Top

ബി.എസ്.എന്‍.എല്‍ ഇങ്ങനെ നടത്തി നടത്തി എന്നാണ് സാര്‍ വില്‍ക്കുന്നത്?

ബി.എസ്.എന്‍.എല്‍ ഇങ്ങനെ നടത്തി നടത്തി എന്നാണ് സാര്‍ വില്‍ക്കുന്നത്?

ബി എസ് എന്‍ എല്ലുമായി ബന്ധപ്പെട്ട അനുഭവകഥയില്‍നിന്ന് തുടങ്ങാം.ഫോണ്‍ പ്രവര്‍ത്തനരഹിതമായത് കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിലാണ്. സ്വാതന്ത്ര്യം പ്രഖ്യാപിച്ചതാവണം! ഫോണിലാണ് ഇന്റര്‍നെറ്റ് കണക്ഷനും. അതോടെ രണ്ടും സ്വാഹ!

ആഗസ്റ്റ് 16 ഞായറാഴ്ച. തകരാറുകള്‍ ഉള്ളപ്പോള്‍ പരിഹരിക്കുന്ന ആ മേഖലയിലെ താത്കാലിക ജീവനക്കാരനെ വിളിച്ചു. അതാണ് പതിവ്. അയാള്‍ കൃത്യമായി പരാതി തീര്‍ക്കുമായിരുന്നു. അന്ന് അയാള്‍ പറഞ്ഞതിങ്ങനെ:'ഞങ്ങള്‍ സമരത്തിലാണ്. ഒരു പരാതി രജിസ്റ്റര്‍ ചെയ്യുന്നതാണ് നല്ലത്'

പതിനേഴാംതീയതി രാവിലെ പരാതി രജിസ്റ്റര്‍ ചെയ്തു. ഇരുപത്തിരണ്ടാം തീയതി ഫോണ്‍ പ്രവര്‍ത്തനക്ഷമമായി! (എത്ര കാര്യക്ഷമം!) അന്നുഫോണ്‍ ശരിയാക്കാന്‍ എത്തിയവരാണ് ഇന്റര്‍നെറ്റ് പ്രവര്‍ത്തനവും തകരാറിലാണെന്ന് അറിയിച്ചത്. അവര്‍ എക്‌സ്‌ചേഞ്ചില്‍ അറിയിച്ചോളാമെന്നു പറഞ്ഞെങ്കിലും അവരില്‍ നിന്ന് ഈ തകരാര്‍ പരിഹരിക്കുന്ന വിഭാഗത്തിലെ നമ്പര്‍ വാങ്ങി. 12728, 12678 എന്നീ നമ്പരുകളില്‍ വിളിച്ചു. ബി എസ് എന്‍ എല്ലിന്റെ പരാതികളുമായി ബന്ധപ്പെട്ട നമ്പരുകളില്‍ വിളിക്കുന്ന പതിവ് ഫലം, ആരും ഫോണെടുക്കുന്നില്ല! ഏതായാലും അരമണിക്കൂര്‍ നിരന്തരം ശ്രമിച്ചപ്പോള്‍ ഫോണെടുത്തു. കാര്യം പറഞ്ഞപ്പോള്‍ 'പരാതി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് ' എന്നു പറഞ്ഞ് ആ വലിയ തിരക്കുള്ള 'സാറ്' ഫോണ്‍ താഴെ വച്ചു.

