക് പിന്നിലുണ്ട്. യാതൊരു ഭിന്നതയുമില്ലാതെ കൂട്ടുകുടുംബങ്ങള്‍ നമ്മുടെ നാട്ടില്‍ സ്വര്‍ഗം തീര്‍ത്തിട്ടുണ്ട്. ആധുനികതയുടെയും, വിദ്യാഭ്യാസത്തിന്റെയും പേരില്‍ നാം അണുകുടുംബങ്ങളിലേക്ക് ചുരുങ്ങിപ്പോയപ്പോള്‍ നേട്ടങ്ങളെക്കാലേറെ കോട്ടങ്ങളേ നമുക്ക് ബാക്കിയുള്ളു.

മാതാ പിതാ ഗുരു ദൈവം എന്ന മന്ത്രം ഉരുവിട്ട് പഠിച്ച നാം ഗുരുക്കളെ എന്നോ ത്യജിച്ചിരുന്നു. ഇന്ന് വിദ്യാഭ്യാസം വലിയ സാധ്യതയുള്ള പലവിധ കച്ചവടങ്ങളില്‍ ഒന്ന് മാത്രമാണ്. അറിവും കഴിവുമല്ല ഗുരുക്കന്മാര്‍ക്ക് വേണ്ടുന്ന യോഗ്യത. എല്ലാത്തിലും ആനുകൂല്യങ്ങളും സംവരണങ്ങങ്ങളുമുളള നമ്മുടെ നാട്ടില്‍ യോഗ്യതക്കും സംവരണവും ഇളവും നല്കിയിരിക്കുന്നു. മാത്രമല്ല വിദ്യ അഭ്യസിപ്പിക്കുന്നവനെ ശിഷ്യന്റെ മുന്‍പില്‍ വെച്ചു വെട്ടിക്കൊന്നാലും അതിലെ അനീതി തിരിച്ചറിയാന്‍ നമ്മുടെ അന്ധയായ നീതി ദേവിക്കാവില്ല.

നമ്മുടെ നാട്ടില്‍ ഇതുവരെ നടന്നിട്ടുള്ള എല്ലാ യുദ്ധത്തിലെക്കാളേറെ ആള്‍ക്കാര്‍ ഓരോ വര്‍ഷവും റോഡപകടങ്ങളില്‍ മരിക്കുന്നു, പ്രകൃതി ക്ഷോഭവും, പകര്‍ച്ച വ്യാധികളും കൊണ്ടുപോകുന്ന ജീവനുകള്‍ ചില്ലറയല്ല. നമുക്കുറപ്പില്ല നാളത്തെ പ്രഭാതം കാണാന്‍ നാം ജീവിച്ചിരിക്കുമോ ഇല്ലയോ എന്ന്. അങ്ങനെയുള്ള നാം നമുക്ക് ജന്മം തന്നവരെ വീട്ടില്‍ നിന്ന് പുറത്താക്കുകയും, അവരുടെ അവസാന അത്താണിയായ കിടപ്പാടങ്ങള്‍ സ്വന്തമാക്കുകയും ചെയ്യുന്നു. എന്തിനേറെ സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍ മക്കളാല്‍ കൊല ചെയ്യപ്പെട്ട മാതാപിതാക്കള്‍ ഏറെയാണ്.

ഓരോ അനിഷ്ട സംഭവം കേള്‍ക്കുമ്പോഴും നാം കരുതും ഇതിലും വലിയ ക്രൂരത ഒന്നും തന്നെയുണ്ടാവില്ലാ എന്ന്. മാതൃഹത്യയും പിതൃഹത്യയും കേട്ട് മടുത്ത നമ്മള്‍ കഴിഞ്ഞ വര്‍ഷം സംസ്ഥാന തലസ്ഥാനത്ത് സ്വന്തം കാമുകന് വേണ്ടി മകളെയും, അമ്മായി അമ്മയെയും ഭര്‍ത്താവിനേയും കൊല്ലാന്‍ തയ്യാറായ അനുവിനെ പേടിയോടെ ഓര്‍ത്തു.

