അഴിമുഖം പ്രതിനിധി
പഞ്ചാബിലെ ഇന്ത്യാ-പാകിസ്താന് അന്താരാഷ്ട്ര അതിര്‍ത്തിയില്‍ ലേസര്‍ മതില് പ്രവര്‍ത്തനം ആരംഭിച്ചു. ഈ ഭാഗത്തെ അതിര്‍ത്തിയിലെ ഭൂപ്രദേശം അതീവ ദുഷ്കരവും നദീജന്യവുമാണ്. അതിനാല്‍ പൂര്‍ണ സുരക്ഷ നല്കാന് സൈന്യത്തിന് കഴിയാതിരുന്നത് ഭീകരര്‍ ചൂഷണം ചെയ്തിരുന്നു.
നുഴഞ്ഞുകയറ്റം തിരിച്ചറിയുന്നതിന് എട്ട് ഇന്‍ഫ്രാ-റെഡ്, ലേസര്‍ ബീം സംവിധാനങ്ങള്‍ പഞ്ചാബിലെ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ പ്രവര്‍ത്തനം തുടങ്ങി. നാലെണ്ണം അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പ്രവര്‍ത്തനം ആരംഭിക്കും.
ജമ്മുകശ്മീര്‍, പഞ്ചാബ്, രാജസ്ഥാന്, ഗുജറാത്ത് എന്നിവിടങ്ങളിലെ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ കാവല്‍ നില്ക്കുന്ന അതിര്‍ത്തി സുരക്ഷാ സേനയുടെ (ബി എസ് എഫ്) നിയന്ത്രണത്തിലാണ് ലേസര്‍ മതിലുകള്‍. അതിര്‍ത്തിയില്‍ കാവല്‍ ദുഷ്കരമായതും കമ്പി വേലി കെട്ടാന്‍ സാധിക്കാത്തതുമായ ഇടങ്ങളിലും ലേസര്‍ മതിലുകള്‍ സ്ഥാപിക്കാന്‍ രണ്ടു വര്‍ഷം മുമ്പാണ് ബി എസ് എഫ് തീരുമാനിക്കുന്നത്. അതിര്‍ത്തിയില്‍ ചതുപ്പു നിലങ്ങള്‍ നിറഞ്ഞ പ്രദേശങ്ങളില്‍ സുരക്ഷ ഒരുക്കുക ദുഷ്കരമാണ്.
പത്താന്‍കോട്ട് വ്യോമസേനാ താവളം ആക്രമിച്ച പാക് ഭീകരര്‍ പഞ്ചാബിലെ ബാമിയാല്‍ മേഖലയിലൂടെയാണ് കടന്നു കയറിയത്. ജമ്മുവിലേയും പഞ്ചാബിലേയും അന്താരാഷ്ട്ര അതിര്‍ത്തിയില്‍ 45 അത്തരം ലേസര്‍ മതിലുകള്‍ സ്ഥാപിക്കും.
ഇന്ത്യാ-പാക് അതിര്‍ത്തി കാക്കാന്‍ ലേസര്‍ മതിലുകളും

Next Story