തിരുവനന്തപുരത്തെ കൈതമുക്ക് എക്‌സ്‌ചേഞ്ച് പരിധിയിലാണ് ഫോണ്‍. എക്‌സ്‌ചേഞ്ചില്‍നിന്ന് ഒരു കിലോമീറ്റര്‍മാത്രം അകലെ പോസ്റ്റ്ഓഫീസിന് എതിര്‍വശത്തായാണ് വീട്. ഇരുപത്തഞ്ചാം തീയതി വൈകുന്നേരം 4.50ന് ഒരു മാന്യദേഹം അവിടെ എത്തി. രണ്ടു മിനിറ്റിനുള്ളില്‍ ഇന്റര്‍നെറ്റ് മോഡം നോക്കി അദ്ദേഹം പറഞ്ഞു: 'പോര്‍ട്ടിനാണ് തകരാറ്. അത് എക്‌സ്‌ചേഞ്ചീന്ന് പരിഹരിക്കും'.പിറ്റേന്ന് വൈകുന്നേരം നാലേമുക്കാലിനാണ് അടുത്ത വിളി വരുന്നത്. 'ബി എസ് എന്‍ എല്ലില്‍നിന്നാണ്'. അദ്ദേഹം പറഞ്ഞപോലൊക്കെ കമ്പ്യൂട്ടറില്‍ ചെയ്തു. ഒരു ഫലവുമുണ്ടായില്ല. 'ഞാന്‍ പറഞ്ഞതുപോലൊക്കെ നിങ്ങള്‍ വീണ്ടും ചെയ്യൂ' എന്നുപറഞ്ഞ് അദ്ദേഹം ഫോണ്‍വച്ചു. വീണ്ടും വീണ്ടും അത് ആവര്‍ത്തിച്ചെങ്കിലും ഫലമുണ്ടായില്ല. ആ നമ്പരില്‍ തിരിച്ചുവിളിച്ചപ്പോഴാണ് മനസ്സിലായത് - ബി എസ് എന്‍ എല്‍ എക്‌സ്‌ചേഞ്ചിലെ നമ്പരുകള്‍ ഉപഭോക്താക്കള്‍ വിളിക്കുമ്പോള്‍ എടുക്കാനുള്ളതല്ല!

പിന്നീട്, ഒരനക്കവുമില്ല. ആഗസ്റ്റ് 31ന് ഉച്ചക്ക് രണ്ടുപേര്‍ വന്നു. 'മോഡത്തിലെ ഡാറ്റ ലൈറ്റ് കത്തുന്നില്ല. അതാണ് പ്രശ്‌നം. അത് എക്‌സ്‌ചേഞ്ചീന്ന് ശരിയാക്കിക്കൊള്ളാം' - പത്തുമിനിട്ടിനുള്ളില്‍ അവര്‍ പോയി.

സെപ്തംബര്‍ ഒന്നാം തീയതി മൂന്നാമതും പരാതി രജിസ്റ്റര്‍ ചെയ്തു. 10156 എന്ന നമ്പരും കിട്ടി. അതുകൊണ്ടൊന്നും ഒരു പ്രയോജനവുമുണ്ടാവില്ലെന്നറിയാം.

ഇത്രയുമായപ്പോള്‍ ഒരന്വേഷണം നടത്തി . കിട്ടിയ വിവരം ഇതാണ് : 2014-2015 വര്‍ഷത്തില്‍ ബി എസ് എന്‍ എല്ലിന്റെ ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ കേരളത്തില്‍ ഉപേക്ഷിച്ചുപോയവരുടെ എണ്ണം 45,000! കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം പുതിയ ബ്രോഡ്ബാന്‍ഡ് കണക്ഷനില്‍ കുറവുണ്ടായത് 37,000!

എങ്ങനെ കുറയാതിരിക്കും? അത്ര നല്ലതും മികച്ചതുമായ 'സേവനമല്ലേ' ബി എസ് എന്‍ എല്‍ നല്‍കി വരുന്നത്?

കേരളത്തിലെ ഏതെങ്കിലും സ്വകാര്യ ഇന്റര്‍നെറ്റ് സേവനദാതാവ് ഇത്ര മോശമായി ഉപഭോക്താക്കളോട് പെരുമാറുമോ? പതിനേഴാം തീയതി രജിസ്റ്റര്‍ ചെയ്ത പരാതി 15 ദിവസം കഴിഞ്ഞിട്ടും പരിഹരിച്ചിട്ടില്ല. ഇനി അതു ഫോണിന്റേതാണെന്നാണ് ഒഴിവുകഴിവെങ്കില്‍ ഇന്റര്‍നെറ്റ് പരാതി 22ന് നല്‍കിയല്ലോ. ലോകമെങ്ങനെ വേഗത്തിലോടുന്നു എന്നറിയാത്ത കടല്‍ക്കിഴവന്‍മാരാണോ ബി എസ് എന്‍ എല്ലിനെ നയിക്കുന്നത്?