ഭീകരവാദികള്‍ കുട്ടികളെക്കൊണ്ടുപോലും കൊലപാതകം ചെയ്യിക്കുന്നത് കണ്ടു തലയില്‍ കൈവെച്ചു കരഞ്ഞ നാം നമ്മുടെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ചെയ്ത കൊലപാതകത്തിനും സാക്ഷിയായി. കഴിഞ്ഞവര്‍ഷം കൊല ചെയ്യപ്പെട്ട അഭിലാഷ് എന്ന15 വയസ്സുകാരന്റെ കാലന്മാര്‍ അവന്റെ തന്നെ ക്ലാസ്സിലെ സുഹൃത്തുക്കള്‍ ആയിരുന്നു.കുട്ടിത്തം വിട്ടു മാറാത്ത കാഞ്ഞങ്ങാട്ടെ ഫഹദിന്റെ നിഷ്ഠൂര കൊലപാതകം കേരള മനസാക്ഷിയെ ഒരിക്കല്‍ കൂടി നടുക്കി. സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍ സഹോദരന്റെ കുഞ്ഞിനെ കത്തി മുനയില്‍ തീര്‍ത്ത മനുഷ്യമൃഗത്തെപ്പറ്റി ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് വായിച്ചതോര്‍ക്കുന്നു. ഇപ്പോഴിതാ വീണ്ടും, കാസര്‍കോട് രാമപുരത്ത് മൂന്നു വയസ്സുകാരനെ അച്ഛന്‍ കഴുത്തു ഞെരിച്ചു കൊന്നിരിക്കുന്നു. ആവര്‍ത്തന വിരസത നഷ്ടപ്പെടുന്നതുകൊണ്ടാണോ എന്നറിയില്ല ഈ വാര്‍ത്ത വളരെ ചെറിയ ഒരു കോളത്തിലാണ് വന്നത്.

പശ്ചിമ ബംഗാളിലെ ഭാരതി മണ്ടാല്‍ എന്ന രണ്ടുവയസ്സുകാരി കുഞ്ഞോമനയ്ക്ക് സഹിക്കേണ്ടി വന്നത് ലോകത്ത് ഇനി ആര്‍ക്കും കേള്‍ക്കാന്‍ പോലും ഇടയാകാതിരിക്കട്ടെ. മദ്യലഹരിയിലായിരുന്ന അമ്മ കുഞ്ഞിനെ പച്ചക്ക് തിന്നാന്‍ തുടങ്ങി. തലതന്നെമുറിച്ചു. ബന്ധുക്കളുടെ സമയോചിത ഇടപെടല്‍ ഈ പൈശാചികത അതിന്റെ പാരമ്യത്തില്‍ എത്തുന്നതില്‍ നിന്നു തടഞ്ഞു. ആശുപത്രിയില്‍ സുഖം പ്രാപിച്ചു വരുന്ന ആ കുഞ്ഞിനെ സ്‌നേഹത്തിന്റെ പര്യായം അമ്മയാണെന്ന് പറഞ്ഞു മനസ്സിലാക്കാന്‍ പറ്റുമോ?

എന്താണിതിന്റെയെല്ലാം അര്‍ത്ഥം? നമുക്കൊന്നും ചെയ്യാനാകില്ലേ ഈപൈശാചികതയ്‌ക്കെതിരെ. ആദ്യമാദ്യം പ്രധാന തലക്കെട്ടുകളായും ചര്‍ച്ചകളായും മാറുന്ന ഈ വാര്‍ത്തകള്‍ പിന്നീട് അകംപുറങ്ങളിലെ കോളങ്ങളില്‍ മാത്രം ഒതുങ്ങേണ്ടാതാണോ ഇത്തരം ക്രൂരകൃത്യങ്ങള്‍? അതോ കൃത്യം നടന്നാല്‍ മാത്രമേ ഇടപെടാനാകൂ എന്ന പൊലീസ് നയമാണോ ഇവിടെ അഭിലഷണീയം?

ഏതിലും എന്തിലും സ്വന്തംകാര്യം എന്ന നമ്മുടെ നിലപാട് വളരെ അപകടകരമാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ മനുഷ്യമനസാക്ഷിയെ മരവിപ്പിക്കുന്ന കാര്യങ്ങള്‍ കലാകാരന്റെ വൈകൃതം നിറഞ്ഞ സൃഷിയായിരുന്നെങ്കില്‍ ഇന്ന് ഏതൊരു ഭീകര കലാരചനയെയും കവച്ചുവെക്കുന്ന ദുഷ്ടത നമ്മുടെ സമൂഹങ്ങളില്‍ നടമാടുന്നു. ഞാന്‍ സുരക്ഷിതനാണ് എന്ന് പറഞ്ഞു സമൂഹത്തിലെ ഇത്തരം കുടിലതകളില്‍ നിന്നു പുറംതിരിഞ്ഞോടുന്ന നാം ഒന്ന് മനസ്സിലാക്കണം. പണ്ടിത് കഥകളിലുംമറ്റും മാത്രമെ നാം കേട്ടിരുന്നുള്ളൂ. ഇപ്പോഴിതാ ഈൗഭീകരസത്വത്തിന്റെ കൈകള്‍ നമ്മുടെ അയല്‍പക്കത്തും എത്തിയിരിക്കുന്നു. പ്രാര്‍ഥനകളും, നാമജപങ്ങളും മാത്രം മതിയാവില്ല അതിനെ കീഴടക്കാന്‍, നമ്മുടെആത്മാര്‍ത്ഥമായ പ്രവര്‍ത്തനങ്ങളും വേണ്ടിവരും.കാലത്തിനനുസരിച്ച് ഏറിവരുന്ന ആവശ്യങ്ങള്‍ അവനെ വല്ലാത്തൊരു മാത്സര്യത്തിന്റെ വക്കിലാണെത്തിച്ചിരിക്കുന്നത്. എത്തിപ്പിടിക്കാന്‍ കഴിയാത്ത ആഗ്രഹങ്ങള്‍ അവനെ കുറുക്കുവഴികളിലേക്കും, കപടമാര്‍ഗത്തിലേക്കും നയിക്കുന്നു. മദ്യവും, മയക്കുമരുന്നുകളും മുന്‍പിലേക്ക് നീട്ടുന്ന നൈമിഷിക സുഖങ്ങളില്‍ ജീവിക്കാന്‍ അവന്‍ എന്തും ചെയ്യാന്‍ തയ്യാറാകുന്നു. തകര്‍ന്ന വിവാഹജീവിതത്തിന്റെയും, കുത്തഴിഞ്ഞ ജീവിതശൈലിയുടേയും ബാക്കിപത്രങ്ങളാകുന്ന വ്യക്തികള്‍ക്ക് അവര്‍ക്കറിഞ്ഞു കൂടാത്ത സ്‌നേഹമോ, പരിപാലനമോ സ്വന്തം കുടുംബത്തിനോ സമൂഹത്തിനോ കൊടുക്കാന്‍ പറ്റിയെന്നുവരില്ല, അവരില്‍ നിന്ന് ജന്മമെടുക്കുന്ന തലമുറകള്‍ക്കും.

പ്ലാസ്റ്റിക് സര്‍ജറിയും, ഹൃദയശസ്ത്രക്രിയയും വൈവിധ്യങ്ങളായ മറ്റു ചികിത്സാരീതികളും വഴി മനുഷ്യജീവനെ അതിന്റെ ഏതുസങ്കീര്‍ണ സാഹചര്യത്തില്‍ നിന്നും രക്ഷിക്കാന്‍ ഇന്നു കഴിയുമെങ്കില്‍, ശരീരശാസ്ത്രത്തെപ്പോലെ മനശാസ്ത്രത്തെയും, ശാരീരികവൈകല്യങ്ങളെപോലെ മാനസികവൈകല്യങ്ങളെയും നാം തിരിച്ചറിഞ്ഞു ചികിത്സ തേടാന്‍ തയ്യാറായാല്‍ നമ്മുടെ വരുംതലമുറകള്‍ ഇവിടെ സ്വൈര്യമായി ജീവിക്കും. അതല്ലെങ്കില്‍ നിരപരാധികളുടെ കരച്ചില്‍ അസഹ്യമായി വന്നാല്‍ സൃഷ്ടിയും, സ്ഥിതിയും കഴിഞ്ഞു സൃഷ്ടാവ് അടുത്ത അവതാരത്തിലേക്ക് പോകാന്‍ നിര്‍ബന്ധിക്കപ്പെടും.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുകNext Story

Related Stories