കേരളത്തോട് താല്പര്യമില്ലാത്ത കുറേ അന്യഭാഷാ 'താര'ങ്ങളാണ് ഈ സംസ്ഥാനത്തെ ബി എസ് എന്‍ എല്ലിന്റെ തലപ്പത്തിരിക്കുന്നത്. അവരുടെയൊക്കെ സംസ്ഥാനങ്ങളില്‍ ഈ പൊതുമേഖലാ സ്ഥാപനം 'ചത്തതിനൊക്കുമേ ജീവിച്ചിരിക്കുന്നു' എന്നതാവണവസ്ഥ. അതിനായി ഇവര്‍ ഏറെ പണിപ്പെടുകയും ചെയ്തു! അതിനിവര്‍ക്ക് പണമായും പാരിതോഷികമായും കുറച്ചൊന്നുമല്ല കിട്ടിയത്. ഇവരില്‍ പലരും സമാന്തരസ്വകാര്യ സേവനദാതാക്കളുടെ സ്ഥാപനങ്ങളില്‍ അടുത്തൂണിനുശേഷം കസേരയും ഉറപ്പിച്ചിട്ടുണ്ട്. മുമ്പ് ആ കസേരകളിലിരുന്നവര്‍ കാട്ടിയ അതേ വഴിതന്നെ!ബി എസ് എന്‍ എല്ലിനോട് കേരളീയര്‍ക്ക് ഒരു പ്രതിപത്തിയുണ്ട്. പൊതുമേഖലാ സ്ഥാപനം എന്ന അവകാശവും അത് തന്റെകൂടി സ്വന്തമാണെന്ന വിശ്വാസവുമാണ് ഓരോരുത്തര്‍ക്കും. അതാണ് അവസാനിപ്പിക്കാന്‍ ബി എസ് എന്‍ എല്‍ അധികൃതര്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്നത്. മുമ്പ് ബി എസ് എന്‍ എല്ലിന്റെ ഉന്നതോദ്യോഗസ്ഥരില്‍ മാത്രമേ ഉത്തരവാദിത്തരാഹിത്യം ഉണ്ടായിരുന്നുള്ളൂ. അവകാശബോധത്തോടൊപ്പം തൊഴിലിനോടും സ്ഥാപനത്തിനോടും കൂറും പ്രതിബദ്ധതയുമുള്ളവരായിരുന്നു അവിടത്തെ ജീവനക്കാരില്‍ ഭൂരിപക്ഷവും. അതും ഇപ്പോള്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു എന്നതിന്റെ ഞെട്ടിപ്പിക്കുന്നതും വേദനിപ്പിക്കുന്നതുമായ കണക്കുകളാണിപ്പോള്‍ ഒരു വര്‍ഷത്തിനകം 45000 പേര്‍ക്ക് ബി എസ് എന്‍ എല്‍ 'മതി'യായത്!

ഇക്കാലത്ത് പരാതി കിട്ടിയാല്‍ ഉടന്‍ പരിഹരിക്കുന്നതിനുപകരം പത്തും ഇരുപതും ദിവസമായാലും വേണ്ടതു ചെയ്യാത്ത അധികൃതരെ എന്താണ് ചെയ്യേണ്ടത്? ചിലേടത്തൊക്കെ ബി എസ് എന്‍ എല്ലുകാരെ ജനം 'കൈകാര്യം' ചെയ്തതായി വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഈരാറ്റുപേട്ടയില്‍ പി സി ജോര്‍ജ് ജനകീയനായി തുടരാനുള്ള കാരണങ്ങളിലൊന്ന് അഹങ്കാരം തലയ്ക്കുപിടിച്ച ബി.എസ്.എന്‍.എല്ലുകാരെ നിലയ്ക്കുനിര്‍ത്തിയതാണെന്ന് ആ നാട്ടുകാരിലൊരാള്‍ പറഞ്ഞത് ഇപ്പോള്‍ വിശ്വസിച്ചുപോവുന്നു.

പ്രി-പെയ്ഡ് മൊബൈല്‍ കണക്ഷനായാണ് ബി എസ് എന്‍ എല്‍ കേരള സര്‍ക്കിളിനെ ഏറ്റവും കൂടുതല്‍ പേര്‍ ആശ്രയിച്ചിരുന്നത്. ദോഷം പറയരുതല്ലോ, അത് മികച്ച സേവനവുമായിരുന്നു. ഇടക്കാലത്ത് അവിടെയും 'അസുഖ'ക്കാര്‍ നുഴഞ്ഞുകയറി. ഒരു വര്‍ഷത്തിനിടയില്‍ ഈ വിഭാഗത്തില്‍ മാത്രം ബി എസ് എന്‍ എല്ലിനെ കൈവിട്ടത് 2.35 ലക്ഷം പേരാണ്. 2013-2014ല്‍ 10,48,718 ആയിരുന്ന പ്രി-പെയ്ഡ് കണക്ഷന്‍ കഴിഞ്ഞ സാമ്പത്തികവര്‍ഷം 8,14,930 ആയാണ് കുറഞ്ഞത്. പോസ്റ്റ്‌പെയ്ഡ് കണക്ഷന്റെ കാര്യത്തിലും കാര്യങ്ങള്‍ ഭദ്രമല്ല- 10,940 പേരാണ് ബി എസ് എന്‍ എല്ലിനെ കൈവിട്ടത്.

ഈ അടുത്തകാലത്തെ കണക്കുകള്‍കൂടി വന്നാല്‍ മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കളില്‍ വലിയൊരു വിഭാഗം പിന്നെയും ഈ പൊതുമേഖലാ സ്ഥാപനത്തെ കൈവിട്ടു എന്നുകാണാം. കാരണം, 1643 മൊബൈല്‍ ടവറുകളില്‍ ആവശ്യത്തിന് ബാറ്ററി ഉള്‍പ്പെടെയുള്ളവ വാങ്ങി നല്‍കാത്തതിനാല്‍ ഫോണ്‍ വിളിച്ചാല്‍ കിട്ടാതെയും കിട്ടിയാല്‍ മറുപുറത്തുള്ളയാള്‍ പറയുന്നത് കേള്‍ക്കാതെയും ഉപഭോക്താക്കള്‍ വലഞ്ഞു. അന്ന് ജീവനക്കാരാണ് അധികൃതരെക്കൊണ്ട് ആ അനാസ്ഥക്കെതിരെ ഇടപെടല്‍ നടത്തി മാതൃകയായത്.

ബി എസ് എന്‍ എല്‍ ലാന്‍ഡ് ലൈന്‍ ഇന്റര്‍നെറ്റ് കണക്ഷന്‍കൂടി ഉള്ളതിനാലാണ് നിലനില്‍ക്കുന്നത്. പഴയ ഫോണുകള്‍ മാറ്റി വാങ്ങാന്‍ ഇപ്പോള്‍ കഴിയുന്നില്ല. അധികൃതര്‍ പുതിയ ഫോണ്‍ വാങ്ങുന്നില്ല. അതില്‍നിന്ന് കിട്ടുന്ന കമ്മിഷനും കോഴയുമൊക്കെ ചെറുതാണ് എന്നതുതന്നെ കാരണം.

ബി എസ് എന്‍ എല്‍ പൊതുമേഖലയിലുള്ള കമ്പനിയാകുന്നതോടെ കാര്യക്ഷമത വര്‍ദ്ധിക്കുമെന്നാണ് ടെലികോം വകുപ്പ് അധികൃതര്‍ അവകാശപ്പെട്ടത്. ഉന്നത ഉദ്യോഗസ്ഥതല അഴിമതിയും കെടുകാര്യസ്ഥതയും കൂടി എന്നതല്ലാതെ ഉപഭോക്താക്കളായ ജനങ്ങള്‍ക്ക് ഈ മാറ്റം കൊണ്ട് ഒരു പ്രയോജനവുമുണ്ടായില്ല. ഇപ്പോള്‍ വിത്തെടുത്തു കുത്തുന്ന കാരണവരുടെ സ്വഭാവമാണ് ബി എസ് എന്‍ എല്ലില്‍ കാണാന്‍ കഴിയുന്നത്. സ്വന്തം ശവക്കുഴി ഒരു സ്ഥാപനം എങ്ങനെയാണ് തോണ്ടുന്നത് എന്ന് ഇതിനെക്കാള്‍ നന്നായി കാണാനാവില്ല. ഇങ്ങനെ ഈ സ്ഥാപനം പോവുമ്പോള്‍ നാളെ ഇതിനെ റിലയന്‍സിനോ എയര്‍ടെല്ലിനോ വോഡഫോണിനോ വിറ്റുതുലയ്ക്കാന്‍ കുറേക്കൂടി എളുപ്പമായിരിക്കും. ബി എസ് എന്‍ എല്ലിലെ എല്ലാവര്‍ക്കുമായി പ്രശസ്തമായ ആ ഡയലോഗ് ആവര്‍ത്തിച്ചോട്ടെ- 'കൊല്ലരുതനിയാ, കൊല്ലരുത്!'

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുകNext Story

Related Stories